ഓസ്‌ട്രേലിയയെ കാട്ടുതീ വിഴുങ്ങുമ്പോള്‍

Deepthi Vipin lal

മിര്‍ ഗാലിബ്

2020ഫെബ്രുവരി ലക്കം

രിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഓസ്‌ട്രേലിയയില്‍ പടര്‍ന്നുപിടിച്ചത്. കാടിനെയും ജൈവസമ്പത്തിനെയും പക്ഷിമൃഗാദികളെയും അത് ചുട്ടു ചാമ്പലാക്കി. ഏതാനും മനുഷ്യ ജീവനും നഷ്ടമായി. 2019 സെപ്തംബറില്‍ തുടങ്ങി ഡിസംബറില്‍ ആളിപ്പടര്‍ന്ന കാട്ടുതീയില്‍ 1.56 കോടി ഏക്കര്‍ ( 63 ലക്ഷം ഹെക്ടര്‍ ) പ്രദേശം കത്തിച്ചാമ്പലായെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് ദക്ഷിണ കൊറിയയുടെ വിസ്തൃതി വരുമിത്. കേരളത്തേക്കാളും വലിയ പ്രദേശം കത്തിയമര്‍ന്നിട്ടുണ്ട്.

ആമസോണിലും കാലിഫോര്‍ണിയയിലും കഴിഞ്ഞ വര്‍ഷമാണ് വന്‍ തീപ്പിടിത്തമുണ്ടായത്. ആമസോണില്‍ ഒമ്പത് ലക്ഷം ഹെക്ടറും കാലിഫോര്‍ണിയയില്‍ എട്ടു ലക്ഷം ഹെക്ടറും കാട് കത്തിനശിച്ചു. അതിനേക്കാള്‍ ഏഴ് മടങ്ങ് വലിയ തീപ്പിടിത്തമാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലുണ്ടായത്. ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ന്യൂ സൗത്ത് വെയ്ല്‍സ്, വിക്ടോറിയ എന്നിവിടങ്ങളിലാണ് മുഖ്യമായും തീപ്പിടിത്തമുണ്ടായത്.

ചത്തത് ഒരു കോടി മൃഗങ്ങള്‍

ഒരു കോടിയോളം മൃഗങ്ങള്‍ ഈ കാട്ടുതീയേറ്റ് ചത്തുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിനായിരത്തിലേറെ ഒട്ടകങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ദേശീയ മൃഗമായ കങ്കാരു, കൊവാള എന്നിവയ്ക്കും വന്‍നാശമുണ്ടായി. പക്ഷികളും വന്‍തോതില്‍ ചത്തുവീണിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 27 മനുഷ്യരും പൊള്ളലേറ്റ് മരിച്ചിട്ടുണ്ട്. പല സ്ഥലങ്ങളും വാസയോഗ്യമല്ലാതായി. തീ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ആളിപ്പടര്‍ന്നതോടെ ജനങ്ങളെ വീണ്ടും വീണ്ടും മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.

വില്ലനാകുന്ന കാലാവസ്ഥ

‘ ബുഷ് ഫയര്‍ ‘ ആയി അഥവാ കുറ്റിക്കാടുകളില്‍ തീപ്പിടിച്ചാണ് തുടങ്ങുന്നത്. ഇത് പിന്നീട് മരങ്ങളിലേക്ക് പടര്‍ന്നുപിടിച്ച് വലിയ പ്രദേശങ്ങളെ മുഴുവന്‍ തീഗോളത്തിലാക്കുന്നു. കാലാവസ്ഥാ മാറ്റമാണ് ഓസ്‌ട്രേലിയയെ ഗ്രസിച്ച കാട്ടുതീയുടെ പ്രധാന കാരണം. അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കൂടിയതോടെ താപനില 40 ഡിഗ്രിക്ക് മുകളിലെത്തി. ‘ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ ‘ എന്ന പ്രതിഭാസം ഇതിന് ആക്കംകൂട്ടി. ( സമുദ്രോപരിതലത്തിലെ താപനിലയില്‍ അസാധാരണമായ ഏറ്റക്കുറച്ചില്‍ അനുഭവപ്പെട്ടതിന്റെ ഫലമായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പശ്ചിമ മേഖലകളില്‍ ചൂട് കൂടുകയും കിഴക്ക് ഭാഗങ്ങളില്‍ ചൂട് കുറയുകയും ചെയ്യുന്നു. ഇതാണ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ ). ഇത് ഓസ്‌ട്രേലിയയില്‍ ചൂടു കൂടിയ വരണ്ട കാലാവസ്ഥയ്ക്ക് കാരണമായി. അവിടെ ഇത്തവണ മഴ ലഭിക്കാനും വൈകി. ഇന്ത്യയില്‍നിന്ന് മണ്‍സൂണ്‍ സെപ്തംബറിനു പകരം ഒക്ടോബര്‍ ഒമ്പതിനാണ് പിന്‍വാങ്ങിയത്.

ഓസ്‌ട്രേലിയയില്‍ മഴ വൈകുകയും കുറയുകയും ചെയ്തത് കാട്ടുതീ രൂക്ഷമാക്കി. ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ചുള്ള അതിവിപുലമായ രക്ഷാപ്രവര്‍ത്തനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിവരുന്നത്. കാടിനു തീ കൊടുക്കുന്ന ക്രിമിനലുകളുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കുറച്ചു പേരെ അറസ്റ്റു ചെയ്യുകയുമുണ്ടായി. എങ്കിലും, തീവ്രമായ കാലാവസ്ഥ തന്നെയാണ് കാട്ടുതീയ്ക്ക് കാരണമെന്ന് വ്യക്തമാണ്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ പലതവണ ഓസ്‌ടേലിയയില്‍ കാട്ടുതീയുണ്ടായിട്ടുണ്ട്. നാലര ലക്ഷം ഹെക്ടര്‍ ഭൂമി കത്തിച്ചാമ്പലാവുകയും 173 പേര്‍ മരിക്കുകയും ചെയ്ത 2009 ലെ അഗ്‌നിബാധയാണ് തൊട്ടുമുമ്പത്തെ ഏറ്റവും വിനാശകരമായ തീപ്പിടിത്തം. 1926 ല്‍ 40 ലക്ഷം ഹെക്ടറും 1939 ല്‍ 20 ലക്ഷം ഹെക്ടറും തീപ്പിടിത്തത്തില്‍ നശിച്ചിരുന്നു. നാശത്തിന്റെ വ്യാപ്തിയില്‍ ഇത്തവണത്തെ കാട്ടുതീയാണ് ഭയാനകം.

ചൂട് കൂടുന്നു

ആഗോളതാപനം ശമനമില്ലാത്ത പ്രശ്‌നമായി മാറുകയാണ്. കാലം ചെല്ലുന്തോറും ഭൂമിയില്‍ ചൂടു കൂടിവരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2019 ലോകചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ രണ്ടാമത്തെ വര്‍ഷമാണെന്നാണ് യൂറോപ്യന്‍ ഏജന്‍സിയായ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016 ലായിരുന്നു ഏറ്റവും കൂടുതല്‍ ചൂട്. ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ അഞ്ച് വര്‍ഷങ്ങളാണ് നമ്മള്‍ 2015 മുതല്‍ 2019 വരെ പിന്നിട്ടത്. ഏറ്റവും ചൂടു കൂടിയ പതിറ്റാണ്ട് കഴിഞ്ഞ പതിറ്റാണ്ട് (2010-2019 ) ആയിരുന്നു. 2019 ലെ ചൂട് 1981-2010 കാലത്തെ ശരാശരി ചൂടിനേക്കാള്‍ 0.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരുന്നു. പരിസ്ഥിതിയെ കണക്കിലെടുക്കാതെയുള്ള ‘വികസന പ്രവര്‍ത്തനങ്ങള്‍’ വഴി കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുന്നതാണ് ചൂട് അതികഠിനമാകാന്‍ കാരണം. കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള സമരമുന്നേറ്റങ്ങള്‍ ലോകത്ത് ശക്തി പ്രാപിക്കുമ്പോഴും ആശാവഹമായ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാവുന്നില്ലെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News