കാപക്‌സിന് പുതിയ ഫാക്ടറി; കശുവണ്ടിത്തൊഴിലാളികള്‍ക്ക് 200 തൊഴില്‍ദിനമുറപ്പാക്കുമെന്ന് മന്ത്രി

[email protected]

ആധുനീകരണത്തിലൂടെ ഉദ്പാദനക്ഷമത ഉയര്‍ത്തി പൊതുമേഖലാ കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കാപക്‌സിന്റെ നവീകരിച്ച പെരുമ്പുഴ ഫാക്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പുതുതായി ആയിരം തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തി കശുവണ്ടി മേഖലയില്‍ തൊഴിലവസരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍. കാപക്‌സില്‍ ഇക്കൊല്ലം 200 തൊഴില്‍ ദിനങ്ങളെങ്കിലും ഉറപ്പാക്കാനാണ് ശ്രമം. കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികളിലും സമാന മുന്നേറ്റമാണ് പ്രതീക്ഷക്കുന്നത്.

തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് പൊതുമേഖലാ ഫാക്ടറികളുടെ ലാഭകരമായ പ്രവര്‍ത്തനം ഉറപ്പാക്കണം. ഉത്പന്ന വിപണനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ലാഭകരമായി കശുവണ്ടി വ്യവസായം നടത്താനുള്ള എല്ലാ വഴികളും പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തൊഴില്‍പരിഷ്‌കരണസംരക്ഷണ നടപടികളിലൂടെ കശുവണ്ടി മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇവിടെ നിര്‍മിച്ച ബോര്‍മയുടെ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങിലെ അധ്യക്ഷന്‍ കൂടിയായ മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ സംരക്ഷണം ഉറപ്പാക്കി വ്യവസായം നിലനിറുത്താനുള്ള പ്രായോഗിക സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാക്ടറിയില്‍ സ്ഥാപിച്ച സി.സി.ടി.വി സംവിധാനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാപക്‌സിന്റെ ഫാക്ടറികളെല്ലാം മികച്ച നിലയില്‍ ആധുനീകരിക്കുക വഴി വിപണിയിലെ മത്സരം നേരിടാനുള്ള സാഹചര്യമാണ് ഒരുക്കാനായതെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ കാപക്‌സ് ചെയര്‍മാന്‍ എസ്. സുദേവന്‍ പറഞ്ഞു. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ്, മറ്റു ജനപ്രതിനിധികള്‍, കാപക്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കെ. സുഭഗന്‍, ടി.സി. വിജയന്‍, സി.ജി. ഗോപുകൃഷ്ണന്‍, കോതേത്ത് ഭാസുരന്‍, മാനേജിംഗ് ഡയറക്ടര്‍ ആര്‍. രാജേഷ്, തൊഴിലാളി സംഘടനാ നേതാക്കളായ കെ. രാജഗോപാല്‍, ആര്‍. ചന്ദ്രശേഖരന്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News