ഇഫ്‌കോയുടെ നാനോ യൂറിയ ( ദ്രാവകം ) പ്ലാന്റിനു ബംഗളൂരുവില്‍ തറക്കല്ലിട്ടു
മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയായ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ( ഇഫ്‌കോ ) നിര്‍മിക്കുന്ന ദ്രാവകരൂപത്തിലുള്ള നാനോ യൂറിയ പ്ലാന്റിനു ബംഗളൂരുവില്‍ തറക്കല്ലിട്ടു. ദവനഹള്ളിക്കടുത്തു 350 കോടി രൂപ ചെലവിലാണു പ്ലാന്റ് പണിയുന്നത്.
കര്‍ണാടക വ്യവസായ മേഖലാ വികസന ബോര്‍ഡ് ദവനഹള്ളിക്കടുത്ത് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്താണു പ്ലാന്റ് ഉയരുന്നത്. 15 മാസം കൊണ്ട് പ്ലാന്റ് പൂര്‍ത്തിയാക്കുമെന്നു ഇഫ്‌കോ പത്രക്കുറിപ്പില്‍ അറിയിച്ചു. നാനോ യൂറിയ ( ദ്രാവകം ) യുടെ ആദ്യത്തെ പ്ലാന്റ് ഗുജറാത്തിലെ കാലോളിലാണു സ്ഥാപിച്ചത്. ഇവിടെ ഉല്‍പ്പാദനം തുടങ്ങിക്കഴിഞ്ഞു. തുടക്കത്തില്‍ പ്രതിവര്‍ഷം 500 മില്ലി ലിറ്ററിന്റെ 14 കോടി യൂറിയ കുപ്പികള്‍ ഉല്‍പ്പാദിപ്പിക്കുകയാണു ലക്ഷ്യം. പിന്നീടിതു പ്രതിവര്‍ഷം 18 കോടി കുപ്പികളാകും.
രണ്ടാം ഘട്ടത്തില്‍ നാലു യൂറിയ നിര്‍മാണ പ്ലാന്റുകള്‍ കൂടി ഇഫ്‌കോ സ്ഥാപിക്കും. ഇവ 2022-23 ല്‍ പൂര്‍ത്തിയാവും. 45 കിലോ യൂറിയ ചാക്കിന്റെ വിലയേക്കാളും പത്തു ശതമാനം വില കുറച്ചാണു യൂറിയ കുപ്പി വില്‍ക്കുന്നത്. 11,000 കൃഷിസ്ഥലങ്ങളിലും 94 വിളകളിലും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ 20 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും പരീക്ഷിച്ചിട്ടുള്ള നാനോ യൂറിയ ( ദ്രാവകം ) വിളവര്‍ധനവിനും പോഷകഗുണ വര്‍ധനവിനും സഹായകമാണെന്നു കണ്ടെത്തിയിട്ടുണ്ട്. 500 മില്ലി ലിറ്റിന്റെ ഒരു കുപ്പി ദ്രാവകം ഒരു ഏക്കറിലധികം വരുന്ന പാടത്തു രണ്ടു തവണ തളിക്കാനാവും. പാടത്തേക്കു ചാക്കുകള്‍ ചുമന്നുകൊണ്ടുപോകേണ്ട ആവശ്യവുമില്ല.
ഉല്‍പ്പാദനം തുടങ്ങിക്കഴിഞ്ഞാല്‍ കര്‍ണാടകത്തിലെ പ്ലാന്റില്‍ നിന്നു പ്രതിവര്‍ഷം അഞ്ചു കോടി യൂറിയ കുപ്പികള്‍ ഉല്‍പ്പാദിപ്പിക്കാനാവും.