ആദ്യം സമീപിക്കേണ്ടത് ആര്‍ബിട്രേഷന്‍ കോടതിയെ
സസ്‌പെന്‍ഷനിലായ സഹകരണ സംഘം ജീവനക്കാരനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യത്തില്‍ വാദം കേട്ട് ആദ്യം തീരുമാനമെടുക്കേണ്ടത് ആര്‍ബിട്രേഷന്‍ കോടതിയാണെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടി. സഹകരണ നിയമമനുസരിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതിക്കില്ല. എന്നാല്‍, ആര്‍ബിട്രേഷന്‍ കോടതിയുടെ തീരുമാനം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം- ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ വിധിച്ചു.
കേരള സഹകരണസംഘം നിയമമനുസരിച്ചാണ് ആര്‍ബിട്രേഷന്‍ കോടതി രൂപവത്കരിച്ചിരിക്കുന്നത്. ഈ സംവിധാനം നിലവിലുള്ളപ്പോള്‍ സഹകരണ ജീവനക്കാര്‍ക്ക് നേരിട്ട് റിട്ട് ഹര്‍ജിയിലൂടെ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയില്ല- ജസ്റ്റിസ് പറഞ്ഞു.
കൊല്ലം ജില്ലയിലെ ഒരു സഹകരണ സംഘത്തിന്റെ ബ്രാഞ്ച് മാനേജരാണ് ഹര്‍ജിക്കാരന്‍. ഇദ്ദേഹത്തെ ബാങ്ക് പ്രസിഡന്റ് സസ്‌പെന്റ് ചെയ്തു. ആറു മാസം കഴിഞ്ഞപ്പോള്‍ സസ്‌പെന്‍ഷന്‍ നീട്ടി. അച്ചടക്ക നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതിനാലാണ് സസ്‌പെന്‍ഷന്‍ നീട്ടുന്നതെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. സസ്‌പെന്‍ഷന്‍ നീട്ടിയ ഉത്തരവ് റദ്ദാക്കി തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ജീവനക്കാരുടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു ബദല്‍ സംവിധാനം നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കില്‍ അതാദ്യം വിനിയോഗിക്കണമെന്നാണ് നിലവിലുള്ള കോടതിവിധികള്‍ വ്യക്തമാക്കുന്നത്. ഇവിടെയും അതുതന്നെ സ്വീകരിക്കണം. അതിനു ശേഷമേ ഹൈക്കോടതിയില്‍ എത്താവൂ- ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ വിധിച്ചു. ( Case No. WP ( C ) 29694 of 2018 )