സർക്കിൾ സഹകരണ യൂണിയനിലെ അഡ്മിനിസ്ട്രേറ്റർ ഭരണം അവസാനിക്കുന്നു: വരുംദിവസങ്ങളിൽ പുതിയ ചെയർമാൻമാർ വരും.

adminmoonam

സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പേര് വിവരങ്ങൾ അടങ്ങിയ ഗസറ്റ് വിജ്ഞാപനം വന്നതോടെ സഹകരണ യൂണിയനുകളിൽ വൈകാതെ പുതിയ ഭരണസമിതി വരും. സർക്കിൾ സഹകരണ യൂണിയനിലെ സെക്രട്ടറിയായ അതാത് അസിസ്റ്റന്റ് രജിസ്ട്രാർമാർ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ വിളിച്ചുകൂട്ടി പുതിയ ചെയർമാനെ തിരഞ്ഞെടുക്കും. ഒപ്പം സംസ്ഥാന സഹകരണ യൂണിയനിലേക്കുള്ള പ്രതിനിധിയെയും തിരഞ്ഞെടുക്കും. അതിനുശേഷം ഇക്കാര്യങ്ങൾ ജോയിന്റ് രജിസ്ട്രാർമാർ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിയായ അഡീഷണൽ രജിസ്ട്രാറെ ബോധ്യപ്പെടുത്തും. ഇതിനുശേഷം സംസ്ഥാന സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിക്കും. സ്വാഭാവിക രീതിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയാണെങ്കിൽ ഒരു മാസത്തിനുള്ളിൽ സംസ്ഥാന സഹകരണ യൂണിയനും നിലവിൽ വരും.

പുതിയ ഭരണസമിതിക്ക് അഞ്ച് വർഷത്തെ കാലാവധി ഉണ്ട്. സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞാണ് ഇത്തവണ ഗസറ്റ് വിജ്ഞാപനം വന്നത്. സാധാരണഗതിയിൽ ഒരുമാസത്തിനുള്ളിൽ വരേണ്ടതായിരുന്നു. സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും പരാതികളും കേസുകളും ഉണ്ടായിരുന്നു. സംസ്ഥാനത്തെ 62 സർക്കിൾ സഹകരണ യൂണിയനിൽ അമ്പതോളം സർക്കിൾ സഹകരണ യൂണിയൻ ഇടതുപക്ഷമാണ് വിജയിച്ചത്. നാല് സർക്കിൾ സഹകരണ യൂണിയനുകളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും സംസ്ഥാന സഹകരണ യൂണിയൻ ഇടതുപക്ഷം ഭരിക്കും. നിലവിൽ സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് കൃഷ്ണൻ നായരാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!