ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിലുള്ള ലേഖനം തുടരുന്നു

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിലുള്ള ശിവദാസ് ചിറ്റൂരിന്റെ ലേഖന ഭാഗം ഇരുപത്തിയഞ്ച്.
174. കഴിഞ്ഞ ലക്കങ്ങളിൽ “ബാങ്കിങ്” എന്ന പദത്തിന്റെ നിർവചനം എന്നതായിരുന്നു ചർച്ചാവിഷയം. ഈ ലക്കട്ടിലും ചർച്ച തുടരുന്നു. വായനക്കാരുടെ സൗകര്യാർത്ഥം “ബാങ്കിങ്” ന്റെ ഇംഗ്ലീഷ് നിർവചനം ഒന്ന് കൂടെ താഴെ കൊടുക്കുന്നു.

5(b)—- “banking” means the accepting, for the purpose of lending or investment, of deposits of money from the public, repayable on demand or otherwise, and withdrawal by cheque, draft, order or other wise;

175. പൊതുജനങ്ങളിൽ നിന്നും സ്വീകരിക്കുന്ന നിക്ഷേപം പൊതുജനങ്ങൾക്കുതന്നെ വീണ്ടും കടമായി കൊടുക്കാനോ അല്ലെങ്കിൽ വേറെ മാർഗങ്ങളിൽ നിക്ഷേപിക്കാനോ ആയിരിക്കണം എന്ന് നിർവ്വചനത്തിൽ പറയുന്നു. പൊതുജനങ്ങൾക്കുതന്നെ വീണ്ടും കടമായി കൊടുക്കണം എന്ന് വ്യക്തമായ ഭാഷയിൽ സെക്‌ഷൻ 5 (b) ഇൽ പറയുന്നില്ലെങ്കിലും നിയമനിർമാണ സഭ ഉദ്ദേശിച്ചത് അതുതന്നെയാണെന്നു ഈ ലേഖകൻ വിശ്വസിക്കുന്നു. മേലേപ്പറഞ്ഞ ആ നിബന്ധന ( പൊതുജനങ്ങൾക്കുതന്നെ വീണ്ടും കടമായി കൊടുക്കണം എന്ന നിബന്ധന) ആ വകുപ്പിൽ എഴുതപ്പെട്ടത് പോലെ കണക്കാക്കണം.

176. അങ്ങനെയെങ്കിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ പൊതുജനങ്ങൾക്ക് വായ്പ കൊടുക്കുന്നുണ്ടോ? ഇല്ല എന്നത് തന്നെയാണ് ഉത്തരം. വായ്പയോ അല്ലെങ്കിൽ മറ്റു സഹായങ്ങളോ എല്ലാം മെമ്പർമാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പാക്‌സിന്റെ Byel-aw യിൽ ഈ കാര്യം വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. എന്ന് മാത്രമല്ല കോഓപ്പറേറ്റീവ് തത്വങ്ങൾ പ്രകാരവും എല്ലാ ആനുകൂല്യങ്ങളും സഹായവും മെമ്പർമാർക്ക് മാത്രമായി നിശ്ചയിച്ചിരിക്കുന്നു.

177. ഒരു ബാങ്കിനെ അതിന്റെ ശരിയായ അർത്ഥത്തിൽ “ബാങ്ക്” എന്ന് വിളിക്കണമെങ്കിൽ നിയന്ത്രണങ്ങളില്ലാതെ “പൊതുജനങ്ങൾക്ക്” വായ്പ നൽകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, എച്ച്ഡിഎഫ്സി, എസ്‌ബി‌ഐ തുടങ്ങിയ വാണിജ്യ ബാങ്കുകളുടെ കാര്യമെടുക്കുക… ഈ ബാങ്കുകൾക്കെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെ പൊതുജനങ്ങൾക്ക് വായ്പ നൽകാൻ സ്വാതന്ത്ര്യമുണ്ട്. അവരുടെ ഷെയർ ഉടമകൾക്കക്കോ മെംബെർമാർക്കോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്ന കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു.

178.പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ ശ്രദ്ധേയമായ ഒരു സവിശേഷത, അംഗങ്ങൾക്ക് മാത്രമേ വായ്പ നൽകാൻ കഴിയു എന്നതാണ്. പിന്നെ അതിന്റെ അധികാരപരിധി ഒരു പഞ്ചായത്തിലോ ഗ്രാമത്തിലോ അല്ലെങ്കിൽ മുനിസിപ്പാലിറ്റിയിലോ പരിമിതപ്പെടുത്തിയിരിക്കുന്നു എന്നതാണ്. ഫെഡറൽ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, എച്ച്ഡിഎഫ്സി, എസ്‌ബി‌ഐ തുടങ്ങിയ വാണിജ്യ ബാങ്കുകളുടെ കാര്യത്തിൽ അവർക്കു ഇന്ത്യയിലോ വിദേശത്തോ വേണമെങ്കിൽ ബിസിനസ് നടത്താം. അവർക്കു അതിലൊന്നും ഒരു നിയന്ത്രണവുമില്ല. എന്നാൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ കാര്യത്തിൽ അത് നടക്കുമോ? തീർച്ചയായും ഇല്ല. അത്തരമൊരു ബാങ്കിന്റെ പ്രവർത്തനങ്ങളെ ഒരു വലിയ ദിനോസറിന് മുന്നിൽ ഒരു ഒച്ച് എന്നപോലെ തോന്നിക്കുന്ന ഒരു പാൿസുമായി എങ്ങനെ താരതമ്യം ചെയ്യാൻ കഴിയും?അതിനാൽ ഈ ഒരു കാരണത്താൽ “ബാങ്കിങ്” എന്ന സെക്‌ഷൻ 5 (b) യിലെ നിർവചനത്തിൻ കീഴിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ വരില്ല എന്ന് തന്നെയാണ് ഈ ലേഖകന്റെ അഭിപ്രായം. ഈ ഒരു വാദം കോടതി മുമ്പാകെ അവതരിപ്പിച്ചതായി കാണുന്നില്ല. സെക്‌ഷൻ 80P യുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ഈ ഒരു വാദം വളരെ പ്രസക്തമാണ് എന്നതാണ് ഈ ലേഖകന്റെ അഭിപ്രായം.

179. ഒരു ഓസ്‌ട്രേലിയൻ കേസ് എന്റെ ഓർമയിൽ വരുന്നു. അവിടത്തെ സുപ്രീം കോടതിയുടെ ഒരു വിധി ആണ് ഞാൻ ഇവിടെ ഉദ്ധരിക്കാൻ പോവുന്നത് . ആ കേസും ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിയുടേതായിരുന്നു. Corporate Affairs Commission v Australian Central Credit Union 1986 LRC (Comm) 605 എന്നതാണ് കേസിന്റെ പേര്. ഓസ്‌ട്രേലിയൻ സെൻട്രൽ ക്രെഡിറ്റ് യൂണിയൻ മെമ്പർമാർക്ക് വായ്പ കൊടുത്താൽ അതിനെ”BANKING BUSINESS” (“ബാങ്കിങ് ബിസിനസ്”) ആയി കണക്കാക്കാൻ കഴിയുമോ എന്നായിരുന്നു കോടതിക്ക് മുന്നിലെ പ്രധാന വിഷയം.ഒരു ക്രെഡിറ്റ് യൂണിയനിലെ അംഗങ്ങൾക്ക് മാത്രം വായ്പ നൽകുമ്പോൾ അതിനെ പൊതുജനങ്ങൾക്ക് വായ്പ നൽകുന്നത് പോലെ കണക്കാക്കാൻ കഴിയില്ല എന്ന് കോടതി വിധിക്കുകയും ബാങ്കിങ് ബിസിനസ് അല്ല ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടു.. മേല്പറഞ്ഞ എന്റെ കാഴ്ചപ്പാടിനെ പരിപൂർണമായി പിന്തുണയ്ക്കുന്ന തീരുമാനമാണിത്. ഓസ്‌ട്രേലിയൻ കോടതിയുടെ അതും അവിടത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി ഇന്ത്യൻ കോടതികൾ അത്ര എളുപ്പത്തിൽ നിരസിക്കില്ലെന്നു ഉത്തമ ബോധ്യം ഈ ലേഖകന് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News