കണമലയിലെ കാന്താരിക്ക് അതിമധുരം
(2021 ഫെബ്രുവരി ലക്കം)
ശബരിമലയുടെ കവാടമായ കണമലയില്‍ ഇപ്പോള്‍ റബ്ബര്‍ വെട്ടിമാറ്റി കൃഷി ചെയ്യുന്നത് കാന്താരി മുളകാണ്. കാന്താരിവിപ്ലവം മാത്രമല്ല കണമല സര്‍വീസ് സഹകരണ ബാങ്ക് നടത്തുന്നത്. മീന്‍ഗ്രാമം, തേന്‍ഗ്രാമം, പോത്തുഗ്രാമം പദ്ധതികളും നടപ്പാക്കുന്നുണ്ട്. കേരളത്തിലാദ്യമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ച കണമല ബാങ്കിനു ആദ്യത്തെ കാര്‍ഷിക ഗ്രന്ഥശാല തുടങ്ങിയ സഹകരണ ബാങ്ക് എന്ന ബഹുമതിയുമുണ്ട്.
വിളവിനു വില ഉറപ്പ്. കര്‍ഷകനു കൈനിറയെ സന്തോഷഫലം. കാര്‍ഷിക കേരളം കണമല ഗ്രാമത്തെ ഉറ്റുനോക്കുന്നു. കോട്ടയം എരുമേലി പഞ്ചായത്തിലെ ഈ മലയോരഗ്രാമത്തെ കൃഷിയുടെ പുതിയ വിജയവഴികളിലൂടെ നടത്തുന്നത് അവിടത്തെ സഹകരണ ബാങ്കാണ് എന്നത് കേരളത്തിന്റെ സേവന ചരിത്രത്തിനും പുതിയ ഏടാവുകയാണ്. കേരളത്തില്‍ ആദ്യമായി കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് തറവില നിശ്ചയിച്ച സഹകരണ സ്ഥാപനമെന്ന ഖ്യാതിയും കണമല ബാങ്കിനു സ്വന്തം.
തറവില നിശ്ചയിച്ച മുഴുവന്‍ ഉല്‍പ്പന്നങ്ങളും സംഭരിച്ചുകൊണ്ട് കര്‍ഷകരെ ധൈര്യപൂര്‍വം കൃഷിയില്‍ നിലനിര്‍ത്താന്‍ കണമല സര്‍വീസ് സഹകരണ ബാങ്ക് നടത്തിയ ശ്രമം പത്തുമാസം പിന്നിടുമ്പോള്‍ വിജയവിളവിന്റെ കണക്കുകള്‍ മാത്രമേയുള്ളു. പമ്പാതീരത്തിന്റെ തണലും തണുപ്പും തലോടുന്ന കണമലയില്‍ റബ്ബര്‍ വിലയിടിവിന്റെ വിഷാദം ഇപ്പോള്‍ അലയടിക്കുന്നില്ല. കാന്താരിയും മീനും പോത്തും തേനും പുതിയ ഉല്‍പ്പന്നങ്ങളായി കര്‍ഷകനു ആശ്വാസത്തിന്റെ കരുത്തു നല്‍കുകയാണ്.
കാന്താരി കൊണ്ട് വിപ്ലവം
ശബരിമലയുടെ കവാടമാണ് കണമല. തീര്‍ഥാടനത്തിന്റെ വഴിയോര ഗ്രാമത്തിലെ കര്‍ഷകര്‍ പക്ഷേ, എന്നും തീരാദു:ഖത്തിലായിരുന്നു. പ്രധാന വിളയായ റബ്ബറിനു വിലയില്ല. ഇടവിളകളായി ചെയ്യുന്ന കപ്പയും വാഴയുമെല്ലാം കാട്ടുമൃഗങ്ങള്‍ കൊണ്ടുപോകും. കുരങ്ങും മലയണ്ണാനും കുറുക്കനും ആനയും വരെ സൈ്വരവിഹാരം നടത്തുന്ന ഗ്രാമം. മൃഗവിനോദം കഴിയുമ്പോള്‍ അവശേഷിക്കുന്നത് കപ്പയുടെയും ചേനയുടെയും ചേമ്പിന്റെയും തണ്ടുകള്‍ മാത്രം. കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ ബാങ്ക് കണ്ടുപിടിച്ച ആദ്യവഴിയാണ് ‘കാന്താരി വിപ്ലവം ‘ എന്ന പദ്ധതി.
പുതിയ കാര്‍ഷിക പദ്ധതികള്‍ക്കായി കര്‍ഷകനും അഭിഭാഷകനുമായ ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ് ജോസ് മുന്നോട്ടുവെച്ച നിര്‍ദേശം ബാങ്ക് അംഗീകരിക്കുകയായിരുന്നു. ദീര്‍ഘകാലം അയര്‍ലണ്ടില്‍ ജോലിചെയ്ത് കുടുംബസമേതം നാട്ടില്‍ തിരിച്ചെത്തിയ ഈ വെണ്‍കുറുഞ്ഞിക്കാരന്റെ വീട്ടുപരിസരം വലിയൊരു കൃഷിയിടമാണ്. അവിടെ വിളയാത്തതൊന്നുമില്ല. സ്വന്തം കാര്‍ഷികാവേശവും അനുഭവവും നാട്ടുകാരിലേക്ക് പകര്‍ന്നുകൊണ്ട് കണമലയെന്ന കൊച്ചുഗ്രാമത്തെ കൃഷിയുടെ വലിയ ലോകത്തേക്ക് ബിനോയ് നടത്തിക്കൊണ്ടുപോവുകയായിരുന്നു. പദ്ധതിയെക്കുറിച്ച് ബിനോയ് ജോസ് പറയുന്നതിങ്ങനെ: ‘ വിളവിനു വിപണിവില ഉറപ്പാക്കണം. വിത്തും വളവും സബ്‌സിഡിയുമെല്ലാം അടുത്ത ഘട്ടമാണ്. അങ്ങനെയാണ് തറവില പ്രഖ്യാപിച്ച് ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കാമെന്ന് ബാങ്ക് തീരുമാനിച്ചത്. ഒരു കി. ഗ്രാമിനു 250 രൂപ നിരക്കില്‍ മുഴുവന്‍ കാന്താരിയും ഏറ്റെടുക്കാമെന്ന് കഴിഞ്ഞ കൊല്ലം ഫെബ്രുവരി അവസാന വാരം ബാങ്ക് വിളിച്ചുകൂട്ടിയ കര്‍ഷകരുടെ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. ജൂണില്‍ തുടങ്ങിയ സംഭരണ നടപടികളില്‍ ആദ്യ ദിവസംതന്നെ 103 കി. ഗ്രാം കാന്താരി ബാങ്കിലെത്തി. ഇപ്പോള്‍ ആഴ്ചയില്‍ 400 – 500 കി. ഗ്രാം വരെ സംഭരിക്കുന്നുണ്ട്.’
കണമലയിലെ കാര്‍ഷിക വിപ്ലവത്തിനു കാന്താരി തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം എളുപ്പത്തിലുള്ള കൃഷി രീതിയും മികച്ച ഉല്‍പ്പന്ന വിലയുമാണെന്ന് ബിനോയ് വിശദീകരിക്കുന്നു. അധിക പരിചരണം വേണ്ട. വളപ്രയോഗവും വേണ്ട. റബ്ബറിനു ഇടവിളയായി ചെയ്ത കാന്താരി ഇപ്പോള്‍ കണമലയില്‍ റബ്ബര്‍ വെട്ടിമാറ്റിയുള്ള കൃഷിയായി മാറി. കാട്ടുമൃഗങ്ങള്‍ കാന്താരിയെ നശിപ്പിക്കില്ല. പഴുത്താല്‍ മാത്രം കിളികള്‍ കൊത്തും. പഴുക്കുന്നതിനു മുന്‍പേ വിളവെടുക്കാം. വീട്ടുമുറ്റത്തും ടെറസിലും കൃഷി ചെയ്യാം. മൂന്നു മാസം പ്രായമായാല്‍ വിളയും. മൂന്നു വര്‍ഷംവരെ ചെടികള്‍ വിളവ് തരും. ചെറിയ നിഴല്‍പ്രദേശം ചെടികള്‍ക്ക് കൂടുതല്‍ ആയുസ്സും വിളവും നല്‍കും.
ദുരിതകാലത്തെ വരുമാനം
ബാങ്കിന്റെ തറവില പ്രഖ്യാപനം നടന്നത് 2020 ഫെബ്രുവരിയിലാണ്. പിന്നാലെ കോവിഡും അടച്ചിടലും വന്നു. ദുരിതകാലത്ത് കര്‍ഷകരുടെ മികച്ച വരുമാന മാര്‍ഗമായി കാന്താരിക്കൃഷി അങ്ങനെ മാറുകയായിരുന്നു. വിപണിവില കുറഞ്ഞാലും കര്‍ഷകനു നിശ്ചിതവില ലഭിക്കും. വിപണിവില കൂടിയാല്‍ അതു മുഴുവനായും ബാങ്ക് നല്‍കും. ബാങ്ക് ലാഭമെടുക്കില്ല. കൊണ്ടുവരുന്ന ഉല്‍പ്പന്നത്തിനു തൂക്കം കണക്കാക്കി നല്‍കുന്ന രസീതുമായി ബാങ്ക് കൗണ്ടറില്‍ ചെന്നാല്‍ അപ്പോള്‍ത്തന്നെ പണം വാങ്ങാം. തങ്ങള്‍ക്ക് ഇതില്‍പ്പരം ആശ്വാസം എന്തു വേണമെന്നു കര്‍ഷകര്‍ ചോദിക്കുന്നു. കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുള്ളവര്‍ കാന്താരിപ്പൊതികളുമായി ബാങ്കില്‍ വന്നു ആയിരങ്ങള്‍ വാങ്ങിപ്പോകുന്നു. വീട്ടമ്മമാര്‍ക്കും ഇതൊരു മികച്ച വരുമാന മാര്‍ഗമായി. 27 ഫാര്‍മേഴ്‌സ് ക്‌ളബ്ബുകള്‍ കാന്താരിക്കൃഷിയുടെ വ്യാപനത്തിനായി ബാങ്കുമായി സഹകരിക്കുന്നുണ്ട്. ക്‌ളബ്ബുകളിലെ അറുനൂറിലേറെ അംഗങ്ങള്‍ ബാങ്കുമായി നിരന്തരം ബന്ധപ്പെടുന്നു. ഇതു കൂടാതെ, ഇരുനൂറ്റമ്പതോളം കര്‍ഷകരും ഉല്‍പ്പന്നങ്ങളുമായി ബാങ്കിലെത്തുന്നുണ്ട്.
പ്രധാനം ഉല്‍പ്പന്നവില
വിത്തിനെക്കാളും വളത്തെക്കാളും ഉല്‍പ്പന്നത്തിന്റെ വിലയാണ് പ്രധാനമെന്ന് തെളിയിച്ച കാര്‍ഷിക പദ്ധതിയായി കാന്താരി വിപ്ലവം മാറിയത് പെട്ടെന്നാണ്. വിളയുടെ വില ഉറപ്പായപ്പോള്‍ വിത്തും വളവും മറ്റു അനുബന്ധ കാര്യങ്ങളുമെല്ലാം അപ്രസക്തമായി. നിശ്ചിതവില ലഭിക്കുമെന്നുറപ്പായാല്‍ കര്‍ഷകന്‍ മണ്ണില്‍ ഉറച്ചു നില്‍ക്കുമെന്നു തെളിയിക്കുകകൂടിയാണ് കണമലയുടെ കാര്‍ഷിക പദ്ധതികള്‍. ബാങ്ക് സംഭരിച്ച കാന്താരി തൃശ്ശൂര്‍ മാര്‍ക്കറ്റിലേക്കാണ് അയച്ചിരുന്നത്. ഇപ്പോള്‍ അവിടെ വിലയിടിഞ്ഞതുകൊണ്ട് തൃശ്ശൂര്‍ വിപണി ഉപേക്ഷിച്ചു. അതിനു പകരം മരുന്നു നിര്‍മാണ സ്ഥാപനങ്ങളും വിദേശ കയറ്റുമതി സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ആവശ്യക്കാരായി എത്തുന്നുണ്ട്. വിപണിയും വിലയും ഉറപ്പുള്ളതുകൊണ്ട് ഇവിടത്തെ കര്‍ഷകരുടെ ‘കാന്താരി ജീവിതത്തിനു ‘ എരിവില്ല; സന്തോഷം കൊണ്ട് തുടുത്ത അതിമധുരം മാത്രം.
മീനും തേനും പോത്തും
കേരളത്തിന്റെ വര്‍ത്തമാനകാല കൃഷി പുതിയ വഴികള്‍ തേടുന്നത് കണമലയില്‍ കാണാമെന്നു ബാങ്ക് പ്രസിഡന്റ് ബിനോയ് ജോസ് പറയുന്നത്തില്‍ അതിശയോക്തിയില്ല. കാന്താരി വിപ്ലവത്തിനൊപ്പം ബാങ്ക് വിവിധ കാര്‍ഷിക വികസന പദ്ധതികളും പ്രഖ്യാപിച്ചു. മീന്‍ഗ്രാമവും തേന്‍ഗ്രാമവും പോത്തുഗ്രാമവുമാണ് ഈ പദ്ധതികള്‍.
കുറഞ്ഞത് ഒരു സെന്റ് സ്ഥലത്ത് മീന്‍കുളം നിര്‍മിക്കാന്‍ ബാങ്ക് പതിനായിരം രൂപ വായ്പ നല്‍കും. ഇങ്ങനെ നൂറോളം മീന്‍കുളങ്ങള്‍ ഇതിനകം പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. വളര്‍ത്തുമീനുകളില്‍ സ്വാദിഷ്ടമായ ജയന്റ് ഗൗരാമി എന്ന ഇനത്തിലുള്ളവയാണ് കുളങ്ങളില്‍ വളര്‍ത്തുന്നത്. കര്‍ഷകര്‍ക്ക് നേരിട്ട് മീന്‍ വില്‍ക്കാനാകുന്നില്ലെങ്കില്‍ തറവില നിരക്കില്‍ ( കി. ഗ്രാമിനു 300 രൂപ ) ബാങ്ക് ഏറ്റെടുത്ത് വിപണിയില്‍ വില്‍ക്കും.
പോത്തുഗ്രാമം പദ്ധതി പ്രകാരം 150 പോത്തുകുട്ടികളെ വളര്‍ത്താനായി നല്‍കിക്കഴിഞ്ഞു. ഇതിനായി 15,000 രൂപ വീതം ചുരുങ്ങിയ പലിശക്ക് ആവശ്യക്കാരായ കര്‍ഷകര്‍ക്ക് വായ്പ നല്‍കി. വളര്‍ച്ചയെത്തിയ പോത്തുകളെ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് കഴിയാതെ വന്നാല്‍ കി. ഗ്രാമിന് 300 രൂപ നിരക്കില്‍ ബാങ്ക് ഏറ്റെടുത്ത് പുറത്തു വില്‍ക്കും. ഒരിക്കലും വറ്റാത്ത പമ്പയുടെയും അഴുതയുടെയും കനിവുകിട്ടുന്ന കണമല കാലിവളര്‍ത്തലിനു അനുയോജ്യമായ പ്രദേശമാണ്.
ഹണി ക്ലബ്ബുകള്‍ വഴി തേനീച്ചകളെ വളര്‍ത്തിയാണ് തേന്‍ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. വളര്‍ത്താനായി 400 തേനീച്ചപ്പെട്ടികള്‍ ഇതിനകം നല്‍കി. കി. ഗ്രാമിനു 200 രൂപ നിരക്കില്‍ തേന്‍ സംഭരിച്ച് ബാങ്ക് വില്‍പ്പന നടത്തും. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വിപണിവില കൂടിയാല്‍ അത് പൂര്‍ണമായും കര്‍ഷകര്‍ക്കു ലഭിക്കുമെന്നതാണ് ഈ പദ്ധതികളുടെയെല്ലാം വിജയമുഖം. റബ്ബര്‍ക്കൃഷി കുറഞ്ഞതോടെ ഇതര കൃഷികളിലേക്ക് കര്‍ഷകരെ തിരിച്ചുവിടാനും അതിലൂടെ ഗ്രാമത്തിന്റെ കാര്‍ഷിക മേഖല സ്വയംപര്യാപ്തമാക്കുകയുമാണ് ബാങ്കിന്റെ ലക്ഷ്യമെന്നു പ്രസിഡന്റ് ബിനോയ് ജോസ് പറയുന്നു.
ഗ്രാമീണ വിപണിയും സജീവം
കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കണമലയില്‍ ഗ്രാമീണ വിപണിയും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ‘കണമല നാച്യുറല്‍സ് ‘ എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തില്‍ നാട്ടുവിഭവങ്ങള്‍ എല്ലാം ലഭിക്കും. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ടും ഇവിടെ നല്‍കാം. ബാങ്കിനോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഹരിത ഫാര്‍മേഴ്‌സ് ക്ലബ്ബാണ് ഈ ഇക്കോ ഷോപ്പിന്റെ നടത്തിപ്പുകാര്‍. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തറവിലയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിച്ച് വില്‍ക്കുന്ന സംരംഭമായ ‘കോ-ഓപ്പറേറ്റീവ് മാര്‍ട്ട്’ കണമല ബാങ്കിലും ആരംഭിച്ചു. ഇതിന്റെ പ്രവര്‍ത്തനവും പുരോഗമിച്ചുവരുന്നു.
ഫാര്‍മേഴ്‌സ് ക്‌ളബ്ബുകള്‍ മുഖേന 16 ഏക്കര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കിയിട്ടുണ്ട്. ഇവിടെ ബാങ്ക് നേരിട്ട് കിഴങ്ങുവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നു. ബാങ്കിന്റെ ഹെഡ് ഓഫീസില്‍ ‘വിത്തു കൊട്ട’ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ആര്‍ക്കും അവരുടെ കൈവശമുള്ള വിത്തുകള്‍ ഇടാം. ആവശ്യമുള്ള വിത്തുകള്‍ കൊട്ടയില്‍ നിന്നു എടുക്കുകയും ചെയ്യാം; തീര്‍ത്തും സൗജന്യമായി.
കേരളത്തില്‍ ആദ്യമായി കാര്‍ഷിക ഗ്രന്ഥശാല തുടങ്ങിയ സഹകരണ ബാങ്കാണിത്. കൃഷി, പാചകം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പുസ്തകങ്ങള്‍ ഇപ്പോള്‍ ഈ ഗ്രന്ഥശാലയിലുണ്ട്.
കിതപ്പില്ല, കുതിപ്പ് മാത്രം
സഹകരണ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ബാങ്ക് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വിജയക്കുതിപ്പ് തുടരുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തുന്ന ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ 20 ലക്ഷം രൂപ ബാങ്കിനു അനുവദിച്ചിട്ടുണ്ടെന്ന് സെക്രട്ടറി വി.ആര്‍. സജീവ് പറഞ്ഞു. പുതിയ കാര്‍ഷിക വിപ്ലവത്തിന് പ്രചോദനവുമായി നബാര്‍ഡും കൈകോര്‍ത്തു കഴിഞ്ഞു. ബാങ്ക് സമര്‍പ്പിക്കുന്ന കാര്‍ഷിക പദ്ധതികള്‍ക്ക് നബാര്‍ഡ് വായ്പാ സഹായം നല്‍കാമെന്നു ധാരണയായിട്ടുണ്ട്. അതോടെ ഏറ്റവും ചുരുങ്ങിയ പലിശയില്‍ കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ കഴിയും.
1966 ല്‍ സഹകരണ സംഘമായി തുടങ്ങിയ സ്ഥാപനം 1971 ലാണ് ബാങ്കായി മാറുന്നത്. എരുമേലി പഞ്ചായത്തിലെ എട്ടു വാര്‍ഡുകളടങ്ങിയ പ്രദേശമാണ് ബാങ്കിന്റെ പ്രവര്‍ത്തന മേഖല. എരുത്തുവാ പുഴയിലാണ് ഹെഡ് ഓഫീസും പ്രധാന ശാഖയമുള്ളത്. മുക്കൂട്ടുതറയിലും പമ്പാവാലിയിലുമായി രണ്ടു ശാഖകള്‍ കൂടിയുണ്ട്. ബാങ്കിന്റെ കീഴില്‍ ഒരു നീതി മെഡിക്കല്‍ സ്റ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. ഒമ്പതിനായിരം അംഗങ്ങളുള്ള ബാങ്കിന് 44 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. 30 കോടി രൂപയുടെ വായ്പാ ബാക്കിയും. ക്ലാസ് വണ്‍ പദവിയുള്ള ബാങ്കിനു സ്ഥിരവും താല്‍ക്കാലികവുമായി 12 ജീവനക്കാരാണുള്ളത്.
പി.എ. ചാക്കോ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ എ.ജെ. ചാക്കോ, ടി.ഐ. വര്‍ഗീസ്, ആര്‍. ധര്‍മ കീര്‍ത്തി, സിബി സെബാസ്റ്റ്യന്‍, തോമസ് ജോസഫ്, ജെസി ജോസ്, റൂബി ബിനു, ജോയ്‌സി സണ്ണി, എം. എം. തമ്പി എന്നിവര്‍ അംഗങ്ങളാണ്.