ആര്‍ഗന്‍ എണ്ണയിലൂടെ ജീവിതം മിനുക്കുന്ന മൊറോക്കോ വനിതകള്‍
യൗവനവും ചര്‍മകാന്തിയും നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന ആര്‍ഗന്‍ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന മൊറോക്കോയിലെ വനിതാ സഹകരണ സംഘങ്ങളെക്കുറിച്ച്
ആഫ്രിക്കയിലെ വരണ്ട മണ്ണില്‍ വളരുന്ന മരങ്ങള്‍ തണല്‍ മാത്രമല്ല നല്‍കുന്നത്. അവ നിര്‍ധനരായ ചിലര്‍ക്കെങ്കിലും ജീവിതവും സമ്മാനിക്കുന്നുണ്ട്. ഷിയ, ബയോബാബ് മരങ്ങള്‍ ആഫ്രിക്കയില്‍ ഒരുപാടു പേരുടെ ജീവനോപാധിയാണ്. ( ഈ മരങ്ങളുടെ പഴത്തിന്റെ കുരു ഉപയോഗിച്ച് ഘാനയില്‍ സഹകരണ സംഘങ്ങളിലൂടെ ജീവിതം കെട്ടിപ്പടുത്തവരുടെ കഥ ‘ മൂന്നാംവഴി ‘ കഴിഞ്ഞ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു ). ഇത്തരത്തില്‍പ്പെട്ട മറ്റൊരു പ്രധാന മരമാണു ആര്‍ഗന്‍. മൊറോക്കോയിലാണു ഈ മരം വളരുന്നത്. ഇതിന്റെ പഴത്തിന്റെ കുരുവില്‍ നിന്നെടുക്കുന്ന എണ്ണ പാചകത്തിനുപയോഗിക്കാം. അതുപോലെ, യൗവനവും ചര്‍മകാന്തിയും നിലനിര്‍ത്താന്‍ ദേഹത്തു തേയ്ക്കാം. മുടി നന്നായി വളരാനും മുടിയുടെ മൃദുലത നിലനിര്‍ത്താനും തലയിലും തേയ്ക്കാം. ആന്റി ഓക്‌സിഡന്റ്ും വിറ്റാമിന്‍ ഇ യും അടങ്ങിയിരിക്കുന്നതിനാല്‍ ഈ എണ്ണ മുടികൊഴിച്ചില്‍ തടയുന്നു. തലയോട്ടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. മലയാളി വനിതകള്‍ക്കും ഇപ്പോള്‍ പരിചിതമാണു ആര്‍ഗന്‍ എണ്ണ.
തലമുറകളായി ഉണ്ടാക്കിവരുന്നതാണു ആര്‍ഗന്‍ എണ്ണ. എണ്ണയുടെ മുഴുവന്‍ ഗുണവും കിട്ടണമെങ്കില്‍ കൈ കൊണ്ടുതന്നെ ഉണ്ടാക്കണം എന്നാണു മൊറോക്കോ വനിതകള്‍ വിശ്വസിക്കുന്നത്. കുറച്ചു കാലം മുമ്പു വരെ വീട്ടില്‍ത്തന്നെയാണു ആര്‍ഗന്‍ എണ്ണയുണ്ടാക്കിയിരുന്നത്. പുരുഷ•ാര്‍ അതു അങ്ങാടികളില്‍ കൊണ്ടുപോയി വില്‍ക്കും. കുറഞ്ഞ വരുമാനമേ അതില്‍നിന്നു കിട്ടിയിരുന്നുള്ളു. തുച്ഛമായ വരുമാനം കൊണ്ട്് ജിവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ട ഗ്രാമീണ വനിതകള്‍ ഒത്തുചേര്‍ന്നു സഹകരണ സംഘങ്ങള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണു രണ്ടായിരാമാണ്ടിനു ശേഷം ആര്‍ഗന്‍ ഓയില്‍ കോ – ഓപ്പറേറ്റീവ് സൊസൈറ്റികള്‍ നിലവില്‍ വന്നത്.
സാംസ്‌കാരിക പൈതൃകപ്പട്ടികയില്‍
മൊറോക്കോയിലെ സോസ് – മസാ മേഖലയില്‍ മാത്രമാണു ആര്‍ഗന്‍ മരങ്ങള്‍ വളരുന്നത്. സോസ് – മസാ മേഖലയെയും ആര്‍ഗന്‍ മരത്തെയും അതില്‍ നിന്നുള്ള എണ്ണയുല്‍പ്പാദനത്തെയും 2014 ല്‍ യുനെസ്‌കോ ലോക സാംസ്‌കാരിക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. അതുകൊണ്ടുതന്നെ ധാരാളം വിനോദ സഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ട്. അവരും വാങ്ങുന്നതിനാല്‍ ആര്‍ഗന്‍ എണ്ണയുടെ വില്‍പ്പനയില്‍ കാര്യമായ വര്‍ധന ഇപ്പോഴുണ്ടായിട്ടുണ്ട്. ആര്‍ഗന്‍ മരത്തിന്റെ ആഴത്തിലുള്ള വേരുകളും ചെറിയ ഇലകളും ജലനഷ്ടത്തേയും വരണ്ട കാറ്റിനെയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണു നൂറു ശതമാനം ശുദ്ധമായ ആര്‍ഗന്‍ എണ്ണ. ഒരു ലിറ്റര്‍ എണ്ണ കിട്ടാന്‍ ഏതാണ്ട് നാല്‍പ്പതു കിലോ ആര്‍ഗന്‍ കുരു ആവശ്യമാണ്. 12 സ്ത്രീകള്‍ ചേര്‍ന്നു രണ്ടു ദിവസം അധ്യാനിച്ചാലേ ഒരു ലിറ്റര്‍ എണ്ണ കിട്ടൂ.
അക്കെയ്ന്‍ ഔര്‍ഗെയ്ന്‍ പ്രദേശത്തു 2007 ല്‍ ആരംഭിച്ച ആര്‍ഗന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നന്നായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളില്‍പ്പെടുന്നു. 2013 ലാണു ഈ സൊസൈറ്റിക്കു പുതിയ ദിശാബോധം നല്‍കിക്കൊണ്ട്, സാമ്പത്തിക സഹകരണത്തിനും വികസനത്തിനും വേണ്ടിയുള്ള ജര്‍മന്‍ മന്ത്രാലയം അവിടേക്കു കടന്നുവരുന്നത്. ഡ്യൂഷെ ജെസല്‍ ഷാഫ്റ്റ് ഇന്റര്‍നാഷണലെ സുസാമെനാര്‍ബീറ്റ് ( G I Z ) എന്ന സംഘടന വഴിയാണു മന്ത്രാലയത്തിന്റെ പ്രവര്‍ത്തനം. ഗ്രാമീണ ജനതയുടെ തൊഴിലും വരുമാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു ഏ ക ദ പ്രവര്‍ത്തിക്കുന്നത്. 70 അംഗങ്ങളുള്‍പ്പെടെ 350 വനിതകള്‍ ജോലി ചെയ്യുന്ന ഈ സംഘത്തിനു ജര്‍മന്‍ മന്ത്രാലയത്തിന്റെ ഇടപെടല്‍ ഗുണം ചെയ്തു. എണ്ണയുടെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്താനായി റോസ്റ്റിങ് മെഷീനുകള്‍, ഓയില്‍ പ്രസ്സുകള്‍, ഫില്‍ട്ടറുകള്‍, ഫില്ലിങ് ഉപകരണങ്ങള്‍ എന്നിവയ്ക്കു മന്ത്രാലയത്തിനു കീഴിലുള്ള സംഘടന ( G I Z ) ധനസഹായം നല്‍കി. ഇപ്പോഴുപയോഗിക്കുന്ന ആധുനിക യന്ത്രങ്ങള്‍ വഴി വളരെ പെട്ടെന്നു എണ്ണ ആട്ടിയെടുക്കാന്‍ കഴിയുന്നുണ്ട്. സാങ്കേതിക, ബിസിനസ് പരിശീലന ക്ലാസുകളില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാറുണ്ട്. അന്താരാഷ്ട്ര വ്യാപാര മേളകളില്‍ പങ്കെടുക്കാനും സംഘത്തിലെ വനിതകള്‍ക്കു അവസരം കിട്ടി. അതോടെ, മൊറോക്കോയിലെ ഒരു ഗ്രാമപ്രദേശത്തു മാത്രം ഒതുങ്ങിനിന്നിരുന്ന അവരുടെ ലോകം വികസ്വരമായി.
വരുമാനം വര്‍ധിക്കുന്നു
അക്കൗണ്ടന്റായ ജമീല റെയ്‌സി എന്ന വനിത സഹകരണ സംഘത്തിന്റെ മാനേജിങ് ഡയരക്ടറായി വന്നതോടെ പ്രവര്‍ത്തനങ്ങള്‍ക്കു അടുക്കും ചിട്ടയും വന്നു. ടൂറിസം, വ്യവസായം, പ്രാദേശിക ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവരുമായി സഹകരിച്ചാണിപ്പോള്‍ സംഘം പ്രവര്‍ത്തിക്കുന്നത്. ഇക്കോ ടൂറിസം വഴി നിരവധി വിദേശ സന്ദര്‍ശകര്‍ സംഘത്തിന്റെ ഉപഭോക്താക്കളായി. സംഘാംഗങ്ങളുടെ പരമ്പരാഗത ജീവിത രീതികളെയും ജോലിയെയും കുറിച്ച് അറിയാനും ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ടൂറിസ്റ്റുകള്‍ അതീവ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഇതു സംഘത്തിന്റെ ബിസിനസ് വര്‍ധിപ്പിക്കാന്‍ സഹായിച്ചു. വരുമാനം 50 ശതമാനം ഇപ്പോള്‍ കൂടിയിട്ടുണ്ട്. ഇതിന്റെ ഫലമായി കുടുംബങ്ങളുടെ വരുമാനവും വര്‍ധിച്ചു. അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടു.
60 അംഗങ്ങള്‍ ചേര്‍ന്നു 2007 ല്‍ ടിഖാനിമൈനില്‍ തുടങ്ങിയ ആര്‍ഗന്‍ എണ്ണ സഹകരണ സംഘവും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ബെര്‍ബര്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട നിരക്ഷരരായ ഗ്രാമീണ വനിതകളെ പഠിപ്പിക്കാന്‍ സാക്ഷരതാ ക്ലാസ് നടത്തിയിരുന്ന നാദിയ അല്‍ ഫാത്മി എന്ന വനിതയാണു സംഘം പ്രസിഡന്റ്. തുടക്കത്തില്‍ പുരുഷ•ാര്‍ക്കു വലിയ എതിര്‍പ്പായിരുന്നു. സ്ത്രീകള്‍ ജോലിക്കായി വീടിനു വെളിയില്‍ പോകുന്നതിലായിരുന്നു എതിര്‍പ്പ്. അതു ആചാരങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു അവരുടെ വാദം. കുടുംബത്തിലേക്കു നല്ല വരുമാനം വരുമെന്നറിഞ്ഞതോടെ അവര്‍ പിന്നീടു വഴങ്ങി. ‘ സുവര്‍ണ ദ്രാവകം ‘ എന്നറിയപ്പെടുന്ന ആര്‍ഗന്‍ എണ്ണ ടൂണറോസ് എന്ന വ്യാപാര നാമത്തിലാണു ഈ സംഘം കയറ്റി അയക്കുന്നത്.
ബെര്‍ബര്‍ ഗോത്ര വര്‍ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മര്‍ജാനയിലെ സഹകരണ സംഘത്തില്‍ 80 വനിതകള്‍ അംഗങ്ങളാണ്. 20 – 85 പ്രായപരിധിയില്‍പ്പെട്ടവരാണു അംഗങ്ങള്‍. ഇവര്‍ പാരമ്പര്യത്തില്‍ മുറുകെപ്പിടിച്ചാണു പ്രവര്‍ത്തിക്കുന്നത്. കൈ കൊണ്ടാണിവര്‍ എണ്ണയുണ്ടാക്കുന്നത്. എന്നിട്ടും നല്ല വരുമാനം കിട്ടുന്നുണ്ട്. തങ്ങളുടെ നാട്ടിലെ സ്‌കൂളുകളിലേക്കു പണവും പുസ്തകങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും സംഭാവന ചെയ്യുന്ന ഈ സംഘം സാമൂഹിക പ്രതിബദ്ധതയില്‍ മുന്നിട്ടു നില്‍ക്കുന്നു.
എണ്ണയുണ്ടാക്കുന്ന സഹകരണ സംഘങ്ങള്‍ രൂപം കൊണ്ടതോടെയാണു പാരമ്പര്യത്തില്‍ മുറുകെപ്പിടിച്ചു ജീവിച്ചിരുന്ന ഇവിടത്തെ സ്ത്രീകള്‍ ആദ്യമായി വീടിനു പുറത്തു ജോലി ചെയ്യാന്‍ തുടങ്ങിയത്. മൊറോക്കോ സര്‍ക്കാറും ആര്‍ഗന്‍ ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനു ബെര്‍ബര്‍ വനിതകളുടെ സഹകരണ സംഘങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. മിക്ക സംഘങ്ങളും വാര്‍ഷിക പൊതുയോഗങ്ങള്‍ ചേര്‍ന്നു ജനാധിപത്യ രീതിയില്‍ വോട്ടു ചെയ്താണു ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
തങ്ങളുടെ ജീവനോപാധിയായ ആര്‍ഗന്‍ മരങ്ങളെ വംശനാശം വരാതെ കാത്തു സംരക്ഷിക്കാനുള്ള നടപടികളും സോസ് – മസാ മേഖലയിലെ വനിതാ സഹകരണ സംഘങ്ങള്‍ കൈക്കൊള്ളുന്നുണ്ടെന്നു മാനേജിങ് ഡയരക്ടര്‍ ജമീല റെയ്സി പറഞ്ഞു. സ്ത്രീകളെയും തൊഴില്‍രഹിതരെയും സംഘടിപ്പിച്ച് തൊഴില്‍ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും സംഘം ശ്രമിക്കുന്നുണ്ട്. ഈ വര്‍ഷാവസാനത്തോടെ കുറഞ്ഞത് രണ്ടായിരം പേര്‍ക്കെങ്കിലും പുതുതായി തൊഴിലും ഉയര്‍ന്ന വരുമാനവും നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നു ജമീല റെയ്സി പറഞ്ഞു.