ചിട്ടി നടത്തിപ്പിലും സംഘങ്ങള്‍ സജീവം

Deepthi Vipin lal

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

(2020 മാര്‍ച്ച് ലക്കം)

1918 ലെ ചിട്ടി നിയന്ത്രണ നിയമത്തിനു കീഴില്‍ ജോയന്റ് സ്റ്റോക്ക് കമ്പനികള്‍ക്കൊപ്പം തിരുവിതാംകൂറിലെ ഒട്ടേറെ സഹകരണ സംഘങ്ങളും ചിട്ടി നടത്തിയിരുന്നു. പക്ഷേ, 1920 കളുടെ അവസാനത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ ചിട്ടിക്ക് പിടിച്ചു നില്‍ക്കാനായില്ല

സാധാരണക്കാരായ കുറച്ച് ആളുകള്‍ കൂടിച്ചേര്‍ന്ന് കൃത്യമായ കാലയളവില്‍ ( പലപ്പോഴും ഇത് മാസത്തിലൊരിക്കലാവും ) നിശ്ചിത സംഖ്യ പിരിച്ചെടുക്കുകയും അത് പൊതുനിക്ഷേപമാക്കി മാറ്റുകയും ആ പൊതുനിക്ഷേപം കൂട്ടത്തില്‍പ്പെട്ട ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക എന്നതാണ് ചിട്ടി ( കുറി ) യുടെ അടിസ്ഥാന സാമ്പത്തിക പ്രക്രിയ. ആര്‍ക്കും ചിട്ടിയില്‍ ചേരാവുന്നതാണ്. ബാങ്ക് വായ്പകളില്‍നിന്നു വ്യത്യസ്തമായി, ചിട്ടിയില്‍ ചേരുന്നതിന്റെ ആവശ്യകത അന്വേഷിക്കുകയോ തിരിച്ചടവിനുള്ള ശേഷിയെക്കുറിച്ച് കര്‍ക്കശമായ പരിശോധന നടത്തുകയോ ചിട്ടിയുടെ കാര്യത്തില്‍ ചെയ്യാറില്ല. അതുകൊണ്ടുതന്നെ ചിട്ടികളില്‍ ചേരാന്‍ ആള്‍ക്കാര്‍ക്ക് താല്‍പ്പര്യമാണ്. കേരളത്തില്‍ , പ്രത്യേകിച്ച് തിരുവിതാംകൂറില്‍, ഒരു നൂറ്റാണ്ട് മുമ്പുപോലും ചിട്ടികള്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നു എന്നാണ് 1932 ല്‍ നിയമിതരായ സഹകരണ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാകുന്നത്. സഹകരണ മേഖലയുടെ പരിഷ്‌കരണം ലക്ഷ്യമിട്ട് നാട്ടുരാജ്യമായ തിരുവിതാംകൂറില്‍ നിയമിതരായ സമിതി 1934 ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

1918 ലെ ചിട്ടി റഗുലേഷന്‍ ആക്ടിന്റെ കീഴിലാണ് ചിട്ടികള്‍ നടത്തിയിരുന്നത് എന്ന് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സഹകരണ സംഘങ്ങള്‍ക്കു പുറമേ 166 ജോയന്റ് സ്റ്റോക്ക് കമ്പനികളും അക്കാലത്ത് ( 1925 – 32 കാലം ) ചിട്ടികള്‍ നടത്തിയിരുന്നു. മൂലധനം സമാഹരിക്കുന്നതിനുള്ള എളുപ്പവഴി എന്ന നിലയിലാണ് ജോയന്റ് സ്റ്റോക്ക് ബാങ്കുകള്‍ ചിട്ടി നടത്തിയിരുന്നതെന്ന് സമിതി അഭിപ്രായപ്പെടുന്നുണ്ട്.

ചിട്ടി നടത്തുന്നയാളെ മുന്നാള്‍ എന്നാണ് വിളിച്ചിരുന്നത്. തലയാള്‍ എന്നും പേരുണ്ട്. ചിട്ടിയില്‍ ചേരുന്നവര്‍ ചിറ്റാളന്മാരാണ്. ജോയന്റ് സ്റ്റോക്ക് കമ്പനികളിലും സഹകരണ സംഘങ്ങളിലും ആ സ്ഥാപനം തന്നെയായിരുന്നു തലയാള്‍ സ്ഥാനത്തുണ്ടായിരുന്നത്. അക്കാലത്തുണ്ടായിരുന്ന സാമ്പത്തിക മാന്ദ്യം ചിട്ടികളെയും കാര്യമായി ബാധിച്ചു. ചിട്ടി പിടിച്ച പലര്‍ക്കും കൃത്യസമയത്ത് ചിട്ടിപ്പണം തിരിച്ചടയ്ക്കാന്‍ കഴിയാതായി. അതുകൊണ്ടുതന്നെ ചിട്ടി പിടിച്ചവര്‍ക്ക് പണം നല്‍കാനാവാതെ ചിട്ടിസ്ഥാപനങ്ങളും വലഞ്ഞു. ജോയന്റ് സ്റ്റോക്ക് കമ്പനികളും സഹകരണ സംഘങ്ങളും ചിറ്റാളന്മാര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തു. ഒരു സ്ഥലത്തെ മുന്‍സിഫ് കോടതിയില്‍ അക്കാലത്ത് ഫയല്‍ ചെയ്യപ്പെട്ട കേസുകളില്‍ അറുപത് ശതമാനത്തിലധികവും ചിട്ടി പൊളിഞ്ഞതുമായി ബന്ധപ്പെട്ടവയായിരുന്നു എന്ന് അവിടത്തെ ഒരു വക്കീല്‍ അറിയിച്ചതായി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതൊക്കെയാണെങ്കിലും ചിട്ടിയുടെ സുവര്‍ണ കാലത്തെക്കുറിച്ചും റിപ്പോര്‍ട്ടില്‍ കണക്കുകള്‍ സഹിതം വിശദീകരിക്കുന്നുണ്ട്.

വളര്‍ച്ചയുടെ ഘട്ടം

ബാങ്കിങ്ങിന്റെ ഒരു പ്രാകൃത രൂപമാണ് ചിട്ടി എന്നാണ് അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. എങ്കിലും, അത് സാധാരണക്കാരെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഒരത്യാവശ്യം വരുമ്പോള്‍ ചിട്ടി വിളിച്ചെടുക്കാം എന്നൊരു ആത്മവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ഇതു തന്നെയാണ് ചിട്ടിയുടെ വളര്‍ച്ചക്കു കാരണവും. സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് 1925 ല്‍ 24 സഹകരണ സംഘങ്ങളാണ് തിരുവിതാംകൂറില്‍ ചിട്ടി നടത്തിയിരുന്നത്. എല്ലാ സംഘങ്ങളും കൂടി അക്കൊല്ലം 26,286 രൂപ ചിട്ടിത്തുകയായി സമാഹരിച്ചു. ഇതില്‍ 20,131 രൂപ ചിറ്റാളന്മാര്‍ക്ക് വിതരണം ചെയ്തു. അവിടന്നങ്ങോട്ട് ചിട്ടി തുടങ്ങിയ സംഘങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി നമുക്കു കാണാം. 1926 ല്‍ ചിട്ടി നടത്തുന്ന സംഘങ്ങളുടെ എണ്ണം 57 ആയി വര്‍ധിച്ചു. അവ ചിട്ടിപ്പണമായി ശേഖരിച്ചത് 64,804 രൂപ. ഇതില്‍ 48,785 രൂപ ചിറ്റാളന്മാര്‍ക്ക് നല്‍കി. തൊട്ടടുത്ത കൊല്ലം കൂടുതല്‍ സംഘങ്ങള്‍ ചിട്ടി നടത്തിപ്പുകാരായി. 81 സംഘങ്ങളാണ് അക്കൊല്ലം ചിട്ടി നടത്തിയിരുന്നത്. അവ ശേഖരിച്ച തുക 1,16,864 രൂപയായി പെരുകി. 1,50,568 രൂപയാണ് ചിറ്റാള•ാര്‍ക്ക് നല്‍കിയത്. 1928 ല്‍ ചിട്ടി നടത്തിപ്പുകാരായ സംഘങ്ങളുടെ എണ്ണം പിന്നെയും വര്‍ധിച്ച് 105 ആയിത്തീര്‍ന്നു. ഇവ 1,51,421 രൂപ ചിറ്റാളന്മാരില്‍ നിന്ന് പിരിച്ചെടുത്തപ്പോള്‍ 1,23,818 രൂപ ചിട്ടി പിടിച്ചവര്‍ക്ക് നല്‍കി. അടുത്ത കൊല്ലവും ചിട്ടി നടത്തുന്ന സംഘങ്ങളുടെ എണ്ണം വര്‍ധിച്ച് 166 ആയി. പിരിച്ച തുക 2,15,161 രൂപയായി. ഇതില്‍ 1,85,661 രൂപ ചിട്ടി പിടിച്ചവര്‍ക്ക് നല്‍കി.

താല്‍പ്പര്യം കുറയുന്നു

1929 ആയതോടെ അവസ്ഥ മാറി. സഹകരണ സംഘങ്ങള്‍ക്ക് ചിട്ടി നടത്തിപ്പില്‍ താല്‍പ്പര്യം കുറഞ്ഞു തുടങ്ങി. അക്കൊല്ലം 151 സംഘങ്ങളാണ് ചിട്ടി തുടര്‍ന്നു പോന്നത്. 15 സംഘങ്ങള്‍ ചിട്ടിപ്പരിപാടി നിര്‍ത്തി എന്നര്‍ഥം. ഇത്രയും സംഘങ്ങള്‍ ചിട്ടി അവസാനിപ്പിച്ചെങ്കിലും ശേഖരിച്ച തുക വര്‍ധിച്ചിരുന്നു. പിരിച്ച ചിട്ടിത്തുക 2,48,083 രൂപയായിരുന്നു അക്കൊല്ലം. 2,19,633 രൂപ ചിറ്റാളന്മാര്‍ക്ക് നല്‍കുകയും ചെയ്തു. 1930 ലും ഗ്രാഫ് താഴോട്ടായിരുന്നു. അക്കൊല്ലം ചിട്ടി നടത്തിപ്പുകാരായ സംഘങ്ങളുടെ എണ്ണം 147 ആയി കുറഞ്ഞു. ശേഖരിച്ച തുക 2,30,481 രൂപയായും കൊടുത്ത തുക 2,03,694 രൂപയായും കുറഞ്ഞു. തൊട്ടടുത്ത വര്‍ഷം എന്തുകൊണ്ടോ ഒരുണര്‍വുണ്ടായി. പുതുതായി ഒമ്പതു സഹകരണ സംഘങ്ങള്‍ ചിട്ടിയിലേക്ക് കടന്നുവന്നു. ഈ ഉണര്‍വ് പക്ഷേ, നിലനിര്‍ത്താനായില്ല. 1932 ല്‍ ചിട്ടി നടത്തിയ സംഘങ്ങളുടെ എണ്ണം 128 ആയി ശോഷിച്ചു. പിരിഞ്ഞുകിട്ടിയ തുകയിലും കുറവു വന്നു.

1929 ന്റെ അവസാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 9931 ചിട്ടിസ്ഥാപനങ്ങള്‍ തിരുവിതാംകൂറിലുണ്ടായിരുന്നു എന്നാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ കാണുന്നത്. ഇവയിലെല്ലാം കൂടി 2.36 കോടി രൂപ മൂലധനമായുണ്ടായിരുന്നു. സാമ്പത്തിക മാന്ദ്യത്തില്‍ ചിട്ടിസ്ഥാപനങ്ങളില്‍ എത്രയെണ്ണം പൂട്ടിപ്പോയെന്നോ എത്രയെണ്ണം പിടിച്ചു നിന്നെന്നോ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എന്നാലും, സാമ്പത്തിക മാന്ദ്യം ചിട്ടി സമ്പ്രദായത്തിലെ പാളിച്ചകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങള്‍ വന്‍തോതിലുള്ള ചിട്ടികള്‍ നടത്തുന്നത് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കരുതെന്ന് സമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!