ഉള്ളിയേരി ബാങ്ക് വിപണന, ടൂറിസം രംഗത്തേക്ക്
95 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉള്ളിയേരി
സഹകരണ ബാങ്കില്‍ മുപ്പതിനായിരത്തോളം അംഗങ്ങളുണ്ട്.
100 കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. ക്ലാസ് വണ്‍
സ്‌പെഷല്‍ ഗ്രേഡ്‌വിഭാഗത്തില്‍പ്പെട്ട ബാങ്ക് വിപണന, ടൂറിസം
രംഗത്തേക്കുംപ്രവര്‍ത്തനം വിപുലമാക്കുകയാണ്.
മുപ്പതിനായിരത്തോളം അംഗങ്ങള്‍, നൂറു കോടിയിലധികം രൂപയുടെ നിക്ഷേപം, 100 കോടിയോളം രൂപയുടെ വായ്പ, 160 കോടിയോളം പ്രവര്‍ത്തന മൂലധനം, ഹെഡ് ഓഫീസിനു പുറമെ രണ്ടു ശാഖകള്‍, മികച്ച സേവനവുമായി കര്‍ഷക സേവന കേന്ദ്രം, നീതി മെഡിക്കല്‍സ്, നീതി ഒപ്റ്റിക്കല്‍സ് – ഇതൊക്കെ സ്വന്തമായുള്ള, വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുളള ഉളളിയേരി സര്‍വീസ് സഹകരണ ബാങ്ക് ജനസേവനത്തിനായി കൂടുതല്‍ മേഖലകള്‍ തേടുകയാണ്. കെട്ടിട നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടു സിമന്റും കമ്പിയും ടൈലും പെയിന്റും വയറിംഗ് സാധനങ്ങളുമെല്ലാം ന്യായമായ വിലയ്ക്ക് ഒരിടത്തു ലഭിക്കുന്ന വലിയൊരു വിപണന കേന്ദ്രം തുടങ്ങാനുളള തയാറെടുപ്പിലാണു ബാങ്ക്. ടൂറിസം രംഗത്തേക്കും താമസിയാതെ ബാങ്ക് കടന്നുചെല്ലും.
ഐക്യനാണയ
സംഘമായി തുടക്കം
1927 ല്‍ രൂപവത്കരിച്ച അയനിക്കാട് ഐക്യനാണയ സംഘവും 1975 ല്‍ പുത്തഞ്ചേരി പ്രവര്‍ത്തന കേന്ദ്രമായി ആരംഭിച്ച ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്കും ചേര്‍ന്നതാണ് ഉള്ളിയേരി പഞ്ചായത്തു പ്രവര്‍ത്തന പരിധിയായുള്ള ഇന്നത്തെ ഉള്ളിയേരി സര്‍വീസ് സഹകരണ ബാങ്ക്. ഉളളിയേരി ബസ്സ് സ്റ്റാന്റിനു സമീപം തലയുയര്‍ത്തി നില്‍ക്കുന്ന അഞ്ചുനില കെട്ടിടത്തിലാണു ബാങ്കിന്റെ ആസ്ഥാന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കുന്നത്തറയിലും കന്നൂരിലും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ബ്രാഞ്ചുകളുമുണ്ട്. ക്ലാസ് വണ്‍ സ്പെഷല്‍ ഗ്രേഡ് വിഭാഗത്തിലാണ് ഉളളിയേരി സര്‍വീസ് സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്നത്. അംഗങ്ങളുടെ സമ്പാദ്യശീലം വളര്‍ത്താനും അവരുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റാനും ബാങ്ക് മുന്‍ഗണന നല്‍കുന്നു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനോടൊപ്പം കൃഷി പ്രോല്‍സാഹിപ്പിക്കാന്‍ രണ്ടു വളം ഡിപ്പോയും ബാങ്ക് നടത്തുന്നുണ്ട്. അലങ്കാര സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍, തെങ്ങിന്‍ തൈകള്‍, കവുങ്ങിന്‍ തൈകള്‍ എന്നിവയും നടീല്‍ വസ്തുക്കളും ന്യായമായ വിലയ്ക്കു നല്‍കാന്‍ കര്‍ഷക സേവന കേന്ദ്രവും നഴ്സറിയും ബാങ്ക് നടത്തുന്നുണ്ട്.
കര്‍ഷകര്‍ക്കാവശ്യമായ വിത്ത്, വളം, യന്ത്രവത്കൃത കാര്‍ഷികോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ സേവനങ്ങളും നല്‍കാനാണു സഹകരണ വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെ കര്‍ഷക സേവന കേന്ദ്രം തുടങ്ങിയത്. ട്രാക്ടര്‍, പുല്ലുവെട്ടുന്ന യന്ത്രം എന്നിവ കര്‍ഷക സേവന കേന്ദ്രത്തില്‍ നിന്നു വാടകയ്ക്കു നല്‍കും. ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മറ്റു സേവന മേഖലകളിലും ബാങ്ക് പ്രവര്‍ത്തിക്കുന്നു. മരുന്നുകള്‍ ന്യായമായ വിലയ്ക്കു രോഗികള്‍ക്കു നല്‍കാന്‍ വേണ്ടി ഉളളിയേരി -അത്തോളി റോഡ് വളയുന്നിടത്തു നീതി മെഡിക്കല്‍സ് നടത്തുന്നു. ഇവിടെത്തന്നെ നീതി ഒപ്റ്റിക്കല്‍സും നടത്തിവരുന്നുണ്ട്. മികച്ച വില്‍പ്പനയാണു രണ്ടിടത്തും നടക്കുന്നത്. ഹെഡ്ഓഫീസില്‍ വലുതും ചെറുതുമായ രണ്ട് ഓഡിറ്റോറിയമുണ്ട്. അത്യാധുനിക രീതിയില്‍ തയാറാക്കിയ ഒരു ഓഡിറ്റോറിയത്തില്‍ 125 പേര്‍ക്കിരിക്കാം. മറ്റേതില്‍ നാല്‍പ്പതു പേര്‍ക്കിരിക്കാം. മുഴുവനായും ശീതീകരിച്ചതാണ് ഓഡിറ്റോറിയങ്ങള്‍.
സാമൂഹിക
സേവനം
സഹകരണം സാമൂഹിക നന്മയ്ക്ക് എന്ന തത്വം ഉയര്‍ത്തിപ്പിടിച്ച് വരള്‍ച്ചക്കാലത്തു ബാങ്ക് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങാറുണ്ട്. എല്ലാ വര്‍ഷവും വാട്ടര്‍ ബാങ്ക് എന്ന പദ്ധതിയിലൂടെ ഉളളിയേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ദത്തെടുത്ത് അവര്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നു. കുട്ടികള്‍ക്കു പഠനോപകരണവും നല്‍കുന്നു. എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടൂവിനും മുഴുവന്‍ എ പ്ലസ് നേടിയ പഞ്ചായത്തിലെ എല്ലാ വിദ്യാര്‍ഥികളെയും അവാര്‍ഡ് നല്‍കി ആദരിക്കാറുണ്ട്. എല്‍.എസ്.എസ്-യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയവരെയും ആദരിക്കാറുണ്ട്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന വീടില്ലാത്തവര്‍ക്കു വീടു വെക്കാനും സാമ്പത്തിക സഹായം നല്‍കുന്നു. എല്ലാ വര്‍ഷവും വിവിധ മേഖലയില്‍ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കുന്നു.
സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതിയിലും ബാങ്ക് പങ്കാളിയായിട്ടുണ്ട്. ഒരു വീടിന്റെ നിര്‍മാണത്തിനു ബാങ്ക് സഹായം നല്‍കി. 2018 ലെ പ്രളയകാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ബാങ്ക് പതിനൊന്നു ലക്ഷം രൂപ സംഭാവനയായി നല്‍കി. കോവിഡ് കാലത്തു മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കു 15 ലക്ഷം രൂപയും വാക്‌സിന്‍ ചലഞ്ചിലേക്കു ഏഴു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. എല്ലാ വര്‍ഷവും ആഘോഷ വേളകളില്‍ പച്ചക്കറി- പലവ്യഞ്ജനച്ചന്തകള്‍, സ്റ്റുഡന്റ് മാര്‍ക്കറ്റ് എന്നിവയും ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. ഭാവിയില്‍ ജനങ്ങളെ വിപണിയുടെ ചൂഷണത്തില്‍ നിന്നു രക്ഷിക്കാന്‍ വേണ്ടിയാണു നിത്യോപയോഗ സാധനങ്ങളും കെട്ടിട നിര്‍മാണത്തിനാവശ്യമായ മറ്റു സാധനങ്ങളും വില്‍ക്കുന്നതിനുളള വിപണന കേന്ദ്രം തുടങ്ങുന്നത്. ഇതിനുവേണ്ടി താമരശ്ശേരി – കൊയിലാണ്ടി സംസ്ഥാന പാതയോരത്ത് ഒന്നര ഏക്കര്‍ സ്ഥലം വാങ്ങി സൗകര്യങ്ങള്‍ ഒരുക്കി വരികയാണ്. ഇതോടൊപ്പം സൂപ്പര്‍ മാര്‍ക്കറ്റുമുണ്ടാവും. ജൈവക്കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒന്നര ഏക്കര്‍ സ്ഥലത്തു ബാങ്ക് ജീവനക്കാരും ഭരണ സമിതിയും ചേര്‍ന്നു ജൈവപച്ചക്കറി കൃഷി ചെയ്തുവരുന്നുണ്ട്.
ടൂറിസം
മേഖലയിലേക്ക്
ടൂറിസം മേഖലയിലേക്കു ചുവടുറപ്പിക്കാനുളള ആലോചനയും ബാങ്ക് നടത്തുന്നുണ്ടെന്നു പ്രസിഡന്റ് ഒളളൂര്‍ ദാസന്‍ പറഞ്ഞു. കണയങ്കോട് പുഴയും മനോഹരമായ പുത്തഞ്ചേരി ജലാശയവും കേന്ദ്രീകരിച്ച് ജല ടൂറിസം രംഗത്തു പുതിയ മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിയുമോയെന്നാണ് ആലോചന. ഇവിടെ ഉല്ലാസ നൗകകള്‍, പെഡല്‍ ബോട്ടുകള്‍ എന്നിവ ഏര്‍പ്പെടുത്തുകയാണു ലക്ഷ്യം.
പ്രസിഡന്റ് ഒള്ളൂര്‍ ദാസന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ ഭരണസമിതിയും സെക്രട്ടറി മോന്‍സി വറുഗീസും അറുപതോളം ജീവനക്കാരുമാണു ഉള്ളിയേരി സഹകരണ ബാങ്കിനെ ഊര്‍ജസ്വലതയോടെ മുന്നോട്ടു നയിക്കുന്നത്. കെ.പി. ബാബുവാണു ബാങ്കിന്റെ വൈസ് പ്രസിഡന്റ്. പി.വി. ഭാസ്‌കരന്‍ കിടാവ്, ഉളളിയേരി ദിവാകരന്‍, വേലായുധന്‍ വസന്തം, എ.കെ. ലിനീഷ് കുമാര്‍, ടി.എം. ഷീല, ടി. ലൈല, ഷൈജ എന്നിവരാണു മറ്റു ഭരണസമിതിയംഗങ്ങള്‍.