ക്ലാസിഫിക്കേഷന്‍: മിക്ക സംഘവും താഴേക്കുപോകും – കേരള സഹകരണ ഫെഡറേഷന്‍
സഹകരണസംഘങ്ങളുടെ ക്ലാസിഫിക്കേഷന്റെ കരടുവിജ്ഞാപനം മിക്കസംഘവും ക്ലാസിഫിക്കേഷനില്‍ താഴോട്ടുപോകാനും അതുവഴി വിശ്വാസ്യതയും നിക്ഷേപവും കുറയാനും നിലനില്‍പ്പിനെപ്പോലും ബാധിക്കാനും ഇടവരുത്തുന്ന വിധത്തിലുള്ളതാണെന്നു കേരളസഹകരണഫെഡറേഷന്‍ കുറ്റപ്പെടുത്തി. ജീവനക്കാരുടെ താല്‍പര്യം സംരക്ഷിക്കാത്തതും അവരെയും ഭരണസമിതിയംഗങ്ങളെയും നിരുല്‍സാഹപ്പെടുത്തുന്നതുമായ കരടുവിജ്ഞാപനം തിരുത്തണമെന്നു ഫെഡറേഷന്‍ ചെയര്‍മാന്‍ അഡ്വ. എം.പി. സാജുവും ജനറല്‍ സെക്രട്ടറി സാജു ജെയിംസും സഹകരണസെക്രട്ടറിയോടു നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വര്‍ഷം 5%വര്‍ധനപോലും അപ്രാപ്യമായിരിക്കെ പ്രവര്‍ത്തനമൂലധനത്തിലും നിക്ഷേപത്തിലും വായ്‌പയിലും 100% അധികരിച്ച നിരക്കിലുള്ള വര്‍ധന പുനപ്പരിശോധിക്കുക, കൂടുതല്‍ ഗ്രേഡ് സൃഷ്ടിച്ച് നിലവിലുള്ള ഗ്രേഡ് താഴുന്ന സ്ഥിതി പരിഹരിക്കുക, മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഒരുകൊല്ലം അനുവദിക്കുക, ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങള്‍ ഉടന്‍ പരിഷ്‌കരിക്കുകയും അതുവരെ എ ക്ലാസ് ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ നിര്‍ബന്ധമാക്കാതിരിക്കുകയും ചെയ്യുക, ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുക, ക്ലാസിഫിക്കേഷന്‍വ്യവസ്ഥകളില്‍ കുടിശ്ശികശതമാനത്തില്‍ വരുത്തിയ വര്‍ധനക്ക് ഇളവനുവദിക്കുക, ക്ലാസിഫിക്കേഷന്‍ താഴ്‌ന്നതുമൂലം ജീവനക്കാരുടെ എണ്ണമോ ശമ്പളമോ കുറക്കാതിരിക്കുക, മാനദണ്ഡങ്ങളെക്കാള്‍ ഉയര്‍ന്ന പുരോഗതി കൈവരിക്കാന്‍ അധികതസ്‌തിക അനുവദിക്കുന്നതിനു പരിധ വെക്കാതിരിക്കുക, ഓരോസംഘത്തിനും ക്ലാസിഫിക്കേഷന്‍ അനുസരിച്ച് എത്ര വാഹനം വാങ്ങാമെന്നു നിശ്ചയിക്കുക, കമ്പ്യൂട്ടര്‍വല്‍കൃതമല്ലാത്തവയ്‌ക്കും സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തിക അനുവദിക്കുക, പുരോഗതിക്കനുസരിച്ച് അധികതസ്‌തികക്കു വ്യവസ്ഥ ചെയ്യുക, ശാഖക്കു തസ്‌തിക അനുവദിക്കുമ്പോള്‍ പാര്‍ട് ടൈം സ്വീപ്പര്‍, വാച്ച്‌മാന്‍, ബിസിനസ് പുരോഗതിക്കനുസരിച്ച് അറ്റന്റര്‍ തസ്‌തികകളും അനുവദിക്കുക, ഒരുകോടിക്കുമേല്‍ സ്വര്‍ണപ്പണയവായ്‌പ നല്‍കുന്ന ഒരോശാഖക്കും സ്ഥിരം അപ്രൈസര്‍ തസ്‌തിക അനുവദിക്കുക, 100കോടിക്കുമേല്‍ വായ്‌പനീക്കിയിരിപ്പുള്ള എല്ലാ സംഘത്തിനും ഓരോ മാനേജരും ക്ലര്‍ക്കും പ്യൂണും രണ്ട് അറ്റന്ററുമുള്ള വായ്‌പറിക്കവറി വിഭാഗം അനുവദിക്കുക, 100ല്‍കൂടുതല്‍ ജീവനക്കാരുള്ള സംഘങ്ങളില്‍ ഒരോ മാനേജരും ക്ലര്‍ക്കും അറ്റന്ററുമുള്ള എച്ച്‌ആര്‍ വിഭാഗം അനുവദിക്കുക, ഡ്രൈവര്‍ തസ്‌തിക ഡ്രൈവര്‍ കം അറ്റന്റര്‍ എന്നു ഭേദഗതി ചെയ്യുക, ബ്രാഞ്ച് മാനേജര്‍/ ഇന്റേണല്‍ ഓഡിറ്റര്‍ 1 എന്നതു ഭേദഗതി ചെയ്‌ത് 2 ആക്കുകയോ ശാഖാമാനേജര്‍ക്കുമുകളില്‍ ഇന്റേണല്‍ ഓഡിറ്റര്‍ തസ്‌തിക സൃഷ്ടിക്കുകയോ ചെയ്യുക, ക്ലാസ് 1 സെപ്‌ഷ്യല്‍ ഗ്രേഡിനു മുകളിലെങ്കിലും ഒരു ഇന്റേണല്‍ ഓഡിറ്റര്‍ തസ്‌തികയും ബ്രാഞ്ച് മാനേജര്‍ തസ്‌തികയും കൊണ്ടുവരിക, സ്‌പെഷ്യല്‍ സൂപ്പര്‍ ഗ്രേഡ് സംഘങ്ങള്‍ക്കു രണ്ട് അസിസ്റ്റന്റ് സെക്രട്ടറി തസ്‌തികയെങ്കിലും അനുവദിക്കുക എന്ന ആവശ്യങ്ങള്‍ ഫെഡറേഷന്‍ ഉന്നയിച്ചു.
ക്ലോസ് 13(1)(a) യില്‍ സ്‌പെഷ്യല്‍ സൂപ്പര്‍ഗ്രേഡ് ക്ലാസിഫിക്കേഷന്‍ വ്യവസ്ഥകള്‍ പറയുന്നില്ല എന്ന അപാകം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. 12വര്‍ഷത്തിനുശേഷമാണു ക്ലാസിഫിക്കേഷന്‍ വന്നിരിക്കുന്നത്, മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ആറുമാസം മാത്രമാണ് അനുവദിക്കുന്നത്, 1974ല്‍ നിശ്ചയിച്ച ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളാണ് ഇപ്പോഴുമുള്ളത്, സമയബന്ധിതമായി ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ സംഘങ്ങള്‍മാത്രം വിചാരിച്ചാല്‍ പോരാ, കുടിശ്ശികവര്‍ധനക്കു മുഖ്യകാരണം സര്‍ക്കാര്‍നയങ്ങളും ആര്‍ബിട്രേഷന്‍/ എക്‌സിക്യൂഷന്‍ നടപടികളിലെ കാലതാമസവുമാണ്, 800കോടിക്കുമേല്‍ പ്രവര്‍ത്തനമൂലധനം എത്ര വര്‍ധിച്ചാലും ജീവനക്കാരെ കൂടുതല്‍ കിട്ടാന്‍ പ്രയാസമാണ്, എല്ലാസംഘങ്ങളും കമ്പ്യൂട്ടര്‍വല്‍കരിക്കണമെന്നത് അനിവാര്യമാണെന്നിരിക്കെ കമ്പ്യൂട്ടര്‍വല്‍കരിക്കാത്ത സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍വല്‍കരിക്കാന്‍ സിസ്റ്റം സൂപ്പര്‍വൈസര്‍ തസ്‌തിക അനിവാര്യമാണെന്ന കാര്യം പരിഗണിക്കുന്നില്ല, അധികതസ്‌തികക്കുള്ള അപേക്ഷ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പരിഗണിക്കുന്നില്ല എന്നീ പ്രശ്‌നങ്ങളും ശ്രദ്ധയില്‍ പെടുത്തി്. ഗ്രാമീണസമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണസ്ഥാപനങ്ങളെ സംരക്ഷിക്കാനും അതിനായി അഹോരാത്രം യത്‌നിക്കുന്ന ജീവനക്കാരുടെ താല്‍പര്യം സംരക്ഷിക്കാനും ഉതകുംവിധമായിരിക്കണം പുതിയ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളെുന്നു ഫെഡറേഷന്‍ നിവേദനത്തില്‍ പറഞ്ഞു. ഭരണസമിതിയംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടുന്ന സംഘടനയാണു കേരള സഹകരണഫെഡറേഷന്‍.

