ഒന്നര വർഷത്തിനകം അഞ്ചു ലക്ഷം വൃക്ഷത്തൈകൾ വച്ചു പിടിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ
2022 ന് മുൻപ് വൈവിധ്യമാർന്ന അഞ്ചുലക്ഷം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സഹകരണ വകുപ്പ്മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ ഹരിതം കേരളം 2019 സംസ്ഥാനതല ഉദ്ഘാടനം പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തും സമൂഹത്തിലും ഉയർന്നുവരുന്ന വൈവിധ്യമാർന്ന പരിസ്ഥിതി പ്രശ്നങ്ങളെ സമൂഹത്തിനുമുന്നിൽ ഓർമ്മപ്പെടുത്താനാണ് സഹകരണവകുപ്പ് ഈ പരിപാടി സംഘടിപ്പിച്ചതെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സഹകരണ സംഘങ്ങൾ വഴി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഒരു ലക്ഷം കശുമാവ് തൈകൾ നട്ടുപിടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനതല പരിപാടിയിൽ എസ്.ശർമ എം.എൽ.എ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, സഹകരണ സംഘം രജിസ്ട്രാർ എസ്.ഷാനവാസ് ഐ.എ.എസ്. തുടങ്ങി നിരവധി ജനപ്രതിനിധികളും സഹകാരികളും പൊതുജനങ്ങളും പങ്കെടുത്തു