ഇതു കൂട്ടായ ശ്രമത്തിന്റെ വിജയം
എം. പുരുഷോത്തമന്‍
( സെക്രട്ടറി , മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ്
സഹകരണ ബാങ്ക്, പാലക്കാട് )
(2021 മാര്‍ച്ച് ലക്കം)
സഹകരണ സംഘങ്ങള്‍ക്കു ആദായ നികുതിയിളവ് നല്‍കണമെന്ന സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ചരിത്രവിധിയിലേക്കു നയിച്ച നാള്‍വഴികള്‍ ഓര്‍ത്തെടുക്കുകയാണു ലേഖകന്‍.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2020 ലോകത്തിനു സമ്മാനിച്ചതു കോവിഡ് മഹാമാരിയുടെ കറുത്ത നാളുകളായിരുന്നു. സഹകരണ മേഖലയുടെ സ്ഥിതിയും മറിച്ചായിരുന്നില്ല. ഒരു സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളില്‍ ചെയ്തുതീര്‍ക്കേണ്ട കുടിശ്ശിക നിവാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലോക്ഡൗണിന്റെ പ്രത്യേക സാഹചര്യത്തില്‍ നമുക്കു പൂര്‍ത്തീകരിക്കാനായില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആശങ്കകള്‍ സഹകാരികള്‍ക്കിടയില്‍ നിലനില്‍ക്കുമ്പോള്‍ 2021 ജനുവരി 12 നു നവവത്സര സമ്മാനമായാണു സുപ്രീം കോടതിയുടെ സുപ്രധാന വിധിന്യായം രാജ്യത്തെ സഹകരണ പ്രസ്ഥാനത്തിനു പുതിയ വെളിച്ചം പകര്‍ന്നത്. ആദായനികുതി വകുപ്പ് ചുമത്തിയിട്ടുള്ള കോടിക്കണക്കിനു രൂപയുടെ നികുതിബാധ്യതയില്‍ നിന്നു ഈ വിധിയിലൂടെ സംഘങ്ങള്‍ക്കു മോചനം ലഭിക്കുകയാണ്.
ഈ പ്രതിസന്ധിഘട്ടത്തില്‍ സംഘങ്ങള്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സുപ്രീം കോടതിയുടെ വിധിന്യായത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതു സഹകരണ മേഖലക്കു നല്‍കുന്ന ആത്മവിശ്വാസവും ആശ്വാസവും വളരെ വലുതാണ്. ചരിത്രപരമായ ഈ വിധിയിലൂടെ സഹകരണ സംഘങ്ങളുടെ അസ്തിത്വവും അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണെന്നു രാജ്യത്തെ പരമോന്നത നീതിപീഠം നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ സുപ്രധാനമായ ഈ വിധിന്യായം സഹകരണ മേഖലയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുകയാണ്. ഈ വിജയം കേരളത്തിലെ സഹകാരികള്‍ക്കും സഹകരണ വകുപ്പിനും മന്ത്രിക്കും ഏറെ അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്.
വിവിധ തലങ്ങളില്‍ പതിനഞ്ചു വര്‍ഷത്തോളം നീണ്ടുനിന്ന ഈ നിയമയുദ്ധത്തിന്റെ തുടക്കം മുതല്‍ മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയിലും ഒരു പ്രാഥമിക കാര്‍ഷിക വായ്പാ സംഘത്തിന്റെ സെക്രട്ടറി എന്ന നിലയിലും ഈ ലേഖകന്‍ ഇടപെട്ടു പ്രവര്‍ത്തിച്ചിരുന്നു. അവസാനഘട്ടത്തില്‍ സുപ്രീം കോടതിയിലെ കേസിന്റെ നടത്തിപ്പിനു ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതിയിലും ഞാന്‍ അംഗമായിരുന്നു. ആ നിലയില്‍ ഈ നിയമപോരാട്ടത്തിന്റെ നാള്‍വഴികളിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനമുണ്ട്.
80 ( പി ) ആനുകൂല്യം നഷ്ടപ്പെടുന്നു
2006 നു മുന്‍പ് സംഘങ്ങള്‍ക്കു 80 (പി ) ആനുകൂല്യം എന്നതു ഒരു സാധാരണ നടപടിക്രമം മാത്രമായിരുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുന്ന കാര്യത്തില്‍പ്പോലും സംഘങ്ങള്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ആദായനികുതി വകുപ്പും ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നില്ല. പിന്നീട് 2006 ലെ ഫൈനാന്‍സ് ആക്ടില്‍ ഉള്‍പ്പെടുത്തിയതും 2007 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതുമായ ഭേദഗതി പ്രകാരം ബാങ്കിങ്് പ്രവര്‍ത്തനം നടത്തുന്ന സഹകരണ ബാങ്കുകള്‍ക്കു ആദായനികുതി ഇളവിനു അര്‍ഹത നഷ്ടപ്പെട്ടു. ഇതോടെ അര്‍ബ്ബന്‍ സഹകരണ ബാങ്കുകള്‍ക്കും ജില്ലാ സഹകരണ ബാങ്കുകള്‍ക്കും 80 (പി ) ആനുകൂല്യം ഇല്ലാതായി. പേരില്‍ ബാങ്ക് എന്നുള്ളതുകൊണ്ടായിരിക്കാം കേരളത്തിലെ സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ മുകളിലും ഈ ഭേദഗതിയുടെ കരിനിഴല്‍ വീണു. പിന്നീട് സംഘങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നല്‍കിയിരുന്ന ആദായനികുതി കിഴിവ് പല അസസ്‌മെന്റ് ഓഫീസര്‍മാരും നിഷേധിക്കാന്‍ തുടങ്ങി. സംഘങ്ങളുടെ പ്രവര്‍ത്തനം ബാങ്കിങ്് പ്രവര്‍ത്തനങ്ങള്‍ക്കു തുല്യമാണെന്നും കാര്‍ഷിക വായ്പാ സംഘങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളുടെ കാര്‍ഷിക വായ്പ നാമമാത്രമാണെന്നും ചൂണ്ടിക്കാണിച്ചാണ് 80 (പി ) ആനുകൂല്യം നിഷേധിച്ചത്. ഇതോടെ സംഘങ്ങള്‍ സ്വന്തം നിലയില്‍ ഇന്‍കം ടാക്‌സ് അപ്പീല്‍ കമ്മീഷണര്‍ക്കും തുടര്‍ന്നു ഇന്‍കംടാക്‌സ് അപ്പീല്‍ ട്രൈബ്യൂണലിലും അപ്പീലുകള്‍ ഫയല്‍ ചെയ്തു. അപ്പീലുകളുടെ വിധി പലതും സംഘങ്ങള്‍ക്കു അനുകൂലമായിരുന്നില്ല. ഇതിനിടയില്‍ നിക്ഷേപകരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ആദായ നികുതിവകുപ്പ് 133 (6) പ്രകാരം സംഘങ്ങള്‍ക്കു നോട്ടീസ് നല്‍കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിരുന്നു. കതിരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സംഘങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ 2013 ആഗസ്റ്റ് 27 നു തള്ളിയതിനെത്തുടര്‍ന്നാണു ആദായ നികുതി വകുപ്പ് സംഘങ്ങളോടുള്ള സമീപനം കര്‍ശനമാക്കിയത്.
ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട ഈ പ്രശ്‌നങ്ങളെല്ലാം സഹകാരികള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. തുടര്‍ന്നു 80 (പി ) യുമായി ബന്ധപ്പെട്ട കേസുകള്‍ എതിരായി വന്നപ്പോള്‍ സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തുടങ്ങി. ഈ ഘട്ടം മുതലാണു ഒരു കൂട്ടായ നിയമപോരാട്ടത്തിനു സഹകാരികള്‍ തയാറെടുത്തത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ജഅഇട സംരക്ഷണ സമിതികള്‍ രൂപീകരിക്കപ്പെട്ടു. പ്രമുഖ സഹകാരി ഇ. നാരായണന്‍ ചെയര്‍മാനും പി.എസ്. മധുസൂദനന്‍ കണ്‍വീനറുമായിരുന്ന സംസ്ഥാന സമിതി തുടക്കത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ഇ. നാരായണന്റെ നിര്യാണത്തെത്തുടര്‍ന്നു കരകുളം കൃഷ്ണപിള്ള സംസ്ഥാന സമിതിയുടെ ചെയര്‍മാനായി.
ഫണ്ടുകള്‍ സമാഹരിക്കുന്നു
ഹൈക്കോടതിയില്‍ സംഘങ്ങള്‍ നല്‍കിയ കേസിന്റെ ഓരോ ഘട്ടത്തിലും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഇടപെടലുകളും നിര്‍ദേശങ്ങളും ലഭിച്ചിരുന്നു. 2018 ഏപ്രിലില്‍ എല്ലാ ജില്ലകളിലും സഹകാരികളുടെ യോഗം വിളിച്ചുചേര്‍ത്തു കേസ് നടത്തിപ്പിനാവശ്യമായ ഫണ്ട് സമാഹരണം നടത്തണമെന്നു ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. എ ക്ലാസ് സംഘങ്ങള്‍ 10,000 രൂപയും മറ്റു സംഘങ്ങള്‍ 5,000 രൂപയും കേസിന്റെ നടത്തിപ്പിനു നല്‍കണമെന്നും നിര്‍ദേശമുണ്ടായി. കോലിയക്കോട് കൃഷ്ണന്‍ നായര്‍ ചെയര്‍മാനും കെ. കുഞ്ഞിക്കൃഷ്ണന്‍ കണ്‍വീനറുമായി രൂപവത്കരിച്ച സഹകരണ ക്ഷേമ സംരക്ഷണ സംസ്ഥാനതല സമിതിയെ കേസ് നടത്തിപ്പിന്റെ ചുമതല ഏല്‍പ്പിച്ചു. എല്ലാ ജില്ലകളിലെയും പ്രതിനിധികള്‍ ഇതില്‍ അംഗങ്ങളായിരുന്നു. ഹൈക്കോടതി വിധി സംഘങ്ങള്‍ക്കു എതിരായതിനെത്തുടര്‍ന്നു സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ വേണ്ടി ചെയര്‍മാനും കണ്‍വീനര്‍ക്കും പുറമേ എം. പുരുഷോത്തമന്‍ (പാലക്കാട്) , പി.സി. ബേബി (എറണാകുളം), ദാമോദരന്‍ (കണ്ണൂര്‍), അഡ്വ. പ്രതാപചന്ദ്രന്‍ (തിരുവനന്തപുരം) എന്നിവര്‍ക്കു പ്രത്യേക ചുമതല നല്‍കി. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെയും അഭിഭാഷകരുടെയും മുതിര്‍ന്ന സഹകാരികളുടെയും യോഗം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുകയും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ടു കൃത്യവും കര്‍ശനവുമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തു. ടാക്‌സ് വിഷയത്തില്‍ പ്രാവീണ്യമുള്ള മുതിര്‍ന്ന അഭിഭാഷകരെ സുപ്രീം കോടതിയില്‍ സംഘങ്ങള്‍ക്കു വേണ്ടി ഏര്‍പ്പാട് ചെയ്യാന്‍ തീരുമാനിച്ചു. കൂടുതല്‍ വാദങ്ങള്‍ ഉയര്‍ത്തുന്നതിനായി രണ്ട് കേസുകള്‍ വെവ്വേറെ ഫയല്‍ ചെയ്ത് രണ്ട് കേസുകള്‍ക്കും മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കാനും തീരുമാനമായി. ഹൈക്കോടതിയില്‍ കേസ് നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന അഡ്വ. എസ്. അരുണ്‍ രാജിന്റെ നിര്‍ദേശപ്രകാരം മാവിലായി സഹകരണ ബാങ്ക് ഗ്രൂപ്പിനു വേണ്ടി ശ്യാം ധിവാനെയും കോടിയേരി സഹകരണ ബാങ്ക് ഗ്രൂപ്പിനു വേണ്ടി അരവിന്ദ് ദത്താറേയെയും പ്രത്യേകം ചുമതലപ്പെടുത്തി. രണ്ട് കേസിന്റെയും നടത്തിപ്പിനു സമിതി അംഗങ്ങള്‍ക്കു പ്രത്യേകം ചുമതലയും നിശ്ചയിച്ചു. ഇപ്രകാരം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കേസിനു 2019 സെപ്റ്റംബര്‍ 16 നു അഡ്മിഷന്‍ ലഭിച്ചു. അഡ്വ. ഗിരീഷ്‌കുമാര്‍, അഡ്വ. രഞ്ജിത് മാരാര്‍ എന്നിവരായിരുന്നു സുപ്രീം കോടതിയിലെ മറ്റ് അഭിഭാഷകര്‍. രണ്ടു ദിവസങ്ങളിലായി നടന്ന വാദം 2020 ഡിസംബര്‍ രണ്ടിനു പൂര്‍ത്തിയായി. ജസ്റ്റിസുമാരായ റോഹിന്‍ടന്‍ ഫാലി നരിമാന്‍, കെ.എം. ജോസഫ്, നവീന്‍ സിന്‍ഹ എന്നിവരുടെ ബെഞ്ചാണു കേസില്‍ വാദം കേട്ടത്. 40 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ 2021 ജനുവരി 12 നു സഹകരണ മേഖലക്കനുകൂലമായി ചരിത്രപ്രസിദ്ധമായ ആ വിധി വന്നു. കേവലം 16 മാസങ്ങള്‍ കൊണ്ട് അനുകൂലവിധി സമ്പാദിക്കാനായി എന്നതു ഈ കേസ് നടത്തിപ്പിന്റെ മികവ് തന്നെയാണ്.
കേസിന്റെ വിവിധ ഘട്ടങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ച എല്ലാവരുടെയും സേവനങ്ങള്‍ ഓര്‍ക്കപ്പെടേണ്ടതാണ്. മാടായി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി രവീന്ദ്രന്‍, മാവിലായി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കിന്‍സ് വര്‍ഗീസ് , ഈ കേസിന്റെ നിയമ പോരാട്ടങ്ങളില്‍ ആദ്യവസാനം വരെ ഏകോപനം നടത്തിയ അഡ്വ. അരുണ്‍ രാജ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ മോഹനന്‍ (കണ്ണൂര്‍), ചേറ്റൂര്‍ ശിവദാസ് (പാലക്കാട്) എന്നിവരുടെ സേവനങ്ങള്‍ പ്രത്യേകം ഓര്‍ക്കുകയാണ്.
ഹൈക്കോടതി അഭിഭാഷകന്‍ അരുണ്‍ രാജിന്റെ സേവനങ്ങള്‍ ഇവിടെ എടുത്തുപറയേണ്ടതാണ്. എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളിച്ച് കൃത്യതയോടെ കുറിപ്പുകള്‍ തയാറാക്കി നല്‍കി സീനിയര്‍ അഭിഭാഷകര്‍ക്കു സുപ്രീം കോടതിയിലെ വാദം നടത്താന്‍ സഹായിച്ചതു ഇദ്ദേഹമാണ്. അതുകൊണ്ടുതന്നെ ആ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ വിധിന്യായത്തിന്റെ ഭാഗമാവുകയും ചെയ്തു.
നികുതിവരുമാനം കൂട്ടാന്‍ പുതിയ മേഖലകള്‍ കണ്ടെത്തുക എന്നതു ആദായനികുതി വകുപ്പ് കാലാകാലങ്ങളില്‍ സ്വീകരിച്ചുവരുന്ന നടപടികളാണ്. അതു നമ്മുടെ രാജ്യപുരോഗതിക്കു അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ആ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനു ആദായ നികുതി വകുപ്പിനു നിയമപരമായ വ്യവസ്ഥകളും അതിവിപുലമായ വിവേചനാധികാരങ്ങളും നല്‍കിയിട്ടുമുണ്ട്. ഇത്തരം എല്ലാ നിയമങ്ങളും പൂര്‍ണമായി പാലിക്കാന്‍ സഹകരണ സംഘങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, ഇത്തരം വിവേചനാധികാരങ്ങള്‍ വിനിയോഗിക്കേണ്ടതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ താങ്ങും തണലുമായി വര്‍ത്തിക്കുന്ന സഹകരണ മേഖലക്കു മതിയായ പരിഗണനയും സംരക്ഷണവും നല്‍കിക്കൊണ്ടാകണമെന്നു ഈ വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കുന്നു. ഭാവിയില്‍ അത്തരം എല്ലാവിധ പരിഗണനകളും സംരക്ഷണവും ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളില്‍ നിന്നും സഹകരണ മേഖലക്കു കിട്ടും എന്നു നമുക്കു പ്രത്യാശിക്കാം.
[mbzshare]