കാര്‍ഷിക വിളകള്‍ക്ക് മില്ലറ്റ് വില്ലേജ് ബ്രാന്‍ഡ്; വിതരണത്തിന് കമ്പനി
അട്ടപ്പാടിയിലെ മില്ലറ്റ് വില്ലേജില്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ പ്രത്യേക ബ്രാന്‍ഡില്‍ വില്പന നടത്താന്‍ തീരുമാനം. വിപണനത്തിനായി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപവത്കരിക്കും. ഉത്പന്നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വവും നിയന്ത്രണവും ഊരുകളിലെ കര്‍ഷകര്‍ക്കു മാത്രമായിരിക്കും. മില്ലറ്റ് വില്ലേജ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം നടന്ന ചടങ്ങില്‍ മന്ത്രി വി.എസ്.സുനില്‍കുമാറാണ് ഇക്കാര്യം പറഞ്ഞത്.
അട്ടപ്പാടിയിലെ കാര്‍ഷിക സംസ്‌കാരം തിരികെ കൊണ്ടുവരാനും ആദിവാസി സമൂഹത്തെ തൊഴിലിലൂടെ സ്വയംപര്യാപ്തമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുനില്‍കുമാര്‍ പറഞ്ഞു. അട്ടപ്പാടി തുവര, ആട്ടുകൊമ്പ് അവര തുടങ്ങിയ കാര്‍ഷിക വിളകള്‍ ഗുണനിലവാര പരിശോധനയില്‍ മികച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൗമസൂചിക പദവിക്കായുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഭൗമസൂചിക പദവി ലഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഉടനെ പൂര്‍ത്തിയാക്കുവാന്‍ കാര്‍ഷിക സര്‍വ്വകലാശാലയെ ചുമതലപ്പടുത്തിയിട്ടുണ്ട്. വെറും റേഷന്‍ അരി വിതരണം ചെയ്യുകയല്ല മറിച്ച് ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ആദിവാസി മേഖലയിലെ കര്‍ഷകരെ പ്രാപ്തരാക്കി എടുക്കുന്നതിനാണ് കൃഷി വകുപ്പ് ഉദ്ദേശിക്കുന്നത്. ഒരു സമൂഹത്തിന്റെ തന്നെ പരമ്പരാഗത കാര്‍ഷിക സംസ്‌കാരത്തിന്റെ തിരിച്ചു വരവാണ് കൃഷി വകുപ്പിന്റെ അജണ്ടയില്‍പ്പോലും മുമ്പില്ലായിരുന്ന ചെറുധാന്യങ്ങളുടെ കൃഷി എന്ന പുതിയ പദ്ധതിയിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു.
മന്ത്രി എ.കെ.ബാലന്‍ ഉല്‍പന്നങ്ങളുടെ വിപണനോദ്ഘാടനം നിര്‍വഹിച്ചു. മൂലനൊമ്പ്, കുറത്തിക്കല്ല്, വീട്ടിയൂര്‍, ചെമ്മണ്ണൂര്‍, ദോഡുഗട്ടി തുടങ്ങി ഊരുകളിലെ ഊരുമൂപ്പന്മാര്‍ക്ക് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നല്‍കിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ആദിവാസി വിഭാഗങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളത് വിപണിയില്‍ എത്തിക്കും. ഇപ്പോള്‍ തുടങ്ങുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 2000 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. വ്യക്തിഗത ആനൂകൂല്യങ്ങള്‍ മാത്രം വിതരണം ചെയ്തുകൊണ്ട് അട്ടപ്പാടിയിലെ ആദിവാസി മേഖലയില്‍ സുസ്ഥിര വികസനം നടപ്പാക്കാന്‍ കഴിയില്ലെന്നും ഭൂമി, കൃഷി, തൊഴില്‍, വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങി എല്ലാമേഖലകളിലും വികസനം സാധ്യമാക്കി മാത്രമേ ഇത് നേടാനാവൂ എന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിലെ അക്കാദമിക യോഗ്യതയുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയും അതില്ലാത്തവര്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്താന്‍ സഹായകമായ തൊഴിലും ഉറപ്പാക്കി സര്‍ക്കാര്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കും. പട്ടികവഗ വിഭാഗത്തില്‍ ഇവിടെ ഭൂമിയില്ലാത്തത് 1600 കുടുംബങ്ങള്‍ക്ക് മാത്രമാണ്. ഇതില്‍ 517 പേര്‍ക്ക് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ഭൂമി ലഭ്യമാക്കി. 212 പേര്‍ക്ക് കൂടി അടുത്ത ദിവസങ്ങളില്‍ ഭൂമി നല്‍കും. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭ്യമാക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള തടസങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചുവരികയാണ്. അതോടെ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാകും.
അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ദൊഡുഘട്ടി ഊരില്‍ മില്ലറ്റ് വില്ലേജ് പദ്ധതിക്കായി ഏറ്റവും കൂടുതല്‍ കൃഷി നടക്കുന്ന സ്ഥലത്ത് കൃഷിമന്ത്രി സന്ദര്‍ശനം നടത്തി. കര്‍ഷകരെയും കൃഷിയിടങ്ങളും സന്ദര്‍ശിച്ച മന്ത്രി കാട്ടാന ശല്യം നിയന്ത്രിക്കാന്‍ പഞ്ചായത്ത് മുന്നോട്ട് വെച്ച പദ്ധതിയിലെ സര്‍ക്കാര്‍തല തടസങ്ങള്‍ നീക്കാന്‍ ഇടപെടുമെന്ന് ഉറപ്പ് നല്‍കി. നല്ലരീതിയില്‍ നടക്കുന്ന കൃഷിക്ക് വന്യമൃഗശല്യം തടസമാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രശ്‌നപരിഹാരത്തിന് കൃഷിവകുപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പരിഹാരം കാണുന്നകാര്യവും പരിഗണിക്കുമെന്നും പറഞ്ഞു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീരേശന്‍, ജില്ലാ പഞ്ചായത്ത് അംഗം രാധാകൃഷ്ണന്‍, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്റ്ററും മില്ലറ്റ് വില്ലേജ് പദ്ധതി സ്‌പെഷല്‍ ഓഫീസറുമായ ജി സുരേഷ്, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസര്‍ കെ കൃഷ്ണപ്രകാശ്, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്റ്റര്‍ ഡോ. പി പുകഴേന്തി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.