അന്യായമായി വർദ്ധിപ്പിച്ച ഗോള്‍ഡ് ലോണ്‍ പലിശ നിരക്ക് പിന്‍ വലിക്കണം: കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ    

[mbzauthor]

മലപ്പുറം ജില്ലയിലെ പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ക്ക് ഷെയര്‍ ലിങ്ക് വായ്പ പദ്ധതിയില്‍ 4.5% നിരക്കില്‍ അനുവദിച്ചിരുന്ന സ്പെഷ്യല്‍ ഗോള്‍ഡ് ലോണിനു ഒറ്റയടിക്ക് 9 % പലിശയാക്കി ഉയർത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്‍റര്‍ സഹകരണ വകുപ്പ് മന്ത്രിക്കും കേരള ബാങ്ക് പ്രസിഡന്‍റിനും നിവേദനം നല്‍കി.

2014-15 വര്‍ഷത്തില്‍ മലപ്പുറം ജില്ലാ ബാങ്കിന്‍റെ മൂലധന അപര്യാപ്തത പരിഹരിക്കുന്നതിന് വേണ്ടിയാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക വായ്പ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. ഏറ്റവും കുറഞ്ഞ പലിശ നിരക്കും ഓഹരിക്ക് ഉയര്‍ന്ന ഡിവിഡന്‍റുമായിരുന്നു വാഗ്ദാനം ചെയ്തത്. ഈ വായ്പക്ക് പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്നും 20% ഓഹരിതുകയാണ് കേരള ബാങ്ക് പിടിച്ച് വെച്ചിട്ടുള്ളത്.

ഇപ്രകാരം 733 കോടി രൂപ വായ്പായിനത്തില്‍ ബാക്കി നില്‍പ്പുണ്ട്. പരിഷ്കരിച്ച വായ്പ പലിശ നിരക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളേക്കാള്‍ ഉയര്‍ന്ന നിരക്കാണ്. ആയതിനാല്‍ വര്‍ദ്ധിപ്പിച്ച പലിശ നിരക്ക് ഉടൻ പിന്‍വലിക്കണമെന്നും പഴയ പലിശ നിരക്ക് പുന:സ്ഥാപിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഓഹരി തുക സംഘങ്ങള്‍ക്ക് തിരിച്ച് നല്‍കുവാന്‍ നടപടി ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്‍റ് ഹനീഫ പെരിഞ്ചീരി, സെക്രട്ടറി എന്‍.ഭാഗ്യനാഥ്, അബ്ദുല്‍ അസീസ് വെട്ടിക്കാട്ടിരി, ജാഫര്‍ മഞ്ചേരി, യൂസഫ് മങ്കടപള്ളിപ്പുറം, ഇസ്മായില്‍ കാവുങ്ങല്‍, ഹമീദ് വേങ്ങര, നാസര്‍ എളങ്കൂര്‍, സെയ്ഫുള്ള കടന്നമണ്ണ, ആയിഷക്കുട്ടി കോല്‍ക്കളം, ജുമൈലത്ത് കാവനൂര്‍ എന്നിവര്‍ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

[mbzshare]

Leave a Reply

Your email address will not be published.