കരുവന്നൂര്‍ പാക്കേജിലേക്ക് പണം നല്‍കുന്നതില്‍ കേരളബാങ്കിന് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്
കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാന്‍ സഹകരണ വകുപ്പ് പ്രഖ്യാപിച്ച പാക്കേജിലേക്ക് പണം നല്‍കുന്നതില്‍ കേരളബാങ്കിന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സാമ്പത്തിക സ്ഥിര പരിഗണിക്കാതെയുള്ള വായ്പകള്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യം സഹകരണ ബാങ്കുകളുടെ ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ സഹകരണ സംഘം രജിസ്ട്രാറെ അറിയിച്ചിട്ടുണ്ട്.
കരുവന്നൂര്‍ പാക്കേജിലേക്ക് 25 കോടിരൂപയാണ് കേരളബാങ്ക് നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. കരുവന്നൂര്‍ ബാങ്കിന്റെ ആസ്തികള്‍ പണയവസ്തുവായി സ്വീകരിച്ച് വായ്പ നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഇതിലേറെ മൂല്യമുള്ള സ്വത്തുക്കള്‍ കരുവന്നൂര്‍ ബാങ്കിനുണ്ട്. അത് പണയ വസ്തുവായി സ്വീകരിക്കുന്നതിന് കേരളബാങ്കിന് എന്ത് തടസ്സമാണെന്ന് വാദമാണ് പാക്കേജ് തയ്യാറാക്കുന്ന യോഗത്തില്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ അടക്കം ഉന്നയിച്ചിരുന്നു. പാക്കേജ് സംബന്ധിച്ച് മാധ്യമ വാര്‍ത്തകള്‍ പരിഗണിച്ചാണ് റിസര്‍വ് ബാങ്ക് ഇക്കാര്യത്തിലുള്ള നിലപാട് അറിയിച്ചത്.
കേരളബാങ്കിന്റെ അംഗ സംഘം എന്ന നിലയില്‍ കരുവന്നൂരിന് വായ്പ നല്‍കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകില്ല. പക്ഷേ, കരുവന്നൂരിന് നല്‍കുന്ന വായ്പ തിരിച്ചുകിട്ടാന്‍ പ്രയാസം നേരിടുന്ന വായ്പയായി കണക്കാക്കും. അതിനാല്‍ ഈ വായ്പയുടെ റിസ്‌ക് വെയിറ്റ് 125 ശതമാനമായിരിക്കും. അത് കേരളബാങ്കിന്റെ മൂലധന പര്യാപ്തത കുറയാന്‍ കാരണമാകും. ഈ അപകടം തിരിച്ചറിയുന്നതിനാല്‍ പാക്കേജിലേക്ക് വായ്പയായി പണം നല്‍കാന്‍ ഇതുവരെ കേരളബാങ്ക് തീരുമാനിച്ചിട്ടില്ല.
ജാമ്യവസ്തു തിരിച്ചടവിന് സുരക്ഷ ഉറപ്പാക്കുന്ന ഘടകം മാത്രമാണെന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജാമ്യ വസ്തു ഉള്ളതുകൊണ്ട്, വായ്പ എടുക്കുന്ന സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ തിരിച്ചടവ് ശേഷി ഉണ്ടാകില്ല. വായ്പ നല്‍കുമ്പോള്‍ പരിഗണിക്കേണ്ടത് തിരിച്ചടവ് ശേഷിയാണ്. കരുവന്നൂരിന് നിലവില്‍ തിരിച്ചടവ് ശേഷിയില്ല. ജാമ്യ വസ്തു ഏറ്റെടുക്കാം എന്ന ലക്ഷ്യത്തോടെ വായ്പ നല്‍കുന്നത് ബാങ്കിങ് രീതിയല്ലെന്ന് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. കരുവന്നൂരിന് പുനര്‍വായ്പ നല്‍കാമെന്നാണ് ഇപ്പോള്‍ കേരളബാങ്ക് അറിയിച്ചിട്ടുള്ളത്. കരുവന്നൂര്‍ സ്വന്തം ഫണ്ടില്‍നിന്ന് നല്‍കിയ വായ്പയുടെ നിശ്ചിത ശതമാനം മാത്രമാണ് ഇത്തരത്തില്‍ പുനര്‍വായ്പയായി ലഭിക്കുക. ഇതുകൊണ്ടുമാത്രം കരുവന്നൂരിന് പിടിച്ചുനില്‍ക്കാനാകുമോയെന്ന് സംശയമാണ്.
[mbzshare]