എന്‍.കെ.യുടെ സ്വപ്നം ഉയരങ്ങളിലേക്ക്
കാസര്‍കോട് നീലേശ്വരത്തെ കോ- ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് 1946 ജൂണ്‍ 14 ന് ആരംഭിക്കുമ്പോള്‍ അംഗങ്ങള്‍ 153 . ഓഹരി മൂലധനം 11,450 രൂപ. പ്രവര്‍ത്തന മൂലധനം 31,452 രൂപ . 73 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് അംഗങ്ങളുടെ എണ്ണം 43,442 . ഓഹരി മൂലധനം മൂന്നു കോടി രൂപ . നിക്ഷേപം 266 കോടി രൂപ. നിക്ഷേപമടക്കം പ്രവര്‍ത്തന മൂലധനം 275 കോടി രൂപ.
വടക്കെ മലബാറിന്റെ സഹകരണ പ്രസ്ഥാന രംഗത്ത് ഇന്ന് ഒന്നാം നിരയിലാണ് നീലേശ്വരം കോ- ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക്. പരേതനായ എന്‍.കെ. ബാലകൃഷ്ണന്‍ എന്ന സഹകരണ മന്ത്രിയുടെ സ്വപ്നസാക്ഷാത്ക്കാരമാണ് ഈ ബാങ്ക്. വൈവിധ്യവും കാരുണ്യ-സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലെ സജീവതയുമാണ് നീലേശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ വളര്‍ച്ചക്കു പിന്നില്‍.
1998 ല്‍ കാസര്‍കോട് ജില്ലയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത സഹകരണ ബാങ്കായി മാറിയ നീലേശ്വരം ബാങ്ക് 2008 ല്‍ ആറ് ബ്രാഞ്ചുകളെ ബന്ധിപ്പിച്ചു കൊണ്ട് കോര്‍ ബാങ്കിങ്് സംവിധാനവും തുടങ്ങി. 2013 ല്‍ ക്ലാസ് വണ്‍ സൂപ്പര്‍ ഗ്രേഡ് ബാങ്കായി ഉയര്‍ത്തപ്പെട്ടു. കൃഷിക്കാര്‍ക്ക് മിതമായ നിരക്കില്‍ വളം നല്‍കാന്‍ വളം ഡിപ്പോ, ഗുണമേ•യിലും വിലക്കുറവിലും ജനങ്ങള്‍ക്ക് നിത്യോപയോഗ സാധനങ്ങളും തുണിത്തരങ്ങളും നല്‍കാന്‍ സൂപ്പര്‍മാര്‍ക്കറ്റ്, നീതി സ്റ്റോര്‍ , ടെക്‌സ്റ്റയില്‍സ് എന്നിവയും ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2013 മുതല്‍ ബാങ്ക് പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരുന്ന എം. രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വഴി ബാങ്കിന് സാധാരണക്കാരുടെ മനസ്സില്‍ ഇടം പിടിക്കാനും കഴിഞ്ഞിട്ടുണ്ട്. തനിക്കൊപ്പം ഭരണ സമിതി അംഗങ്ങളും സെക്രട്ടറിയും 53 ജീവനക്കാരും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നതാണ് ഇതിനു കാരണമെന്ന് രാധാകൃഷ്ണന്‍ നായര്‍ പറയുന്നു. മെംബര്‍മാര്‍ക്ക് അവരുടെ ആവശ്യത്തിന് അനുസരിച്ച് സുതാര്യ വ്യവസ്ഥയില്‍ 50 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നു. റിസ്‌ക് ഫണ്ട്, കാര്‍ഷിക കടാശ്വാസം, മത്സ്യത്തൊഴിലാളികള്‍ക്കും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുമുള്ള കടാശ്വാസം എന്നിവ വഴി നിരവധി പേര്‍ക്ക് ബാങ്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് സെക്രട്ടറി പി.രാധാകൃഷ്ണന്‍ നായര്‍ പറയുന്നു. സഹകരണ വകുപ്പ് നടപ്പാക്കിയ കുടിശിക നിവാരണ പദ്ധതിയില്‍ ലക്ഷക്കണക്കിന് രൂപയുടെ പലിശ ഇളവും അനുവദിച്ചിട്ടുണ്ട്.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍
എം.രാധാകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുളള ഭരണ സമിതിയാണ് ബാങ്കിന്റെ പ്രവര്‍ത്തനം ജനസേവന, കാരുണ്യ മേഖലകളിലേക്ക് വ്യാപിപ്പിച്ചത്. സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് ബാങ്ക് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. പാവപ്പെട്ട കിടപ്പു രോഗികള്‍ക്ക് മരുന്ന്, ഭക്ഷണ സാധനങ്ങള്‍, വസ്ത്രം എന്നിവ നല്‍കുന്നു. ഫ്രീസര്‍ സൗകര്യത്തോടെയുള്ള ആംബുലന്‍സ് സര്‍വീസും ബാങ്കിന്റെ വകയായുണ്ട്.
ബാങ്ക് പരിധിയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് എല്ലാ വര്‍ഷവും സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. വേനല്‍ ക്കാലത്ത് യാത്രക്കാരുടെ ദാഹം അകറ്റാന്‍ ബസ്റ്റാന്റ് പരിസരത്ത് തണ്ണീര്‍പ്പന്തല്‍ ഒരുക്കി സൗജന്യമായി മോരു വെള്ളം നല്‍കിവരുന്നു.
വര്‍ഷങ്ങളായി നല്ല ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ബാങ്ക് മെംബര്‍മാര്‍ക്ക് ഇരുപത് ശതമാനം ഡിവിഡന്റ് നല്‍കുന്നു. സഹകരണ രംഗത്ത് എ ക്ലാസ് അംഗങ്ങള്‍ക്ക് കേരളത്തില്‍ ആദ്യമായി പെന്‍ഷന്‍ പദ്ധതി നടപ്പാക്കി മാതൃകയായത് നീലേശ്വരം ബാങ്കാണ്. 30 വര്‍ഷം എ ക്ലാസ് മെംബര്‍മാരായി തുടരുന്ന 65 വയസ് പൂര്‍ത്തിയാക്കിയവര്‍ക്ക് 2015 മെയ് മുതല്‍ പ്രതിമാസം 300
പെന്‍ഷന്‍ നല്‍കുന്നു. മെംബര്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് മരണാനന്തര സഹായമായി 3000 രൂപ അനുവദിക്കുന്നുണ്ട്. മാരകമായി രോഗം ബാധിച്ച് അവശത അനുഭവിക്കുന്ന മെംബര്‍മാര്‍ക്ക് ചികിത്സാ സഹായവും അപകടമരണ ഇന്‍ഷൂറന്‍സ് പരിരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെംബര്‍മാരുടെ മക്കളില്‍ എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടുന്നവര്‍ക്ക് എന്‍.കെ. ബാലകൃഷ്ണന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റും നല്‍കുന്നുണ്ട്.
2015ല്‍ പി.രാധാകൃഷ്ണന്‍ നായര്‍ സെക്രട്ടറിയായി ചുമതല ഏറ്റ ശേഷം ആധുനികവത്കരണത്തിന്റെ പാതയിലാണ് ബാങ്ക് . പുതുതലമുറ ബാങ്കുകളെ വെല്ലന്ന രീതിയിലുള്ള സൗകര്യങ്ങള്‍ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കും നല്‍കി ബാങ്കിനെ ഉന്നതിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് എല്ലാവരും. ആധുനിക ബാങ്കിങ് സൗകര്യങ്ങളായ RTGS , NEFT , IMPS , SMS , Banking, ATM , western Money Transfer, Riya Money Transfer എന്നിവയ്ക്ക് പുറമെ റെയില്‍വെ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും ഇവിടെ ഉണ്ട്.
സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ അംഗീകാരങ്ങള്‍ ബാങ്കിന് ലഭിച്ചിട്ടുണ്ട്. 2013 , 2018 വര്‍ഷങ്ങളില്‍ മുംബൈ ആസ്ഥാനമായുള്ള ബാങ്കിങ് ഫ്രോണ്ടിയേഴ്സ് മാസികയുടെ ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ പ്രവര്‍ത്തന മികവിന് വിവിധ സംഘടനകളുടെ ബഹുമതികള്‍ ബാങ്കിന് ലഭിച്ചിട്ടുണ്ട്.
ആരംഭം
നീലേശ്വരത്ത് ആദ്യകാലത്ത് പങ്കാള്‍ നായക്ക് ബാങ്ക് ( ഇന്നത്തെ കനറാബാങ്ക് ) മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് സേവനോത്സുകരായ പി.ചന്തുനായര്‍, എന്‍.കെ. ബാലകൃഷ്ണന്‍, കെ.കെ. നമ്പ്യാര്‍,എന്‍. ശിവരായ കമ്മത്ത്, എം.ചിണ്ടന്‍ നായര്‍ എന്നിവര്‍ വിളിച്ചുകൂട്ടിയ യോഗത്തി ലാണ് നീലേശ്വരം കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് എന്ന ആശയം മുന്നോട്ട് വെച്ചത്. ബാങ്ക് രൂപവത്കരിക്കാന്‍ പി.ചന്തുനായര്‍ ചീഫ് പ്രമോട്ടറായി കമ്മിറ്റിയുണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചു. 1932 ലെ മദ്രാസ് സഹകരണ സംഘം നിയമപ്രകാരം നീലേശ്വരം, പുതുക്കൈ, കിനാനൂര്‍ – കരിന്തളം എന്നീ ഗ്രാമങ്ങളെ പ്രവര്‍ത്തന പരിധിയിലാക്കി നീലേശ്വരം കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു. 153 അംഗങ്ങളും 11,450 രൂപയുടെ ഓഹരി മൂലധനവുമായി 1946 ഡിസംബര്‍ 14 നാണ് ബാങ്ക്പ്രവര്‍ത്തനം ആരംഭിച്ചത്. പാവപ്പെട്ട കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി വര്‍ഷാരംഭത്തില്‍ 38,270 രൂപ വായ്പ നല്‍കി. 1952ല്‍ ഡിപ്പാരട്ട്മെന്റ് നിര്‍ദ്ദേശപ്രകാരം കിനാനൂര്‍-കരിന്തളം ഗ്രാമത്തെ പ്രവര്‍ത്തന പരിധിയില്‍നിന്നു ഒഴിവാക്കി കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ ഗ്രാമവും നീലേശ്വരം മുന്‍സിപ്പാലിറ്റി പരിധിയുമാക്കി ബാങ്കിന്റെ പ്രവര്‍ത്തന മേഖല നിശ്ചയിച്ചു. 1961 ല്‍ ബാങ്കിന്റെ പേര് നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് എന്നാക്കി മാറ്റുകയും ചെയ്തു.
സ്വാതന്ത്ര്യസമര സേനാനിയും സഹകാരിയും സഹകരണ- ആരോഗ്യ വകുപ്പ് മന്ത്രിയുമായിരുന്ന എന്‍ കെ ബാലകൃഷ്ണന്‍ 1960 മുതല്‍ 1972 വരെയും പിന്നീട് 1978 മുതല്‍ 1996 വരെയും ബാങ്കിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. എന്‍.കെ. യുടെ നേതൃപാടവത്തില്‍ ജില്ലയിലെ മാതൃകാ സഹകരണ സ്ഥാപനമായും സംസ്ഥാനത്തെ മുന്‍നിര ബാങ്കുകളിലൊന്നായും നീലേശ്വരത്തിന്റെ സ്വന്തം ബാങ്കായ ഈ സ്ഥാപനം വളര്‍ന്നു. 1954 മുതല്‍ 1986 വരെ സെക്രട്ടറിയായിരുന്ന പി കുഞ്ഞിരാമന്‍ നായരുടെ പ്രവര്‍ത്തനവും ബാങ്കിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകമാണ്. ബാങ്കിന്റെ പി ചന്തുനായര്‍, എം. ചണ്ടന്‍ നായര്‍ , എം കൃഷ്ണന്‍ നായര്‍, കെ കുഞ്ഞിക്കേളുനായര്‍ വൈദ്യര്‍, കെ. കെ. നമ്പ്യാര്‍, കെ. കെ. നായര്‍, സ്വാതന്ത്ര്യസമര സേനാനി കെ. ആര്‍. കണ്ണന്‍ എന്നിവരും സെക്രട്ടറിമാരായിരുന്ന സി. കരുണാകരന്‍ നായര്‍, പി. പി. പ്രഭാകരന്‍, പി. ഉണ്ണികൃഷ്ണന്‍ നായര്‍, കെ. വി. രാഘവന്‍, ടി. കണ്ണന്‍, കെ. കെ. കുമാരന്‍, എന്‍. വി. ചന്ദ്രന്‍, കെ. എം. ഗോപാലകൃഷ്ണന്‍ നായര്‍, പി. വി. കുമാരന്‍ എന്നിവരും മുന്‍ ഭരണസമിതി അംഗങ്ങളും ബാങ്കിന്റെ വളര്‍ച്ചക്കായി നിസ്തുല സേവനമാണ് നടത്തിയതെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് എം. രാധാകൃഷ്ണന്‍ നായര്‍ ഓര്‍മിക്കുന്നു.
ഇപ്പോഴത്തെ ഭരണസമിതിയില്‍ പി. കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി, കൃഷ്ണന്‍ മേലാളത്ത്, എ. സുരേഷ് ബാബു, ബി. സുധാകരന്‍, എം.കെ. സതീശന്‍ , കെ. സൂരജ് , കെ.വി. പ്രശാന്ത്, വി.വി. ഉഷ, എം. ശാന്തിനി, കെ.എം. ശ്രീജ എന്നിവരും അംഗങ്ങളാണ്.