സൈബര്‍ സുരക്ഷാ സംവിധാനം:   അര്‍ബന്‍ ബാങ്കുകളെ ഒരു കുടക്കീഴിലാക്കണമെന്ന ആവശ്യം വീണ്ടുമുയരുന്നു

moonamvazhi

സൈബര്‍ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനു അര്‍ബന്‍ സഹകരണ ബാങ്കുകളെയെല്ലാം ഒരു കുടക്കീഴില്‍ ( അംബ്രല്ല ഓര്‍ഗനൈസേഷന്‍ ) കൊണ്ടുവരണമെന്ന ആവശ്യം വീണ്ടുമുയര്‍ന്നു. ഇങ്ങനെ ചെയ്താല്‍ താരതമ്യേന ദുര്‍ബലമായ ചെറുകിട ബാങ്കുകള്‍ക്കുപോലും ഹൈടെക് സൈബര്‍ സുരക്ഷ ഉറപ്പാക്കാനാവും. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് സഹകരണ ബാങ്കില്‍നിന്നു 146 കോടി രൂപ അപഹരിക്കാനുള്ള സൈബര്‍ ഹാക്കര്‍മാരുടെ വിഫലശ്രമമാണു ഈയാവശ്യം വീണ്ടുമുയരാന്‍ കാരണം.

സഹകരണ ബാങ്കിന്റെ ഹസ്രത്ത്ഗഞ്ച് ശാഖയില്‍ നിന്നാണു 146 കോടി രൂപ അടിച്ചുമാറ്റാന്‍ ശ്രമം നടന്നത്. ബാങ്കിന്റെ ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനത്തില്‍ നുഴഞ്ഞുകയറിയാണു ഹാക്കര്‍മാര്‍ ഈ തട്ടിപ്പ് കാട്ടിയത്. മറ്റു ബാങ്കുകളുടെ ഏഴ് വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണു ഓണ്‍ലൈനായി 146 കോടി രൂപ അയച്ചത്. പെട്ടെന്നു ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഫണ്ട് ബ്ലോക്ക് ചെയ്തു. പിന്നീട് ഫണ്ട് മരവിപ്പിക്കുകയും ഇടപാടുകള്‍ റദ്ദാക്കുകയും ചെയ്തു. യു.പി. സഹകരണ ബാങ്കില്‍നിന്നു വിരമിച്ച ഒരു മാനേജരാണു തട്ടിപ്പിനു പിന്നിലെന്നു പോലീസ് അറിയിച്ചു.

കുറച്ചുകാലം മുമ്പു റിസര്‍വ് ബാങ്ക്തന്നെ അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സൈബര്‍ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. സഹകരണ ബാങ്കുകളില്‍ സൈബര്‍ തട്ടിപ്പ് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. സൈബര്‍ സുരക്ഷക്കുള്ള സാങ്കേതികവിദ്യ ഏറെ ചെലവുപിടിച്ചതായതിനാല്‍ ചെറുകിട അര്‍ബന്‍ ബാങ്കുകള്‍ക്ക് ഇതു സ്വായത്തമാക്കുക എളുപ്പമല്ല. അതേസമയം, ചില വലിയ അര്‍ബന്‍ ബാങ്കുകളിലും സൈബര്‍ തട്ടിപ്പുകള്‍ പൂര്‍ണമായും തടയാനുള്ള സംവിധാനമില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള പരിഹാരമാണ് എല്ലാ ബാങ്കുകളെയും ഒരു കുടക്കീഴിലാക്കുക എന്നത്.

നാഷണല്‍ ഫെഡറേഷന്‍ ഓഫ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ആന്റ് ക്രെഡിറ്റ് സൊസൈറ്റീസ് ലിമിറ്റഡ് ( NAFCUB )  പ്രസിഡന്റ് ജ്യോതീന്ദ്ര മേത്തയും ഈ അഭിപ്രായത്തോട് യോജിക്കുന്നു. അര്‍ബന്‍ ബാങ്കുകള്‍ നേരിടുന്ന സാങ്കേതിക വെല്ലുവിളികള്‍ക്കുള്ള മറുപടി എല്ലാ ബാങ്കുകളെയും ഒരു കുടയ്ക്കു കീഴിലാക്കുക എന്നതാണെന്നു അദ്ദേഹം പറഞ്ഞു. ഇങ്ങനെ എല്ലാ ബാങ്കുകളും ചേര്‍ന്നു പണം സമാഹരിച്ച് സൈബര്‍ സുരക്ഷയ്ക്കായി ഏറ്റവും മികച്ച സാങ്കേതികവിദ്യതന്നെ എല്ലായിടത്തും ഏര്‍പ്പെടുത്താനാവും – അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published.

Latest News