കാപ്‌കോസിന്റെ സഹകരണ അരിമില്ലിന് വേഗം കൂട്ടാന്‍ ഉദ്യോഗസ്ഥതല സമിതി
നെല്ല് സംഭരണം സഹകരണ മേഖലയിലേക്ക് മാറ്റാനുള്ള നടപടിക്ക് വേഗം കൂട്ടി സഹകരണ വകുപ്പ്. നെല്ല് സംഭരണത്തിനും സംസ്‌കരണത്തിനുമായി രണ്ട് സഹകരണ സംഘങ്ങളാണ് തുടങ്ങിയിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ പാലക്കാട് പാഡി പ്രൊക്യുര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റി (പാപ്‌കോസ്), പാലക്കാട് ഒഴികെയുള്ള 13 ജില്ലകള്‍ പ്രവര്‍ത്തന പരിധിയായി കോട്ടയത്ത് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ ചേര്‍ന്ന് കേരള പാഡി പ്രൊക്യുര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിങ് സഹകരണ സംഘം (കാപ്‌കോസ്) എന്നിവയാണ് രണ്ട് സംഘങ്ങള്‍.
പാപ്‌കോസിന്റെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കോട്ടയം ആസ്ഥാനമായുള്ള കാപ്‌കോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥതല സാങ്കേതിക സമിതിക്ക് രൂപം നല്‍കി. കാപ്‌കോസ് സര്‍ക്കാര്‍ സഹായത്തോടെ കോട്ടയത്ത് തുടങ്ങുന്ന അരിമില്ലിന്റെ നിര്‍മ്മാണത്തിന്റെ പുരോഗതിക്കായി പരിജ്ഞാനമുള്ള വ്യക്തികളെ ഉള്‍പ്പെടുത്തി ഒരു ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഗസ്റ്റ് ഒമ്പതിന് സര്‍ക്കാരിന് കത്ത് നല്‍കുകയും ചെയ്തു.
സഹകരണ സംഘം രജിസ്ട്രാറുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ ടെക്‌നിക്കല്‍ കമ്മറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്. സംസ്ഥാന കാര്‍ഷിക സര്‍വകലാശാലയുടെ പ്രതിനിധിയായി കുമരകം റിസര്‍ച്ച് ഡയറക്ടര്‍ പത്മകുമാര്‍, കോട്ടയം പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍, സഹകരണ സംഘം രജിസ്ട്രാറുടെ പ്രതിനിധിയായി കോട്ടയം ജോയിന്റ് രജിസ്ട്രാര്‍, പൊതുമരമാത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ ഡിക്രൂസ്, പൊതുമരമാത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ രാജീവ് കാരിയല്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സി.നാരായണ സ്വാമി, റിട്ട. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഉമ്മന്‍ വേങ്കടത്ത് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
സംസ്ഥാനത്തെ നെല്‍കര്‍ഷകരെ ചൂണണത്തില്‍നിന്ന് രക്ഷിക്കുന്നതിന് സഹകരണ മേഖലയില്‍ റൈസ് മില്‍ തുടങ്ങുന്നത്. പാപ്‌കോസിന്റെ പദ്ധതി രേഖ തയ്യാറാക്കുന്നത് നബാര്‍ഡിന്റെ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ നാബ്‌കോണ്‍സ് ആണ്. സംഘത്തിന്റെ പദ്ധതി പ്രദേശത്തേക്കുള്ള 500 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞു. മില്‍ സ്ഥാപിക്കുന്നതിനായി മൂന്നുതവണ ഈ-ടെണ്ടര്‍ ചെയ്‌തെങ്കിലും നിര്‍വഹണ കമ്പനിയെ ഇതുവരെ ലഭിച്ചിട്ടില്ല.