എ.ഐ.എഫ്. പദ്ധതിപ്രകാരം അനുവദിച്ച വായ്പ സംഘങ്ങള്‍ കൈപ്പറ്റണം- സഹകരണസംഘം രജിസ്ട്രാര്‍
അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് ( എ.ഐ.എഫ് ) പദ്ധതിപ്രകാരം അനുവദിച്ച വായ്പ സഹകരണസംഘങ്ങള്‍ നിശ്ചിതസമയത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ അവയുടെ അനുമതി സ്വയമേവ ഇല്ലാതാകുമെന്നു നബാര്‍ഡ് വ്യക്തമാക്കിയതായി സഹകരണസംഘം രജിസ്ട്രാര്‍ എല്ലാ ജില്ലകളിലെയും ജോയിന്റ് രജിസ്ട്രാര്‍ ( ജനറല്‍ ) മാരെ അറിയിച്ചു.
2022 ജൂലായ് 31 വരെ അനുവദിച്ച പ്രോജക്ടുകള്‍ക്കു വായ്പ പിന്‍വലിക്കാനുള്ള അപേക്ഷ 2023 സെപ്റ്റംബര്‍ ഇരുപതിനോ അതിനു മുമ്പോ സമര്‍പ്പിക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചു. 2022 ആഗസ്റ്റ് 15 മുതല്‍ അനുവദിക്കപ്പെട്ടതും വിതരണക്ലെയിമുകള്‍ സമര്‍പ്പിക്കാനുള്ളതുമായ പദ്ധതികള്‍ക്കുള്ള അനുമതിയുടെ സാധുത 2024 ജനുവരി ഇരുപതുവരെയായിരിക്കും. പദ്ധതിയുടെ കീഴിലുള്ള എല്ലാ പുതിയ അനുമതികള്‍ക്കും ഇനിമുതല്‍ വായ്പയുടെ സാധുതാകാലാവധി അനുവദിച്ച തീയതിമുതല്‍ ആറു മാസമായിരിക്കും- രജിസ്ടാര്‍ അറിയിച്ചു.
അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് പദ്ധതിപ്രകാരം വായ്പ അനുവദിച്ചിട്ടും നാളിതുവരെ അതു കൈപ്പറ്റാത്ത സംഘങ്ങളെക്കൊണ്ട് വായ്പ കൈപ്പറ്റാനുള്ള നടപടി സ്വീകരിക്കണമെന്നു രജിസ്ട്രാര്‍ ജോയിന്റ് രജ്‌സ്ട്രാര്‍മാരോട് ആവശ്യപ്പെട്ടു. അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ട് പദ്ധതിയനുസരിച്ചു അനുവദിച്ച പ്രോജക്ടുകളുടെ സാധുത നിശ്ചയിക്കാന്‍ നബാര്‍ഡ് തീരുമാനിച്ച പശ്ചാത്തലത്തിലാണു സഹകരണസംഘം രജിസ്ട്രാര്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.