അസോചം ദേശീയപുരസ്‌കാരം അഞ്ചാംതവണയും ദിനേശിന്
സൂഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രവര്‍ത്തന മികവിന് ഏര്‍പ്പെടുത്തിയ ആസോചം ദേശീയ പുരസ്‌കാരത്തിന് തുടര്‍ച്ചയായ അഞ്ചാംതവണയും കണ്ണൂരിലെ കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്ര സഹകരണ സംഘം അര്‍ഹമായി. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) എന്ന സംഘടനയാണ് പുരസ്‌കാരം നല്‍കുന്നത്. ഫെയര്‍ ബിസിനസ് വിഭാഗത്തിലുള്ള പുരസ്‌കാരമാണ് ദിനേശിന് ലഭിച്ചത്.
ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം, വിപണനം, തൊഴിലാളി ക്ഷേമ പ്രവര്‍ത്തനം, നികുതി നിയമങ്ങളുടെ പരിപാലനം, ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണം, കണക്ക് സൂക്ഷിക്കുന്നതിലെ കൃത്യത എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പുരസ്‌കാര നിര്‍ണയത്തിന് പരിഗണിച്ചത്. ഡല്‍ഹിയിലെ ഹോട്ടല്‍ ദി റോയല്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍മേഘാലയ മുഖ്യമന്ത്രി മുകുല്‍ സാങ്മ പുരസ്‌കാരം സമ്മാനിച്ചു. മാര്‍ക്കറ്റിങ് മാനേജര്‍ എം.സന്തോഷ് കുമാര്‍, ഏരിയാസെയില്‍സ് മാനേജര്‍ എം.എസ്. സനൂപ് എന്നിവര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ രാജ്യത്തെ പ്രമുഖ വ്യവസായികള്‍, കേന്ദ്രസര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മാറ്റം ഉള്‍കൊണ്ട് പ്രവര്‍ത്തിക്കാനായി എന്നതാണ് ദിനേശിന്റെ നേട്ടം. പുകയില വിരുദ്ധ പ്രചരണങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ പ്രതിസന്ധിയിലായ വ്യവസായമാണ് ബീഡി തൊഴില്‍ മേഖല. നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. ഇവരെ പുനരധിവസിപ്പിക്കുന്നതിനാണ് ദിനേശ് പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചത്. അങ്ങനെ, ഭക്ഷ്യസംസ്‌കരണം, അപ്പാരല്‍ യൂണിറ്റ്, കുടനിര്‍മ്മാണം, ദിനേശ് കഫേ എന്നി മേഖലയിലേക്ക് ദിനേശ് പ്രവര്‍ത്തനം വിപുലപ്പെടുത്തി. കാലത്തിനൊത്ത വിപണന രീതികൂടി നടപ്പാക്കിയതോടെ ഇത് ദിനേശിന്റെ വളര്‍ച്ചയ്ക്കും കാരണമായി.