കാലികള്‍ക്കുള്ള മില്‍മയുടെ മരുന്ന് ദേശീയതലത്തില്‍ ശ്രദ്ധേയമാവുന്നു
മില്‍മയുടെ മലബാര്‍ യൂണിയനും പ്രമുഖ ആയുര്‍വേദമരുന്നു
നിര്‍മാണസ്ഥാപനമായ കോഴിക്കോട്ടെ കേരള അയുര്‍വേദിക്
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമാണു ക്ഷീരോല്‍പ്പാദനരംഗത്തു
വലിയ മാറ്റങ്ങളുണ്ടാക്കുന്ന ആയുര്‍വേദ മരുന്നുകളുമായി
രംഗത്തുവന്നിരിക്കുന്നത്. എട്ടു തരം മരുന്നാണിപ്പോള്‍
വിപണിയിലുള്ളത്. ഈ മരുന്നുകള്‍ ദേശീയതലത്തിലും
ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
കേരളത്തിലെ രണ്ടു സഹകരണസ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്നു നിര്‍മിച്ച കാലിരോഗചികിത്സക്കുള്ള ആയുര്‍വേദമരുന്ന് ആഗസ്റ്റ് 27നു പ്രധാന മന്ത്രിയുടെ പ്രതിമാസ ‘മന്‍ കി ബാത്ത് ‘ പ്രഭാഷണപരമ്പരയില്‍ ഇടം പിടിച്ചതു സഹകരണമേഖലയിലും ചികിത്സാരംഗത്തും വലിയ ചര്‍ച്ചയായി ക്കഴിഞ്ഞു. കേരളത്തിന്റെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന മില്‍മയുടെ മലബാര്‍ യൂണിയനും വടക്കന്‍ കേരളത്തില്‍ ആയുര്‍വേദമരുന്നു നിര്‍മാണ രംഗത്തെ പ്രമുഖസ്ഥാപനമായ കോഴിക്കോട്ടെ കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമാണു ക്ഷീരോല്‍പ്പാദനമേഖലയില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുന്ന എട്ടിനം ആയുര്‍വേദ മരുന്നുമായി രംഗത്തിറങ്ങി ദേശീയശ്രദ്ധ നേടിയത്. 2022 ജൂണില്‍ വിപണിയിലിറക്കിയ മരുന്നു കേരളത്തില്‍ വ്യാപകമായി ഉപയോഗം തുടങ്ങിയെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു കടന്നതോടെയാണു കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടതും പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയതും.
നാലു വര്‍ഷത്തെ
പരിശ്രമം
കന്നുകാലികള്‍ക്കു രോഗം വരുമ്പോള്‍ പച്ചമരുന്നുകളും പാരമ്പര്യചികിത്സകളും പതിവാണ്. ഗ്രാമപ്രദേശങ്ങളില്‍ പരമ്പരാഗതമായി കര്‍ഷകര്‍ ഇത്തരം രീതികളെ ആശ്രയിക്കുന്നുണ്ടെങ്കിലും ചികിത്സക്കു ശാസ്ത്രീയ അടിത്തറയോ ഔദ്യോഗിക അംഗീകാരമോ ഇല്ലാത്തതുകാരണം പലപ്പോഴും പാരമ്പര്യചികിത്സകള്‍ അതതു പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു. ഇത്തരം മരുന്നുകളും അവയുടെ ഉപയോഗവും ഫലപ്രാപ്തിയും നിരീക്ഷിക്കുകയും ഗവേഷണം നടത്തുകയും ചെയ്തുവരുന്ന മില്‍മയുടെ നാലു വര്‍ഷത്തെ ശ്രമങ്ങളാണ് ഇപ്പോള്‍ വിജയം കാണുന്നത്. 2019 – 20 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ തയാറാക്കിയ ആയുര്‍വേദമരുന്നുകള്‍ ഏതാനും കര്‍ഷകര്‍ക്കു നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ സഹായമില്ലാതെത്തന്നെ കര്‍ഷകര്‍ക്കു നേരിട്ട് കാലികളില്‍ പ്രയോഗിക്കാവുന്ന മരുന്നുകള്‍ ഉപയോഗിച്ചവര്‍ ഫലപ്രാപ്തി സാക്ഷ്യപ്പെടുത്തിയതാണു മില്‍മക്കു മുന്നോട്ടുപോവാന്‍ പ്രചോദനമായത്. മരുന്നുല്‍പ്പാദനത്തിനു ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ലൈസന്‍സ് അനിവാര്യമായതിനാല്‍ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള ആയുര്‍വേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണം തേടുകയായിരുന്നു. 2022 ജൂണ്‍ ആറിനാണു കാലികള്‍ക്കുള്ള ആയുര്‍വേദമരുന്നു മില്‍മ മലബാര്‍ യൂണിയന്‍ മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ വഴി വിപണിയിലെത്തിച്ചത്. തുടക്കത്തില്‍ മലബാറിലെ ജില്ലകളില്‍ മാത്രമായിരുന്നു വിതരണം. പിന്നീട് എറണാകുളം, തിരുവനന്തപുരം യൂണിയനുകള്‍ക്കു നല്‍കി. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് എത്തിയതോടെയാണു മൃഗചികിത്സാരംഗത്ത് ആയുര്‍വേദമരുന്നു വഴിത്തിരിവായത്. ഒരു വര്‍ഷം കൊണ്ട് 70 ലക്ഷം രൂപയുടെ മരുന്നു വിപണനം നടത്തിയതായി എം.ആര്‍.ഡി.എഫ്. അധികൃതര്‍ വെളിപ്പെടുത്തി.
ഡല്‍ഹിയില്‍ അന്താരാഷ്ട്ര ഡെയറി ഫെഡറേഷന്റെ സമ്മേളനത്തില്‍ കാലികളില്‍ പ്രയോഗിക്കുന്ന ആയുര്‍വേദമരുന്നുകളെപ്പറ്റി മില്‍മ പ്രതിനിധികള്‍ പ്രബന്ധം അവതരിപ്പിച്ചതോടെ പുതിയ മരുന്നുകള്‍ ശ്രദ്ധിക്കപ്പെട്ടു. ജി- 20 ഉച്ചകോടിയുടെ മുന്നോടിയായി ഗുജറാത്തിലെ ആനന്ദില്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡ് സംഘടിപ്പിച്ച ക്ഷീരസമ്മേളനത്തില്‍ മില്‍മയുടെ സ്റ്റാളില്‍ ആയുര്‍വേദമരുന്നുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മൃഗസംരക്ഷണ -ക്ഷീര വികസനമന്ത്രി പുരുഷോത്തം രുപാല സ്റ്റാള്‍ സന്ദര്‍ശിച്ചപ്പോള്‍ ആയുര്‍വേദമരുന്നിനെപ്പറ്റി വിശദമായി ചോദിച്ചുമനസ്സിലാക്കുകയും ഉദ്ഘാടനപ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഏറെ വൈകാതെ പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടിയില്‍ കാലികള്‍ക്കുള്ള ആയൂര്‍വേദമരുന്നിനെപ്പറ്റി പരാമര്‍ശിച്ചതു മില്‍മ അധികൃതരെപ്പോലും അത്ഭുതപ്പെടുത്തി.
വില
കുറവ്
മാര്‍ക്കറ്റില്‍ കിട്ടുന്ന വെറ്ററിനറി മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആയുര്‍വേദമരുന്നുകള്‍ക്കു വില കുറവാണ് എന്നതു കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നു. രോഗചികിത്സക്കിടയില്‍ പാലില്‍ ആന്റി ബയോട്ടിക് മരുന്നുകളുടെ അംശം കലരുന്നതു പാലിന്റെ ഗുണമേന്മക്കു വെല്ലുവിളിയായിരുന്നു. അതൊഴിവാക്കാന്‍ ആയൂവേദമരുന്നുകള്‍ക്കു കഴിയും. മാത്രവുമല്ല പശുക്കള്‍ക്കു ചികിത്സക്കാലത്തു തളര്‍ച്ചയും കുറയുന്നു. ആയുര്‍വേദമരുന്നുകളുടെ ഉപയോഗക്രമം ലളിതവും പാര്‍ശ്വഫലസാധ്യതകള്‍ ഇല്ലാത്തതുമായതിനാല്‍ കര്‍ഷകര്‍ക്കുതന്നെ മരുന്നു പ്രയോഗിക്കാന്‍ കഴിയുന്നു.
കറവമാടുകളുടെ അകിടുവീക്കചികിത്സക്കു മാസ്റ്റി ക്യൂവര്‍ എന്ന പേരിലുളള ആയുര്‍വേദമരുന്നാണ് ഇറക്കിയിരിക്കുന്നത്. ഈ രോഗത്തിന് അലോപ്പതിയിലെ ആന്റി ബയോട്ടിക് മരുന്നുകള്‍ നല്‍കുമ്പോള്‍ ഏഴു ദിവസംവരെ പാല്‍ ഉപയോഗം തടസ്സപ്പെടാറുണ്ട്. എന്നാല്‍, ആയുര്‍വേദ മരുന്നു നല്‍കുമ്പോള്‍ പാല്‍ ഉപയോഗിക്കാമെന്നാണു മില്‍മ വ്യക്തമാക്കുന്നത്. ഈ മരുന്ന് അകിടുവീക്കത്തിന്റെ പ്രാരംഭഘട്ടത്തില്‍ വളരെ ഫലപ്രദമാണെന്നും മില്‍മ അവകാശപ്പെടുന്നു.
കാലികളുടെ ദഹനസംബന്ധമായ അസുഖങ്ങള്‍ക്കു റുമാട്ടോര്‍ എന്ന മരുന്നാണു മില്‍മ കര്‍ഷകര്‍ക്കു നല്‍കുന്നത്. അശാസ്ത്രീയമായ തീറ്റ രീതികള്‍, പൂപ്പല്‍ ബാധിച്ച തീറ്റവസ്തുക്കള്‍, വിരശല്യം തുടങ്ങിയ കാരണങ്ങള്‍ മൂലം കാലികള്‍ തീറ്റയെടുക്കാന്‍ മടിക്കുകയും അവയുടെ വയറ് വീര്‍ക്കുകയും ചെയ്യുമ്പോഴാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. പശുക്കളുടെ പാലുല്‍പ്പാദനത്തിനു വേഗം കൂട്ടാനുള്ള മരുന്നാണു മില്‍ക്ക് ലെറ്റ്. വിവിധ രോഗലക്ഷണങ്ങള്‍ മൂലം പാലുല്‍പ്പാദനക്ഷമത തീരെ കുറയുമ്പോള്‍ ഈ മരുന്നു ഫലപ്രദമാണെന്ന് ഉല്‍പ്പാദകര്‍ പറയുന്നു. കറവമാടുകളുടെ മുലക്കാമ്പിലെ വിണ്ടുകീറല്‍, അരിമ്പാറ, വസൂരി തുടങ്ങിയവക്കുള്ള മരുന്നാണു ക്രാക്ക് ഹീല്‍. കാലികള്‍ക്കു പനി വരുമ്പോള്‍ പെറക്‌സ് കെയര്‍ നല്‍കി നിയന്ത്രിക്കാമെന്നു മില്‍മ അവകാശപ്പെടുന്നു.
പശുക്കളുടെ ശരീരത്തില്‍ മുറിവുകളും വ്രണങ്ങളുമുണ്ടാവുമ്പോഴുള്ള ചികിത്സക്കു ഹീല്‍ ഓള്‍ എന്ന മരുന്നാണു മില്‍മ ഇറക്കിയിരിക്കുന്നത്. കറവമാടുകളെ വളര്‍ത്തുന്നവരുടെ ഏറ്റവും വലിയ പ്രയാസം കാലിത്തൊഴുത്തിലും പരിസരങ്ങളിലുമുള്ള ഈച്ചശല്യമാണ്. കാലികളുടെ ശരീരത്തില്‍ കടിച്ച് മുറിവുണ്ടാക്കുന്ന നിരവധി പ്രാണികള്‍ വേറെയുമുണ്ട്. ഫ്‌ളൈ റിപ്പല്‍ എന്ന ആയുര്‍വേദമരുന്നാണ് ഈച്ച – പ്രാണിശല്യത്തിനെതിരെ മില്‍മ നല്‍കുന്നത്. ചുരുക്കത്തില്‍, കാലികളെ ബാധിക്കുന്ന പ്രധാനപ്പെട്ട എല്ലാ രോഗങ്ങള്‍ക്കും ആയുര്‍വേദ പ്രതിവിധി മില്‍മ കണ്ടെത്തിയിട്ടുണ്ട്. അകിട്‌വീക്കംപോലുള്ള രോഗങ്ങള്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങുന്നതായി ബോധ്യപ്പെട്ടാല്‍ വെറ്ററിനറി ഡോക്ടറെ കാണിച്ച് വിദഗ്ധ ചികിത്സ തേടാനും മില്‍മ കര്‍ഷകരെ ഉപദേശിക്കുന്നുണ്ട്.
അതേസമയം, വെറ്ററിനറി ചികിത്സാരംഗം അലോപ്പതി കേന്ദ്രീകൃതമാകയാല്‍ പുതിയ മരുന്നുകള്‍ക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍കൂടി പിന്തുണ നല്‍കേണ്ടതുണ്ട്. വെറ്ററിനറിമരുന്നുകള്‍ നിര്‍മിക്കുന്ന പല കമ്പനികളും പച്ചമരുന്നുകള്‍ ഉള്‍പ്പെടുത്തി വിവിധ പേരുകളില്‍ മരുന്നു വിപണിയിലിറക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ക്ഷീര സഹകരണസംഘങ്ങള്‍ വഴി മില്‍മക്കു മരുന്നുകള്‍ വിപണനം നടത്താന്‍ കഴിയും എന്നതുകൊണ്ട് കാലികളില്‍ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ പ്രാഥമികചികിത്സക്ക് ആയുര്‍വേദമരുന്നുകള്‍ ഉപയോഗിക്കാനാവും.
(മൂന്നാംവഴി സഹകരണമാസിക ഒക്ടോബര്‍ ലക്കം – 2023)
[mbzshare]