കാര്‍ഷിക, വ്യാവസായിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ബജറ്റ്; കൈത്താങ്ങാവാന്‍ കേരളബാങ്ക്
ഉത്പാദനവും മൂലധന സമാഹരണവും വിപണനവും മാര്‍ക്കറ്റിങ്ങും ഉള്‍പ്പടെ കാര്‍ഷിക മേഖലയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹകരണ മേഖലയെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്തത്. താഴ്ന്ന പലിശയ്ക്ക് കേരള ബാങ്ക് കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കും.
കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖല ആരംഭിക്കും. സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ ഈ വര്‍ഷം തന്നെ പൈലറ്റ് പദ്ധതി ആരംഭിക്കും. സഹകരണ സംഘങ്ങളെയും കാര്‍ഷിക ഉത്പാദന കന്പനികളെയും കര്‍ഷക ചന്തകളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 10 കോടി രൂപയാണ് ഇതിനായി നീക്കി വച്ചു. കര്‍ഷകരുടെയും കിഫ്ബിയുടെയും പങ്കാളിത്തത്തോടെ സംയുക്ത സംരംഭമായി അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും.
വിഷരഹിത നാടന്‍ പച്ചക്കറി, പഴങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന തദ്ദേശീയരായ കര്‍ഷകരില്‍ നിന്നും സംഭരിച്ച് കുടുംബശ്രീ സ്വയം സഹായ സ്റ്റോറുകള്‍ വഴി വിപണനം നടത്തും. ഇത്തരം സ്റ്റോറുകള്‍ ആരംഭിക്കുന്നതിനും നവീകരണത്തിനും വാഹനങ്ങള്‍ വാങ്ങുന്നതിനും കേരളബാങ്ക് വായ്പ അനുവദിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് സബ്‌സിഡിയും നല്‍കും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും. നിലവിലുള്ളവയ്ക്ക് കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധന വായ്പയും ടേം ലോണും ലഭ്യമാക്കും. ഇവയ്‌ക്കെല്ലമായി 2000 കോടി രൂപയുടെ വായ്പ നല്‍കും. പലിശ ഇളവ് നല്‍കുന്നതിന് 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭകത്വ സഹായ പദ്ധതിക്ക് 25 കോടി രൂപയും നാനോ വ്യവസായ ഭവന യൂണിറ്റുകള്‍ക്ക് മാര്‍ജിന്‍ മണിയും പലിശ സഹായം നല്‍കുന്നതിനുള്ള പദ്ധതിക്ക് 15 കോടി രൂപയും അധികം വകയിരുത്തി.
കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ ഈ സാന്പത്തിക വര്‍ഷം 4500 കോടി രൂപയുടെ പുതിയ വായ്പകള്‍ അനുവദിക്കും. കെഎഫ്‌സിയുടെ വായ്പാ ആസ്തി അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 10,000 കോടി രൂപയായി ഉയര്‍ത്തും. കെഎഫ്‌സിയില്‍ നിന്നും വായ്പയെടുത്ത്, കൃത്യമായി തിരിച്ചടക്കുന്ന വ്യവസായികള്‍ക്ക്, കൊവിഡ് പ്രതിസന്ധി മറികടക്കാനായി 40 ശതമാനം അധിക വായ്പ നല്‍കാനായി പദ്ധതി തയ്യാറാക്കും. ഇതിനായി കെഎഫ്‌സി 500 കോടി രൂപ മാറ്റി വയ്ക്കും. മുതല്‍ തിരിച്ചടവിന് ഒരു വര്‍ഷം വരെ മൊറട്ടോറിയം അനുവദിക്കും.
ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാര്‍ട്ട് അപ്പുകളുടെയും സഹായത്തിന് 100 കോടി രൂപ കോര്‍പ്പസ് ഉള്ള ഒരു വെന്‍ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് സ്ഥാപിക്കും. കെഎഫ്‌സി, കെഎസ്എഫ്ഇ, കെഎസ്‌ഐഡിസി, കേരളസംസ്ഥാന സഹകരണബാങ്ക് എന്നിവയുടെ പങ്കാളിത്തത്തോടെ ഫണ്ട് സമാഹരിക്കും.
പാല്‍ വില്‍പനയില്‍ ക്ഷീര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കും. നിലവില്‍ നിര്‍മാണം നടക്കുന്ന പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിക്ക് പുറമേ , പാല്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തിനുള്ള ഫാക്ടറി ആരംഭിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയും കണ്‍സ്യൂമര്‍ ഫെഡിനെയും ശക്തിപ്പെടുത്തും. മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും തുടങ്ങിയ തീരുമാനങ്ങളും ബജറ്റിലുണ്ട്.