കരകുളം സര്‍വ്വീസ് സഹകരണ ബാങ്കിന് മരുതൂരില്‍ പുതിയ ശാഖ

moonamvazhi

കാര്‍ഷിക മേഖലയും സഹകരണ മേഖലയും തമ്മിലുള്ള ദൃഢമായ ബന്ധം ഊട്ടിയുറപ്പിച്ച് സാധാരണക്കാരന് താങ്ങും തണലുമായ പ്രസ്ഥാനമായി കരകുളം സര്‍വീസ് സഹകരണ ബാങ്ക് മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കരകുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മരുതൂര്‍ ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ന്യൂജനറേഷന്‍ ബാങ്കിനേക്കാള്‍ മികച്ച സേവനം സഹകാരികള്‍ക്ക് നല്‍കുന്ന സ്ഥാപനമാണ് കരകുളം സര്‍വ്വീസ് സഹകരണ ബാങ്ക് . 362 കോടി നിക്ഷേപവും 234 കോടി വായ്പയും 57,925 അംഗങ്ങളും ഉള്ള സ്ഥാപനത്തിന്റെ ഒന്‍പതാമത് ശാഖയാണ് മരുതൂരില്‍ പ്രവര്‍ത്തനം തുടങ്ങുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരുതൂര്‍ ശാഖയിലെ ആദ്യ നിക്ഷേപവും മന്ത്രി വാസവന്‍ സ്വീകരിച്ചു.

ബാങ്കിലെ സ്‌ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ നിര്‍വഹിച്ചു. ആധുനിക ബാങ്കിങ് മേഖലയിലുള്ള എല്ലാ സൗകര്യങ്ങളും ഇന്ന് സഹകരണപ്രസ്ഥാനങ്ങളില്‍ ലഭ്യമാണെന്നും കൃഷിക്കാരെ നേരിട്ട് സഹായിക്കുന്ന പല പദ്ധതികളും സഹകരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്നുവെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.

കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് എന്‍. ശങ്കരന്‍ നായര്‍ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എയും സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാനുമായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, ഭരണ സമിതി അംഗങ്ങള്‍,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News