കാര്‍ഷികവായ്പമുതല്‍ ഡ്രൈവിംഗ്സ്‌കൂള്‍ വരെ
– ദീപ്തി സാബു
20 വര്‍ഷം മുമ്പു 25 അംഗങ്ങളുമായി തുടക്കമിട്ട കരീപ്ര റീജിയണല്‍ വനിതാ
സഹകരണ സംഘത്തില്‍ ഇന്നു 3958 അംഗങ്ങള്‍. നാടിന്റെ സാമൂഹിക-സാമ്പത്തിക
വളര്‍ച്ചയ്ക്കു ഏറെ സംഭാവന നല്‍കിയിട്ടുള്ള ഈ സംഘത്തെ വനിതാദിനത്തില്‍
പുരസ്‌കാരം തേടിയെത്തി. 450 പേരെ ഡ്രൈവിംഗ് പഠിപ്പിച്ച ഡ്രൈവിംഗ് സ്‌കൂളിന്റെ
നടത്തിപ്പുകാരാണ് കരീപ്ര വനിതാ സംഘം.
കൊല്ലം ജില്ലയിലെ കരീപ്ര. കൂട്ടുകൃഷി സമ്പ്രദായത്തിലൂടെ നെല്‍ക്കൃഷിയില്‍ നൂറുമേനി വിളയിക്കാമെന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പേ മലയാളക്കരയ്ക്കു കാട്ടിക്കൊടുത്ത പ്രദേശം. ശാസ്ത്രീയ കൃഷിരീതിക്കു കൃഷിഭവനും ശാസ്ത്രജ്ഞരുടെ സേവനവും വേണമെന്ന ആശയം കര്‍ഷകരില്‍ ആദ്യമായി ഉടലെടുത്തതിന്റെ ഖ്യാതിയുള്ള നാട്. ആ കരീപ്ര ഇന്നും നോക്കത്താ ദൂരത്തോളം പച്ചപ്പാര്‍ന്ന നെല്‍വയലുകളാല്‍ സമ്പന്നം. കൊല്ലം ജില്ലയില്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ലായ കരീപ്രയില്‍ ഗ്രാമവികസനത്തിനു സ്ത്രീശക്തിയുടെ സാധ്യത തിരിച്ചറിഞ്ഞ ഒരു കൂട്ടം വനിതകള്‍ 20 വര്‍ഷം മുമ്പു രൂപവത്കരിച്ചതാണു കരീപ്ര റീജിയണല്‍ വനിതാ സഹകരണ സംഘം. കാര്‍ഷിക മേഖലയിലുള്‍പ്പടെയുള്ളവരുടെ സാമ്പത്തിക- സാമൂഹിക വളര്‍ച്ചയ്ക്കു പരമാവധി വായ്പകള്‍ നല്‍കി സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവച്ച് ഈ സംഘം മുന്നേറുകയാണ്.
25 അംഗങ്ങളുമായി 2002 ല്‍ തുടക്കമിട്ട സംഘത്തില്‍ ഇന്നു 3958 അംഗങ്ങളുണ്ട്. 47,77,100 രൂപ ഓഹരി മൂലധനവും 32 കോടി രൂപ പ്രവര്‍ത്തന മൂലധനവുമായി വൈവിധ്യവത്കരണത്തിന്റെ പാതയിലുള്ള കരീപ്ര റീജിയണല്‍ വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ക്യു : 1372 കൊട്ടാരക്കര താലൂക്ക് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി കേരള വനിതാ ഫെഡറേഷന്റെ സഹായത്തോടെ 2019 ല്‍ ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂള്‍ ഇന്നു ജില്ലയിലെ പ്രധാന ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഒന്നാണ്. കോവിഡ് ഇതിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചെങ്കിലും ഇപ്പോള്‍ അതില്‍നിന്നെല്ലാം മുക്തി നേടി നല്ല പുരോഗതി കൈവരിച്ചുകഴിഞ്ഞു. സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളുകള്‍ 15,000 രൂപ വരെ ഫീസ് ഈടാക്കുമ്പോള്‍ ഇവിടെ 8000 രൂപ മാത്രമാണു വാങ്ങുന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ 450 പേര്‍ ഇവിടെ നിന്നു ടൂ / ഫോര്‍ വീലര്‍ ലൈസന്‍സ് എടുത്തുകഴിഞ്ഞു. കുറഞ്ഞ ഫീസായതിനാല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുപോലും ഡ്രൈവിംഗ്് പഠിക്കാന്‍ ആളുകള്‍ എത്തുന്നതു പരിഗണിച്ച് കുണ്ടറ ആശുപത്രിമുക്കില്‍ ഒരു ബ്രാഞ്ച് കൂടി പ്രവര്‍ത്തനം ആരംഭിച്ചു. സംഘത്തിനു സ്വന്തമായുള്ള അഞ്ചു സെന്റ് ഭൂമിയില്‍ ഡ്രൈവിംഗ് സ്‌കൂളിനു പ്രത്യേക കെട്ടിടം നിര്‍മിക്കാനുള്ള ശ്രമത്തിലാണു ഭരണസമിതി.
സ്വന്തമായി കാറ്ററിംഗ് യൂണിറ്റ് തുടങ്ങാന്നും സംഘത്തിനു പദ്ധതിയുണ്ട്.
മതിയായ ജാമ്യവ്യവസ്ഥയില്‍ 10,000 രൂപ മുതല്‍ 25 ലക്ഷം രൂപ വരെയുള്ള വായ്പ പ്രയോജനപ്പെടുത്തി മില്‍മ യൂണിറ്റ്, കോഴി -ആട്-പശു ഫാം പോലുള്ള ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുകവഴി കുടുംബശ്രീ അംഗങ്ങളടക്കമുള്ള നിരവധി വനിതകളെ സാമ്പത്തികമായി സ്വയം പര്യാപ്തമാക്കാന്‍ സംഘത്തിനായിട്ടുണ്ട്. കൂടാതെ, ഒരംഗത്തിന് അഞ്ചു ലക്ഷം രൂപ വരെ സ്വര്‍ണവായ്പയും നല്‍കിവരുന്നു.
വഞ്ചിപ്പെട്ടി
നിക്ഷേപം
30 കോടി രൂപയുടെ നിക്ഷേപമുള്ള സംഘത്തില്‍ നിലവില്‍ 20 കോടി രൂപ വായ്പയും 1,34,91,443/ രൂപ സ്വര്‍ണപ്പണയ വായ്പയും ബാക്കിനില്‍പ്പുണ്ട്. സ്ഥിരനിക്ഷേപം, സേവിംഗ്‌സ് ബാങ്ക് നിക്ഷേപം എന്നിവ കൂടാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വഞ്ചിപ്പെട്ടി നിക്ഷേപവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ ആരംഭിച്ച വഞ്ചിപ്പെട്ടി നിക്ഷേപം ഇരുകൈയും നീട്ടിയാണു കരീപ്ര സ്വീകരിച്ചത്. 2671 വഞ്ചിപ്പെട്ടി നിക്ഷേപവും 2344 സേവിങ്‌സ് അക്കൗണ്ടും സംഘത്തിനുണ്ട്.
കാര്‍ഷിക ഗ്രാമമായ ഇവിടെ കാര്‍ഷികാവശ്യങ്ങള്‍ക്കു പരമാവധി വായ്പ നല്‍കുന്നു. കുറഞ്ഞ പലിശനിരക്കിലുള്ള വായ്പയുപയോഗിച്ച്
നെല്‍ക്കൃഷി, ജൈവ പച്ചക്കറിക്കൃഷി എന്നിവയിലുടെ മികച്ച വരുമാനം നേടാന്‍ കര്‍ഷകര്‍ക്കു കഴിയുന്നു. വീട്ടമ്മമാര്‍ സമ്പാദ്യത്തിനുള്ള ഏറ്റവും എളുപ്പമാര്‍ഗമായി ഗ്രൂപ്പ് നിക്ഷേപ പദ്ധതിയാണു തിരഞ്ഞെടുക്കുന്നത്. നിത്യേന പണമടയ്ക്കാന്‍ കഴിയുന്ന കച്ചവടക്കാര്‍ക്കും ഇത് ആശ്വാസമാണ്. കോവിഡിനെത്തുടര്‍ന്നു വായ്പാ കുടിശ്ശിക വരുത്തിയവരെ ഭരണസമിതി അംഗങ്ങള്‍ നേരിട്ടുകണ്ടു തിരിച്ചടവ് പ്രോത്സാഹിപ്പിച്ച്
സംഘത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്നു.
50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ സലയുള്ള ചിട്ടി നടത്തിയും സംഘത്തിന്റെ സാമ്പത്തികനില ഭദ്രമാക്കുന്നുണ്ട്. ഒന്നരക്കോടി രൂപയുടെ ചിട്ടിയാണു നിലവില്‍ നടത്തിവരുന്നത്. വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍ ഏറ്റെടുക്കുന്നതിലും സംഘം മുന്നിലാണ്.
വിദ്യാഭ്യാസ
സഹായം
നിര്‍ധനരായ സഹകാരികളുടെ മക്കളില്‍ മികച്ച പരീക്ഷാവിജയം നേടുന്ന മൂന്നു പേര്‍ക്കു പ്രതിവര്‍ഷം 25,000 രൂപ വീതം ധനസഹായം നല്‍കുന്നു. കോവിഡ് കാലത്തു സാമ്പത്തികമായി പിന്നാക്കം നിന്ന കുട്ടികള്‍ക്കു പഠനസൗകര്യത്തിനായി ലാപ്‌ടോപ്പ് വിതരണം ചെയ്തു. പ്രളയ, കോവിഡ് ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 3,59,580 രൂപയും നല്‍കി. ഇക്കഴിഞ്ഞ വനിതാദിനത്തില്‍ മികച്ച വനിതാ സംഘത്തിനുള്ള സംസ്ഥാന ബഹുമതി തേടിയെത്തിയതും പ്രവര്‍ത്തനമികവിന്റെ തിളക്കം ഒന്നു കൊണ്ടു മാത്രം. സഹകരണ വകുപ്പു മന്ത്രി വി. എന്‍. വാസവനില്‍ നിന്നു സംഘം പ്രസിഡന്റും സെക്രട്ടറിയും ചേര്‍ന്നു പുരസ്‌കാരം ഏറ്റുവാങ്ങി.
കെ. മറിയാമ്മ പ്രസിഡന്റായ ഏഴംഗ സമിതിക്കാണു സംഘത്തിന്റെ ഭരണച്ചുമതല. ലളിത. എം, കെ. കൃഷ്ണകുമാരി, വിജയലക്ഷ്മിയമ്മ. ഒ, രാജി. ഡി, മിനി. എം, സുലതാമ്മ. എസ് എന്നിവരാണു മറ്റു ഡയരക്ടര്‍മാര്‍. ഗീതാകുമാരി. എസ് ആണു സെക്രട്ടറി. എട്ടു ജീവനക്കാരും നാലു കളക്ഷന്‍ ഏജന്റുമാരും അഞ്ചു ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരും സംഘത്തിലുണ്ട്.