അനന്തശയനം ബാങ്കുള്‍പ്പെടെ രണ്ട് സഹകരണബാങ്കുകളുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി
മുംബൈ ആസ്ഥാനമായുള്ള മള്‍ട്ടി സ്‌റ്റേറ്റ് ഷെഡ്യൂള്‍ഡ് ബാങ്കായ ദ കാപ്പോള്‍ സഹകരണ ബാങ്കിന്റെയും തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്കിന്റെയും ലൈസന്‍സുകള്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി. അനന്തശയനം ബാങ്കിനു ബാങ്കിങ്ങിതരസ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
മതിയായ മൂലധനവും സമ്പാദ്യസാധ്യത യുമില്ലാത്തതിനാലാണു കാപ്പോള്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കിയത്. നിക്ഷേപം സ്വീകരിക്കുക, തിരിച്ചുകൊടുക്കുക എന്നിവയുള്‍പ്പെടെയുള്ള ബാങ്കിങ് പ്രവർത്തനങ്ങൾ നടത്തുന്നതില്‍നിന്നു കാപ്പോള്‍ ബാങ്കിനെ വിലക്കിയതായി റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു ലിക്വിഡേറ്ററെ നിയമിക്കാന്‍ റിസര്‍വ് ബാങ്ക് കേന്ദ്ര സഹകരണമന്ത്രാലയത്തിലെ സഹകരണസംഘം കേന്ദ്ര രജിസ്ട്രാറോട് നിര്‍ദേശിച്ചിട്ടുണ്ട്.
സമാപ്തീകരണത്തിനുശേഷം നിക്ഷേപകര്‍ക്കെല്ലാം നിക്ഷേപ ഇന്‍ഷുറന്‍സ് ക്രെഡിറ്റ് ഗാരണ്ടി കോര്‍പ്പറേഷനില്‍ ( ഡി.ഐ.സി.ജി.സി ) നിന്നു അഞ്ചു ലക്ഷം രൂപവരെ ലഭിക്കുമെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. നിക്ഷേപകരില്‍ 96.09 ശതമാനം പേര്‍ക്കും ഡി.ഐ.സി.ജി.സി.യില്‍നിന്നു മുഴുവന്‍ സംഖ്യയും കിട്ടും. മതിയായ മൂലധനമില്ലാത്ത ബാങ്ക് പ്രവര്‍ത്തനം തുടരുന്നതു നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്കു ഹാനികരമായതിനാലാണു ലൈസന്‍സ് റദ്ദാക്കിയതെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു. നിലവിലെ സാമ്പത്തികനില വെച്ചു ബാങ്കിനു ഇപ്പോഴത്തെ നിക്ഷേപകരുടെ പണം മുഴുവനായും നല്‍കാന്‍ സാധിക്കില്ല. 2023 ജൂലായ് 24 വരെ ഡി.ഐ.സി.ജി.സി. ഇന്‍ഷുര്‍ ചെയ്ത നിക്ഷേപത്തില്‍നിന്നു 230.16 കോടി രൂപ തിരിച്ചുകൊടുത്തിട്ടുണ്ട്. വിദ്യാഭ്യാസവിചക്ഷണനും സോഷ്യലിസ്റ്റുമായിരുന്ന ഖുഷല്‍ദാസ് കുര്‍ജി പരേഖാണു 1939 ല്‍ ദ കാപ്പോള്‍ സഹകരണ ബാങ്ക് സ്ഥാപിച്ചത്. ഇപ്പോള്‍ 16 ശാഖകളുണ്ട്.
തിരുവനന്തപുരം കരമനയിലെ അനന്തശയനം ബാങ്കിന്റെ ലൈസന്‍സ് സെപ്റ്റംബര്‍ 21 നാണു റിസര്‍വ് ബാങ്ക് റദ്ദാക്കിയത്. ഈ ബാങ്കിനു 1987 ഡിസംബര്‍ 19 നാണു റിസര്‍വ് ബാങ്ക് ബാങ്കിങ് ലൈസന്‍സ് അനുവദിച്ചത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 56 ലെ 36 എ ( 2 ) പ്രകാരം ബാങ്കിങ്ങിതരസ്ഥാപനമായി പ്രവര്‍ത്തിച്ചുകൊള്ളാന്‍ അനന്തശയനം ബാങ്കിന് അനുമതി നല്‍കിയിട്ടുണ്ട്. അംഗങ്ങളല്ലാത്തവര്‍ക്കു തിരിച്ചുകൊടുക്കാത്തതും അവകാശികള്‍ എത്താത്തതുമായ നിക്ഷേപങ്ങള്‍ തിരിച്ചുകൊടുക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.
[mbzshare]