ആദായ നികുതി: അതി സമ്പന്നര്‍ എന്നും പിന്നില്‍
ഓരോ വര്‍ഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ മധ്യവര്‍ഗത്തിന്റെയും ഉദ്യോഗസ്ഥരുടെയും ഏകശ്രദ്ധ ആദായനികുതിനിരക്കുകളില്‍ വ്യത്യാസങ്ങളെത്ര, നികുതിയിളവുകളില്‍ എന്തൊക്കെ തങ്ങള്‍ക്ക് അനുകൂലമാണ് എന്നൊക്കെയാണ്. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നികുതി ചുമത്തുന്നതും പരിഷ്‌കരിക്കുന്നതും സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധികളുമടങ്ങിയ ജി.എസ്.ടി. സമിതിയായി മാറിയതോടെ കേന്ദ്ര ബജറ്റിന്റെ ഊന്നല്‍ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ, ആദായനികുതി, കോര്‍പ്പറേറ്റ് നികുതി എന്നിവയില്‍ മാത്രമായി ചുരുങ്ങിയല്ലോ? ഇത്തവണ ആദായനികുതിവ്യവസ്ഥയില്‍ ഇളവുകളില്ലാത്ത പുതിയ സമ്പ്രദായംതന്നെ അവതരിപ്പിച്ചുകൊണ്ടാണു ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.
നിക്ഷേപങ്ങള്‍ക്കോ ഭവനവായ്പകള്‍ക്കോ ഉള്ള നികുതിയിളവുകള്‍ ഒന്നും വേണ്ട എന്നു നിശ്ചയിക്കുന്ന നികുതിദായകനു ഏഴു ലക്ഷം രൂപവരെ നികുതിയുണ്ടാവില്ല എന്ന പ്രഖ്യാപനമാണു പുതിയ നികുതിവ്യവസ്ഥയിലെ പ്രധാന നിര്‍ദേശം. എന്നാല്‍, എല്ലാത്തരം ഇളവുകളും അനുവദിക്കുന്ന പഴയ സമ്പ്രദായവും തുടരും. അടുത്ത സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ മുതല്‍ ( 2024-25 ലേത് ) ഓരോരുത്തര്‍ക്കും പുതിയ സമ്പ്രദായം തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ പഴയ സമ്പ്രദായത്തില്‍ത്തന്നെ തുടരാം എന്നും വ്യക്തമാക്കിയിട്ടുണ്ട്. പഴയ സമ്പ്രദായത്തില്‍ തുടരുന്നവര്‍ക്കു സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ രണ്ടര ലക്ഷം എന്നതു മൂന്നു ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും തങ്ങള്‍ക്കു യോജിച്ച സമ്പ്രദായത്തില്‍ നികുതിറിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഒരിക്കല്‍ പുതിയ സമ്പ്രദായത്തിലേക്കു മാറിയാല്‍ പിന്നീട് പഴയ സമ്പ്രദായത്തിലേക്കു തിരിച്ചുപോകാനാവില്ലെന്നു പ്രത്യേകം വ്യവസ്ഥ ചെയ്യുന്നുണ്ട്.
കൂടുതല്‍
അനുയോജ്യം
പുതിയ സമ്പ്രദായമാണോ പഴയ സമ്പ്രദായമാണോ നല്ലത് എന്നതു സംബന്ധിച്ച തീരുമാനം ആദായനികുതിദായകനുതന്നെ എടുക്കാമെങ്കിലും മുപ്പതു ലക്ഷത്തില്‍ത്താഴെ നികുതിവരുമാനമുള്ള എല്ലാവര്‍ക്കും പഴയ സമ്പ്രദായംതന്നെയാണു കൂടുതല്‍ അനുയോജ്യവും അനുകൂലവുമെന്നു വിവിധ സാമ്പത്തികമാധ്യമങ്ങള്‍ നല്‍കുന്ന വിശകലനങ്ങളില്‍ പറയുന്നു. എന്നാല്‍, നിക്ഷേപങ്ങളെയും ഭവനനിര്‍മാണത്തെയും പ്രോത്സാഹിപ്പിക്കുന്ന പഴയ സമ്പ്രദായം ഒഴിവാക്കുന്നതെന്തിന് എന്ന ചോദ്യവും ഉയരുന്നുണ്ട്. നിക്ഷേപിക്കാനായി നികുതിയിളവുകള്‍ ചൂണ്ടിക്കാട്ടി ആരെയും തങ്ങളുടെ വഴിക്കു കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ല. അക്കാര്യത്തിലും ഓരോരുത്തര്‍ക്കും തീരുമാനമെടുക്കാമെന്നാണ് ഇതിനു സര്‍ക്കാര്‍വൃത്തങ്ങളുടെ മറുപടി. പുതിയ തലമുറയുടെ നിക്ഷേപ, സാമ്പത്തിക സമീപനങ്ങള്‍ വ്യത്യസ്തമാണെന്നും അതിനു യോജിക്കുന്നതാണു പുതിയ രീതിയെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍, ആദായനികുതിവ്യവസ്ഥ ഇന്ത്യയില്‍ മാത്രമല്ല വികസിതരാജ്യങ്ങളിലും തലതിരിഞ്ഞ രീതിയിലാണെന്നും അതിസമ്പന്നര്‍ കുറച്ചും മധ്യവര്‍ഗവും താഴ്ന്ന വരുമാനക്കാരും ഉദ്യോഗസ്ഥരും തൊഴിലെടുക്കുന്നവരും കൂടുതലും നികുതി നല്‍കുന്ന വ്യവസ്ഥയാണിതെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പൊതുവിടത്തില്‍ ലഭ്യമായ നാലു വര്‍ഷത്തെ നികുതി, സാമ്പത്തിക, സമ്പദ് വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇതു ശരിവെക്കുകയും ചെയ്യുന്നു. എന്നും നികുതിഭാരത്താല്‍ വലയുന്നത് ഇടത്തരക്കാരും മധ്യവര്‍ഗവും എന്ന പൊതുധാരണയെ അവരുടെ കണ്ടെത്തല്‍ ശരിവെക്കുന്നു.
2014 മുതല്‍ 2019 വരെ തിരഞ്ഞെടുക്കപ്പെട്ട നികുതിദായകരുടെ സമ്പത്തും നികുതിക്കു വിധേയമായ വരുമാനവും വിശകലനം ചെയ്താണു ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ വിദഗ്ധര്‍ പഠനം നടത്തിയത്. 7600 കുടുംബങ്ങളുടെ ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നു വെളിവായ സാമ്പത്തികവിവരങ്ങളാണ് ഇതിനുപയോഗിച്ചത്. ഈ കുടുംബങ്ങളുടെയും അതിലെ മുതിര്‍ന്ന അംഗങ്ങളുടെയും സാമ്പത്തിക-നികുതി വിവരങ്ങള്‍ പൊതുവായി ലഭ്യമാവുന്ന മറ്റു വിവരങ്ങളുമായി താരതമ്യം ചെയ്യുകയാണുണ്ടായത്. ഇതിനായി പൊതുതിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചവരുടെ സത്യവാങ്മൂലങ്ങള്‍, ശതകോടീശ്വരന്മാരുടെ ഫോര്‍ബ്‌സ് പട്ടിക, ആദായനികുതിവകുപ്പ് പ്രസിദ്ധീകരിക്കുന്ന വാര്‍ഷികക്കണക്കുകള്‍, രാജ്യത്തെ അതിസമ്പന്നരായ കുടുംബങ്ങളുടെ അധീനതയിലുള്ള കമ്പനികളുടെ വാര്‍ഷികക്കണക്കുകള്‍ എന്നിവ ഉപയോഗപ്പെടുത്തി. ഈ വിവരങ്ങളെല്ലാം ഏതൊരാള്‍ക്കും ഓരോ വകുപ്പിന്റെയും ഔദ്യോഗികവിവരങ്ങളുടെ ശേഖരത്തില്‍ നിന്നു ലഭിക്കുന്നതാണ്.
അദ്ഭുതകരമായിരുന്നു ഈ താരതമ്യപഠനത്തിന്റെ ഫലം. ആകെ പഠനവിധേയമാക്കിയ 7600 കുടുംബങ്ങളുടെ സ്ഥിതിവിവരക്കണക്കുകളില്‍ ഏറ്റവും വരുമാനം കുറഞ്ഞ പത്തു ശതമാനത്തില്‍പ്പെട്ടവര്‍ ആകെ അടച്ച ആദായനികുതി അവരുടെ സമ്പത്തിന്റെ 170 ശതമാനം വരും. അവരുടെ കുടുംബത്തിന്റെ ആകെ ആസ്തിയും സമ്പത്തും കണക്കാക്കിയാണ് ഇവരുടെ വരവിന്റെ നികുതിയോഗ്യമായ വരുമാനം അവരുടെ ആകെ സമ്പത്തിന്റെ 170 ശതമാനം വരുമെന്നു കണ്ടെത്തിയത്. എന്നാല്‍, ഈ പട്ടികയിലെ സമ്പത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അഞ്ചു ശതമാനം ആള്‍ക്കാര്‍ ആകെ ആദായനികുതിയായി അടച്ചതു അവരുടെ ആകെ സമ്പത്തിന്റെ നാലു ശതമാനം മാത്രമാണ്. ഇനി ഏറ്റവും അതിസമ്പന്നരായവരില്‍ മുന്നില്‍ നില്‍ക്കുന്ന പത്തുപേര്‍ ചേര്‍ന്നു ആകെ ആദായനികുതിയടച്ചതു ആവരുടെ ആകെ സമ്പത്തിന്റെ രണ്ടു ശതമാനം മാത്രമാണ്. എന്നാല്‍, ആഗോളസമ്പന്നരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ വരുന്നവരാണ് ഏറ്റവും കുറച്ച് ആദായനികുതിയടക്കുന്നവര്‍. ഇവരുടെ സമ്പത്തിന്റെ അര ശതമാനമാണ് ഇവര്‍ ആദായനികുതിയായി സര്‍ക്കാരില്‍ അടയ്ക്കുക.
ഈ പഠനത്തില്‍ പ്രത്യേകം എടുത്തുപറയുന്ന ഒരു വസ്തുത ആദായനികുതി സമ്പ്രദായത്തിന്റെ യുക്തിയില്ലായ്മയാണ്. സിനിമാതാരങ്ങളായ അക്ഷയകുമാറും അമിതാഭ് ബച്ചനും സല്‍മാന്‍ഖാനും മറ്റുമാണ് ആദായനികുതി നല്‍കുന്നവരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍. എന്നാല്‍, ഫോര്‍ബ്‌സ് പട്ടികയില്‍പ്പെടുന്ന അതിസമ്പന്നരായ വ്യവസായ കുടുംബാംഗങ്ങള്‍ ഈ ഗണത്തില്‍ വളരെ പിന്നിലാണ്.
വ്യവസായങ്ങളും മറ്റു സാമ്പത്തികസ്ഥാപനങ്ങളും നടത്തുന്നവര്‍ അവരുടെ ഓരോ വര്‍ഷത്തെ ആദായത്തില്‍ സിംഹഭാഗവും സ്വന്തം കമ്പനികളിലും ഉപസ്ഥാപനങ്ങളിലും ഓഹരികളും മറ്റു കടപ്പത്രങ്ങളുമായി നിക്ഷേപിച്ച്, അവയെ തങ്ങളുടെ കണക്കുകളിലുണ്ടെങ്കിലും തങ്ങള്‍ ഉപയോഗത്തിനായി എടുക്കാത്ത മൂലധനലാഭമായി തരംമാറ്റുകയാണു ചെയ്യുന്നത്. Unrealised capital gains എന്ന, മൂലധനനിക്ഷേപത്തില്‍ നിന്നു തങ്ങളുടേതായി മാറ്റപ്പെടാത്ത നേട്ടങ്ങള്‍, എന്ന വകുപ്പില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ ആദായനികുതിവ്യവസ്ഥയില്‍ നിന്നൊഴിവാകുന്നത്. വ്യാവസായിക ആസ്തികളില്‍ നിക്ഷേപിക്കുക, കൃഷിയില്‍ നിന്നുള്ള വരുമാനമായി തരംമാറ്റുക എന്നിങ്ങനെ തങ്ങളുടെ ആദായത്തെ വ്യക്തിഗതമായ ആദായ / വരുമാനക്കണക്കുകളില്‍ ഉള്‍ക്കൊള്ളിക്കാതെ കോര്‍പ്പറേറ്റ് നികുതിനിരക്കുകള്‍ മാത്രം ബാധകമാവുന്ന കോര്‍പ്പറേറ്റ് അക്കൗണ്ടുകളില്‍ ഉള്‍ക്കൊള്ളിച്ചാണു ശമ്പളം കിട്ടുന്ന ഉദ്യോഗസ്ഥരേക്കാള്‍ കുറഞ്ഞ നിരക്കിലേക്ക് ഇവര്‍ രക്ഷപ്പെടുന്നത്. ഏറ്റവും മുന്‍നിരയിലുള്ള 100 ലിസ്റ്റഡ് കമ്പനികളുടെ ആസ്തിമൂല്യത്തിന്റെ 0.85 ശതമാനം മാത്രമാണു ലാഭവിഹിതമായി ചെലവാക്കപ്പെടുന്നതെന്ന് ഈ പഠനം തെളിയിക്കുന്നു.
ആകെ സമ്പത്തിന്
നികുതി ചുമത്തുക
ഇന്ത്യയില്‍ മാത്രമല്ല ലോകത്താകെയും ഇതാണു സ്ഥിതിയെന്നു പ്രസിദ്ധ ധനതത്വശാസ്ത്രജ്ഞനായ തോമസ് പിക്കറ്റി പറയുന്നു. എപ്പോഴും നികുതി ചുമത്തുമ്പോള്‍ ആധാരമാക്കേണ്ടത് ആകെ സമ്പത്തിനെയാണെന്നും സമ്പത്തില്‍ നിന്നുള്ള വരുമാനത്തെ പലവിധേനയും നികുതിയില്‍നിന്നൊഴിവാക്കിയെടുക്കാന്‍ ഇവര്‍ സമര്‍ഥരാണെന്നും അദ്ദേഹം പറയുന്നു. നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും എന്നാല്‍ സമ്പത്തിനെ നികുതിവിധേയമാക്കുകയും ചെയ്യുന്ന കൂടുതല്‍ പുരോഗമനാത്മകമായ ആദായനികുതിവ്യവസ്ഥ നിലവില്‍ വരണമെന്നു തോമസ് പിക്കറ്റി വാദിക്കുന്നു. അതിസമ്പന്നര്‍ നമ്മളേക്കാള്‍ എപ്പോഴും കുറഞ്ഞ നികുതിയേ അടയ്ക്കൂ. ലോകക്രമത്തിന്റെ ഈ പോക്ക് സാമൂഹിക-സാമ്പത്തികബന്ധങ്ങളില്‍ ആരോഗ്യകരമല്ലാത്ത വിടവ് സൃഷ്ടിക്കും- അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ വിദഗ്ധരും മൂലധനനിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിന്റെ വലിയൊരു സൂചികയാണു സമ്പത്തെന്നു വാദിക്കുന്നു. ഇത്തരം ആസ്തി-സമ്പത്തിനെയും നികുതിവിധേയമാക്കി തൊഴിലില്‍നിന്നുള്ള വരുമാനത്തെയും സാമൂഹികപദവിയില്‍ നിന്നുള്ള ആസ്തിയെയും തുല്യനിലയില്‍ പരിഗണിക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. ഓരോ സാമ്പത്തികവിഭാഗത്തിന്റെയും നികുതിബാധ്യതകളിലെ ഈ വലിയ അന്തരത്തെ യോജ്യമായ രീതിയില്‍ പരിഹരിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
റഷ്യയുമായി
രൂപയിലുള്ള
വാണിജ്യ ഇടപാട്
ഗുണം ചെയ്‌തോ?
യുക്രെയിനില്‍ റഷ്യ കടന്നുകയറി യുദ്ധം പ്രഖ്യാപിച്ചത് ആദ്യഘട്ടത്തില്‍ മറ്റു മേഖലകള്‍ക്കൊപ്പംതന്നെ ഇന്ത്യയ്ക്കും തലവേദനയായി മാറിയെങ്കിലും വില കുറഞ്ഞ റഷ്യന്‍ ക്രൂഡോയില്‍ വ്യാപകമായി വാങ്ങാന്‍ ആരംഭിച്ചതോടെ ഇന്ത്യയ്ക്കു ഒരര്‍ഥത്തില്‍ അത് അനുഗ്രഹമായി മാറുന്നതു പിന്നീട് കാണാനായി. റഷ്യയുടെ യുക്രെയിന്‍ അധിനിവേശം യൂറോപ്പിലും കോവിഡാനന്തര പ്രശ്‌നങ്ങള്‍ യു.എസ്സിലും സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധിയുടെ പ്രതിഫലനങ്ങള്‍ ഏഷ്യയിലും ഒപ്പം ഇന്ത്യയിലും താത്കാലികമായി തിരിച്ചടിയുണ്ടാക്കി. എന്നാല്‍, യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതിലുകള്‍ അടഞ്ഞ റഷ്യ തങ്ങളുടെ പ്രധാന കയറ്റുമതിയായ ക്രൂഡോയിലിനു പുതിയ ഇടപാടുകാരെ തേടിയതു ഇന്ത്യയ്ക്കു അനുഗ്രഹമായി മാറി. റഷ്യന്‍ ക്രൂഡിനു പാശ്ചാത്യരാജ്യങ്ങളും യു.എസ്സും ബാരലിനു 40 ഡോളര്‍ എന്ന വിലപരിധിയും നിശ്ചയിച്ചതോടെ റഷ്യയുടെ ക്രൂഡോയില്‍ വാങ്ങുന്നവരുടെ ക്രയവിക്രയാധികാരം വര്‍ധിക്കുകതന്നെ ചെയ്തു. ഇതിനിടെയാണ് ഇന്ത്യ റഷ്യയും മറ്റു സൗഹൃദരാഷ്ട്രങ്ങളുമായി ഇന്ത്യന്‍ രൂപയില്‍ വാണിജ്യക്കെമാറ്റങ്ങള്‍ നടത്താന്‍ തയാറായത്.
ലോകവിപണിയില്‍ സാധാരണ ഡോളറാണ് എല്ലാവര്‍ക്കും സ്വീകാര്യമായ പൊതു കറന്‍സി. മിക്ക രാഷ്ട്രങ്ങളും ഡോളറിലാണു തങ്ങളുടെ അന്താരാഷ്ട്ര വാണിജ്യ ഇടപാടുകള്‍ നടത്തുന്നത്. മൂന്നാം ലോകരാജ്യങ്ങള്‍ക്കും യൂറോപ്പിനും അന്താരാഷ്ട്ര ഇടപാടുകളില്‍ ഡോളര്‍തന്നെ വേണം എന്നതു യു.എസ്. ഡോളറിന്റെ ക്രയശക്തി വര്‍ധിപ്പിച്ചു. ഡോളറുമായുള്ള ഓരോ രാജ്യത്തിന്റെയും കറന്‍സിയുടെ താരതമ്യമൂല്യം ആ രാജ്യത്തിന്റെ സാമ്പത്തിക ആസ്തിയെയും അധികാരത്തേയും നിര്‍ണയിക്കുന്ന ഘടകമായി മാറിയത് അങ്ങനെയാണ്. തങ്ങളുടെ ഊര്‍ജാവശ്യത്തില്‍ ക്രൂഡോയിലും പ്രകൃതിവാതകവും 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ഡോളറിന്റെ മൂല്യം ഉയരുന്നതിനനുസരിച്ച് തങ്ങളുടെ വ്യാപാരശിഷ്ടത്താല്‍ വലയുന്നതു സമീപകാലം വരെയുള്ള കാഴ്ചയായിരുന്നു. എന്നാല്‍, റഷ്യയില്‍ നിന്നുള്ള ക്രൂഡോയില്‍ വാങ്ങാന്‍ ആരംഭിക്കുകയും റഷ്യയുമായുള്ള വാണിജ്യ ഇടപാടുകള്‍ രൂപയിലായി ക്രമീകരിക്കുകയും ചെയ്യുന്നതിലൂടെ അന്താരാഷ്ട്ര ഇടപാടുകളില്‍ ഡോളറിനോടുള്ള വിധേയത്വത്തില്‍നിന്നു ഇന്ത്യയ്ക്കു കുതറിമാറാനാകും. റഷ്യക്കൊപ്പം സമീപരാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, സൗഹൃദത്തിലുള്ള ഗള്‍ഫിലെ ചില രാജ്യങ്ങള്‍ എന്നിവയുമായും രൂപയിലുള്ള അന്താരാഷ്ട്ര വ്യാപാരത്തിനു ഇന്ത്യ ശ്രമിക്കുന്നുണ്ട്.
സംയുക്ത
അക്കൗണ്ട്
റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന അംഗീകൃത ഷെഡ്യൂള്‍ഡ് ബാങ്കുകളിലോ പൊതുമേഖലാ ബാങ്കുകളിലോ ഇരുരാജ്യങ്ങളുടെയും സംയുക്ത അക്കൗണ്ട് തുടങ്ങിയാണ് ഇത്തരം അന്താരാഷ്ട്ര ഇടപാടുകള്‍ക്കു തുടക്കം കുറിക്കുന്നത്. ഇരുരാജ്യങ്ങളും ചേര്‍ന്നുള്ള ഈ സംയുക്ത അക്കൗണ്ടില്‍ അന്യോന്യമുള്ള വ്യാപാരത്തില്‍ ഇരുകൂട്ടര്‍ക്കും രൂപയിലാവും നിക്ഷേപങ്ങളുണ്ടാവുക. ഇന്ത്യ റഷ്യയില്‍നിന്നു ക്രൂഡോയിലോ മറ്റു വസ്തുക്കളോ ഇറക്കുമതി ചെയ്താല്‍ അതിന്റെ വില തുല്യമായ ഇന്ത്യന്‍ രൂപയില്‍ റഷ്യയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇന്ത്യ കയറ്റുമതി ചെയ്യുന്ന വസ്തുക്കളുടെ വില റഷ്യയ്ക്കും ഇന്ത്യന്‍ രൂപയില്‍ ഇതില്‍ നിക്ഷേപിക്കാം. അങ്ങനെ ഇരുരാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടില്‍ ഡോളര്‍ തുടങ്ങിയ മറ്റു വിദേശകറന്‍സികളുടെ ഉപയോഗം ഒഴിവാക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
റഷ്യയുമായി രൂപയില്‍ ഇടപാടു നടത്താന്‍ ആരംഭിച്ചത് ഇന്ത്യയ്ക്കു ആശ്വാസമാണെങ്കിലും റഷ്യയില്‍നിന്നുള്ള ഇറക്കുമതിക്കു തക്കവണ്ണം റഷ്യയിലേക്കുള്ള കയറ്റുമതിയും സാധ്യമാക്കിയാലേ ഇത്തരം ഏര്‍പ്പാടുകൊണ്ട് ഇന്ത്യയ്ക്കു യഥാര്‍ഥത്തില്‍ ഗുണം ലഭിക്കൂ. ഇന്ത്യ പ്രതിരോധമേഖലയില്‍ വളരെ നിര്‍ണായകമായ ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ക്കു റഷ്യയെയാണ് ആശ്രയിക്കുന്നത്. ഇപ്പോള്‍ റഷ്യന്‍ ക്രൂഡും ഇന്ത്യയ്ക്കു വേണ്ടിവരുന്നു. കഴിഞ്ഞ കുറച്ചു മാസത്തിനിടയില്‍ 2100 കോടി ഡോളറിനു തുല്യമായ ക്രൂഡോയില്‍ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. റഷ്യയില്‍നിന്നു ഇന്ത്യയിലേക്കുള്ള ഇറക്കുമതി വര്‍ധിച്ചു. എന്നാല്‍, ഇന്ത്യയില്‍നിന്നു റഷ്യയിലേക്കുള്ള കയറ്റുമതി വര്‍ധിച്ചിട്ടില്ല.
റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ-വാണിജ്യ ഇടപാടുകള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1970 കളിലും 80 കളിലും ഇന്ത്യ റഷ്യയെ ആശ്രയിക്കുന്ന അവസ്ഥവരെ ഉണ്ടായിരുന്നു. എന്നാല്‍, 1990 കളില്‍ സോവിയറ്റ് റഷ്യ തകരുകയും റഷ്യന്‍ ഫെഡറേഷന്‍ നിലവില്‍ വരികയും ചെയ്തപ്പോള്‍ വാണിജ്യ ഇടപാടുകളില്‍ ഇന്ത്യയുടെ നില മെച്ചപ്പെട്ടു. ഒരുകാലത്ത് റഷ്യയിലേക്കു കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലെത്തി. ഇന്ത്യയുടെ വാണിജ്യ ഇടപാടുകളില്‍ വാണിജ്യമെച്ചം കൈവരിക്കുകയും ചെയ്തു. എന്നാല്‍, ഈ സ്ഥിതി രണ്ടായിരാമാണ്ടിന്റെ പിറവിയോടെ മാറിത്തുടങ്ങി.
ഇറക്കുമതി
കുതിച്ചുകയറി
കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ റഷ്യയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി മൂന്നിരട്ടിയായി വര്‍ധിച്ചു. അതേസമയം, റഷ്യയില്‍നിന്നുള്ള ഇറക്കുമതിയും അതിവേഗത്തില്‍ കുതിച്ചുകയറി. 2021-22 ല്‍ ഇന്ത്യയില്‍നിന്നു റഷ്യയിലേക്കുള്ള കയറ്റുമതി റഷ്യയില്‍നിന്നു ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ മൂന്നിലൊന്നു മാത്രമായിരുന്നു. 2022-23 ല്‍ റഷ്യയുടെ ക്രൂഡോയിലും ഇറക്കുമതി ചെയ്തതോടെ റഷ്യയില്‍നിന്നുള്ള ഇറക്കുമതിയുടെ ആറു ശതമാനമായി ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു.
റഷ്യയുമായുള്ള വാണിജ്യ ഇടപാടുകളില്‍ പാശ്ചാത്യ ഉപരോധം സൃഷ്ടിക്കുന്ന വിടവില്‍ ചരക്കുകളും മരുന്നുകളും മറ്റു നിര്‍മിതവസ്തുക്കളും റഷ്യയ്ക്കു നല്‍കാന്‍ പ്രാപ്തിയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഇന്ത്യയുമായുള്ള റഷ്യയുടെ വാണിജ്യബന്ധം ഈയിടെ ഏകപക്ഷീയമായ ദിശയിലാണു മുന്നേറുന്നത്. ചൈനയാണ് ഇക്കാര്യത്തില്‍ ഇന്ത്യയുമായി മത്സരിക്കുന്ന പ്രധാനരാജ്യം. 2001 ല്‍ റഷ്യയുടെ ഇറക്കുമതിയില്‍ 3.9 ശതമാനമായിരുന്നു ചൈനയുടെ പങ്ക്. ഇന്ത്യയുടേതു 1.3 ശതമാനവും. 2011 ല്‍ ഇന്ത്യയുടെ ഓഹരി 0.9 ശതമാനമായി കുറഞ്ഞപ്പോള്‍ ചൈനയുടേതു 15.7 ശതമാനമായി ഉയര്‍ന്നു. 2021 ലെ കണക്കുപ്രകാരം റഷ്യയുടെ ആകെ ഇറക്കുമതിയില്‍ 24.8 ശതമാനം ചൈനയില്‍നിന്നാണ്. ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി ഒന്നര ശതമാനമായി താഴ്ന്നുനില്‍ക്കുന്നു. റഷ്യയുമായി രൂപയിന്മേലുള്ള വാണിജ്യ ഇടപാടുകളില്‍ ചൈന ഇന്ത്യയ്ക്കു വലിയ തടസ്സമായി മാറുകയാണെന്ന് ഇതില്‍നിന്നു വ്യക്തമാവുന്നു.