ഹൈടെക് ഫാമുമായി ഒറ്റൂര്‍ ബാങ്ക്; സര്‍ക്കാര്‍ സഹായമായി രണ്ടുകോടി

moonamvazhi

­കൃഷിയെ സാങ്കേതികാധിഷ്ഠിതമാക്കി കര്‍ഷകന് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ഹൈടെക് ഫാമിങ് രംഗത്തേക്ക് പദ്ധതി തയ്യാറാക്കി ഒറ്റൂര്‍ സഹകരണ ബാങ്ക്. കര്‍ഷകരെ ക്ലസ്റ്ററുകളാക്കി മാറ്റി ഹൈടെക് ഫാമിങ് നടത്താനാണ് ബാങ്ക് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി അഞ്ചുക്ലസ്റ്ററുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് 2.04 കോടിരൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബജറ്റില്‍ പ്രഖ്യാപിച്ച സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ മേഖലയുടെ നൂതന പദ്ധതി അനുസരിച്ചാണ് പണം അനുവദിക്കുന്നത്.

നാല് മേഖലകളിലാക്കിയാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. സമഗ്ര കാര്‍ഷിക വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആദ്യ സഹായം. ഇതില്‍ 74.5ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 50ലക്ഷം സബ്‌സിഡിയും 20ലക്ഷം ഓഹരിയും 4.5ലക്ഷം രൂപ വായ്പയുമാണ്. കര്‍ഷകര്‍ക്ക് വായ്പ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സബ്‌സിഡിയായി 15ലക്ഷവും ഓഹരിയായി 10 ലക്ഷവും ചേര്‍ത്ത് 25ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും.

കാര്‍ഷികോല്‍പാദനം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവയ്ക്ക് 35ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത് പൂര്‍ണമായി ഓഹരിയായാണ് നല്‍കുക. കാര്‍ഷിക വിപണന മേഖല ശക്തിപ്പെടുത്തുന്നതിന് 69ലക്ഷരൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ഇതും ഓഹരിയായാണ് നല്‍കുന്നത്. ബാങ്കിന്റെ പദ്ധതി സംബന്ധിച്ചുള്ള പ്രപ്പോസല്‍ ജനുവരി 19ന് ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗമാണ് പരിഗണിച്ചത്. ഈ യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചാണ് സര്‍ക്കാര്‍ സഹായം അനുവദിച്ച് ഉത്തരവിറക്കിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!