അട്ടപ്പാടിയിലെ ട്രൈബൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി തൃശൂർ സഹകരണ പരിശീലന വിദ്യാർത്ഥികൾ..
അട്ടപ്പാടിയിലെ ട്രൈബൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി തൃശൂർ സഹകരണ പരിശീലന വിദ്യാർത്ഥികൾ എല്ലാ അർത്ഥത്തിലും മാതൃകയായി. മഴയുടെ ദുരിത പെയ്ത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട അട്ടപ്പാടി പുതൂർ ഗവ. ട്രൈബൽ ഹയർ സെക്കൻററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് തൃശൂർ പ്രൊ.ജോസഫ് മുണ്ടശ്ശേരി സ്മാരക സഹകരണ പരിശീലന കേന്ദ്രത്തിലെ ജെ.ഡി.സി വിദ്യാർത്ഥികൾ സമാഹരിച്ച പഠനോപകരണങ്ങൾ കൈമാറിയത്. പുതൂർ സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സഹകരണ വകുപ്പ് സീനീയർ ഇൻസ്പെക്ടറും, പരിശീലന കേന്ദ്രത്തിലെ അധ്യാപികയുമായ സി.പി. മോളിയിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
100 വിദ്യാർത്ഥികൾക്കാണ് പരിശീലന കേന്ദ്രത്തിലെ അധ്യാപകരും, വിദ്യാർത്ഥികളും സമാഹരിച്ച തുക ഉപയോഗിച്ച് പഠന കിറ്റുകൾ കൈമാറിയത്.സഹകരണ പരിശീലന വിദ്യാർത്ഥികൾ വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയതിന് പുറമെ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേകമായി പഠന കിറ്റുകൾ നൽകിയത് യഥാർത്ഥ സഹകരണ മാതൃകയാണെന്ന് ഏറ്റുവാങ്ങൽ ചടങ്ങിൽ സംസാരിച്ച പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി പറഞ്ഞു. ആദിവാസി ഊരുകളിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെങ്കിലും, വിദ്യഭ്യാസ മേഖലയിൽ വേണ്ടത്ര മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടില്ലെന്നും അതിനായി പൊതു സമൂഹത്തിന്റെ ശ്രദ്ധ ആദിവാസി മേഖലയിലേക്ക് ഉണ്ടാകണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏറ്റു വാങ്ങൽ ചടങ്ങിൽ പരിശീലന കേന്ദ്രം അധ്യാപകൻ ടി.കെ രഞ്ജിത്ത്, പുതൂർ വി. എച്ച് .സി. സ്കൂൾ പ്രിൻസിപ്പൽ യൂസഫ്, സഹകരണ പരിശീലന കേന്ദ്രം പ്ലാനിംഗ് ഫോറം കൺവീനർ വി.ജെ. ബെന്നി,ജോ. കൺവീനർ ആതിര തുടങ്ങിയവർ സംസാരിച്ചു.