ആര്‍.ബി.ഐ. പറഞ്ഞതിലെ സത്യവും മിഥ്യയും

moonamvazhi

റിസര്‍വ് ബാങ്ക് കേരളജനതയ്ക്കു നല്‍കിയ മുന്നറിയിപ്പു
നോട്ടീസ് സത്യവും അസത്യവും അര്‍ധസത്യവുംകലര്‍ന്നതാണ്.
ഏതൊരു സ്ഥാപനത്തിന്റെയും നിലനില്‍പ്പ് അവിടത്തെ
ഇടപാടുകാരുടെ വിശ്വാസ്യതയാണ്. ആ വിശ്വാസ്യതയിലേക്കു
അവിശ്വാസം കുത്തിക്കയറ്റുന്നതു റിസര്‍വ് ബാങ്കുപോലുള്ള
പരമോന്നത ധനകാര്യ മാനേജ്‌മെന്റ് സ്ഥാപനം ഒരിക്കലും
ചെയ്യാന്‍ പാടില്ലാത്തതാണ്.

– കിരണ്‍ വാസു

പ്രാഥമിക സഹകരണ ബാങ്കുകളുടെ ‘നിയമവിരുദ്ധ’ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് നല്‍കിയ പത്രക്കുറിപ്പും പത്രപ്പരസ്യവും ഏറെ ചര്‍ച്ചയായ ഘട്ടമാണിത്. സഹകാരികള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തുവന്നു. സര്‍ക്കാര്‍ നിയമപോരാട്ടത്തിനു മുന്നിട്ടിറങ്ങി. നിയമവിരുദ്ധവും വസ്തുതാവിരുദ്ധവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണു റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പുപരസ്യം എന്നതാണു കേരളം ഉന്നയിക്കുന്ന കാര്യം. സത്യവും അസത്യവും അര്‍ധസത്യവും അടങ്ങുന്നതാണു റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പുനോട്ടീസ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. ഒരു ധനകാര്യ സ്ഥാപനത്തിന്റെ നിലനില്‍പ്പ്് അപകടത്തിലാക്കുന്നവിധത്തില്‍ റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കുന്നത് ഒരിക്കലും നീതികരിക്കാവുന്നതല്ല. ഒരു ധനകാര്യസ്ഥാപനത്തിന്റെ നിലനില്‍പ്പ് അവിടത്തെ ഇടപാടുകാരുടെ വിശ്വാസ്യതയാണ്. നിക്ഷേപങ്ങള്‍ ഒന്നിച്ച് പിന്‍വലിക്കപ്പെടില്ലെന്നും വായ്പകള്‍ക്കു തിരിച്ചടവ് മുടങ്ങില്ലെന്നുമുള്ള വിശ്വാസമാണു ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്സിന് അടിസ്ഥാനമാകുന്നത്. അത്തരം ഇടപാടുകാര്‍ക്കിടയിലേക്ക് അവിശ്വാസം ഉണ്ടാകുന്ന നടപടി രാജ്യത്തെ പരമോന്നത ധനകാര്യ മാനേജ്‌മെന്റ് സ്ഥാപനമായ റിസര്‍വ് ബാങ്കില്‍നിന്നുണ്ടാകുന്നത് അതിഗൗരവമുള്ളതാണ്. നിര്‍ഭാഗ്യവശാല്‍ സഹകരണ സംഘങ്ങളെക്കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പുനോട്ടീസ് ഇത്തരമൊരു നടപടിയാണെന്നു പറയേണ്ടിവരും.

ബാങ്കിങ് റഗുലേഷന്‍ ആക്ടില്‍ 2020 സെപ്റ്റംബറില്‍ ( 2020 ജൂണില്‍ ഓര്‍ഡിനന്‍സ് ഇറങ്ങി ) കൊണ്ടുവന്ന ഭേദഗതിയാണ് ഇപ്പോഴത്തെ ജാഗ്രതാ മുന്നറിയിപ്പിന്റെ അടിസ്ഥാനമെന്നാണു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മൂന്നു കാര്യങ്ങളാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തിലുള്ളത്. 1. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്. 2. നാമമാത്ര,അസോസിയേറ്റ് അംഗങ്ങളില്‍നിന്നുള്ള നിക്ഷേപം പൊതുജനങ്ങളുടെ നിക്ഷേപം എന്ന രീതിയില്‍ കണക്കാക്കും. അതു നിയമവിരുദ്ധമാണ്.
3. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനു ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷന്റെ ( ഡി.ഐ.സി.ജി.സി ) സുരക്ഷ ഉണ്ടായിരിക്കില്ല.

ഈ മൂന്നു കാര്യങ്ങള്‍ ഉന്നയിക്കാന്‍ റിസര്‍വ് ബാങ്ക് അടിസ്ഥാനമാക്കിയതു ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ 2020 ല്‍ വരുത്തിയ ഭേദഗതിയാണെന്നു നോട്ടീസില്‍ പറയുന്നുണ്ട്. എന്നാല്‍, ഭേദഗതിനിയമത്തില്‍ ഇതിനാധാരമായ വ്യവസ്ഥകളില്ലെന്നതാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന കാര്യം. അതാണു കേരളം ആര്‍.ബി.ഐ.യ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനവും. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടി. മാത്രവുമല്ല, നിയമവിരുദ്ധവും ജനങ്ങളില്‍ അനാവശ്യ ആശങ്കയുണ്ടാക്കുന്നതുമാണിത്. ഇതെല്ലാമാണു നമ്മുടെ വാദം. ഇതിനെ നിയമപരമായും സംഘടനാപരമായും നേരിടുന്നതിനുള്ള നടപടികളും നമ്മള്‍ സ്വീകരിച്ചിട്ടുണ്ട്. നിരവധി സമരങ്ങള്‍ കേരളത്തിന്റെ പല ഭാഗത്തായും റിസര്‍വ് ബാങ്കിനു മുമ്പിലും നടന്നുകഴിഞ്ഞു. ഇനിയും നടക്കാനിരിക്കുന്നു. സുപ്രീംകോടതിയെ സമീപിക്കാന്‍ മന്ത്രിതന്നെ ഡല്‍ഹിയിലെത്തി കൂടിയാലോചന നടത്തി. സഹകരണ സംരക്ഷണ വേദി രൂപവത്കരിച്ചു.

‘ബാങ്കി’ലെ തര്‍ക്കം

പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു ബാങ്ക് എന്ന പേര് ഉപയോഗിക്കാനാവില്ലെന്നതാണു റിസര്‍വ് ബാങ്ക് ഉന്നയിച്ച നോട്ടീസിലെ ഒന്നാമത്തെ ഭാഗം. ഇതു ശരിയാണെന്നും തെറ്റാണെന്നുമുള്ള വാദം നിലനില്‍ക്കുന്നുണ്ട്. കേരളം ഔദ്യോഗികമായി ഉന്നയിക്കുന്നത് ഈ വാദം തെറ്റാണെന്നാണ്. അതു സഹകരണ സംഘം രജിസ്ട്രാറും സഹകരണ മന്ത്രിയും കത്തിലൂടെ റിസര്‍വ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. അതിലുപരി നിയമപരമായി ചോദ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ ഉദ്ദേശശുദ്ധി സംശയിക്കുന്നതിന് ഒട്ടേറെ കാരണങ്ങളണ്ട്. 2020 സെപ്റ്റംബര്‍ 29 നു നിലവില്‍ വന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി വ്യവസ്ഥകളനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്ന വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണു ആര്‍.ബി.ഐ. നല്‍കിയ പരസ്യത്തില്‍ പറയുന്നത്. എന്നാല്‍, റിസര്‍വ് ബാങ്ക് ഇപ്പോള്‍ പറഞ്ഞിരിക്കുന്ന കാര്യം 2007 മുതല്‍ റിസര്‍വ് ബാങ്ക് പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാര്യമാണ്. 2011, 2017 ജൂണ്‍, നവംബര്‍ കാലത്തെല്ലാം സമാനമായ പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. 2020 ലെ ബാങ്കിങ് റെഗുലേഷന്റെ ഭേദഗതിയനുസരിച്ചാണു പുതിയ വ്യവസ്ഥ വന്നതെങ്കില്‍ അതിനുമുമ്പ് റിസര്‍വ് ബാങ്ക് ഈ പത്രക്കുറിപ്പിറക്കിയത് എന്തിനാണ് ? ഇതാണു ഗുഢലക്ഷ്യവും നിയമവിരുദ്ധതയും ആരോപിക്കാന്‍ ചൂണ്ടിക്കാട്ടുന്ന കാര്യം.

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ അനുമതിയുണ്ടോ എന്നതാണു പ്രധാന ചോദ്യം. 1949 ലാണു ബാങ്കിങ് റഗുലേഷന്‍സ് ആക്ട് വരുന്നത്. അതിന്റെ മൂന്നാം വകുപ്പില്‍ പറയുന്നത് ‘ Nothing in this act shall apply to a Co-operative Bank registered under the Co-operative Societies Act 1912 or any other law for the timebeing in force in any part of India relating to Co-operative Societies’ – എന്നാണ്. 2012 നു ശേഷമാണു സഹകരണം ഒരു കേന്ദ്രവിഷയമ ല്ലാതായി മാറുന്നത്. 1915 ലാണു തിരുവനന്തപുരം സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് രജിസ്റ്റര്‍ ചെയ്യുന്നത്. അതായത്, സഹകരണ സംഘത്തിനു ബാങ്ക് എന്ന പേര് അന്നേ നമ്മള്‍ ഉപയോഗിച്ചിരുന്നു എന്നര്‍ഥം. 1966 ല്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വന്നപ്പോള്‍ മൂന്നാം വകുപ്പില്‍ മാറ്റം വരുത്തി. ഇതിനൊപ്പം, സഹകരണ സംഘങ്ങള്‍ക്കു ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി 56 -ാം വകുപ്പും അഞ്ചാം ഭാഗവും ഈ നിയമത്തില്‍പ്പെടുത്തി. ഈ ഭേദഗതിയില്‍ മൂന്നാം വകുപ്പില്‍ സഹകരണ സംഘങ്ങള്‍ക്കു ചില കാര്യങ്ങളില്‍ ഈ നിയമം ബാധകമാകുമെന്നു മാറ്റം വരുത്തി. എന്നാല്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു നിയമം ബാധകമല്ലെന്നു മൂന്നാം വകുപ്പില്‍ കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്. പക്ഷേ, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിനു പ്രാഥമിക സഹകരണ ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്ന തര്‍ക്കം ഈ ഘട്ടത്തില്‍ത്തന്നെ ഉന്നയിക്കപ്പെട്ടിരുന്നു. അതിനു തടസ്സമില്ലെന്നു നബാര്‍ഡ് ആക്ടില്‍ വ്യക്തമാക്കിയതിനാല്‍ റിസര്‍വ് ബാങ്കിനു കൂടുതല്‍ നടപടി ഇതിനെതിരെ പ്രയോഗിക്കാന്‍ കഴിഞ്ഞില്ല.

ഈ പഴുതും മാറ്റിയാണ് 2020 ല്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത്. നബാര്‍ഡ് ആക്ടില്‍ എന്തുതന്നെ പറഞ്ഞാലും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കുകയോ ബാങ്കിങ് ബിസിനസ് നടത്തുകയോ ചെയ്താല്‍ അതിനെ കാര്‍ഷിക വായ്പാ സഹകരണ സംഘമായി കണക്കാക്കാനാവില്ലെന്നാണ് ഈ ഭേദഗതിയിലൂടെ കൊണ്ടുവന്ന വ്യവസ്ഥ. ഇതോടെ, ബാങ്ക് എന്ന പേര് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഉപേക്ഷിക്കേണ്ടിവരുമെന്നുതന്നെയാണു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടന നിര്‍ദേശിക്കുന്നതനുസരിച്ച് ബാങ്കിങ് കേന്ദ്രവിഷയവും സഹകരണം സംസ്ഥാന വിഷയവുമാണ്. അതിനാല്‍, ഇനി ഏതെങ്കിലും പഴുത് ഉപയോഗിച്ച് ബാങ്ക് എന്ന പേര് നിലനിര്‍ത്തിയാല്‍ത്തന്നെ, കേന്ദ്രത്തിന് അതു മാറ്റണമെന്ന് ഉദ്ദേശമുണ്ടെങ്കില്‍ കേന്ദ്ര നിയമത്തില്‍ ഇനിയും ഭേദഗതി കൊണ്ടുവരാവുന്നതേയുള്ളൂ.

അംഗങ്ങളെ നിശ്ചയിക്കുന്നതാര് ?

വോട്ടവകാശമുള്ള അംഗങ്ങളെ മാത്രമേ ഒരു സഹകരണ സ്ഥാപനത്തിലെ അംഗങ്ങളായി പരിഗണിക്കാനാകൂവെന്നാണ് ആര്‍.ബി.ഐ. നോട്ടീസില്‍ പറയുന്നത്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെ പൊതുജനങ്ങളായി പരിഗണിക്കുമെന്നാണു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. അത്തരം അംഗങ്ങളുമായുള്ള ഇടപാട് ബാങ്കിങ് ബിസിനസ്സായി കണക്കാക്കുന്നതിനാല്‍ റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സില്ലെങ്കില്‍ നിമയമവിരുദ്ധമാകും. ഇതാണ് ആര്‍.ബി.ഐ. നോട്ടീസിലെ വാദം. റിസര്‍വ് ബാങ്കിന്റെ ഈ വാദം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റിസര്‍വ് ബാങ്ക് നോട്ടീസിലെ പരാമര്‍ശം ഇങ്ങനെയാണ് : ‘ 1949 ലെ ബാങ്കിങ് നിയമനിയന്ത്രണത്തിന്റെ വ്യവസ്ഥകള്‍ ലംഘിച്ച്, ബാങ്കിങ് ബിസിനസ് നടത്തുന്നതിനു തുല്യമായി ചില സഹകരണ സംഘങ്ങള്‍ അംഗങ്ങളല്ലാത്തവരില്‍നിന്നും നാമമാത്ര അംഗങ്ങളില്‍നിന്നും അസോസിയേറ്റ് അംഗങ്ങളില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നതായി ആര്‍.ബി.ഐ.യുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മേല്‍പ്പറഞ്ഞ സഹകരണ സംഘങ്ങള്‍ക്കു ബി.ആര്‍.ആക്ട് പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും അവയെ ബാങ്കിങ് ബിസിനസ് നടത്തുന്നതിന് ആര്‍.ബി.ഐ. അധികാരപ്പെടുത്തിയിട്ടില്ലെന്നും പൊതുജനങ്ങളെ ഇതിനാല്‍ അറിയിക്കുന്നു.’

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നാണ് ആര്‍.ബി.ഐ.യുടെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ ലംഘിക്കപ്പെട്ട വ്യവസ്ഥ എന്താണെന്നു വിശദീകരിക്കേണ്ടതുണ്ട്. ബി.ആര്‍. ആക്ടില്‍ ഒരിടത്തും ഒരു സഹകരണ സംഘത്തിലെ അംഗങ്ങള്‍ ആരാകണമെന്നു വ്യവസ്ഥ ചെയ്തിട്ടില്ല. പിന്നെയെങ്ങനെ നാമമാത്ര, അസോസിയേറ്റ് അംഗങ്ങളില്‍നിന്നുള്ള നിക്ഷേപം നിയമവിരുദ്ധമാകുമെന്നു വിശദീകരിക്കേണ്ടതു റിസര്‍വ് ബാങ്കാണ്. ഇപ്പോള്‍ ആര്‍.ബി.ഐ. ഉന്നയിക്കുന്ന സമാനവാദം സഹകരണ സംഘങ്ങള്‍ക്ക് ആദായനികുതി ഇളവ് നിഷേധിക്കുന്നതിനു മുമ്പ് ഇന്‍കംടാക്‌സ് വകുപ്പ് ഉയര്‍ത്തിയതാണ്. സഹകരണ ബാങ്കുകള്‍ ആദായനികുതി നല്‍കണമെന്ന് ആദായനികുതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, സഹകരണ സംഘങ്ങള്‍ക്കു നികുതി ഇളവ് നല്‍കുന്നുണ്ട്. സഹകരണ സംഘം ഒരു നാടിന്റെ ജനകീയ കൂട്ടായ്മയായി രൂപപ്പെട്ട്, ആ നാടിന്റെ ഉന്നമനത്തിനുവേണ്ടി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന സ്ഥാപനമാണ് എന്ന നിലയിലാണ് ഈ നികുതി ഇളവ് നിയമപരമായിത്തന്നെ നല്‍കിയത്.

സുപ്രീംകോടതി വ്യക്തമാക്കിയത്

ആദായനികുതി കേസില്‍ 2021 ജനുവരി 12 നു സുപ്രീം കോടതിയുടെ വിധിയില്‍ ആര്‍.ബി.ഐ.യുടെ ഇപ്പോഴത്തെ കുറ്റപ്പെടുത്തലിനുള്ള ഉത്തരം കൂടിയുണ്ട്. അന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ പ്രാധാന വാദം ഇതായിരുന്നു : ‘പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘത്തിന്റെ ഇടപാടുകള്‍ പ്രധാനമായും നോമിനല്‍ അംഗങ്ങളുമായിട്ടാണ്. നോമിനല്‍ അംഗങ്ങളെന്നതു യഥാര്‍ഥ അംഗങ്ങളല്ല. അതു പൊതുസമൂഹത്തിനു തുല്യമാണ്. പൊതുജനങ്ങളുമായി ബാങ്കിങ് ബിസിനസ് ചെയ്യുന്നതു കാര്‍ഷിക വായ്പാ സഹകരണ സംഘത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. അതു ബാങ്കിങ് പ്രവര്‍ത്തനമാണ്.’ ഇതാണ് ഇപ്പോള്‍ ആര്‍.ബി.ഐ.യുടെ മുന്നറിയിപ്പുനോട്ടിസീലും പറയുന്നത്. സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളും ഒന്നല്ല എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ ഈ വിധിയില്‍ വിശദീകരിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളാണു സഹകരണ ബാങ്കുകളെന്നു ബി.ആര്‍ ആക്ടിലെ 22 (1) (ബി) വകുപ്പില്‍ വിശദമാക്കിയിട്ടുണ്ട്. മാത്രവുമല്ല, കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്കിന്റെ ലൈസന്‍സിന് അപേക്ഷിച്ചപ്പോള്‍ 2013 ഒക്ടോബര്‍ 25 ന് ആര്‍.ബി.ഐ. നല്‍കിയ കത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ബാങ്കിങ് ലൈസന്‍സ് വേണ്ടതില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇവ സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലാണെന്നും ആര്‍.ബി.ഐ.യുടെ നിയന്ത്രണത്തിലല്ലെന്നും വിശദമാക്കിയിട്ടുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

നാമമാത്ര, അസോസിയേറ്റ് അംഗങ്ങളെന്നതു സഹകരണ സംഘത്തിന്റെ യഥാര്‍ഥ അംഗങ്ങളല്ലെന്ന ആദായനികുതി വകുപ്പിന്റെ വാദവും സുപ്രീംകോടതി തള്ളി. നോമിനല്‍ അംഗങ്ങളെ പൊതുജനങ്ങളായും അവരുമായുള്ള ഇടപാട് ബാങ്കിങ് പ്രവര്‍ത്തനമായും വ്യാഖ്യാനിക്കുന്നതു നിയമപരമല്ലെന്നു വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. ആദായനികുതി നിയമത്തില്‍ ഒരിടത്തും സഹകരണ സംഘത്തിലെ അംഗങ്ങളെ നിര്‍വചിച്ചിട്ടില്ല. അതതു സംസ്ഥാനങ്ങളാണു സഹകരണ നിയമം പാസാക്കുന്നത്. ആ നിയമത്തിലാണു സഹകരണ സംഘത്തിലെ അംഗങ്ങളെ നിര്‍വചിച്ചിട്ടുള്ളത്. ആ നിര്‍വചനമാണ് ആദായ നികുതി നിയമവും അംഗീകരിക്കുന്നത്. കേരള സഹകരണ സംഘം നിയമത്തില്‍ നോമിനല്‍ അംഗങ്ങളെയും അംഗങ്ങളായിത്തന്നെയാണു കണക്കാക്കിയിട്ടുള്ളത്. നിയമത്തെ തെറ്റായി വ്യാഖ്യാനിച്ചെടുത്ത് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്റെ പിന്നാമ്പുറം ആദായനികുതി ഉദ്യോഗസ്ഥര്‍ തേടേണ്ടതില്ലെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2021 ജുലായ് 20 നു ഭരണഘടനാ ഭേദഗതി റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയും പ്രധാനമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ രണ്ടാം പട്ടികയില്‍ 32-ാമത്തെ ഇനമാണു സഹകരണം. ഇതു സംസ്ഥാന വിഷയമാണ്. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള ഒരു വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനു നിയമനിര്‍മാണം പാടില്ലെന്നായിരുന്നു ഈ വിധി. ഭരണഘടനാ ഭേദഗതി ആദ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ പറയുന്നത് ഇങ്ങനെയാണ് : ‘ഭരണഘടനാ ഭേദഗതിയിലൂടെ സംസ്ഥാനവിഷയമായ ‘സഹകരണ സംഘ’ങ്ങളില്‍ കടന്നുകയറാനുള്ള വളഞ്ഞവഴിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഫെഡറല്‍ തത്വമെന്ന ഭരണഘടനയുടെ അടിസ്ഥാനഘടനയെ ബാധിക്കുന്നതാണിത്. സ്വതന്ത്രവും ശരിയായ വിധത്തിലും നിയമം നിര്‍മിക്കാനുള്ള സംസ്ഥാന നിയമസഭകളുടെ അവകാശം നഷ്ടപ്പെടുത്തുന്നതും വെട്ടിക്കുറയ്ക്കുന്നതുമാണ് 97-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥകള്‍’. നീതിപീഠം പറഞ്ഞിട്ടും സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ നാമമാത്ര, അസോസിയേറ്റ് അംഗങ്ങളെ നിയമവിരുദ്ധ അംഗങ്ങളായി നിര്‍വചിക്കാന്‍ റിസര്‍വ് ബാങ്കിന് എന്താണ് അധികാരമെന്നു വിശദീകരിക്കേണ്ടതുണ്ട്.

സഹകരണ നിക്ഷേപ സുരക്ഷ

സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കു കേന്ദ്ര നിക്ഷേപ ഗാരണ്ടി കോര്‍പ്പറേഷന്റെ സുരക്ഷയില്ലെന്നാണ് ആര്‍.ബി.ഐ. പൊതുജനങ്ങള്‍ക്കു നല്‍കിയ മുന്നറിയിപ്പ്. ഇത് അര്‍ധ സത്യമാണ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സുള്ള വാണിജ്യ ബാങ്കുകളിലെ നിക്ഷേപത്തിനാണു കേന്ദ്ര ഗാരണ്ടി കോര്‍പ്പറേഷന്‍ സുരക്ഷ നല്‍കുന്നത്. അതു സഹകരണ സംഘങ്ങള്‍ക്കുവേണ്ടിയുള്ള സ്ഥാപനമല്ല. പക്ഷേ, കേരളത്തില്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിനു മാത്രമല്ല, എല്ലാ സഹകരണ സംഘങ്ങളിലെയും നിക്ഷേപത്തിനു ഗാരണ്ടി നല്‍കുന്നുണ്ട്. അതിനു സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡ് എന്ന സ്ഥാപനമുണ്ട്. കേന്ദ്ര ഗാരണ്ടി കോര്‍പ്പറേഷനു സമാനമായ രീതിയിലുള്ള സംസ്ഥാനത്തിന്റെ ക്രമീകരണമാണിത്. ആര്‍.ബി.ഐ. പോലുള്ള സ്ഥാപനം നിക്ഷേപത്തിനു സുരക്ഷയില്ലെന്നു പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുമ്പോള്‍ മറ്റൊരു ഗാരണ്ടി സംവിധാനമുണ്ടെന്ന വസ്തുത മറച്ചുവെക്കുന്നത് ഉത്തരവാദിത്തരഹിതമായ നടപടിയാണ്.

അതേസമയം, സഹകരണ ബാങ്കുകളിലെ നിക്ഷേപത്തിന്റെ ഗാരണ്ടി സംബന്ധിച്ച് റിസര്‍വ് ബാങ്കിന് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കില്‍ അക്കാര്യം സഹകരണ സംഘം രജിസ്ട്രാറെയോ സര്‍ക്കാരിനേയോ അറിയിക്കുന്നതിനു തടസ്സമില്ല. അത്തരമൊരു നടപടിയും റിസര്‍വ് ബാങ്ക് ഇതുവരെ സ്വീകരിച്ചിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയും ഭദ്രതയും നിലനിര്‍ത്തേണ്ട ഉത്തരവാദിത്തമാണു റിസര്‍വ് ബാങ്കില്‍ അര്‍പ്പിതമായിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍, സാമ്പത്തിക സുരക്ഷ അസ്ഥിരമാക്കുന്ന നടപടിയാണു തെറ്റായ ആശങ്ക പൊതുജനങ്ങളിലേക്കു നല്‍കുന്നതിലൂടെ ആര്‍.ബി.ഐ. ചെയ്തിട്ടുള്ളത്. അത് ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്നതാണ് എന്നതുകൊണ്ട് നിസ്സാരവല്‍ക്കരിക്കാനാവില്ല. ഈ സംസ്ഥാനത്ത മൂന്നരക്കോടി ജനങ്ങളും ഇന്ത്യയുടെ ഭാഗമാണ്. ഭരണഘടനയുടെ അധികാര, അവകാശങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരുമാണ്.

കേരളത്തിന്റെ വാര്‍ഷിക ബജറ്റിന്റെ മൂന്നിരട്ടിയാണു കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളിലെ നിക്ഷേപം എന്നു മനസ്സിലാക്കു
മ്പോഴാണു റിസര്‍വ് ബാങ്കിന്റെ നടപടി എത്രമാത്രം ആഘാതമുണ്ടാക്കുമെന്നു ബോധ്യപ്പെടുക. അത്രയും നിക്ഷേപങ്ങള്‍ സുരക്ഷിതമല്ലെന്നും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും റിസര്‍വ് ബാങ്ക് തെറ്റായി പരസ്യപ്പെടുത്തുന്നതു ഗുരുതരമായ തെറ്റാണ്. മണ്ണില്‍ പണിയെടുത്തു ജീവിക്കുന്നവരുടെ സാമ്പത്തിക അഭയകേന്ദ്രമാണു സഹകരണ സംഘങ്ങള്‍. അവരുടെ വിയര്‍പ്പിന്റെ മൂല്യമാണു സഹകരണ സംഘങ്ങളിലെ നിക്ഷേപം. അവയ്ക്കു സുരക്ഷ കൂട്ടാന്‍ ആവോളം ഉപാധികള്‍ നിര്‍ദേശിക്കാം. പക്ഷേ, അത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമല്ലെന്നും പറയുന്നതു പ്രായോഗികമോ ധാര്‍മികമോ ആയ സാമ്പത്തിക നിയന്ത്രണ രീതിയാണെന്നു പറയാനാവില്ല. അതുകൊണ്ട് റിസര്‍വ് ബാങ്കിന്റെ ഈ തെറ്റിദ്ധരിപ്പിക്കലിന്റെ ഗുണഭോക്താക്കള്‍ ആരാണെന്നു ചൂണ്ടിക്കാണിക്കപ്പെടുമെന്ന് ഉറപ്പാണ്. അത്തരം നടപടിയെ രാഷ്ട്രീയമാണെന്നു മുദ്രകുത്തി ചെറുതായി കാണാനാവില്ല.

Leave a Reply

Your email address will not be published.