കരുവന്നൂര്‍ ബാങ്കിനായി 250 കോടിയുടെ പാക്കേജ്; എട്ടിന് പ്രഖ്യാപിച്ചേക്കും
കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പ്രതിസന്ധി മറികടക്കാന്‍ 250 കോടി രൂപയുടെ രക്ഷാപാക്കേജാണ് സഹകരണ വകുപ്പ് പരിഗണിക്കുന്നത്. ഇതിനാണ് സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത്. 100 കോടി രൂപ കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായ പ്രാഥമിക ബാങ്കുകളില്‍നിന്ന് ശേഖരിക്കും. 150 കോടി രൂപയുടെ വായ്പാ ബാധ്യത കേരള ബാങ്ക് ഏറ്റെടുക്കും. ഈ രീതിയിലാണ് ഇപ്പോഴത്തെ ധാരണ. ഫിബ്രവരി എട്ടിന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഇതിനായി യോഗം വിളിച്ചിട്ടുണ്ട്. അതില്‍ കണ്‍സോര്‍ഷ്യവും പാക്കേജും പ്രഖ്യാപിക്കാനാണ് സാധ്യത.
കണ്‍സോര്‍ഷ്യത്തില്‍ എത്ര സംഘങ്ങള്‍ അംഗമാകുമെന്നതിനക്കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാന്‍ സഹകരണ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. രജിസ്ട്രാറുടെ ചുമതലയുള്ള അഡീഷണല്‍ രജിസ്ട്രാര്‍ എം. ബിനോയ്കുമാര്‍ കഴിഞ്ഞയാഴ്ച തൃശ്ശൂരിലെത്തി വകുപ്പുദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. 48 സഹകരണ സംഘങ്ങള്‍ കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ സന്നദ്ധരായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള വിവരം. മറ്റ് സംഘങ്ങളുടെ ഭരണസമിതി യോഗം ചേര്‍ന്നതിന് ശേഷം തീരുമാനം അറിയിക്കും. ഈ ആഴ്ചയോടെ തീരുമാനം അറിയിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദ്ദേശം.
ഈ ആഴ്ച അവസാനത്തോടെ കണ്‍സോര്‍ഷ്യത്തില്‍ അംഗമാകുന്ന ബാങ്കുകളുടെ അന്തിമ ലിസ്റ്റ് നല്‍കും. സ്വമേധയാ മുന്നോട്ടു വരുന്നവരെ കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളാക്കിയാല്‍ മതിയെന്നും അവര്‍ ഇഷ്ടമുള്ള തുക നല്‍കിയാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. പ്രതിപക്ഷം എതിര്‍പ്പുന്നയിച്ചതിനാലാണ് നിര്‍ബന്ധിത നടപടി വേണ്ടെന്ന് തീരുമാനിച്ചത്. നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോര്‍ഡിന്റെ ഭരണസമിതി യോഗവും ഈ ആഴ്ച നടക്കാനിടയുണ്ട്. ഗ്യാരന്റി ഫണ്ട് ബോര്‍ഡില്‍നിന്നു കണ്‍സോര്‍ഷ്യത്തിലേക്ക് പണം അനുവദിക്കണമെന്ന ആവശ്യം സഹകാരികളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. 50 കോടി രൂപയെങ്കിലും ബോര്‍ഡ് അനുവദിക്കണമെന്നാണ് ആവശ്യം. ഇതിന് നിലവില്‍ ചട്ടത്തില്‍ വ്യവസ്ഥയില്ല. പക്ഷേ, സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള ഇളവ് നല്‍കിയാല്‍ പണം അനുവദിക്കാനാകുമോയെന്ന കാര്യമാണ് പരിഗണിക്കുന്നത്.
കണ്‍സോര്‍ഷ്യത്തിന്റെ ഫണ്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വവും കരുവന്നൂര്‍ ബാങ്കിന്റെ പുനരുജ്ജീവന നടപടിയുടെ നിയന്ത്രണവും കേരള ബാങ്കിനാകും. കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായി അഞ്ചോ ഏഴോ അംഗങ്ങളുള്ള ഫണ്ട് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കേരള ബാങ്ക് മാനേജര്‍ക്കോ പ്രാഥമിക സഹകരണ സംഘത്തിന്റെ സെക്രട്ടറി സ്ഥാനത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്കോ ആയിരിക്കും ചുമതല. ആവശ്യക്കാര്‍ക്ക് നിക്ഷേപം തിരികെ നല്‍കുക, കുടിശ്ശിക പിരിക്കുക, ബാങ്കിനെ പുനരുജ്ജീവിപ്പിക്കുക തുടങ്ങിയ ചുമതലകളും കമ്മിറ്റിക്കായിരിക്കും.