കാര്‍ഷിക സേവനത്തിന്റെ നൂറാണ്ടില്‍ കൊല്ലങ്കോട് ബാങ്ക്
നൂറു വര്‍ഷം മുമ്പു ഐക്യനാണയ സംഘമായി
ആരംഭിച്ച കൊല്ലങ്കോട് കാര്‍ഷിക സര്‍വീസ്
സഹകരണ ബാങ്കിനിപ്പോള്‍ അംഗങ്ങള്‍
ഇരുപതിനായിരത്തിലേറെ. പലിശയില്ലാത്ത
കാര്‍ഷിക വായ്പയായി കോടിക്കണക്കിനു
രൂപ ബാങ്ക് വിതരണം ചെയ്തിട്ടുണ്ട്.
പാലക്കാട് ജില്ലയുടെ കിഴക്കന്‍പ്രദേശം. തെന്മലയുടെ താഴ്‌വാരം. നെല്ലും പച്ചക്കറിയും നന്നായി വിളയുന്ന പ്രദേശം. അവിടവിടെ പഴയ രാജഭരണത്തിന്റെ അടര്‍പ്പുകള്‍. തൃശ്ശൂര്‍ – പൊള്ളാച്ചി പാതയിലെ കൊല്ലങ്കോട് ഗ്രാമം. ഇവിടെ മണ്ണും മനവുമറിഞ്ഞു വിതയ്ക്കുന്ന കൊല്ലങ്കോട് കാര്‍ഷിക സേവന സഹകരണ ബാങ്ക് നൂറാണ്ടിന്റെ വിജയവീഥിയില്‍. കര്‍ഷകര്‍ക്കു പലിശരഹിതവായ്പയും സ്വര്‍ണപ്പണയവായ്പയും മികച്ച രീതിയില്‍ നല്‍കിവരുന്ന ബാങ്ക് രാസവളങ്ങളുടെയും കീടനാശിനികളുടെയും ജൈവവളങ്ങളുടെയും വിതരണത്തിലും വന്‍തോതില്‍ ഇടപെടുന്നുണ്ട്.
1922 ല്‍ ഐക്യനാണയ സംഘമെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങി. ഓണററി സെക്രട്ടറിയായിരുന്ന ആര്‍. കോമന്‍ മേനോന്റെ പ്രവര്‍ത്തനമികവില്‍ 1950 ആയപ്പോഴേക്കും അര്‍ബന്‍ ബാങ്കായി ഉയര്‍ന്നു. അതിനുള്ള അംഗീകാരമെന്ന നിലയില്‍ അന്നത്തെ ബാങ്ക് ഭരണസമിതി കോമന്‍ മേനോനെ പ്രസിഡന്റുമാക്കി. പിന്നീട് 1963 ലാണു കാര്‍ഷിക സേവന സഹകരണ ബാങ്കായി മാറിയത്.
കോടികളുടെ
കാര്‍ഷികവായ്പ
ഇതിനകം ബാങ്ക് 713 കോടി രൂപ കാര്‍ഷികവായ്പയായി അനുവദിച്ചുവെന്നത് ഈ മേഖലയിലെ സേവനത്തിന്റെ തോത് വ്യക്തമാക്കുന്നു. ഈ വായ്പ മുഴുവനും പലിശരഹിതമാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കായി സ്വര്‍ണപ്പണയത്തിലും കൂടുതല്‍ തുക വായ്പ നല്‍കിവരുന്ന ബാങ്കാണിത്. സ്വയംതൊഴില്‍, കുടുംബശ്രീ തുടങ്ങി വിവിധ തുറകളിലായി കാര്‍ഷികേതര വായ്പകളും നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വളം, കീടനാശിനി എന്നിവയുടെ വില്‍പ്പന 160 ലക്ഷത്തിന്റേതായിരുന്നു. മലബാര്‍ സിമിന്റ്‌സിന്റെ ഏജന്‍സിയും കഴിഞ്ഞ വര്‍ഷം ബാങ്ക് തുടങ്ങി.
ഇരുപതിനായിരത്തിലേറെ അംഗങ്ങള്‍ ബാങ്കിനുണ്ട്. 1.74 കോടി രൂപ ഓഹരി മൂലധനമുള്ള ബാങ്കിനു 52 കോടി രൂപയുടെ നിക്ഷേപക്കരുത്തുണ്ട്. 46 കോടി രൂപ വായ്പാബാക്കിയുമുണ്ട്. വിവിധ തുകയ്ക്കുള്ള ചിട്ടികള്‍ ബാങ്ക് നടത്തിവരുന്നു. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍പ്പെടുത്തി 300 അംഗങ്ങള്‍ക്ക് 27 ലക്ഷം രൂപയുടെ റിബേറ്റ് ബാങ്ക് അനുവദിക്കുകയുണ്ടായി. മെമ്പര്‍റിലീഫ് ഫണ്ടില്‍ നിന്ന് അംഗങ്ങളുടെ ചികിത്സക്കായി ധനസഹായവും നല്‍കിവരുന്നു. കൊല്ലങ്കോട് പഞ്ചായത്ത് പ്രവര്‍ത്തനമേഖലയായുള്ള ബാങ്കിന് 15 ജീവനക്കാരാണു സേവനത്തിനായുള്ളത്.
മത്സ്യ
വില്‍പ്പന
പയ്യലൂര്‍മുക്കില്‍ മത്സ്യഫെഡിന്റെ ഫിഷ്മാര്‍ട്ട് ബാങ്ക് നടത്തുന്നുണ്ട്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തില്‍ ഗുണമേന്മയുള്ള മത്സ്യങ്ങളും അനുബന്ധ ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യുന്നുണ്ട്. ഓണച്ചന്ത, വിഷുവിനു പടക്കവിപണി എന്നിവ ബാങ്ക് നടത്തിവരാറുണ്ട്. കൊല്ലങ്കോട് നഗരമധ്യത്തില്‍ത്തന്നെയാണു ബാങ്ക് പ്രവര്‍ത്തിക്കുന്നത്. സമീപത്ത് സ്ഥലം കിട്ടിയാല്‍ വിപുലമായ രീതിയില്‍ കണ്‍സ്യൂമര്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങാന്‍ ആലോചനയുണ്ടെന്നു ബാങ്ക് പ്രസിഡന്റ് ആര്‍. സുരേന്ദ്രന്‍ പറഞ്ഞു. നേരെത്തെ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുരേന്ദ്രന്റെ ജനകീയത ബാങ്കിന്റെ വളര്‍ച്ചക്കു സഹായകരമാകുന്നുണ്ടെന്ന് ഓണററി സെക്രട്ടറി വി. സച്ചിദാനന്ദന്‍ വിലയിരുത്തുന്നു.
കെ. ഗംഗാധരന്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ എം. അക്ബര്‍ബാഷ, എ. പ്രിയദര്‍ശന്‍, വി. ഉണ്ണിക്കൃഷ്ണന്‍, കെ. ഗിരീഷ്, സി. ചന്ദ്രന്‍, പത്മാവതി, ബിന്ദു സച്ചിദാനന്ദന്‍ എന്നിവര്‍ അംഗങ്ങളാണ്.