ഒടുവില്‍ വെട്ടി; ബ്രെക്‌സിറ്റായി
2020 മാര്‍ച്ച് ലക്കം
മൂന്നു വര്‍ഷത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമായി. 2020 ജനവരി 31 മുതല്‍ യു.കെ. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്താണ്. എങ്കിലും, ബ്രെക്‌സിറ്റ് പൂര്‍ണമായി നടപ്പാക്കണമെങ്കില്‍ 11 മാസം കൂടി കാത്തിരിക്കണം. അതായത,് 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവ് പരിവര്‍ത്തന ഘട്ടമാണ്. ഇക്കാലയളവില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെയും യൂറോപ്യന്‍ കമ്മീഷനിലെയും അംഗത്വം ഒഴിച്ച്, യൂറോപ്യന്‍ യൂണിയനുമായുള്ള യു.കെ.യുടെ എല്ലാ ബന്ധങ്ങളും നിലവിലേതുപോലെ തുടരും.
ചരിത്രമാകുന്ന ബ്രെക്‌സിറ്റ്
ബ്രിട്ടന്‍, എക്‌സിറ്റ് എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ബ്രെക്‌സിറ്റ് എന്ന പദപ്രയോഗം നിലവില്‍വന്നത്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് യു.കെ. പുറത്തുപോകുന്നു എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാകുന്നതോടെ അത് ലോകചരിത്രത്തിലെ പ്രധാന അധ്യായമായി മാറുകയാണ്. 15 മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ ലോകരാഷ്ട്രീയത്തെ അടക്കിഭരിച്ചത് യൂറോപ്യന്‍ രാഷ്ട്രങ്ങളായിരുന്നു. ഇപ്പോഴും ലോക സമ്പദ് വ്യവസ്ഥയിലും രാഷ്ട്രീയത്തിലും അവര്‍ക്ക് നിര്‍ണായക സ്ഥാനമുണ്ട്. രണ്ടാം ലോക യുദ്ധത്തിനു ശേഷമാണ് രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക രംഗങ്ങളില്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ രാജ്യങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുകയെന്ന ആശയം ഉദിച്ചത്. അതിന്റെ ഫലമായാണ് 1957 ല്‍ യൂറോപ്യന്‍ ഇക്കണോമിക് കമ്യൂണിറ്റി ( ഇ.ഇ.സി. ) രൂപം കൊള്ളുന്നത്. ബ്രിട്ടന്‍ 1972-ലാണ് ഇതില്‍ അംഗമായത്. രസകരമായ വസ്തുത, 1975 ല്‍ ഇ.ഇ.സി.യില്‍നിന്ന് പുറത്തുപോകണമോ എന്ന കാര്യത്തില്‍ ബ്രിട്ടനില്‍ ഹിതപരിശോധന നടത്തിയെന്നതാണ്. പക്ഷേ, 67 ശതമാനം വോട്ടര്‍മാരും ബ്രിട്ടന്‍ ഇ.ഇ.സി.യില്‍ തുടരണമെന്ന് അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളില്‍ കൂടുതല്‍ ശക്തമായ സഹകരണം വേണമെന്ന കാഴ്ചപ്പാടിലാണ് 1992 ല്‍ യൂറോപ്യന്‍ യൂണിയന്‍ രൂപവത്ക്കരിക്കുന്നത്. 28 രാജ്യങ്ങളായിരുന്നു ഇതില്‍ അംഗങ്ങള്‍. നികുതിയില്ലാതെ സ്വതന്ത്രമായ വ്യാപാരവും ചരക്കുനീക്കവും ( അഥവാ ഏകീകൃത കമ്പോളം ), പൊതുനാണയം ( യൂറോ ), സ്വതന്ത്രമായ സഞ്ചാരം, അംഗരാജ്യത്തിലെ ഏതൊരാള്‍ക്കും യൂറോപ്പിലെവിടെയും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം, ആഭ്യന്തര നിയമനിര്‍മാണ സഭകളുണ്ടെങ്കിലും യൂറോപ്പിനു പൊതുവായി ഒരു പാര്‍ലമെന്റ്, പൊതുകാര്‍ഷിക നയം, പൊതു മീന്‍പിടിത്ത നയം തുടങ്ങിയ സവിശേഷതകളാണ് യൂറോപ്യന്‍ യൂണിയനെ ലോകത്തെ മറ്റെല്ലാ രാഷ്ട്രകൂട്ടായ്മകളില്‍നിന്നും വേറിട്ടതാക്കുന്നത്. ഒരര്‍ഥത്തില്‍, ഒരു വലിയ ഫെഡറല്‍ രാജ്യം പോലെയാണ് യൂറോപ്യന്‍ യൂണിയന്‍ പ്രവര്‍ത്തിച്ചത്. അതിലെ സ്ഥാപക അംഗവും പ്രധാന സാമ്പത്തിക ശക്തിയുമായ ബ്രിട്ടന്‍ പുറത്തുപോകുമ്പോള്‍ അത് സവിശേഷമായ ചരിത്രമായി മാറുകയാണ്. ഇതോടെ യൂറോപ്യന്‍ യൂണിയന്റെ അംഗസംഖ്യ 27 ആയി മാറി.
ബ്രെക്‌സിറ്റിലേക്കുള്ള വാതില്‍
രാഷ്ട്രകൂട്ടായ്മക്കെതിരായ ചിന്താഗതി പ്രകടിപ്പിക്കുന്നവര്‍ യു.കെ.യിലുണ്ടായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ യു.കെ.യുടെ രാഷ്ട്രീയ-സാമ്പത്തിക സ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്നാണ് ഇവരുടെ വാദം. പശ്ചിമേഷ്യയില്‍നിന്നുള്ള കുടിയേറ്റമായിരുന്നു മറ്റൊരു പ്രശ്‌നം. യൂണിയന്റെ പൊതുതീരുമാനത്തിനെതിരായി കുടിയേറ്റ വിരുദ്ധ മനോഭാവം പുലര്‍ത്തുന്നവരായിരുന്നു ഇവര്‍. ഈ സാഹചര്യത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോണ്‍ ബ്രെക്‌സിറ്റ് വിഷയത്തില്‍ ഹിതപരിശോധന നടത്താമെന്ന് വാഗ്ദാനം ചെയ്തത്. കാമറോണ്‍ ബ്രെക്‌സിറ്റിനെതിരായിരുന്നു. ഹിതപരിശോധനയില്‍ ഭൂരിപക്ഷം പേരും യു.കെ. യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. 2016 ജൂണ്‍ 23 നുനടന്ന ഹിതപരിശോധനയുടെ ഫലം പക്ഷേ, മറിച്ചായിരുന്നു. 51.9 ശതമാനം പേര്‍ ബ്രെക്‌സിറ്റിനെ പിന്തുണച്ചു. 48.1 ശതമാനം എതിര്‍ത്തു. ഇംഗ്ലണ്ടും വെയില്‍സും പിന്തുണച്ചപ്പോള്‍ സ്‌കോട്ട്‌ലാന്‍ഡും അയര്‍ലന്‍ഡും എതിര്‍ത്തു. തോല്‍വിയിലെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ഡേവിഡ് കാമറോണ്‍ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചു. ബ്രെക്്‌സിറ്റ് അനുകൂലിയായ തെരേസ മെയ് പ്രധാനമന്ത്രിയായി. 2017 മാര്‍ച്ച് 29 ന് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ തുടങ്ങി. 2019 മാര്‍ച്ച് 29 ന് ബ്രിട്ടന്‍ അംഗത്വം വിടുമെന്നായിരുന്നു യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ ധാരണ. എന്നാല്‍, ഇതു സംബസിച്ച കരാറുണ്ടാക്കി പാര്‍ലമെന്റിന്റെ അംഗീകാരം നേടുന്നതില്‍ തെരേസ മെയ് തുടര്‍ച്ചയായി പരാജയപ്പെട്ടു. ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തിലായി. തെരേസ മെയ് രാജിവെച്ചു. ബ്രെക്്‌സിറ്റിന്റെ ശക്തനായ വക്താവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായി. ബ്രെക്‌സിറ്റ് കാലതാമസം കൂടാതെ നടപ്പാക്കുമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. അദ്ദേഹം ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2019 ഡിസംബര്‍ 12-ന് നടന്ന തിരഞ്ഞെടുപ്പില്‍ 80 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തോടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരം നിലനിര്‍ത്തി. ബ്രെക്്‌സിറ്റിനുള്ള വലിയ അംഗീകാരമായും ഇത് വിലയിരുത്തപ്പെട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമായത്.
പരിവര്‍ത്തന ഘട്ടമെന്ന അഗ്‌നിപരീക്ഷ
അടുത്ത 11 മാസത്തിനകം ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായുള്ള യു.കെ.യുടെ രാഷട്രീയ-സാമ്പത്തിക ബന്ധങ്ങള്‍ എങ്ങനെയാവണമെന്നതിനെക്കുറിച്ച് കരാറുണ്ടാക്കണം. അതിലേറ്റവും പ്രധാനം വ്യാപാരക്കരാറുകളാണ്. 2018 ലെ കണക്കുപ്രകാരം യു.കെ.യുടെ മൊത്തം കയറ്റുമതിയുടെ 49 ശതമാനവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കാണ്. 11 ശതമാനം യൂറോപ്യന്‍ യൂണിയനുമായി സ്വതന്ത്ര വ്യാപാരക്കരാറുണ്ടാക്കിയ മറ്റു രാജ്യങ്ങളുമായാണ്. ബാക്കി 40 ശതമാനമേ മറ്റു ലോക രാജ്യങ്ങളുമായുള്ളൂ. തീരുവയില്ലാത്ത ഏകീകൃത കമ്പോളത്തില്‍ നിന്ന് പുറത്തുപോകുന്നതോടെ യൂറോപ്യന്‍ യൂണിയനുമായി പുതിയ സ്വതന്ത്ര വ്യാപാര ഉടമ്പടികള്‍ ഒപ്പുവെക്കേണ്ടി വരും. മറ്റൊന്ന്, ഏകീകൃത കമ്പോളമെന്ന ആകര്‍ഷണത്തില്‍ നിന്ന് പുറത്തുപോകുമ്പോള്‍ വന്‍കിട കമ്പനികള്‍ യു.കെ.യില്‍നിന്ന് മാറുമോ എന്ന ആശങ്കയും നിലവിലുണ്ട്. സഞ്ചാരം, തൊഴില്‍, മീന്‍പിടിത്തം തുടങ്ങിയ കാര്യങ്ങളിലൊക്കെ പുതിയ ഉടമ്പടികള്‍ രൂപപ്പെടേണ്ടതുണ്ട്. ഇതെല്ലാം ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമോ എന്നതാണ് യുക്തിപരമായ ചോദ്യം. പരിവര്‍ത്തന ഘട്ടത്തിന്റെ സമയപരിധി നീട്ടില്ലെന്നാണ് ബോറിസ് ജോണ്‍സണ്‍ ഉറപ്പിച്ചുപറയുന്നത്. എന്നാല്‍, ഈ ചെറിയ കാലയളവ് വെല്ലുവിളി നിറഞ്ഞതാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ അഭിപ്രായപ്പെടുന്നു.
ഇംഗ്ലണ്ട്, ഗ്രേറ്റ് ബ്രിട്ടന്‍, യു.കെ.
ഒരേ രാജ്യത്തിന്റെ മൂന്നു പേരുകളാണോ ഇവ? അതല്ലെങ്കില്‍ ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ? എപ്പോഴും ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ട് ഈ പേരുകള്‍. ഇവ തമ്മില്‍ വലിപ്പത്തിലും അധികാരത്തിലുമൊക്കെ വ്യത്യാസമുണ്ട്. യൂറോപ്പിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ബ്രിട്ടീഷ് ഐസ്ല്‍ ( ആൃശശേവെ കഹെല ) സ്ഥിതി ചെയ്യുന്നത്. ഒരുപാട് ദ്വീപുകള്‍ ചേര്‍ന്ന വലിയൊരു ദ്വീപ് സമൂഹമാണ് ബ്രിട്ടീഷ് ഐസ്ല്‍. ഇതില്‍ രണ്ട് പരമാധികാര രാജ്യങ്ങളും ആറായിരത്തിലേറെ ചെറു ദ്വീപുകളുമുണ്ട്. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, യുണൈറ്റഡ് കിങ്ഡം ( യു.കെ. ) എന്നിവയാണ് പരമാധികാര രാജ്യങ്ങള്‍. യു.കെ. എന്നാല്‍ ഗ്രേറ്റ് ബ്രിട്ടന്‍, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവ ചേര്‍ന്ന പരമാധികാര രാജ്യമാണ്. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിന്റെ തെക്കുഭാഗത്തായി യു.കെ.യ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രവിശ്യാ ഭരണകൂടമാണ് വടക്കന്‍ അയര്‍ലന്‍ഡ്. അപ്പോള്‍ ഗ്രേറ്റ് ബ്രിട്ടനോ? ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, വേയ്ല്‍സ് എന്നീ പ്രവിശ്യാ ഭരണ-ഭൂപ്രദേശങ്ങള്‍ ചേര്‍ന്നതാണ് ഗ്രേറ്റ് ബ്രിട്ടന്‍. സ്‌കോട്ട്‌ലാന്‍ഡ്, വേയ്ല്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവയ്ക്ക് പ്രത്യേക പ്രവിശ്യാ ഭരണകൂടങ്ങളുണ്ടെങ്കിലും യു.കെ.യുടെ പരമാധികാരത്തിനു കീഴിലാണ് ഇവയെല്ലാം. യു.കെ.യെ ബ്രിട്ടന്‍ ( ഗ്രേറ്റ് ബ്രിട്ടനല്ല ) എന്നും വിളിക്കുന്നുണ്ട്.