സ്‌റ്റൈലായി തിരിച്ചുവന്ന ബ്യൂട്ടീഷ്യന്‍സ് സഹകരണ സംഘം

- യു.പി. അബ്ദുള്‍ മജീദ്

അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മിതമായ നിരക്കില്‍
ബ്യൂട്ടിപാര്‍ലര്‍ ഉപകരണങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും
കിട്ടുന്ന മൊത്തവ്യാപാര സ്റ്റോറുകളും റീട്ടെയില്‍ സ്റ്റോറുകളും
ആരംഭിക്കുക എന്നതാണു കോഴിക്കോട്ടെ ബ്യൂട്ടീഷ്യന്മാരുടെ
ക്ഷേമ സഹകരണ സംഘത്തിന്റെ പ്രധാന ഉദ്ദേശ്യം. 342 എ ക്ലാസ്
അംഗങ്ങളുള്ള ഈ വനിതാസംഘം ഗ്രാമീണമേഖലകളില്‍
ബ്യൂട്ടി പാര്‍ലറുകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ഗ്രാമങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ചെറുപാര്‍ലറുകള്‍ക്കു
സംഘം ധനസഹായം നല്‍കും.

മാറുന്ന സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്കൊപ്പം അതിവേഗം മാറുന്ന തൊഴില്‍മേഖലയാണു ബ്യൂട്ടീഷ്യന്മാരുടേത്. കടുത്ത മത്സരത്തിലൂടെ കാലത്തിനൊപ്പം കുതിക്കാനുള്ള പെടാപ്പാട് ഒരുഭാഗത്ത്. അസംഘടിതരായതിനാല്‍ അവഗണിക്കപ്പെടുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ മറുഭാഗത്ത്. മഹാമാരിക്കാലത്ത് അടയ്ക്കുന്നതിലും തുറക്കുന്നതിലുമൊക്കെ ഏറ്റവും വിവേചനം നേരിട്ടതു ബ്യൂട്ടി പാര്‍ലറുകളായിരുന്നു. ലക്ഷക്കണക്കിനു പേര്‍ തൊഴില്‍ ചെയ്യുന്ന ഈ മേഖലയുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും ആശ്വാസനടപടികള്‍ സ്വീകരിക്കാനും ഭരണസംവിധാനങ്ങള്‍ മടിച്ചുനില്‍ക്കുമ്പോള്‍ കോഴിക്കോട് നഗരത്തിലിതാ ബ്യൂട്ടീഷ്യന്മാര്‍ക്ക് ഒരു പച്ചത്തുരുത്ത്. കോഴിക്കോട് ജില്ലാ വനിതാ ബ്യൂട്ടീഷ്യന്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ഏഴ് വര്‍ഷത്തിനിടയില്‍ കടുത്ത പ്രതിസന്ധികളെ തരണം ചെയ്തു സുന്ദരമായി തിരിച്ചുവന്ന വനിതാ കൂട്ടായ്മയാണിത്.

കോഴിക്കോട് ജില്ല പ്രവര്‍ത്തനപരിധിയായി 2016 ല്‍ രൂപം കൊണ്ട ബ്യൂട്ടീഷ്യന്‍സ് സൊസൈറ്റി ഈ രംഗത്തെ പുതിയ ചുവടുവെയ്പ്പായിരുന്നു. അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മിതമായ നിരക്കില്‍ ബ്യൂട്ടിപാര്‍ലര്‍ ഉപകരണങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും കിട്ടുന്ന മൊത്തവ്യാപാര സ്റ്റോറുകളും റീട്ടെയില്‍ സ്റ്റോറുകളും ആരംഭിക്കുക എന്നതാണു സംഘത്തിന്റെ പ്രധാന ഉദ്ദേശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ ആരംഭിച്ച കോസ്മെറ്റിക് ഉല്‍പ്പന്നങ്ങളുടെ സ്റ്റോറാണു ബ്യൂട്ടീഷ്യന്‍സ് സംഘത്തിന്റെ പ്രഥമ സംരംഭം. അംഗങ്ങള്‍ക്കും അവരുടെ കീഴില്‍ പ്രവൃത്തിയെടുക്കുന്ന ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നവിധത്തില്‍ ബ്യൂട്ടീഷ്യന്‍, ഫാഷന്‍ ഡിസൈനിങ് തുടങ്ങിയ കോഴ്‌സുകള്‍ സര്‍വകലാശാലകളുടെ അംഗീകാരത്തോടെ ആരംഭിക്കുക, അംഗങ്ങള്‍ക്കു ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ വിതരണം ചെയ്യുക എന്നിവയും സംഘത്തിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളാണ്. മൊബൈല്‍ ബ്യൂട്ടി പാര്‍ലറുകള്‍, ബ്യൂട്ടി കിയോസ്‌കുകള്‍, ഹോസ്റ്റല്‍, കാന്റീന്‍, ലൈബ്രറി തുടങ്ങിയവ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി ആരംഭിക്കാന്‍ സംഘം ലക്ഷ്യമിടുന്നു. സൗന്ദര്യവര്‍ധക വസ്തുകളുടെ നിര്‍മാണയൂണിറ്റ് ആരംഭിക്കുക എന്നതും സംഘത്തിന്റെ ഉദ്ദേശ്യമാണ്. അംഗങ്ങളില്‍ നിന്നു നിക്ഷേപം സ്വീകരിക്കാനും ആവശ്യക്കാര്‍ക്കു വായ്പ അനുവദിക്കാനും സംഘം നിയമാവലിയില്‍ വ്യവസ്ഥയുണ്ട്. അംഗങ്ങള്‍ക്കുവേണ്ടി ഇന്‍ഷൂറന്‍സ്പദ്ധതികള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയും മറ്റു സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംരംഭങ്ങളും ആരംഭിക്കാന്‍ ബ്യൂട്ടീഷ്യന്‍സ് സംഘത്തിന് അനുമതിയുണ്ട്.

അദ്ഭുതകരമായ
തിരിച്ചുവരവ്

സംഘത്തിന്റെ കീഴില്‍ ആരംഭിച്ച സ്റ്റോറിനു നല്ല പിന്തുണയാണ് അംഗങ്ങളും പൊതുജനങ്ങളും നല്‍കിയത്. ലാഭം മാത്രം ലക്ഷ്യം വെച്ച് കോസ്‌മെറ്റിക് വിപണിയില്‍ നടക്കുന്ന ചൂഷണത്തിന് ഒരു പരിധിവരെ തടയിടാന്‍ സഹകരണ സ്ഥാപനത്തിനു കഴിഞ്ഞു. ചെറിയ തോതില്‍ തൊഴിലവസരവും ഇതുവഴി സൃഷ്ടിച്ചു. എന്നാല്‍, സ്റ്റോറിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാന്‍ സംഘത്തിനു കഴിയാത്ത സ്ഥിതി വന്നു. കോവിഡ് മഹാമാരിയുടെ കാലംകൂടി വന്നതോടെ ബ്യൂട്ടീഷ്യന്മാരുടെ തൊഴില്‍മേഖലയിലുണ്ടായ പ്രയാസങ്ങള്‍ സംഘത്തേയും ബാധിച്ചു. ലോക്ഡൗണ്‍ കാലത്ത് ആദ്യഘട്ടത്തില്‍ത്തന്നെ അടച്ചിടേണ്ടിവന്ന ബ്യൂട്ടിപാര്‍ലറുകള്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മറ്റു സ്ഥാപനങ്ങള്‍ മുഴുവന്‍ തുറന്നശേഷമാണു തുറക്കാന്‍ അനുവദിച്ചത്. ഏറെക്കാലം പ്രവര്‍ത്തനം നിര്‍ത്തിവെച്ച സംഘം പിന്നീട് തിരിച്ചുവന്നത് എല്ലാവരേയും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ്. ആത്മവിശ്വാസവും കഠിനാധ്വാനവും കൈമുതലായി കോഴിക്കോട്ടെ സ്ത്രീകളുടെ ഈ ചെറിയ കൂട്ടായ്മ വലിയ ലക്ഷ്യത്തിലേക്കു നീങ്ങുകയാണ്.

2022 മാര്‍ച്ചില്‍ പുതിയ ഭരണസമിതി വരികയും നഗരത്തില്‍ ചാലപ്പുറം റോഡില്‍ പുഷ്പ ജങ്ഷനില്‍ സംഘത്തിന്റെ ഓഫീസും അനുബന്ധമായി ബ്യൂട്ടി പാര്‍ലറും തുടങ്ങുകയും ചെയ്തതോടെ ബ്യൂട്ടീഷ്യന്‍സ് സംഘം വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്. ആധുനിക സജ്ജീകരണങ്ങളോടെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ തുടങ്ങിയത് അംഗങ്ങള്‍ക്ക് ഉണര്‍വ് നല്‍കി. കുറഞ്ഞ കാലം കൊണ്ട് ഒന്നരക്കോടിയോളം രൂപ നിക്ഷേപമായി സമാഹരിക്കാന്‍ കഴിഞ്ഞു. ഇത്തവണത്തെ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ മികച്ച നേട്ടം കൈവരിക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്. 50,000 രൂപ വരെയാണ് അംഗങ്ങള്‍ക്ക് വായ്പ നല്‍കുന്നത്. റിക്കറിങ് ഡെപ്പോസിറ്റ്, സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ്, ഗ്രൂപ്പ് നിക്ഷേപം തുടങ്ങി സാധാരണ സഹകരണ ബാങ്കിങ് സ്ഥാപനങ്ങള്‍ നടത്തുന്ന എല്ലാ ഇടപാടുകളും സംഘത്തിലുണ്ട്. സേവനം വേഗത്തിലും കാര്യക്ഷമമായും നല്‍കാന്‍ ശ്രദ്ധിക്കുന്നുണ്ട്. നിത്യ നിക്ഷേപങ്ങളോടൊപ്പം അഞ്ചു ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ നിലവിലുള്ളതിനാല്‍ കലക്ഷന്‍ ഏജന്റുമാരുടെ സേവനം പണം പിരിച്ചെടുക്കാന്‍ ഉപയോഗിക്കുന്നു.

342 എ ക്ലാസ് അംഗങ്ങളും 287 സി. ക്ലാസ് അംഗങ്ങളുമാണു സംഘത്തിലുള്ളത്. രണ്ടു ജീവനക്കാരും രണ്ടു കലക്ഷന്‍ എജന്റുമാരുമുണ്ട്. സംഘത്തിന്റെ കീഴിലുള്ള ബ്യൂട്ടി പാര്‍ലറും ഇപ്പോള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുമാനമുണ്ടാക്കുന്നുണ്ട്.

ഗ്രാമീണമേഖലയില്‍
ബ്യൂട്ടി പാര്‍ലര്‍

ബ്യൂട്ടീഷ്യന്മാരുടെ തൊഴില്‍രംഗത്തെ പ്രയാസങ്ങള്‍ക്കു പരിഹാരം കാണാനുളള പദ്ധതികള്‍ക്കു ഭരണസമിതി രൂപം നല്‍കുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങാനുള്ള വലിയ പദ്ധതിക്കാണു സംഘം തുടക്കം കുറിക്കുന്നത്. ബ്യൂട്ടീഷ്യന്‍ കോഴ്‌സ് കഴിഞ്ഞ് തൊഴിലില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കാനാണു ഈ പദ്ധതി. എ. ക്ലാസ് അംഗങ്ങള്‍ക്കാണു പരിഗണന. ഗ്രാമങ്ങളില്‍ ആധുനിക സൗകര്യങ്ങളോടെ ചെറുപാര്‍ലറുകള്‍ക്കു സംഘം ധനസഹായം നല്‍കും. സംഘത്തിന്റെ പേരിലുളള ഇത്തരം സ്ഥാപനങ്ങളില്‍നിന്നുളള വരുമാനം വായ്പ അടച്ചശേഷം നടത്തിപ്പുകാരും സംഘവും കരാര്‍പ്രകാരം പങ്കിടും. ഈ പദ്ധതിപ്രകാരമുളള ആദ്യത്തെ പാര്‍ലര്‍ ചാത്തമംഗലം ചൂലൂര്‍ എം.വി.ആര്‍. കാന്‍സര്‍ സെന്ററിനടുത്ത് ആരംഭിക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവിടത്തെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് ഉപകാരപ്രദമാവും. ഗോവിന്ദപുരത്തും പന്തീരാങ്കാവിലും പാര്‍ലറിനു സ്ഥലങ്ങള്‍ കണ്ടെത്തി നടപടി തുടങ്ങിയിട്ടുണ്ട്. സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ച് സംഘം ഓഫീസും വിപുലമായ പാര്‍ലറും ജിംനേഷ്യവുമൊക്കെ ആരംഭിക്കുക എന്ന സംഘത്തിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനാണു ഭരണസമിതിയുടെ ശ്രമം.

പ്രതിസന്ധികാലത്ത് ഏറ്റവും സഹായിച്ചതു പ്രമുഖ സഹകാരിയും എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാനുമായ സി.എന്‍. വിജയ കൃഷ്ണനായിരുന്നുവെന്നു ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് നല്‍കിയ പിന്തുണയും വലുതാണ്. എണ്ണത്തില്‍ കുറവാണെങ്കിലും ജീവനക്കാരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനംകൊണ്ടാണു സംഘത്തിനു തിരിച്ചുവരാനായതെന്നു ഭരണസമിതി വിലയിരുത്തുന്നു. രശ്മി പ്രവീണ്‍ എം.കെ. സംഘം പ്രസിഡന്റ്ും ദീപ്തി വിപിന്‍ലാല്‍ വൈസ് പ്രസിഡന്റുമാണ്. ടെസ്സി ബാബു ഒ.സി, ആര്‍. സുനിത, ഷിംന പി.എസ്, പ്രമീള രാജന്‍ എം, ശുഭശ്രീ വി.കെ, പ്രജിത ടി.എം, ഷൈനി രാജ് പി, ജിഷ കെ.ടി, ഷബ്‌ന എന്‍.പി. എന്നിവര്‍ ഡയറക്ടര്‍മാരാണ്. അനുശ്രീ എം.എം. ആണു സംഘം സെക്രട്ടറി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!