ആള്‍ട്ടര്‍നേറ്റീവ് ടാക്സിളവ് സംഘങ്ങള്‍ക്ക് ഗുണം ചെയ്യും

Deepthi Vipin lal

മിനിമം ആള്‍ട്ടര്‍നേറ്റീവ് നികുതി നിരക്ക് കുറയ്ക്കാനുള്ള കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശം സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്ക് ഗുണം ചെയ്യും. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ ലക്ഷക്കണക്കിന് രൂപ ആള്‍ട്ടര്‍നേറ്റീവ് ടാക്സായി നല്‍കുന്നുണ്ട്. പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് മാത്രമാണ് ആള്‍ട്ടര്‍നേറ്റീവ് ടാക്സ് കണക്കാക്കുന്നതിന് മൊത്തം വരുമാനം പരിഗണിക്കേണ്ടതില്ല എന്ന ഇളവുള്ളത്. അതിനാല്‍, മറ്റ് സംഘങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം സഹായകരമാകും.

കുറഞ്ഞ ആള്‍ട്ടര്‍നേറ്റീവ് നികുതി 18.5 ശതമാനത്തില്‍നിന്ന് 15 ആയാണ് കുറച്ചത്. മൂന്നര ശതമാനത്തിലെ ഇളവ് സംഘങ്ങള്‍ നല്‍കുന്ന നികുതി സംഖ്യയില്‍ വലിയ കുറവുണ്ടാക്കും. ഒരു സഹകരണ സംഘത്തിന്റെ ബുക്ക് ലാഭത്തില്‍നിന്ന് നിയമനുസൃതമായുള്ള എല്ലാ കിഴിവുകളും കഴിച്ചുള്ള സഖ്യയ്ക്കാണ് നികുതി കണക്കാക്കുന്നത്. ഇങ്ങനെ കണക്കാക്കുന്ന നികുതി മൊത്തം ബുക്ക് ലാഭത്തിന്റെ 18.5 ശതമാനത്തിന് താഴെയായാലും സഹകരണ സംഘം 18.5 ശതമാനം നികുതി നിര്‍ബന്ധമായും നല്‍കേണ്ടിയിരുന്നു. പുതിയ നിര്‍ദ്ദേശമനുസരിച്ച് സഹകരണ സംഘങ്ങള്‍ 15 ശതമാനം നല്‍കിയാല്‍ മതി. സംസ്ഥാനത്തെ കേരള ബാങ്ക് അടക്കമുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ഈ ഇളവ് ലഭിക്കും.

മാര്‍ക്കറ്റി്ങ്, കണ്‍സ്യൂമര്‍ സഹകരണ സംഘങ്ങള്‍ക്ക് പുതിയ നികുതിയിളവ് ആശ്വാസമുണ്ടാക്കുന്നതാണ്. ഉയര്‍ന്ന വിറ്റുവരവുണ്ടാകുമ്പോഴും സബ്സിഡി നിരക്കില്‍ വില്‍ക്കുന്നതിനാല്‍ സഹകരണ സംഘങ്ങളിലെ ലാഭത്തിന്റെ തോത് വളരെ കുറവായിരിക്കും. അതിനാല്‍, നികുതി നിരക്കിലുണ്ടാകുന്ന നേരിയ കുറവുപോലും മാര്‍ക്കറ്റിങ് സംഘങ്ങള്‍ക്ക് സഹായകരമാകും.

സംസ്ഥാനത്തെ സഹകരണ മേഖലയിലെ ശക്തിയായി നില്‍ക്കുന്നത് പ്രാഥമിക സഹകരണ ബാങ്കുകളാണ്. ഇവ കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളായതിനാല്‍ 80 പി. അനുസരിച്ചുള്ള നികുതിയിളവിന് അര്‍ഹതയുണ്ട്. കാര്‍ഷികാനുബന്ധ വായ്പയില്‍നിന്നുള്ള വരുമാനം ആദായ നികുതിക്ക് പരിഗണിക്കില്ല. കാര്‍ഷിക വായ്പേതര വരുമാനത്തിന് നികുതി നല്‍കുകയും വേണം. അത്തരത്തില്‍ നികുതി കണക്കാക്കുന്ന വരുമാനത്തിന് മാത്രമാകും മിനിമം ആള്‍ട്ടര്‍നേറ്റീവ് ടാക്സും ബാധകമാകുക. അതില്‍ ഇനി 15 ശതമാനം നികുതി നല്‍കിയാല്‍ മതിയാകും.

പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ സംരംഭകത്വ വികസനവും വികസന പദ്ധതികളുടെ നിര്‍വഹണവും എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ കാഴ്ചപ്പാട്. ഇങ്ങനെ കാര്‍ഷികേതര- സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമ്പോഴുള്ള അധിക വരുമാനത്തിന് ഇനി മൂന്നര ശതമാനം നികുതിയിളവ് ലഭിക്കുമെന്ന നേട്ടം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കുണ്ട്.

അധികവരുമാനത്തിന് സഹകരണ സംഘങ്ങള്‍ നല്‍കേണ്ടിയിരുന്ന സര്‍ച്ചാര്‍ച്ച് 12 ല്‍ നിന്ന് ഏഴ് ശതമാനമായും കുറച്ചിട്ടുണ്ട്. നികുതി കണക്കാക്കുന്ന വരുമാനം ഒരു കോടിക്ക് മുകളിലാണെങ്കില്‍ 12 ശതമാനം സര്‍ച്ചാര്‍ജ് കൂടി നല്‍കണമെന്ന വ്യവസ്ഥ നേരത്തെയുണ്ടായിരുന്നു. ഇതും സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ക്ക് മേലുള്ള അധികഭാരമായിരുന്നു. കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയും ഉയര്‍ന്ന ലാഭക്ഷമതയുമുള്ള ഒട്ടേറെ സഹകരണ സംഘങ്ങളുണ്ട്. ഇവയ്ക്ക് ഇനി സര്‍ച്ചാര്‍ജ് ഏഴ് ശതമാനം നല്‍കിയാല്‍ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *

Latest News