ഉത്തര്‍പ്രദേശില്‍ ഐ.ടി. പ്രൊഫഷണലുകള്‍ സഹകരണസംഘം രൂപവത്കരിച്ചു

moonamvazhi
‘ സഹകരണത്തിലൂടെ സമൃദ്ധി ‘ എന്ന കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യസാക്ഷാത്കാരത്തില്‍ പങ്കാളികളാവാന്‍ ഐ.ടി. പ്രൊഫഷണലുകളായ യുവതീയുവാക്കളും സഹകരണമേഖലയിലേക്കു കടന്നു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണു ഇത്തരത്തിലുള്ള ആദ്യത്തെ ശാസ്ത്ര-സാങ്കേതിക സഹകരണസംഘം  ( സയന്‍സ് ആന്റ് ടെക്‌നോളജി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്- STCS )  രൂപം കൊണ്ടത്. യു.പി. സഹകരണമന്ത്രി ജെ.പി.എസ്. റാത്തോഡിന്റെ സാന്നിധ്യത്തില്‍ താജ്മഹല്‍ ഹോട്ടലില്‍ ഡിസംബര്‍ 27 നു നടന്ന ചടങ്ങില്‍ ഈ സംഘത്തിന്റെ ഉദ്ഘാടനം നടന്നു.

എന്‍.ഐ.ടി.കള്‍, ഐ.ഐ.ടി.കള്‍, ഐ.ഐ.എസ്സുകള്‍, ലണ്ടനിലെ ഇംപീരിയല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും മുന്‍നിരയിലുള്ള മറ്റു ദേശീയ-അന്താരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നും പഠിച്ചിറങ്ങിയവരാണു സഹകരണസംഘത്തിലെ അംഗങ്ങളിലേറെയും. ക്ലൗഡ് കമ്പ്യൂട്ടിങ്, ഡാറ്റാ മൈനിങ്, ഇ കോമേഴ്‌സ്, സൈബര്‍ സെക്യൂരിറ്റി, ലോജിസ്റ്റിക്‌സ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ യുവതീയുവാക്കള്‍. സോഫ്റ്റ്‌വേര്‍ ഡവലപ്‌മെന്റ്, സൊലൂഷന്‍സ്, മാര്‍ക്കറ്റിങ്, ട്രെയിനിങ്, പബ്ലിക് റിലേഷന്‍സ്, ഐ.ടി. കണ്‍സള്‍ട്ടിങ്, വെബ് ഡവലപ്‌മെന്റ് തുടങ്ങിയ രംഗങ്ങളില്‍ ഏറ്റവും നൂതനമായ സേവനങ്ങള്‍ നല്‍കുക എന്നതാണ് ഈ സഹകരണസംഘത്തിന്റെ പ്രധാന ലക്ഷ്യം.

ശാസ്ത്ര-സാങ്കേതിക സഹകരണസംഘത്തിന്റെ ചെയര്‍മാന്‍ സങ്കല്‍പ്പ് സിങ്ങും സി.ഇ.ഒ. സുനീത് വര്‍ധന്‍ ഗുപ്തയുമാണ്. പുതിയ സഹകരണസംഘത്തിന്റെ ദൗത്യത്തെക്കുറിച്ച് സങ്കല്‍പ്പ് സിങ് ചടങ്ങില്‍ വിശദീകരിച്ചു. ഇന്ത്യയിലെ ആദ്യത്തെ പി.ആര്‍-ടെക് കമ്പനിയായ സാവിന്‍ കമ്യൂണിക്കേഷനാണു സംഘത്തിനാവശ്യമായ പബ്ലിക് റിലേഷന്‍സ് സേവനം നല്‍കുന്നത്. 1965 ലെ യു.പി. സഹകരണനിയമമനുസരിച്ച് കഴിഞ്ഞ ഡിസംബര്‍ ഏഴിനാണു സംഘം രജിസ്റ്റര്‍ ചെയ്തത്.

സാങ്കേതികസ്ഥാപനങ്ങളും ബന്ധപ്പെട്ട സൗകര്യങ്ങളും ഒരുക്കുക, ഉന്നതനിലവാരത്തിലുള്ള സോഫ്റ്റ്‌വേര്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തു വികസിപ്പിക്കുക, ഹാര്‍ഡ്‌വേറും സോഫ്റ്റ്‌വേറും ഉള്‍പ്പെടെ IoT ( ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്) രൂപകല്‍പ്പന ചെയ്തു വികസിപ്പിക്കുക, ശാസ്ത്ര-സാങ്കേതിക രംഗത്തു കണ്‍സള്‍ട്ടിങ് സേവനം നല്‍കുക, വിവിധോദ്ദേശ്യങ്ങള്‍ക്കായി സര്‍ക്കാരിന് ആശ്രയിക്കാവുന്ന ഇന്‍ഫര്‍മേഷന്‍ /  ഡാറ്റാ കേന്ദ്രമായി മാറുക, സാങ്കേതിക പ്രോജക്ടുകള്‍ ഏറ്റെടുത്തു നടപ്പാക്കുക, സര്‍ക്കാരുകള്‍ക്കും കമ്പനികള്‍ക്കും മറ്റു സഹകരണസംഘങ്ങള്‍ക്കും ലോകബാങ്കിനും ഐ.എം.എഫിനും മറ്റുംവേണ്ടി സര്‍വേകളും പഠനങ്ങളും സാധ്യതാപഠനങ്ങളും നടത്തുക തുടങ്ങിയവയാണു സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നത്.

Leave a Reply

Your email address will not be published.