കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. ഭരണസമിതിയംഗമായ കെ. ശിവദാസന്‍ നായരും മറ്റും സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലാണു ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
യു.ഡി.എഫ്. അനുകൂല ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെയാണു അംഗങ്ങള്‍ പുറത്താക്കിയത്. ഇതില്‍ അപാകതയില്ലെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നിയമപരമായ നടപടിയായിരുന്നുവെന്നും ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ അപ്പെക്‌സ് സ്ഥാപനമായ സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ജനറല്‍ ബോഡിയില്‍ 76 സഹകരണ സംഘങ്ങളുടെ പ്രതിനിധികളാണുള്ളത്. അവിശ്വാസ പ്രമേയത്തിനനുകൂലമായി 39 പേരും എതിര്‍ത്ത് 36 പേരുമാണു വോട്ട് ചെയ്തിരുന്നത്. ഭരണസ്തംഭനം ഒഴിവാക്കാനാണു സര്‍ക്കാര്‍ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്ററെ നിയോഗിച്ചത്.
പൊതുയോഗത്തില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ചട്ടങ്ങള്‍ രൂപവത്കരിക്കേണ്ടതുണ്ടെന്നും ഇതിനായി വിധിപ്പകര്‍പ്പ് ചീഫ് സെക്രട്ടറിക്ക് അയക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
[mbzshare]