ഇസ്രായേല്‍: സഹകരണത്തില്‍ പിറന്ന നാട്

moonamvazhi

വി.എന്‍. പ്രസന്നന്‍

ജൂതരുടെ കുടിയേറ്റത്തിന്റെ അടിസ്ഥാനത്തില്‍ 1948 ലാണ് ഇസ്രായേല്‍ രാജ്യം സ്ഥാപിതമായത്. പുതിയ രാജ്യത്തേക്ക് വന്നവര്‍ക്ക് നിലനില്‍പ്പിനായി പരസ്പരം സഹകരിക്കുക എന്നത് അനിവാര്യമായിത്തീര്‍ന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും സഹകരണ സംഘങ്ങള്‍ രൂപം കൊണ്ടു.
പില്‍ക്കാലത്ത് സോഷ്യലിസ്റ്റ് ആശയങ്ങളില്‍ നിന്ന് വ്യതിചലിച്ചതോടെ പരമ്പരാഗത സഹകരണ രൂപങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു.

സ്രായേല്‍ രാജ്യത്തെക്കാള്‍ പഴക്കമുണ്ട് ഇസ്രായേലിലെ സഹകരണപ്രസ്ഥാനത്തിന്. കാരണം, പലസ്തീനില്‍ ജൂതര്‍ നടത്തിയ കുടിയേറ്റം സഹകരണ സ്വഭാവമുള്ളതായിരുന്നു. 1882 ല്‍ ബാരണ്‍ എഡ്മണ്ട് ഡി റോത്‌സ്‌ചൈല്‍ഡ് ആണ് ഇതിനു മുന്‍കൈ എടുത്തത്. അദ്ദേഹം പലസ്തീന്‍ ജ്യൂയിഷ് കോളനൈസേഷന്‍ അസോസിയേഷന്‍ ( പി.ജെ.സി.എ.) സ്ഥാപിച്ചു. പി.ജെ.സി.എ. 450,000 ഡുനാം ഭൂമി ( 1/4 ഏക്കറാണ് ഒരു ഡുനാം ) സമ്പാദിച്ചു. അവിടെ 40 ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. 50,000 ജൂതന്‍മാരാണ് അവിടങ്ങളില്‍ താമസമാക്കിയത്. കൃഷിയായിരുന്നു തൊഴില്‍. ഭൂമിയിലെ പ്രാഥമിക നിക്ഷേപത്തിനും കെട്ടിടങ്ങള്‍ക്കും കന്നുകാലികള്‍ക്കും വേണ്ട തുകയുടെ ചെറിയൊരു വിഹിതം നല്‍കി ഓരോ കര്‍ഷകനും തങ്ങളുടെ ഭൂമിയില്‍ പ്രവര്‍ത്തനം ആരംഭിക്കാമായിരുന്നു. നിക്ഷേപത്തുകയുടെ ഒന്നു മുതല്‍ മൂന്നു വരെ ശതമാനം പലിശയും ഈടാക്കി. പലിശ സഹിതം മുതല്‍ തിരിച്ചടയ്ക്കുന്ന മുറയ്ക്കു കര്‍ഷകന്‍ ഭൂവുടമയാവും. പി.ജെ.സി.എ.സമ്പാദിച്ച ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗവും ഇങ്ങനെ സ്വകാര്യ കര്‍ഷകരുടെതായി. യൂറോപ്പിലെ ജൂത വിവേചനം മൂലം കൂടുതല്‍ ജൂതര്‍ എത്തിയതോടെ 1901 ല്‍ ജൂത ദേശീയനിധി ( ജെ.എന്‍.എഫ് ) രൂപവത്കരിച്ചു. 1919 ആയപ്പോഴേക്കും ജെ.എന്‍.എഫ് 22,363 ഡുനാം ഭൂമി സമ്പാദിച്ചു. ലോക സിയണിസ്റ്റ് സംഘടന 1929 ല്‍ ജൂത ഏജന്‍സി രൂപവത്കരിച്ചു. ജൂത ദേശീയനിധി , ജൂത ഫൗണ്ടേഷന്‍ നിധി എന്നീ ധനകാര്യ സ്ഥാപനങ്ങള്‍ അതിനുണ്ടായിരുന്നു. ജൂത ദേശീയനിധി ആയിരുന്നു ജൂതഭൂമിയുടെ ഉടമസ്ഥര്‍. ജൂത ഫൗണ്ടേഷന്‍ നിധി ആ ഭൂമിയില്‍ കുടിയേറിയ ജൂതര്‍ക്കു ദീര്‍ഘകാല വായ്പയും ഹ്രസ്വകാല വായ്പയും നല്‍കുന്ന സ്ഥാപനവും. ജെ.എന്‍.എഫ് ആണു കുടിയേറ്റത്തിനു ഭൂമി അനുവദിച്ചിരുന്നത്. 60 കുടുംബങ്ങള്‍ ഉണ്ടെങ്കിലേ കൂട്ടായ, അല്ലെങ്കില്‍ സഹകരണാടിസ്ഥാനത്തിലുള്ള, കൃഷി സംഘടിപ്പിക്കാന്‍ ഭൂമി അനുവദിച്ചിരുന്നുള്ളൂ. ഇത്രയും എണ്ണം തികയ്ക്കാനാകാത്ത ചെറുസംഘങ്ങള്‍ക്ക് ശരാശരി 25 പേരുണ്ടെങ്കില്‍ കുടിയേറ്റത്തയ്യാറെടുപ്പുകൂട്ടങ്ങള്‍ ( preparatory settlemenst ) ഉണ്ടാക്കാമായിരുന്നു. കൂട്ടായി ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യണം എന്നതായിരുന്നു അതിന്റെ അടിസ്ഥാനം. 1948 ല്‍ ഇസ്രായേല്‍ രാഷ്ട്രം നിലവില്‍ വന്നപ്പോള്‍ സര്‍ക്കാരും ജൂത ഏജന്‍സിയും തമ്മില്‍ ചുമതലകള്‍ വിഭജിച്ചു. വിദേശങ്ങളില്‍ നിന്ന് ഇസ്രായേലിലേക്കുള്ള ജൂതരുടെ കുടിയേറ്റം സംഘടിപ്പിക്കുക, അവരുടെ വസ്തുവകകള്‍ ഇസ്രായേലിലേക്കു കൈമാറ്റം ചെയ്യുക, അവരെ ഇസ്രായേലുമായി സ്വാംശീകരിക്കാന്‍ സഹായിക്കുക, കാര്‍ഷിക വൃത്തികളിലും വികസന പദ്ധതികളിലും സഹകരിപ്പിക്കുക, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തുക സമാഹരിക്കുക തുടങ്ങിയവയായിരുന്നു ജൂത ഏജന്‍സിയുടെ ചുമതലകള്‍.

മൊഷാവ് സഹകരണ ഗ്രാമം

ഭൂമി പാട്ടത്തിന്

ജൂത ദേശീയനിധി 49 വര്‍ഷത്തേക്കാണു ഭൂമി പാട്ടത്തിനു കൊടുത്തിരുന്നത്. ഇത് പാരമ്പര്യമായി കൈമാറ്റം ചെയ്യാമായിരുന്നു. ജൂതര്‍ക്കു മാത്രമാണു കൊടുത്തിരുന്നത്. 49 വര്‍ഷം കഴിഞ്ഞാല്‍ പിന്നെയും 49 വര്‍ഷത്തേക്കു പാട്ടം പുതുക്കാം. പാട്ടാവകാശം അനന്തരാവകാശികള്‍ക്കോ മറ്റൊരു ജൂതനോ ജൂത സ്ഥാപനങ്ങള്‍ക്കോ കൈമാറാം. പക്ഷേ, ഭൂമി വിഭജിക്കരുത്. കൈമാറ്റം ചെറുകിട ഉടമ സഹകരണ കുടിയേറ്റക്കൂട്ടായ്മയുടെയോ ( smallholders’ co-operative settlement) ജെഎന്‍.എഫിന്റെയോ അനുമതിയോടെയായിരിക്കണം.

ജൂത കുടിയേറ്റങ്ങളുടെ അതിവേഗ വളര്‍ച്ചയ്ക്കു കാരണം 1920 ല്‍ സ്ഥാപിച്ച ജൂത ഫൗണ്ടേഷന്‍ നിധിയുടെ ഉദാര ധനസഹായമായിരുന്നു. 1936 ല്‍ ജെ.എഫ്.എഫ്. വന്‍തോതില്‍ വായ്പ എഴുതിത്തള്ളി. സഹകരണ കൃഷിക്കളങ്ങള്‍ക്കു വന്‍തോതില്‍ സബ്‌സിഡി ലഭിച്ചിരുന്നു. സഹകരണ കൃഷിക്കളങ്ങളുടെ ഹ്രസ്വകാല വായ്പാ ആവശ്യങ്ങള്‍ക്കായി വേറെയും ധനകാര്യ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. തൊഴിലാളി ബാങ്ക് ( Workers’ Bank ) ആയിരുന്നു ഇവയില്‍ ഏറ്റവും പ്രധാനം.

ജൂതത്തൊഴിലാളികളുടെ പൊതു ഫെഡറേഷന്‍

ജൂതത്തൊഴിലാളികളുടെ പൊതു ഫെഡറേഷന്‍ ( The General Federation of Jewish Labour – Histadruth ) ആണു തൊഴിലാളിബാങ്ക് സംഘടിപ്പിച്ചത്. ജൂതരുടെ സഹകരണ, സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഫെഡറേഷന്‍ പ്രത്യേക പ്രാധാന്യം നല്‍കി. സഹകരണക്കൃഷിയെയും മറ്റു തൊഴിലാളി സംരംഭങ്ങളെയും സഹായിക്കാന്‍ തൊഴിലാളിബാങ്കിനു പുറമെ ബിസര്‍ ലിമിറ്റഡ് ( The Bizur Ltd. ), നിര്‍ ലിമിറ്റഡ് ( Nir Ltd ) എന്നിവയും ഫെഡറേഷന്‍ സംഘടിപ്പിച്ചു. സഹകരണ സംഘങ്ങള്‍ക്കു വായ്പ കൊടുക്കാനും അവയില്‍നിന്നു നിക്ഷേപം സ്വീകരിക്കാനും ഓഹരി മൂലധനാടിസ്ഥാനത്തില്‍ വേറെ നാലു സ്ഥാപനങ്ങള്‍ കൂടി ഫെഡറേഷന്‍ സ്ഥാപിച്ചു. മെക്കറോത്ത് ജലക്കമ്പനി ( Mekoroth Water Company ) അതിലൊന്നാണ്. കുടിവെള്ളവിതരണവും ജലസേചന സൗകര്യമൊരുക്കലുമായിരുന്നു ഇതിന്റെ ചുമതല. വ്യവസായങ്ങള്‍ നടത്താനും തൊഴിലാളികള്‍ക്കു വീടുവച്ചുകൊടുക്കാനും കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യാനും യാത്രാ, ചരക്കു ഗതാഗതം നടത്താനും നാടകങ്ങള്‍ അവതരിപ്പിക്കാനും ആശുപത്രികളും പ്രസിദ്ധീകരണങ്ങളും നടത്താനും തൊഴില്‍രഹിത തൊഴിലാളികളെ സഹായിക്കാനുമൊക്കെ സഹകരണ സംഘങ്ങളുണ്ടായിരുന്നു. ഫെഡറേഷന്‍ ഹിസ്ട്രഡത്ത് ( Histraduth ) ജൂതത്തൊഴിലാളി സിയണിസ്റ്റ് ഫെഡറേഷനായും ഹെവ്രറ്റ് ഓവ്ഡിം ( Hevrat Ovdim ) ആയും പ്രവര്‍ത്തിച്ചിരുന്നു. തൊഴിലാളി താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഹിസ്ട്രഡത്ത് ചെയ്തിരുന്നത്. ഇസ്രായേലിലെ തൊഴിലാളികളെയാകെ സഹകരണാടിസ്ഥാനത്തില്‍ ഒന്നിപ്പിച്ച് ഒരു തൊഴിലാളി കോമണ്‍വെല്‍ത്ത് സൃഷ്ടിക്കാന്‍ ഹെവ്‌റത്ത് ഒാവ്ഡിം ശ്രമിച്ചു. ജൂതതൊഴിലാളികളുടെ പൊതു സഹകരണ അസോസിയേഷനായിരുന്നു ഹെവ്‌ററ്റ് ഓവ്ഡിം. ഡേവിഡ് ബെന്‍ഗൂറിയന്‍ , ലെവി എഷ്‌കോള്‍ , യിത്ഷാക് ബെന്‍ ഇസഡ് വി , ഡേവിഡ് റെമെസ് എന്നിവരാണ് ഇതിന്റെ സ്ഥാപനക്കരാറില്‍ ഒപ്പുവച്ചത്. ഇതില്‍ ബെന്‍ഗൂറിയനും ലെവി എഷ്‌കോളും പില്‍ക്കാലത്തു പ്രധാനമന്ത്രിമാരും ബെന്‍ ഇസഡ് വി പ്രസിഡന്റും റെമെസ് ക്യാബിനറ്റ് മന്ത്രിയുമായി. ഹെവ്‌ററ്റ് ഓവ്ഡിം ഉപഭോക്തൃ സഹകരണ സംഘങ്ങളും കാര്‍ഷിക കുടിയേറ്റ കേന്ദ്രങ്ങളും വ്യവസായോത്പാദക സഹകരണ സംഘങ്ങളും ഭവന സഹകരണ സംഘങ്ങളും വഴി തൊഴിലാളി പ്രസ്ഥാനത്തിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് നിയന്ത്രിച്ചു. ഫെഡറേഷന്റെ സാമ്പത്തിക സംരംഭങ്ങളുടെ ഓഹരികള്‍ ഹെവ്‌ററ്റ് ഓവ്ഡിമിന്റെതായിരുന്നു. കമ്പനികളായാണ് ഈ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. തൊഴിലാളിബാങ്ക്, സഹകരണ മൊത്ത വ്യാപാര സംഘമായ ഹമാഷ്ബിര്‍ , കേന്ദ്ര സഹകരണ കാര്‍ഷിക വിപണന സ്ഥാപനമായ ടിനുവ ( TNuva ), സഹകരണ കാര്‍ഷിക കുടിയേറ്റ കേന്ദ്രങ്ങളുടെ കേന്ദ്രവായ്പാ സ്ഥാപനമായ നിര്‍ ( Nir ), പൊതുമരാമത്ത്-നിര്‍മാണക്കരാര്‍ സ്ഥാപനവും പല വ്യവസായ സ്ഥാപനങ്ങളുടെയും ഉടമയുമായിരുന്ന സോളെല്‍ ബെഞ്ച് ( Solel Bench ) , തോട്ടം-കൃഷി മേഖലയിലെ കാര്‍ഷിക സഹകരണ അസോസിയേഷനായ ജാഖിന്‍ ( Jakhin ) , തൊഴിലാളിസഹകരണ ഇന്‍ഷുറന്‍സ് കമ്പനിയായ ഹാസ്‌നെഹ് ( Hassneh ), തൊഴിലാളി പാര്‍പ്പിടക്കമ്പനിയായ ഷിക്കുണ്‍ ( Shikun ) എന്നിവയുടെയൊക്കെ ഓഹരിയുടമസ്ഥത ഹെവ്‌ററ്റ് ഓവ്ഡിമിനായിരുന്നു.

ഇവയില്‍ ചിലതിനെക്കുറിച്ച് പറയാം :

ഹാമാഷ്ബിര്‍ ഹമാര്‍കാസി ലിമിറ്റഡ് ( Hamashbir Hamarkazi Limited )

1916ല്‍ ആണ് ഇതു സ്ഥാപിച്ചത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വില്‍ക്കലും കൃഷിക്കളങ്ങളും കര്‍ഷകരുടെ വീട്ടാവശ്യത്തിനുവേണ്ട സാധനങ്ങളും ലഭ്യമാക്കലുമായിരുന്നു ഉദ്ദേശ്യം. 1921 ല്‍ ഇതു സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തു. 1930 ല്‍ ഇതിന് സഹകരണ ഉപഭോക്തൃ സ്ഥാപനമെന്ന അംഗീകാരം ലഭിച്ചു. 1945 ല്‍ ഇതിനു കീഴില്‍ 111 കൂട്ടുകുടിയേറ്റ കേന്ദ്രങ്ങളും ( collective settlements ), 69 ചെറുകിട സഹകരണ കുടിയേറ്റ കേന്ദ്രങ്ങളും ( small holder’s co-operative settlements ), 100 സഹകരണ ഉപഭോക്തൃ സ്‌റ്റോറുകളുമുണ്ടായിരുന്നു. കൂടാതെ, പെണ്‍കുട്ടികള്‍ക്കായി 11 കാര്‍ഷിക പരിശീലനക്കളങ്ങളും കാര്‍ഷിക സ്‌കൂളുകളും പരീക്ഷണ സ്റ്റേഷനുകളായ 16 കേന്ദ്രങ്ങളും സ്‌കൂളുകളും ആശുപത്രികളും സഹകരണ സംഘങ്ങളും ഒക്കെയായി 135 സ്ഥാപനങ്ങളും. എല്ലാ അംഗങ്ങളും തങ്ങളുടെ മിച്ചം ഹമാഷ്ബിര്‍ വഴി വേണം വില്‍ക്കാന്‍ എന്നതു നിര്‍ബന്ധമായിരുന്നു.

ടിനുവ ലിമിറ്റഡ് ( TNuvah Limited )

ടെല്‍ അവീവ്, ഹയ്ഫ, ജറുസലേം എന്നിവിടങ്ങള്‍ ആസ്ഥാനമാക്കി മൂന്നു ടിനുവ സഹകരണ സംഘങ്ങളുണ്ടായിരുന്നു. ഇവയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ടെല്‍ അവീവില്‍ മെര്‍കാസ് നോവ എന്ന ആസ്ഥാനമുണ്ടായിരുന്നു. അംഗങ്ങള്‍ ഉത്പാദനത്തില്‍ മിച്ചം വരുന്നവ സഹകരണ സംഘങ്ങള്‍ വഴി വില്‍ക്കണം എന്നു നിര്‍ബന്ധമുണ്ടായിരുന്നു. ടിനുവയ്ക്ക് ഓഹരി മൂലധനം ഉണ്ടായിരുന്നില്ല. കമ്മീഷന്‍ ആയിരുന്നു ഇതിന്റെ സാമ്പത്തികാടിത്തറ.

ഓരോ കുടിയേറ്റ കേന്ദ്രവും സഹകരണ സംഘം ഓര്‍ഡിനന്‍സ് പ്രകാരം രജിസ്റ്റര്‍ ചെയ്തവയായിരുന്നു. ഓരോ കുടിയേറ്റ കേന്ദ്രത്തിലും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി ഒരു സഹകരണ സംഘം ഉണ്ടായിരുന്നു. ഗ്രാമസമിതികളാണ് ഇവ ഭരിച്ചിരുന്നത്. പല പ്രദേശത്തും ഉത്പാദന ,വിതരണ, വാങ്ങല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സംഘവും കുടിയേറ്റ കേന്ദ്രങ്ങളുടെ ഭരണ നിര്‍വഹണത്തിനായി മറ്റൊരു സംഘവും എന്ന രീതി ആയിരുന്നു. അംഗങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ സ്വീകരിക്കുന്ന വിപണന സംഘം അത് കേന്ദ്ര സഹകരണ സംഘത്തിന് ( ടിനുവ ) അയച്ചിരുന്നു.

ടെന്നെ വിപണനസംഘം

ഇടത്തരം കുടിയേറ്റക്കാരുടെ കേന്ദ്രങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റിരുന്ന ഒരു സംഘമാണ് ടെന്നെ വിപണന സംഘം (Tenne Marketing Society). പശുക്കളെ വളര്‍ത്തിയിരുന്ന 52 കര്‍ഷകരുടെ മറ്റൊരു സഹകരണ സംഘമായിരുന്നു ടാര ലിമിറ്റഡ് (ഠമൃമ ഘശാശലേറ). പാല്‍ സംസ്‌കരിക്കാനും വില്‍ക്കാനുമാണിതു സ്ഥാപിച്ചത്. പിന്നീടിത് എല്ലാ സൗകര്യങ്ങളുമുള്ള വലിയൊരു ഡെയറിയായി മാറി. 1955 ല്‍ ടാര ആറു ദശലക്ഷം പാല്‍ സംസ്‌കരിച്ചിരുന്നു. പാലുല്‍പന്നങ്ങളില്‍നിന്നും സംഘത്തിനു നല്ല വരുമാനം ലഭിച്ചിരുന്നു.

മൊഷാവ് ഷിറ്റുഫി

ചെറുകിട ഉടമകളുടെ കൂട്ടായ്മ കുടിയേറ്റ കേന്ദ്രങ്ങളായ മൊഷാവ് ഷിറ്റുഫി ( Moshav Shitufi ) സഹകരണാടിസ്ഥാനത്തിലുള്ള ജീവിത സംഘാടനത്തിന് മികച്ച ഉദാഹരണമാണ്. ഒരു സഹകരണ ഗ്രാമസംവിധാനമാണിത്. എല്ലാ കാര്‍ഷിക കെട്ടിടങ്ങളും യന്ത്രങ്ങളും കന്നുകാലികളും അംഗങ്ങളുടെ കൂട്ടുടമസ്ഥതയിലായിരിക്കും. സാമൂഹിക , സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂട്ടായിട്ടാണെങ്കിലും ജീവിതരീതി ഓരോരുത്തര്‍ക്കും വ്യക്തിപരമായ വ്യത്യാസത്തോടെയായിരിക്കും. കുടുംബജീവിത സ്വകാര്യത നിലനിര്‍ത്തിക്കൊണ്ടുതന്നെ കൂട്ടുകൃഷിയുടെ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. 2006 ലെ കണക്കുപ്രകാരം ഇത്തരം 40 സഹകരണ ഗ്രാമങ്ങള്‍ ഇസ്രയേലിലുണ്ട്.

തുടക്കം 19ാം നൂറ്റാണ്ടിന്റെ ഒടുവില്‍

1956 ല്‍ ഇസ്രായേലില്‍ 2508 സഹകരണ സംഘങ്ങളുണ്ടായിരുന്നു. ഇവയെ കാര്‍ഷിക സംഘങ്ങള്‍, ഉത്പാദന സേവന സംഘങ്ങള്‍, ഉപഭോക്തൃസംഘങ്ങള്‍ എന്നിങ്ങനെ തിരിക്കാം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ഓറഞ്ച് കര്‍ഷകരും വീഞ്ഞുത്പാദകരും ഉത്പന്ന വിപണനത്തിനായി ആദ്യത്തെ സഹകരണ സംഘം സ്ഥാപിച്ചതോടെയാണു സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കം. 1908 ല്‍ ഡെഗാനിയയില്‍ ആദ്യ കൂട്ടുകുടിയേറ്റ കേന്ദ്രം സ്ഥാപിച്ചത് സഹകരണത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമാണ്. 1920 ലാണ് ആദ്യ സഹകരണ നിയമം വന്നത്. 1933 ല്‍ പുതിയൊരു സഹകരണ നിയമം വന്നു. ജൂതരുടെ കുടിയേറ്റത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട രാജ്യമാകയാല്‍ പുതിയ രാജ്യത്തേക്കു വന്നവര്‍ക്കു നിലനില്‍പിനായി പരസ്പരം സഹകരിക്കേണ്ടത് അനിവാര്യമായിരുന്നു. അതുകൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും ഉപഭോക്തൃ സഹകരണ സംഘങ്ങളും ഉത്പാദക സഹകരണ സംഘങ്ങളുമുണ്ടായി. ദേശീയവും സാമൂഹികവും സാമ്പത്തികവും ആശയപരവുമായ സഹകരണം ആവശ്യമുള്ള പ്രത്യേക സാഹചര്യം സഹകരണത്തിന്റെ പുതിയ രൂപങ്ങള്‍ക്കു ജന്മം നല്‍കി. ഇവയില്‍ ആദ്യത്തെതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്ന് കിബ്ബുട്‌സ് ( Kibbutz ) ആണ്. ഒരുതരം കാര്‍ഷിക സഹകരണ സംവിധാനമാണിത്. ഭൂമിയില്‍ തുല്യതയുടെയും സഹകരണത്തിന്റെയും അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരായ ആളുകള്‍ സ്വമേധയാ കൂട്ടായി കൃഷിചെയ്യുന്ന രീതിയാണിവിടെ. രണ്ടാമത്തെ സഹകരണ രൂപം മൊഷാവ് ഓവ്ഡിം (ങീവെമ് ഛ്‌റശാ) ആണ്. കിബ്ബുട്‌സിന്റെയത്ര സമഗ്രമല്ല ഇവിടെ സഹകരണം. മോഷാവ് ഓവ്ഡിം ഭൂമിയില്‍ ഓരോ അംഗകുടുംബവും വ്യക്തിഗതമായാണു കൃഷിചെയ്യുന്നത്. അതേസമയം, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ മറ്റു കുടുംബങ്ങളുമായി സഹകരിക്കുകയും ചെയ്യും. ഇസ്രായേല്‍ നിലവില്‍വന്നശേഷം പുതിയ കുടിയേറ്റക്കാര്‍ക്കായി നിലവില്‍വന്ന പ്രത്യേക രൂപമാണ് മൊഷാവ് ഓലിം (Moshav Olim). കുടിയേറ്റക്കാരുടെ ഗ്രാമം എന്നര്‍ഥം. കാര്‍ഷിക സഹകരണ രംഗത്തു വികസിച്ച മറ്റൊരു രൂപമാണു നേരത്തെ പറഞ്ഞ മൊഷാവ് ഷിറ്റുഫി . കിബ്ബുട്‌സിന്റെയും മൊഷാവ് ഓവ്ഡിമിന്റെയും സംയുക്തമാണിത്. ഗ്രാമീണ ഉത്പാദകരെയും നഗര ഉപഭോക്താക്കളെയും ഏകോപിപ്പിക്കുന്ന സഹകരണ സംഘമാണ് ഹമിഷ്ബിര്‍ അഥവാ ഹമര്‍ കാസി .കേന്ദ്ര മൊത്തവ്യാപാര സംഘമാണിത് . പ്രാഥമിക സഹകരണ സംഘങ്ങള്‍ ചേര്‍ന്നുണ്ടായ വലിയ വിപണന സംഘങ്ങളാണു മുമ്പു പരാമര്‍ശിച്ച ടിനുവയും ടെന്നെയും . 1956 ല്‍ 2508 ഭവന സഹകരണ സംഘങ്ങള്‍ ഇസ്രയേലിലുണ്ടായിരുന്നു. ഇവ പാര്‍പ്പിടം ലഭ്യമാക്കുന്നതിനുപുറമെ, അംഗങ്ങളുടെ സാംസ്‌കാരിക,സാമൂഹിക താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അപ്പാര്‍ട്ടുമെന്റുകള്‍ വാടകയ്ക്കു കൊടുക്കുന്നതില്‍ ഊഹക്കച്ചവടമുണ്ടാകാതെ ഇവ തടഞ്ഞിരുന്നു. 1950 കളില്‍ തൊഴിലാളി സഹകരണ സംഘങ്ങളായിരുന്നു കൂടുതല്‍. തൊഴിലാളി സംഘങ്ങളില്‍ മിക്കതും തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ടവയായിരുന്നു. തൊഴിലാളി പ്രസ്ഥാനത്തിന്റെ സാമ്പത്തിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനും അവയ്ക്കു മാര്‍ഗനിര്‍ദേശം നല്‍കാനുമാണു ഹെവ്രാറ്റ് ഓവ്ഡിം (workers’ society) സ്ഥാപിക്കപ്പെട്ടത്. സഹകരണ പ്രസ്ഥാനത്തിനു മൊത്തത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ പൊതു സഹകരണ കൗണ്‍സിലുണ്ടായിരുന്നു.

കിബ്ബുട്‌സിം

കിബ്ബുട്‌സുകളുടെ കൂട്ടത്തെയാണു കിബ്ബുട്‌സിം എന്നു പറയുന്നത്. 1909 ല്‍ ഡെഗാനിയയിലാണ് ആദ്യത്തെ കിബ്ബുട്‌സ് സ്ഥാപിച്ചത്. കാര്‍ഷിക സഹകരണ രംഗത്ത് 1956 ല്‍ 223 കിബ്ബുട്‌സിമുകള്‍ ഇസ്രായേലിലുണ്ടായിരുന്നു. 2010 ല്‍ 270 കിബ്ബുട്‌സിമുകളും. ഇസ്രായേലിന്റെ വ്യാവസായികോത്പാദനത്തിന്റെ ഒമ്പതു ശതമാനവും കിബ്ബുട്‌സിമുകളുടെ വ്യവസായ ശാലകളില്‍ നിന്നായിരുന്നു. കാര്‍ഷികോത്പാദനത്തിന്റെ 40 ശതമാനവും കിബ്ബുട്‌സിമുകളുടെ കൃഷിക്കളങ്ങളില്‍നിന്നും. ചില കിബ്ബുട്‌സിമുകള്‍ അത്യുന്നതമായ സാങ്കേതികവിദ്യ സ്വായത്തമാക്കുകയും സൈനികവ്യവസായരംഗത്തേക്കു പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. കിബ്ബുട്‌സ് സാസ സൈനിക പ്ലാസ്റ്റിക് വ്യവസായ രംഗത്തുനിന്ന് 2010 ല്‍ 850 ദശലക്ഷം ഡോളര്‍ വരുമാനം നേടി. 200 അംഗങ്ങളുള്ള സ്ഥാപനമാണിത്.

മൊഷാവ് ഓവ്ഡിം

മൊഷാവ് ഓവ്ഡിം എന്നത് തൊഴിലാളികളായ ചെറുകിട ഉടമസ്ഥരുടെ കുടിയേറ്റ സഹകരണ പ്രസ്ഥാനമാണ്. അംഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളില്‍ ഇത് ശ്രദ്ധിച്ചിരുന്നു. വിപണനം, വിതരണം, ധനകാര്യ സേവനങ്ങള്‍, വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇത് പ്രവര്‍ത്തിച്ചിരുന്നു. 1921 സെപ്തംബര്‍ 11 ന് ജെസ്‌റീല്‍ താഴ്‌വരയിലാണ് ആദ്യ മൊഷാവ് സ്ഥാപിതമായത്. 1944 ല്‍ ഇത്തരം 99 കുടിയേറ്റ മേഖലകളിലായി 29,500 ആളുകളുണ്ടായിരുന്നു. 1956 ആയപ്പോഴേക്കും കുടിയേറ്റ മേഖലകളുടെ എണ്ണം 182 ആയി. അവയിലെ ജനസംഖ്യ 61,000 ആയി വര്‍ധിച്ചു. 448 മൊഷാവുകളിലായി 1,56,700 ഇസ്രായേലികള്‍ ഉണ്ടെന്നായിരുന്നു 1986 ലെ കണക്ക്. 1980 കളുടെ അവസാനം മൊഷാവുകള്‍ കാര്യമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു. മൊഷാവുകളുടെ പുറത്തുള്ള കാര്‍ഷികേതര ജോലികള്‍ക്കു പോകാന്‍ അതിലെ അംഗങ്ങള്‍ നിര്‍ബന്ധിതരായി.

കാര്‍ഷിക സഹകരണ പ്രസ്ഥാനം

കിബ്ബുട്‌സിമുകളും മൊഷാവുകളും മൊഷാവ് ഷിറ്റുഫികളും അടിസ്ഥാനപരമായി കൃഷി ജീവിതോപാധിയാക്കിയ ഗ്രാമീണ സംഘങ്ങളായാണു സംഘടിപ്പിക്കപ്പെട്ടത്. 1948 ല്‍ ഇസ്രായേല്‍ രാജ്യം ഔദ്യോഗികമായി നിലവില്‍ വരുമ്പോള്‍ 177 കിബ്ബുട്‌സിമും 77 മൊഷാവും ഉണ്ടായിരുന്നു. സര്‍ക്കാര്‍ കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു നികുതിയിളവുകളും ഇറക്കുമതി മത്സരത്തില്‍നിന്നു സംരക്ഷണവും നല്‍കി. കാര്‍ഷിക സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഗണ്യമായ നിക്ഷേപവും നടത്തി. പരസ്പര മത്സരവും മറികടക്കലും ഒഴിവാക്കാന്‍ ഓരോ സഹകരണ ശാഖയ്ക്കും ഉത്പാദന ക്വാട്ടകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചുകൊടുത്തു.

ഇസ്രായേലില്‍ ഭൂമിയുടെ 93 ശതമാനവും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. കിബ്ബുട്‌സിമുകള്‍ക്കും മൊഷാവുകള്‍ക്കും സര്‍ക്കാര്‍ഭൂമി പാട്ടത്തിനു നല്‍കുകയാണു ചെയ്യുക. 1970 ആയപ്പോള്‍ കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ഉത്പാദനവും ലാഭവും സാങ്കേതികവിദ്യയും വന്‍തോതില്‍ വര്‍ധിപ്പിക്കാനായി. 1950 നും 1980 നുമിടയില്‍ കാര്‍ഷികോത്പാദനം പത്തു മടങ്ങാണു വര്‍ധിച്ചത്. സാങ്കേതികവിദ്യയും നാലിരട്ടി വര്‍ധിച്ചു. ഗുണമേന്‍മയുള്ള കാര്‍ഷികോത്പന്നദാതാവ് എന്ന നിലയില്‍ ഇസ്രായേല്‍ ലോകശ്രദ്ധ നേടി. കാര്‍ഷിക വിജ്ഞാനത്തിന്റെയും നവീകരണത്തിന്റെയും പ്രമുഖ സ്രോതസ്സുമായി.

സോഷ്യലിസ്റ്റ് അനുകൂല നയങ്ങള്‍ മാറുന്നു

1970 നു ശേഷം സര്‍ക്കാരിന്റെ സോഷ്യലിസ്റ്റ് അനുകൂലനയങ്ങള്‍ മാറി. സഹകരണ സംഘങ്ങള്‍ക്കുള്ള പിന്തുണയിലും അതു പ്രതിഫലിച്ചു. ഇതു മിക്ക സഹകരണ സംഘങ്ങളിലും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി. 1970 കളിലെ എണ്ണ പ്രതിസന്ധിയും ഇതിനു കാരണമായി. അതിജീവനത്തിനായി അവ വിപുലമായ പുന:സംഘടനകള്‍ നടത്തി. 1977 മേയില്‍ ഇസ്രായേലില്‍ ഭരണം മാറി. ലിക്കുഡ് ലിബറല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നു. അവര്‍ വിപണിയിലെ സര്‍ക്കാര്‍ ഇടപെടലും സബ്‌സിഡിയും ഗണ്യമായി കുറച്ചു. 1983 ല്‍ ഇസ്രായേലി ഓഹരി വിപണിയില്‍ വന്‍തകര്‍ച്ചയുണ്ടായി. ബാങ്കുകളുടെ ഓഹരികളും തകര്‍ന്നു. ഇതു കാര്‍ഷിക സഹകരണ സംഘങ്ങളെ ബാധിച്ചു. കാര്‍ഷിക സഹകരണ സംഘങ്ങള്‍ നിക്ഷേപത്തിന്റെ 10 ശതമാനം ബാങ്ക് ഓഹരികളിലാണു നിക്ഷേപിച്ചിരുന്നത്. ബാങ്കുകള്‍ വായ്പകള്‍ കുറയ്ക്കുകയും ബാങ്കിങ് സേവന നിരക്കുകള്‍ വര്‍ധിപ്പിക്കുകയും വായ്പാ വ്യവസ്ഥകള്‍ തങ്ങള്‍ക്കു ലാഭകരമായ വിധത്തില്‍ മാറ്റുകയും ചെയ്തു. ഇതും കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു ദോഷമായി. വ്യവസായ ശാലകളുടെ നടത്തിപ്പിലേക്കു ശ്രദ്ധ തിരിച്ചതും പല കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും വലിയ കടബാധ്യത വരുത്തി. 1970 കളുടെ അവസാനമായപ്പോഴേക്കും സാങ്കേതികവിദ്യയുടെ വളര്‍ച്ച മൂലം കാര്‍ഷിക സഹകരണ സ്ഥാപനങ്ങള്‍ വലിയ കാര്യക്ഷമത കൈവരിച്ചിരുന്നു. കിബ്ബുട്‌സുകളില്‍ ആവശ്യത്തിലേറെ തൊഴിലാളികളായി. കിബ്ബുട്‌സ് അംഗങ്ങള്‍ ഉടമകള്‍ കൂടിയായതിനാല്‍ അവരെ പിരിച്ചുവിടാനാവില്ലായിരുന്നു. പല കിബ്ബുട്‌സുകളും കിബ്ബുട്‌സിനകത്തുതന്നെ വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. വ്യവസായശാലകളുടെ നടത്തിപ്പിന് വ്യത്യസ്തമായ മാനേജ്‌മെന്റ് ശൈലി ആവശ്യമായിരുന്നു. 1975 നും 85 നുമിടയ്ക്ക് ഓരോ കിബ്ബുട്‌സിലും മുപ്പതും നാല്‍പതും വ്യവസായശാലകള്‍ ഓരോ വര്‍ഷവും സ്ഥാപിതമായി. പ്രാഥമിക വിപണീപഠനമൊന്നും കൂടാതെയായിരുന്നു ഇതൊക്കെ. പൂര്‍ണമായി വായ്പയെടുത്ത പണം കൊണ്ടായിരുന്നു ഇതൊക്കെ ചെയ്തിരുന്നതും. മിക്കതും ഏതാനും വര്‍ഷങ്ങള്‍ക്കകം പൂട്ടി. ഇതും കിബ്ബുട്‌സിമുകളുടെ കടം കൂട്ടി. രണ്ടാംനിര സഹകരണ സംഘങ്ങളുടെ മുന്‍കൈയില്‍ നടത്തിയിരുന്ന മേഖലാ സംരംഭങ്ങള്‍ കശാപ്പുശാലകളിലും സംസ്‌കരണ ശാലകളിലും യന്ത്രസാമഗ്രികളിലും വേണ്ടത്ര പഠനം കൂടാതെ പണം മുടക്കി. വായ്പ തിരിച്ചടക്കാനുള്ള കഴിവു നോക്കാതെ അംഗങ്ങള്‍ക്കു കൂടുതല്‍ വായ്പ നല്‍കിയതും പ്രശ്‌നമായി.

1985 ആയപ്പോഴേക്കും മിക്ക സഹകരണ സംഘങ്ങളും കനത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കിബ്ബുട്‌സുകള്‍ക്കും മൊഷാവുകള്‍ക്കും മറ്റ് അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കുമായി ശതകോടികളുടെ ഡോളര്‍ ബാങ്കുകളില്‍ ബാധ്യത വന്നു. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ബാങ്കിങ് സംവിധാനം തകരുമെന്നായി. കിബ്ബുട്‌സ് പ്രസ്ഥാനങ്ങളുടെയും കിബ്ബുട്‌സിന്റെയും കിബ്ബുട്‌സുകളുടെ ഉടമസ്ഥതയിലുള്ള രണ്ടാംനിര സഹകരണ സംഘങ്ങളുടെയുമൊക്കെക്കൂടി വായ്പാബാധ്യത 1987 ല്‍ 780 കോടി ഡോളറായിരുന്നു. മൊഷാവ് സഹകരണ സംഘങ്ങളുടെതാകട്ടെ 304 കോടി ഡോളറും. വായ്പയില്‍ നല്ലൊരു ഭാഗവും സഹകരണ ഇടനില സ്ഥാപനങ്ങള്‍ക്കായിരുന്നു.

വര്‍ധിച്ച വായ്പാപ്രശ്‌നം പരിഹരിക്കാന്‍ കിബ്ബുട്‌സിനും മൊഷാവിനും പ്രത്യേകം പ്രത്യേകം കരാറുകളുണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ 1992 ല്‍ ഗാല്‍ നിയമം (Gal law) അംഗീകരിക്കപ്പെട്ടു. മൊഷാവിം വായ്പാ തിരിച്ചടക്കല്‍ പദ്ധതിയായിരുന്നു ഇത്. ഓരോ മൊഷാവ് അംഗത്തിന്റെയും തിരിച്ചടവുശേഷി കണക്കാക്കി തിരിച്ചടവു തുക കഴിച്ച് ബാക്കി വായ്പത്തുക ഒഴിവാക്കി. പരസ്പര ജാമ്യവ്യസ്ഥയും ഒഴിവാക്കി. മൊഷാവ് പ്രസ്ഥാനത്തിന്റെ വായ്പാ ബാദ്ധ്യതയുടെ 75 ശതമാനം ഇങ്ങനെ ഒഴിവാക്കപ്പെട്ടു. കരാറിന്റെ ഭാഗമായി രണ്ടാംനിര മൊഷാവ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുകയും സ്വകാര്യവത്കരിക്കപ്പെടുകയും ചെയ്തു.

സംഘങ്ങള്‍ പിരിച്ചുവിടുന്നു

കിബ്ബുട്‌സ് പ്രസ്ഥാനങ്ങള്‍ക്കായുള്ള കരാര്‍ 1989 ലാണ് ഒപ്പുവച്ചത്. പ്രസ്ഥാനങ്ങളും ബാങ്കുകളും ധനമന്ത്രാലയവും തമ്മിലായിരുന്നു കരാര്‍. ഇതു മൊഷാവിമിന്റെ കാര്യത്തില്‍ ചെയ്തതുപോലെ നിയമമാക്കിയില്ല. 248 കിബ്ബുട്‌സിമിനാണ് ഈ കരാര്‍ ബാധകമായത്. ഇതുപ്രകാരം 680 കോടി ഡോളറിന്റെതൊഴികെയുള്ള കടങ്ങള്‍ ബാങ്കുകള്‍ എഴുതിത്തള്ളി. തിരിച്ചടവുശേഷി കണക്കാക്കി അടക്കേണ്ട തുക നിശ്ചയിച്ചശേഷം ബാക്കിക്കടം എഴുതിത്തള്ളുന്ന രീതിതന്നെയായിരുന്നു ഇവിടെയും. മൊഷാവിന്റെതില്‍നിന്നു വ്യത്യസ്തമായി ഇവിടെ പരസ്പര ജാമ്യവ്യവസ്ഥ ഒഴിവാക്കിയില്ല. അതിനാല്‍ കടമൊന്നുമില്ലാതിരുന്ന കിബ്ബുട്‌സിമിനും ഒരു വിഹിതം അടയ്‌ക്കേണ്ടതുണ്ടായിരുന്നു. കരാര്‍ പ്രകാരം കിബ്ബുട്‌സ് പ്രസ്ഥാനങ്ങളുടെ ധന നിധികളും ( financial funds) വാങ്ങല്‍ സഹകരണ സംഘങ്ങളും പിരിച്ചുവിട്ടു.

ഇതുകൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. കാരണം, 25 ശതമാനം കടമേ ഒഴിവായിക്കിട്ടിയുള്ളൂ. തിരിച്ചടവുശേഷി കണക്കാക്കാക്കാനുള്ള മാനദണ്ഡം അന്യൂനമായിരുന്നില്ല. പല അംഗങ്ങളും കിബ്ബുട്‌സ് വിട്ടതിനാല്‍ ബാക്കിയുള്ളവര്‍ക്കു ബാധ്യത കൂടി. തുടര്‍ന്നു രണ്ടാമതൊരു കരാര്‍ വേണ്ടിവന്നു. 1996 ലാണ് അത് ഒപ്പുവച്ചത്. 214 കിബ്ബുട്‌സിമാണ് അതിന്റെ പരിധിയില്‍ വന്നത്. ഇതില്‍ പരസ്പര ജാമ്യവ്യവസ്ഥ ഒഴിവാക്കി. ഓരോ കിബ്ബുട്‌സിന്റെയും തിരിച്ചടവുശേഷി പ്രത്യേകം കണക്കാക്കി. ബാക്കി എഴുതിത്തള്ളാന്‍ തീരുമാനിച്ചു. ഈ തുകയുടെ 35 ശതമാനം സര്‍ക്കാര്‍ ബാങ്കുകള്‍ക്കു നല്‍കി.

1980 കളുടെ അവസാനവും 90 കളുടെ ആദ്യവുമായി കിഴക്കന്‍ യൂറോപ്പിലെ കമ്യൂണിസ്റ്റ് ഭരണങ്ങള്‍ തകര്‍ന്നപ്പോള്‍ അവിടങ്ങളില്‍നിന്നു വളരെയധികം ജൂതര്‍ ഇസ്രായേലിലേക്കു വന്നു. അവരെ ഉള്‍ക്കൊള്ളാന്‍ ഭൂമി വേണമായിരുന്നു. ഒരു രണ്ടാം കിബ്ബുട്‌സ് കുടിയേറ്റ പ്രസ്ഥാനം ആവശ്യമായിവന്നു. 46 കിബ്ബുട്‌സിമുകളിലായി 1910 ഹെക്ടര്‍ സംഘടിപ്പിച്ചു. തിരിച്ചടവു മുടങ്ങിയതിനെത്തുടര്‍ന്നു സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമിയായിരുന്നു ഇത്. ടിനുവയില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ഓഹരിയുടെ 25 ശതമാനം കിബ്ബുട്‌സ് പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിനും ബാങ്കുകള്‍ക്കുമായി നല്‍കണമെന്നതും കരാറിന്റെ ഭാഗമായിരുന്നു. ഇങ്ങനെ സഞ്ചിതമായ തുക കൊണ്ടു പെന്‍ഷന്‍ ഫണ്ടുകള്‍ സ്ഥാപിച്ചു. കിബ്ബുട്‌സിമുകളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റു രണ്ടാംനിര സഹകരണ സ്ഥാപനങ്ങള്‍ കിബ്ബുട്‌സിമുകളുടെ ഉടമസ്ഥതയില്‍ത്തന്നെ പ്രവര്‍ത്തനം തുടര്‍ന്നു. ഇത്തരം എട്ടു മേഖലാ സംരംഭങ്ങളും വിതരണ സഹകരണ സ്ഥാപനങ്ങളുമുണ്ട്.

കിബ്ബുട്‌സിമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന രണ്ടാംനിര സഹകരണ സ്ഥാപനങ്ങള്‍ അതിജീവിക്കാന്‍ ഒരു കാരണമുണ്ട്. 15-20 ഓഹരിയുടമകളാണ് അവയില്‍ ഉണ്ടായിരുന്നത്. മൊഷാവ് സംഘങ്ങളില്‍ ഓഹരിയുടമകള്‍ വളരെക്കൂടുതലായിരുന്നു. അതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങള്‍ കൂടുതലും മാനേജ്‌മെന്റ് തീരുമാനങ്ങളെടുക്കല്‍ പ്രയാസവുമായി.

കാര്‍ഷിക മേഖലയുടെ പ്രാധാന്യം കുറയുന്നു

ഇത്തരം സംഭവ വികാസങ്ങള്‍ ഇസ്രായേലി സമ്പദ് വ്യവസ്ഥയിലെ കാര്‍ഷിക മേഖലയുടെ പ്രാധാന്യം കുറച്ചു. 1980 ല്‍ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 4.8 ശതമാനം കാര്‍ഷിക മേഖലയുടെ സംഭാവനയായിരുന്നുവെങ്കില്‍, 2008 ല്‍ അത് 1.7 ശതമാനമായി. കൃഷിയില്‍നിന്നുള്ള വരുമാനം കുറഞ്ഞതോടെ മൊഷാവിന്റെയും കിബ്ബുട്‌സിന്റെയും തൊഴില്‍ഘടനയും മാറി. കൂടുതല്‍ പേര്‍ വാണിജ്യത്തിലേക്കും വിനോദസഞ്ചാര വ്യവസായത്തിലേക്കും സേവന വ്യവസായങ്ങളിലേക്കും മാറി. കൂടുതല്‍ പേര്‍ കൃഷി ഉപേക്ഷിച്ചതോടെ ചെറുകിട കൃഷിക്കളങ്ങള്‍ കൂടിച്ചേര്‍ന്നു വന്‍കിട കൃഷിക്കളങ്ങളായി. അവയുടെ വ്യാപ്തി വര്‍ധിച്ചു. ഇതു കൃഷിക്കളങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ചു.

മൊഷാവുകളുടെ കാര്യത്തിലാകട്ടെ, അവ എന്നും കുടുംബ കേന്ദ്രിതമായിരുന്നു. വായ്പപ്രതിസന്ധിയോടെ പലതിന്റെയും പ്രവര്‍ത്തനം അത്യാവശ്യ കാര്യങ്ങളില്‍ മാത്രമായി ഒതുങ്ങി. മൊഷാവുകളില്‍ ഭൂരിഭാഗവും ഇന്ന് സ്വതന്ത്ര കാര്‍ഷിക യൂണിറ്റുകള്‍ക്കുവേണ്ട ബിസിനസ് സേവനങ്ങളും മുനിസിപ്പല്‍ സേവനങ്ങളും മാത്രമാണു നല്‍കുന്നത്. സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നില്ല. കൂട്ടുത്പാദനശാഖകള്‍ പല വ്യക്തിഗത അംഗങ്ങള്‍ക്കുമായി വില്‍ക്കുകയും അങ്ങനെ വാങ്ങിയവര്‍ അവയുടെ നടത്തിപ്പിനായി പുതിയ കാര്‍ഷിക സഹകരണ സംഘം രൂപവത്കരിക്കുകയുമാണു ചെയ്തിട്ടുള്ളത്. പഴയ സോവിയറ്റ് പ്രദേശങ്ങളില്‍നിന്നുള്ള കുടിയേറ്റത്തെത്തുടര്‍ന്ന് കൂട്ടുത്പാദനത്തിനുപയോഗിച്ചിരുന്ന പല പ്രദേശങ്ങളും പാര്‍പ്പിട മേഖലകളാക്കിയിട്ടുണ്ട്. ഇവര്‍ക്കു കൃഷിക്കായി ഭൂമി ലഭ്യമാക്കിയിട്ടില്ല. അവര്‍ക്കു സഹകരണാശയത്തില്‍ താത്പര്യവുമില്ല. അതുകൊണ്ടു മൊഷാവ് കാര്‍ഷികോത്പാദനം കുറയുകയും ടൂറിസം പോലുള്ള കാര്‍ഷികേതര പ്രവര്‍ത്തനങ്ങളും മൊഷാവിനുപുറത്തുള്ള ജോലികള്‍ക്കുപോകലും വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

കിബ്ബുട്‌സിലും കൂട്ടായ ജീവിതരീതിയില്‍നിന്നു കുടുംബാധിഷ്ഠിതമായ രീതിയിലേക്കു കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അവയില്‍ മിക്കതിലും അംഗങ്ങള്‍ വ്യക്തിഗതമായി കൃഷിപ്പണിയിലേര്‍പ്പെടുകയോ കാര്‍ഷിക ടൂറിസം പോലുള്ള കാര്‍ഷികേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ കിബ്ബുട്‌സിനു പുറത്തുള്ള ജോലികള്‍ക്കു പോകുകയോ ആണു ചെയ്യുന്നത്.

കിബ്ബുട്‌സ് കാര്‍ഷികഘടന പ്രത്യേകം പ്രത്യേകം സഹകരണ അസോസിയേഷനുകളായാണു സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവ സ്വതന്ത്രമായും മത്സരാധിഷ്ഠിതമായുമാണു പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും ഇവ മത്സരാധിഷ്ഠിത ബിസിനസ് നടത്താന്‍ പ്രാപ്തരായ മാനേജര്‍മാരെ പുറമെനിന്നു നിയമിക്കുകയാണ്. കിബ്ബുട്‌സുകള്‍ നടത്തുന്ന വ്യവസായങ്ങള്‍ക്ക് ഇപ്പോള്‍ കിബ്ബുട്‌സ് കാര്‍ഷിക മേഖലയെക്കാള്‍ വളര്‍ച്ചയുണ്ട്. ഈ വ്യവസായങ്ങളില്‍ മിക്കവയും സ്വകാര്യവത്കൃതമാണ്. ഈ വ്യവസായങ്ങളില്‍ കിബ്ബുട്‌സുകള്‍ക്കും ഓഹരിയുണ്ടെന്നുമാത്രം. കിബ്ബുട്‌സുകളുടെതു കഴിച്ചുള്ള ഓഹരികള്‍ വീതിച്ചെടുക്കുന്ന കിബ്ബുട്‌സ് അംഗങ്ങളായിരിക്കും ഇവയുടെ നേരിട്ടുള്ള ഉടമകള്‍. സഹകരണത്തിന്റെ ചില തലങ്ങള്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും പ്രധാനമായും സ്വകാര്യ സാമ്പത്തിക പ്രവര്‍ത്തനങ്ങളെയാണ് ഇവ ആശ്രയിക്കുന്നത്. 2009 ലെ കണക്കനുസരിച്ച് 72 ശതമാനം കിബ്ബുട്‌സുകളിലും ഇതാണു സ്ഥിതി. ബാക്കി 28 ശതമാനം പരമ്പരാഗത സഹകരണ സംവിധാനം നിലനിര്‍ത്തുകയോ വൈയക്തികനേട്ടങ്ങളും സഹകരണ ജീവിതശൈലിയും സംയോജിപ്പിച്ചുകൊണ്ടുള്ള രീതി സ്വീകരിക്കുകയോ ആണു ചെയ്തിട്ടുള്ളത്.

കിബ്ബുട്‌സുകളിലെ പല പുതിയ അംഗങ്ങളും സഹകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്ത, സാമ്പത്തികമായി സ്വതന്ത്രരായ അംഗങ്ങളാണ്. കിബ്ബുട്‌സ് അംഗങ്ങളാവുകയോ കൃഷിചെയ്യുകയോ ചെയ്യാത്ത പുതിയ താമസക്കാരെയും നിരവധി കിബ്ബുട്‌സുകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നുണ്ട്.

പ്രതിസന്ധിയുണ്ടായപ്പോള്‍ പല കിബ്ബുട്‌സുകളും പ്രായമായവര്‍ക്കു പെന്‍ഷന്‍ നല്‍കാന്‍ ബുദ്ധിമുട്ടിയിരുന്നു. 1990 കളുടെ തുടക്കം മുതല്‍ ഓഹരികള്‍ പ്രാദേശിക വ്യവസായ സംരംഭങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിറ്റാണ് പല കിബ്ബുട്‌സുകളും ഇതിനു തുക കണ്ടെത്തുന്നത്.

ടിനുവയുടെ സ്വകാര്യവത്കരണം

2008 ല്‍ പെന്‍ഷന്‍ഫണ്ട് വര്‍ധിപ്പിക്കാനായി ഇസ്രായേലിലെ ഏറ്റവും വലിയ വിപണന സഹകരണ സ്ഥാപനമായ ടിനുവ സ്വകാര്യവത്കരിക്കപ്പെട്ടു. എല്ലാ മൊഷാവുകളും മിക്ക കിബ്ബുട്‌സുകളും ബാക്കിയുള്ള തങ്ങളുടെ ഓഹരികള്‍ മുഴുവന്‍ അപാക്‌സ് പാര്‍ട്‌ണേഴ്‌സിനു ( Apax Partners ) കൈമാറിക്കൊണ്ടായിരുന്നു ഇത്. പ്രതിഫലമായി കിബ്ബുട്‌സിനും മൊഷാവിനും കൂടി 110 കോടി ഡോളര്‍ ലഭിച്ചു. ഈ തുക ആയിരക്കണക്കിനു മൊഷാവ് അംഗങ്ങള്‍ക്കും മുന്നൂറോളം കിബ്ബുട്‌സുകള്‍ക്കുമായി വീതിക്കപ്പെട്ടു. ഓഹരികള്‍ വില്‍ക്കാതിരുന്ന കിബ്ബുട്‌സുകള്‍ക്ക് ടിനുവയില്‍ ഇപ്പോഴും 23.3 ശതമാനം പങ്കാളിത്തമുണ്ട്. വാങ്ങല്‍ സഹകരണ സംഘങ്ങളാണു ടിനുവയില്‍ അവയെ പ്രതിനിധാനം ചെയ്യുന്നത്. 2014 മേയില്‍ അപാക്‌സ് തങ്ങളുടെ 56 ശതമാനം ഓഹരി ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭക്ഷ്യവ്യവസായ ഗ്രൂപ്പായ ബ്രൈറ്റ് ഫുഡിനു വിറ്റു. 230 കോടി ഡോളറിന്റെ ഇടപാടായിരുന്നു ഇത്.

മേഖലാ സംരംഭങ്ങളില്‍നിന്നുള്ള കിബ്ബുട്‌സ് വ്യവസായ വരുമാനം 1995 ല്‍ 23 ശതമാനമായിരുന്നത് 2007 ല്‍ 15 ശതമാനമായി കുറഞ്ഞു. എങ്കിലും, തുകയുടെ അടിസ്ഥാനത്തില്‍ ഇതു കൂടുകയാണു ചെയ്തിട്ടുള്ളത്. കിബ്ബുട്‌സ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ 2010 ലെ വാര്‍ഷികാവലോകന പ്രകാരം, 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുമുമ്പ്, 1994 മുതല്‍ 2007 വരെയുള്ള കാലത്ത്, അവരുടെ ആകെ വിറ്റുവരവ് 120 ശതമാനം വര്‍ധിച്ചു.

ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം, സഹകരണരംഗത്തെ ദേശീയ പ്രവണതകള്‍ പിന്തുടര്‍ന്ന് മേഖലാ വ്യവസായ സംരംഭങ്ങളിലും ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ ഉപഭോഗാനുകൂലവും ലാഭാധിഷ്ഠിതവുമാക്കി. ഇന്ന് ഓരോ കിബ്ബുട്‌സിനും മേഖലാ സംരംഭത്തിന്റെ ഭാഗിക ഉടമ എന്ന നിലയില്‍ ലാഭത്തിന്റെ വിഹിതം ലഭിക്കുന്നുണ്ട്. കിബ്ബുട്‌സ് നല്‍കുന്ന സേവനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഓരോ കിബ്ബുട്‌സിനും ലാഭത്തില്‍ തുല്യവിഹിതം ലഭിച്ചിരുന്ന പഴയ രീതിയുടെ സ്ഥാനത്താണിത്. മാതൃമേഖലാ സഹകരണ പ്രസ്ഥാനത്തിനു കീഴിലെ ഓരോ മേഖലാ സംരംഭവും ഓരോ സ്വതന്ത്ര സഹകരണ അസോസിയേഷനായി മാറുകയും ചെയ്തിട്ടുണ്ട്. ഈ സഹകരണ അസോസിയേഷനുകളില്‍ പലതും ഭാഗികമായി സ്വകാര്യവത്കരിക്കുകയും കമ്പനികളായി മാറുകയും ചെയ്തിട്ടൂണ്ട്. മേഖലാ സഹകരണ പ്രസ്ഥാനവും സ്വകാര്യ നിക്ഷേപകരും ഓഹരിയുടമകളായിട്ടുള്ളവയാണ് ഈ കമ്പനികള്‍. മേഖലാ തലത്തിലുള്ള മാതൃസഹകരണ സ്ഥാപനം (regional parent cooperative) ആ മേഖലയിലെ എല്ലാ കിബ്ബുട്‌സുകളുടെയും ഉടമസ്ഥതയിലായിരിക്കുമെങ്കിലും, ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ മാത്രം നല്‍കി മാനേജ്‌മെന്റ് ഫീസായി ലാഭത്തിന്റെ ഒരു ഓഹരി കൈപ്പറ്റുക മാത്രമാണ് ചെയ്യുന്നത്.

പാശ്ചാത്യ രാജ്യങ്ങളിലെ ലംബമാന സംയോജനവും ( drtical integration ) ഇസ്രായേലില്‍ വന്നുകഴിഞ്ഞു. പൗള്‍ട്രി വിഭാഗത്തിലാണിതു കൂടുതല്‍. മുമ്പ് കിബ്ബുട്‌സ് പൗള്‍ട്രിയെ കശാപ്പുശാലകള്‍ നടത്തുന്ന രണ്ടാംനിര മേഖലാ സഹകരണ സ്ഥാപനത്തിലേക്കയക്കുകയും അവിടെ ചെയ്യേണ്ട കാര്യങ്ങള്‍ക്കുശേഷം വിപണനത്തിനായി ദേശീയ സഹകരണ സ്ഥാപനമായ ടിനുവയിലേക്കയക്കുകയുമാണു ചെയ്തിരുന്നത്. ഉത്പന്നം വിറ്റശേഷമാണു കിബ്ബുട്‌സിനു പണം കിട്ടിയിരുന്നത്. ഇന്നു കിബ്ബുട്‌സ് കരാറടിസ്ഥാനത്തിലുള്ള പൗള്‍ട്രി വളര്‍ത്തുകാരാണ്. കശാപ്പുശാലയും വിപണനവിഭാഗവും വാങ്ങല്‍ സ്ഥാപനവും ഉള്‍പ്പെടുന്ന സംയോജിത സഹകരണ ഘടകത്തിനാണ് ഉത്പന്നത്തിന്റെ മേലുള്ള ഉടമസ്ഥത. വളര്‍ത്തുന്നവര്‍ക്ക് അവര്‍ ശമ്പളമാണു നല്‍കുന്നത്. വിപണിയിലെ ആവശ്യങ്ങളനുസരിച്ച് ഓരോ കിബ്ബുട്‌സും നല്‍കേണ്ട ഉത്പന്നത്തിന്റെ അളവ് അവരാണു നിശ്ചയിക്കുന്നത്. സംയോജിത സഹകരണ ഘടകത്തിന്റെ അംഗങ്ങളും ഉടമകളുമാണു കിബ്ബുട്‌സെങ്കിലും ഫലത്തില്‍ അവര്‍ ആ ഘടകം നിയോഗിക്കുന്ന തൊഴിലാളികള്‍ മാത്രമായാണു പ്രവര്‍ത്തിക്കുന്നത്.

1999 ല്‍ ഐക്യ കിബ്ബുട്‌സ് പ്രസ്ഥാനവും കിബ്ബുട്‌സ് അര്‍ട്‌സിയും ലയിച്ചു. മതേതരസ്വഭാവമുള്ള ഇവയുടെ ലയനത്തില്‍നിന്ന് മതാധിഷ്ഠിതമായ കിബ്ബുട്‌സ് പ്രസ്ഥാനവും അതിന്റെ കിബ്ബുട്‌സുകളം ഒഴിഞ്ഞുനിന്നു. മതാടിസ്ഥാനത്തിലുള്ളവയില്‍ 16 കിബ്ബുട്‌സുകളും പോളെയ് അഗുഡാറ്റ് യിസ്രായേലുമായി ( Poalei Agudat Yisrael ) അഫിലിയേറ്റുചെയ്ത രണ്ടു കിബ്ബുട്‌സുകളുമാണുള്ളത്. ലയിച്ചശേഷം രൂപംകൊണ്ട കിബ്ബുട്‌സ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തനം അംഗങ്ങള്‍ക്കുവേണ്ടി ലോബിയിംഗ് നടത്തുകയും സാമൂഹിക സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ്.

പരമ്പരാഗത സഹകരണ രൂപങ്ങള്‍ക്കു തിരിച്ചടി നേരിട്ടെങ്കിലും സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കാനുള്ള ബദല്‍ മാര്‍ഗമെന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ സഹകരണപ്രസ്ഥാനത്തെ അംഗീകരിക്കുന്ന പ്രവണത ഇസ്രായേലിലുണ്ട്. വീടുകളുടെയും ഭക്ഷണസാധനങ്ങളുടെയും വിലക്കയറ്റമാണ് ഇതിനു പ്രേരകം. സമ്പദ്‌വ്യവസ്ഥ വളര്‍ന്നെങ്കിലും മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി കുറഞ്ഞതും കാരണമാണ്. പുതിയ സഹകരണപ്രസ്ഥാനത്തിന്റെ വക്താവായ യിഫാറ്റ് സോളെലിന്റെ (ഥശളമ േടീഹലഹ) നേതൃത്വത്തില്‍ ടെല്‍ അവീവില്‍ 2012 ല്‍ ഒരു സഹകരണപബ് സ്ഥാപിച്ചു.
(അവലംബം: Theory and Practice of Co-operation in India and Abroad Vol 2 by K.R.Kulkarni , Agricultural Cooperatives in Israel by Gadi Rosenthal and Hadas Eiges)

 

Leave a Reply

Your email address will not be published.