സെലക്ട് കമ്മിറ്റിയുടെ ഭേദഗതിനിര്‍ദേശങ്ങള്‍

- ബി.പി. പിള്ള ( മുന്‍ ഡയറക്ടര്‍, എ.സി.എസ്.ടി.ഐ, തിരുവനന്തപുരം )

പതിനഞ്ചംഗ സെലക്ട് കമ്മിറ്റിയുടെ ഭേദഗതിനിര്‍ദേശങ്ങളോടെ കേരള സഹകരണസംഘം നിയമഭേദഗതിബില്‍ സെപ്റ്റംബര്‍ പതിനാലിനു വീണ്ടും നിയമസഭയുടെ പരിഗണനയ്ക്കു വരികയാണ്. സെലക്ട് കമ്മിറ്റി കൊണ്ടുവന്നിട്ടുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്നു ലേഖകന്‍ വിശദീകരിക്കുന്നു.

 

കേരള സഹകരണസംഘം നിയമഭേദഗതിബില്‍ ( മൂന്നാം ഭേദഗതി ബില്‍ ) -2022 അസാധാരണ ഗസറ്റായി 2022 ഡിസംബര്‍ നാലിനു പ്രസിദ്ധീകരിക്കുകയും ഡിസംബര്‍ 12 നു ബില്‍ സംസ്ഥാനനിയമസഭയില്‍ അവതരിപ്പിക്കുകയുമുണ്ടായി. സഹകരണമന്ത്രിയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട പതിനഞ്ചംഗ സെലക്ട് കമ്മിറ്റിക്കു ബില്‍ അന്നുതന്നെ റഫര്‍ ചെയ്തു. 2023 ജനുവരി നാലു മുതല്‍ പതിനെട്ട് സിറ്റിങ്ങുകള്‍ സെലക്ട് കമ്മിറ്റി നടത്തി. അപെക്‌സ്, ഫെഡറല്‍ സംഘങ്ങളുടെയും ക്ഷേമസംഘങ്ങളുടെയും പ്രതിനിധികളും സഹകാരികളും സഹകരണവിദഗ്ധരും ഭേദഗതിവ്യവസ്ഥകളില്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. കൂടാതെ, മഹാരാഷ്ട്രയിലെ സഹകരണവിദഗ്ധര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആഴത്തിലുള്ള ചര്‍ച്ചകളും നടന്നു. ഈ യോഗങ്ങളില്‍നിന്നു കിട്ടിയ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ക്രോഡീകരിച്ചു പരിഗണിക്കുകയും ആഗസ്റ്റ് നാലിനു സെലക്ട് കമ്മിറ്റി മീറ്റിങ്ങില്‍ അവ പരിഗണിച്ചുകൊണ്ട് സഹകരണസംഘം നിയമഭേദഗതിബില്ലില്‍ ഏതാനും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്തു. 2022 ഡിസംബര്‍ 12 നു നിയമസഭയില്‍ അവതരിപ്പിച്ച ബില്ലില്‍ സെലക്ട് കമ്മിറ്റി നടത്തിയിട്ടുള്ള ഭേദഗതിനിര്‍ദേശങ്ങള്‍ ഇനി പറയുന്നു:

ഓഹരിമൂലധന
നിബന്ധന

1. സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഏഴാം വകുപ്പിലെ ഒന്നാം ഉപവകുപ്പില്‍ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള ക്ലോസ് ( എഫ് ) ല്‍ നിര്‍ദിഷ്ട വായ്പാസംഘങ്ങള്‍ ഏറ്റവും കുറഞ്ഞ ഓഹരിമൂലധനമായി രണ്ടു ലക്ഷം രൂപയും വായ്‌പേതരസംഘങ്ങള്‍ ഒരു ലക്ഷം രൂപയും സമാഹരിച്ചെന്നു രജിസ്ട്രാര്‍ക്കു ബോധ്യപ്പെട്ടാല്‍ സംഘവും അതിന്റെ നിയമാവലിയും അപേക്ഷ കിട്ടി 60 ദിവസങ്ങള്‍ക്കകം രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന നിബന്ധന ചില സഹകരണസംഘങ്ങള്‍ക്കു ബാധകമല്ലെന്നു നിര്‍ദിഷ്ട പ്രൊവിസോയില്‍ വ്യക്തമാക്കുന്നുണ്ട്. എസ്.സി / എസ്.ടി, ഫിഷറീസ്, വനിതാ സഹകരണസംഘങ്ങള്‍ക്കും പരമ്പരാഗത വ്യവസായ സഹകരണസംഘങ്ങള്‍ക്കും ചുരുങ്ങിയ ഓഹരിമൂലധനനിബന്ധന ബാധകമല്ലെന്നായിരുന്നു ഭേദഗതിബില്ലില്‍ ആദ്യം ഉണ്ടായിരുന്നത്. ഈ ഒഴിവാക്കല്‍വ്യവസ്ഥ വിപുലീകരിക്കാനുള്ള നിര്‍ദേശമാണു സെലക്ട് കമ്മിറ്റി നല്‍കിയിരിക്കുന്നത്. എസ്.സി / എസ്.ടി. സംഘങ്ങള്‍ (ഇവയുടെ പേര് പട്ടികജാതി / പട്ടികവര്‍ഗസംഘങ്ങള്‍ എന്നാക്കിയിട്ടുണ്ട് ), ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സഹകരണസംഘങ്ങള്‍, ആനന്ദ് മാതൃകാ പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍, സ്‌കൂള്‍-കോളേജ് സഹകരണസംഘങ്ങള്‍ എന്നിവയ്ക്കും പുതിയ സംഘം രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ കുറഞ്ഞ ഓഹരിമൂലധനനിബന്ധന ബാധകമല്ലെന്നു നിര്‍ദേശിച്ചിരിക്കുന്നു.

2. സഹകരണസംഘംനിയമം വകുപ്പ് 13 ( എ ) ല്‍ എല്ലാ സഹകരണസംഘങ്ങളും കേരള സഹകരണസംഘം നിയമത്തിനും സഹകരണസംഘം ചട്ടങ്ങള്‍ക്കും അനുസൃതമായി അവയുടെ നിയമാവലി തയാറാക്കേണ്ടതാണെന്നും നിയമാവലിനിബന്ധനകള്‍ സഹകരണവകുപ്പുകള്‍ക്കോ ചട്ടങ്ങള്‍ക്കോ വിരുദ്ധമാകരുതെന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഈ വ്യവസ്ഥക്കു രണ്ടു പ്രൊവിസോകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ടായിരുന്നു. അവ ഇവയാണ്:

എ) ഈ ആക്ടിലോ അതിനു കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ വരുത്തിയ ഭേദഗതിക്കനുസൃതമായി സംഘങ്ങള്‍ അവയുടെ നിയമാവലികള്‍ ഭേദഗതി ചെയ്തിട്ടില്ലെന്നു രജിസ്ട്രാര്‍ക്കു ബോധ്യപ്പെട്ടാല്‍ നിര്‍ണയിക്കപ്പെടാവുന്ന ഒരു സമയപരിധിക്കുള്ളില്‍ ആ സംഘത്തിന്റെ ബൈലോ ഭേദഗതി ചെയ്യാന്‍ സംഘത്തോട് രജിസ്ട്രാര്‍ ആവശ്യപ്പെടേണ്ടതാണ്.

ബി) സംഘത്തിന്റെ സാമ്പത്തികപ്രായോഗികത അപകടത്തിലാണെന്നു രജിസ്ട്രാര്‍ക്കു ബോധ്യപ്പെട്ടാല്‍ നിശ്ചയിക്കപ്പെടുന്ന ഒരു കാലയളവിനുള്ളില്‍ സംഘംനിയമാവലി ഭേദഗതി വരുത്താന്‍ രജിസ്ട്രാര്‍ സംഘത്തിനു നിര്‍ദേശം നല്‍കണം. നിര്‍ദേശം പാലിക്കുന്നതില്‍ സംഘം പരാജയപ്പെട്ടാല്‍ പൊതുതാല്‍പ്പര്യം കണക്കിലെടുത്തു സംഘത്തിന്റെ നിയമാവലി ഭേദഗതി ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടായിരിക്കും.മേല്‍സൂചിപ്പിച്ച രണ്ടു പ്രൊവിസോകളും നീക്കം ചെയ്യാന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു.

സംയോജനം,ലയനം

3. വകുപ്പ് 14 ന്റെ നിലവിലെ തലക്കെട്ടില്‍ സംയോജനം എന്നതിനോടൊപ്പം ലയനം എന്ന വാക്കുകൂടി ചേര്‍ക്കാന്‍ കമ്മിറ്റി നിര്‍ദേശിക്കുന്നു. വകുപ്പ് 14 ന്റെ ഉപവകുപ്പ് ( 2 ) ല്‍ ഏതെങ്കിലും രണ്ടോ അല്ലെങ്കില്‍ അതില്‍ക്കൂടുതലോ സംഘങ്ങള്‍ക്കു പൊതുയോഗത്തില്‍ ഹാജരായി വോട്ടു ചെയ്യുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ തീരുമാനപ്രകാരം അപ്രകാരമുള്ള ഓരോ സംഘത്തെ തമ്മില്‍ സംയോജിപ്പിക്കുകയും പുതിയൊരു സംഘം രൂപവത്കരിക്കുകയും ചെയ്യാമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയില്‍ സഹകരണസംഘം രജിസ്ട്രാറുടെ മുന്‍അനുവാദത്തോടെ എന്നു ചേര്‍ക്കാനും മൂന്നില്‍ രണ്ടു ഭൂരിപക്ഷം എന്നതിനു പകരം കേവലഭൂരിപക്ഷം എന്നു ചേര്‍ക്കാനും കമ്മിറ്റി നിര്‍ദേശിക്കുന്നു. ഒരു സഹകരണസംഘത്തിന്റെ സമാപ്തിയാണ് ആ സംഘം മറ്റൊരു സംഘത്തില്‍ ലയിക്കാന്‍ തീരുമാനിക്കുന്നതിലൂടെ സംഭവിക്കുന്നത്. ഇത് ഒരു അസാധാരണകാര്യമാണ്. ആയതിനാല്‍ അതിനു കേവലഭൂരിപക്ഷമല്ല മൂന്നില്‍ രണ്ടു ഭൂരിപക്ഷംതന്നെ ആവശ്യമാണെന്ന വ്യവസ്ഥ നിലനിര്‍ത്തേണ്ടതാണ്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമം 2023 ല്‍ സംസ്ഥാന സഹകരണനിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഒരു സംഘത്തിനു ഒരു മള്‍ട്ടി സ്റ്റേറ്റ് സംഘത്തില്‍ ലയിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാന സഹകരണനിയമവ്യവസ്ഥയനുസരിച്ചുള്ള ഭൂരിപക്ഷത്തോടുകൂടി ലയനപ്രമേയം പാസാക്കിയാല്‍ മതിയെന്നാണ് ഇപ്പോഴുള്ള വ്യവസ്ഥ. താരതമ്യേന രജിസ്ട്രാറുടെ നിയന്ത്രണം കുറവുള്ള, നിക്ഷേപ-വായ്പാ പലിശനിരക്ക് നിശ്ചയിക്കാന്‍ സ്വാതന്ത്ര്യമുള്ള, കേന്ദ്രസര്‍ക്കാര്‍ / നബാര്‍ഡ് ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള മള്‍ട്ടി സ്റ്റേറ്റ് സംഘമായി മാറാന്‍ നിരവധി സംഘങ്ങള്‍ തയാറെടുത്തുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ലയനസാധ്യത വേഗത്തിലാക്കാന്‍ സഹായിക്കുന്ന കേവലഭൂരിപക്ഷതീരുമാനം ഗുണകരമാണോയെന്നു ചിന്തിക്കേണ്ടതാണ്. 2013 ഫെബ്രുവരി 14 ന് 14 -ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുമുമ്പു സഹകരണസംഘം രജിസ്ട്രാറുടെ മുന്‍അനുവാദത്തോടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടുകൂടി ആസ്തി-ബാധ്യതകളുടെ കൈമാറ്റവും വിഭജനവും ആകാമെന്നായിരുന്നു നിലവിലുണ്ടായിരുന്ന വ്യവസ്ഥ. 2014 ല്‍ നീക്കം ചെയ്ത ‘ രജിസ്ട്രാറുടെ മുന്‍അനുവാദത്തോടുകൂടി ‘ എന്നുള്ള വാക്കുകള്‍ വീണ്ടും വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തണമെന്നു സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു.

14 -ാം വകുപ്പിന്റെ ഏഴാം ഉപവകുപ്പിനുശേഷം എട്ടാം ഉപവകുപ്പായി കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥയില്‍ ഗൗരവമായ ഭേദഗതി സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കൈമാറ്റത്തിനുവേണ്ടിയുള്ള വിശദമായ പദ്ധതി രജിസ്ട്രാര്‍ പുറപ്പെടുവിക്കേണ്ടതാണ് എന്ന ബില്ലിലെ വ്യവസ്ഥക്കു പകരം ഉപവകുപ്പ് ( 1 ), ( 2 ), ( 2 എ ) പ്രകാരം ലയനപദ്ധതിയും ആസ്തിബാധ്യതകളുടെ കൈമാറ്റത്തിനുവേണ്ടിയുള്ള വിശദമായ പദ്ധതിയും അതതു സംഗതിപോലെ സംഘം തയാറാക്കുകയും സഹകരണസംഘം രജിസ്ട്രാര്‍ അംഗീകരിക്കുകയും ചെയ്താല്‍ അവ രജിസ്ട്രാറും സഹകരണസംഘവും പ്രസിദ്ധീകരിക്കണമെന്ന വ്യവസ്ഥയാണു സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത്.

4. 14 എ എ വകുപ്പിന്റെ മൂന്നാം ഉപവകുപ്പായി കൂട്ടിച്ചേര്‍ക്കാന്‍ ഇനി പറയുന്ന വ്യവസ്ഥയാണു സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. അനുബന്ധസ്ഥാപനങ്ങളിലെ ഓഹരിമൂലധനം അല്ലെങ്കില്‍ സാമ്പത്തികസഹായം വകുപ്പ് 56 ( 2 ) ലെ സംഘത്തിന്റെ വിഭജിക്കാനുള്ള അറ്റാദായത്തില്‍നിന്നു കണ്ടെത്തണമെന്നും സബ്‌സിഡറി സ്ഥാപനങ്ങളിലെ ഓഹരി ഒഴികെയുള്ള ഏതൊരു അധികമുതല്‍മുടക്കും രജിസ്ട്രാര്‍ വ്യക്തമാക്കുന്ന മാനദണ്ഡങ്ങള്‍ക്കു വിധേയമായി മാത്രമേ നല്‍കാവൂ എന്നും കമ്മിറ്റിയുടെ നിര്‍ദേശമായി നല്‍കിയിരിക്കുന്നു. അനുബന്ധസ്ഥാപനങ്ങളുടെ ഓഡിറ്റ്, പരിശോധന, റെക്കോഡുകള്‍ ഒത്തുനോക്കി ശരിയാണെന്നു സ്ഥാപിക്കല്‍ തുടങ്ങിയവ രജിസ്ട്രാര്‍ നിര്‍വഹിക്കുന്നതാണ്. ഓഡിറ്റ് മേധാവിയായി സഹകരണസംഘം ഓഡിറ്റ് ഡയറക്ടറുള്ള സാഹചര്യത്തില്‍ അനുബന്ധസ്ഥാപനങ്ങളുടെ ഓഡിറ്റ് രജിസ്ട്രാര്‍ നടത്തണമെന്ന മേല്‍വ്യവസ്ഥ വിരോധാഭാസമാണ്.

5. സഹകരണസംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കലുമായി ബന്ധപ്പെട്ട വകുപ്പ് 15 ല്‍ നിലവിലെ മൂന്ന് ഉപവകുപ്പുകള്‍ക്കുശേഷം ഉപവകുപ്പ് ( 4 ) എന്ന പുതിയ ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു. 14 -ാം വകുപ്പുപ്രകാരം ഒന്നോ അതില്‍ക്കൂടുതലോ സംഘങ്ങള്‍ മറ്റൊരു സംഘത്തില്‍ ലയിച്ചുകഴിഞ്ഞാല്‍ ലയിക്കപ്പെടുന്ന സംഘത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടതായും സംഘം പിരിച്ചുവിടപ്പെട്ടതായും കോര്‍പ്പറേറ്റ് ബോഡി എന്ന നിലനില്‍പ്പ് അവസാനിച്ചതായും കണക്കാക്കപ്പെടുമെന്ന വ്യവസ്ഥ 15 -ാം വകുപ്പില്‍ കൂട്ടിച്ചേര്‍ക്കാന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു.

6. നാമമാത്ര അംഗങ്ങളെ / സഹായകാംഗങ്ങളെക്കുറിച്ച് വ്യവസ്ഥ ചെയ്തിട്ടുള്ള 18 -ാം വകുപ്പിലെ ഉപവകുപ്പ് ( 3 ) ല്‍ ഈ ഉപവകുപ്പുകളില്‍ വ്യവസ്ഥപ്പെടുത്തിയതൊഴികെ നാമമാത്ര / സഹായകാംഗങ്ങള്‍ക്കു സംഘത്തിന്റെ നിയമാവലികളില്‍ വ്യക്തമാക്കിയിട്ടുള്ളപ്രകാരമുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ബാധ്യതകളും ഉണ്ടായിരിക്കുന്നതാണ് എന്ന നിലവിലെ വ്യവസ്ഥ നീക്കം ചെയ്യാനും പകരം ഇനി പറയുന്ന വ്യവസ്ഥ ഉപവകുപ്പ് ( 3 ) ആയി ഉള്‍പ്പെടുത്താനും സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു. വ്യവസ്ഥ ഇതാണ്: ഈ ഉപവകുപ്പുകളില്‍ വ്യവസ്ഥപ്പെടുത്തിയതൊഴികെ ഒരു നാമമാത്ര / സഹായകാംഗത്തിനു സംഘത്തിന്റെ നിയമാവലിയില്‍ വ്യക്തമാക്കുന്നപ്രകാരമുള്ള, സംഘങ്ങള്‍ അംഗങ്ങള്‍ക്കു നല്‍കുന്ന വായ്പാസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള, വിവിധ സേവനങ്ങള്‍ക്കും പ്രത്യേക അവകാശങ്ങള്‍ ഉണ്ടായിരിക്കുകയും നിര്‍ണയിക്കപ്പെടുന്നവിധം അംഗങ്ങളുടെ ബാധ്യതകള്‍ക്കു വിധേയമായിരിക്കുകയും ചെയ്യും.

കൈവശം വെക്കാവുന്ന
പരമാവധി മൂലധനം

7. ഓഹരി കൈവശം വെക്കുന്നതിലെ നിയന്ത്രണം വ്യവസ്ഥ ചെയ്തിട്ടുള്ള 22 -ാം വകുപ്പില്‍ ഒന്നാം വകുപ്പിനു നിലവിലെ ഒരു പ്രൊവിസോയോടൊപ്പം രണ്ടാമതൊരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കാന്‍ കമ്മിറ്റി നിര്‍ദേശിക്കുന്നു. റിസര്‍വ് ബാങ്ക് ലൈസന്‍സുള്ള ഒരു അര്‍ബന്‍ സഹകരണ ബാങ്കില്‍ വ്യക്തികളായ അംഗങ്ങള്‍ക്കു ബാങ്കിന്റെ പിരിഞ്ഞുകിട്ടിയ ഓഹരിത്തുകയുടെ അഞ്ചു ശതമാനംവരെ മാത്രമേ പരമാവധി കൈവശം വെക്കാന്‍ പാടുള്ളു എന്ന നിയന്ത്രണവ്യവസ്ഥയാണു പ്രൊവിസോയായി കൂട്ടിച്ചേര്‍ക്കാന്‍ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ വരാത്ത സംഘങ്ങളില്‍ ഒരംഗത്തിനു കൈവശം വെക്കാവുന്ന പരമാവധി ഓഹരിമൂലധനം മൊത്തം ഓഹരിമൂലധനത്തിന്റെ അഞ്ചിലൊരു ഭാഗമാണ്. മൊത്തം ഓഹരിമൂലധനം പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനമാണോ അതോ അംഗീകൃത ഓഹരിമൂലധനമാണോ എന്നു വ്യക്തമല്ല. ഓഡിറ്റിലും പരിശോധനയിലും ഇത് അംഗീകൃത ഓഹരിമൂലധനമായിട്ടാണു പരിഗണിക്കുന്നത്. സംഘംനിയമാവലിയില്‍ അഞ്ചു കോടി രൂപ അംഗീകൃത ഓഹരിമൂലധനമായി വ്യവസ്ഥ ചെയ്തിട്ടുള്ള ഒരു സഹകരണസംഘത്തിലെ പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനം ഒരു കോടി രൂപയാണെങ്കില്‍ അംഗീകൃത ഓഹരിമൂലധനത്തിന്റെ അഞ്ചിലൊരു ഭാഗം – ഒരു കോടി രൂപ – ഒരംഗത്തിനു കൈവശം വെക്കാന്‍ കഴിയുന്നു എന്ന സാഹചര്യം സഹകരണമൂല്യങ്ങള്‍ക്കനുസൃതമല്ല. അതിനാല്‍, പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനത്തിന്റെ അഞ്ചിലൊരു ഭാഗം എന്ന നിയന്ത്രണം 22 -ാം വകുപ്പില്‍ എല്ലാവിഭാഗം സംഘങ്ങള്‍ക്കും ബാധകമാകത്തക്കവിധം വ്യവസ്ഥ ഉള്‍പ്പെടുത്തേണ്ടതാണ്.

സ്വത്തിനുള്ള ബാധ്യത
മൂന്നു വര്‍ഷം

8. മുന്‍കാല അംഗത്തിനും മരിച്ചുപോയ അംഗത്തിനും അവരുടെ സ്വത്തിനുള്ള ബാധ്യതകള്‍ പ്രതിപാദിക്കുന്ന 26 -ാം വകുപ്പിന്റെ ഉപവകുപ്പ് 1 ( എ ) ല്‍ ഒരു മുന്‍കാല അംഗത്തിന്റെ സ്വത്തില്‍ സംഘത്തിന്റെ കടത്തിലുള്ള ബാധ്യത അയാള്‍ അംഗമല്ലാതായിത്തീര്‍ന്ന തീയതി മുതല്‍ രണ്ടു വര്‍ഷത്തേക്കു തുടരുന്നതാണ് എന്ന ബില്ലിലെ വ്യവസ്ഥക്ക് ‘ അംഗമല്ലാതായിത്തീര്‍ന്ന തീയതി മുതല്‍ മൂന്നു വര്‍ഷത്തേക്കു തുടരുന്നതാണ് ‘ എന്ന ഭേദഗതി സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നു.

9. സഹകരണസംഘങ്ങളിലെ കമ്മിറ്റിയുടെ നിയമനവുമായി ബന്ധപ്പെട്ട വകുപ്പ് 28 ല്‍ 1 സി.എ. എന്ന ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. സംഘംനിയമാവലിയില്‍ എന്തുതന്നെ വ്യവസ്ഥ ചെയ്തിരുന്നാലും സംഘങ്ങളുടെ ഭരണസമിതിയില്‍, തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക നല്‍കുന്ന സമയം, 45 വയസ് കവിയാത്തവര്‍ക്കായി രണ്ടു സീറ്റ് സംവരണം ചെയ്തിരിക്കണമെന്നും അതിലൊരാള്‍ പൊതുവിഭാഗത്തില്‍നിന്നും രണ്ടാമത്തെയാള്‍ വകുപ്പ് 28 എ യുടെ ഉപവക്പ്പ് ( 1 ) പ്രകാരം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള വിഭാഗത്തില്‍നിന്നുമായിരിക്കണമെന്നു കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

28 -ാം വകുപ്പിന്റെ ഉപവകുപ്പ് ( 1 ജി ) ല്‍ സംഘത്തിന്റെ നിയമാവലിയില്‍ എന്തൊക്കെ പറഞ്ഞിരുന്നാലും നിലവില്‍ ഭരണത്തിലുള്ള കമ്മിറ്റി വാണിജ്യബാങ്കിലോ കേരള സംസ്ഥാന സഹകരണ ബാങ്കിലോ അര്‍ബന്‍ സഹകരണ ബാങ്കിലോ സര്‍വീസ് സഹകരണ ബാങ്കിലോ മാനേജര്‍ കേഡറില്‍ പെയ്ഡ് സര്‍വീസിലുള്ളതോ അല്ലെങ്കില്‍ ഉണ്ടായിരുന്നതോ ആയ അംഗങ്ങളില്‍നിന്നോ അല്ലെങ്കില്‍ ഭരണകൈകാര്യം, സാമ്പത്തികം, സഹകരണം, സഹകരണ മാനേജ്‌മെന്റ്, കൃഷി, സാമ്പത്തികശാസ്ത്രം, വാണിജ്യം, പൊതുധനകാര്യം, ഗ്രാമീണവികസനം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ ശാഖകളിലെ വിദഗ്ധരില്‍നിന്നോ രണ്ടുപേരെ കമ്മിറ്റിയിലേക്കു നോമിനേറ്റ് ചെയ്യണമെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഈ ഉപവകുപ്പ് ഭേദഗതി ചെയ്യാന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നു. ഒരു സംഘത്തിന്റെ നിയമാവലിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തിയിരുന്നാലും സംഘംഭരണസമിതിക്കു രണ്ടു വ്യക്തികളെ / പ്രതിനിധികളെ ഭരണസമിതിയംഗങ്ങളായി കോ-ഓപ്റ്റ് ചെയ്യാം. അവര്‍ വാണിജ്യ ബാങ്കിലോ കേരള സംസ്ഥാന സഹകരണ ബാങ്കിലോ അര്‍ബന്‍ ബാങ്കിലോ കേരള സംസ്ഥാന കാര്‍ഷികഗ്രാമ വികസന ബാങ്കിലോ പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കിലോ മുന്‍ ജില്ലാ സഹകരണ ബാങ്കുകളിലോ അല്ലെങ്കില്‍ സര്‍വീസ് സഹകരണ ബാങ്കിലോ മാനേജീരിയല്‍ പദവിയില്‍ സര്‍വീസിലുള്ളവരോ / സര്‍വീസിലുണ്ടായിരുന്നവരോ / ബന്ധപ്പെട്ട സംഘത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സഹകരണം, സഹകരണമാനേജ്‌മെന്റ്, മാനേജ്‌മെന്റ്, കൃഷി, സാമ്പത്തികശാസ്ത്രം, വാണിജ്യം, പൊതുസാമ്പത്തികം, നിയമം, ഗ്രാമീണവികസനം, വിവരസാങ്കേതികവിദ്യ എന്നിവയില്‍ വൈദഗ്ധ്യമുള്ളവരോ ആയിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

രണ്ടു ടേമില്‍
കൂടുതല്‍ വേണ്ട

മൂന്നാം ഉപവകുപ്പിന്റെ പ്രൊവിസോ ആയി ബില്ലില്‍ നല്‍കിയിരുന്ന ‘ ഒരു സംഘത്തിലെ ഡയറക്ടര്‍ബോര്‍ഡിലെ ഒരംഗവും തുടര്‍ച്ചയായ രണ്ടു കാലയളവില്‍ക്കൂടുതല്‍ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യത ഉണ്ടായിരിക്കുന്നതല്ല എന്ന നിയന്ത്രണവ്യവസ്ഥ ഉപവകുപ്പ് ( 2 എ ) ആയി ഭേദഗതിയോടെ സെലക്ട് കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുന്നു. നിയമാവലിയില്‍ എന്തുതന്നെ വ്യവസ്ഥ ചെയ്തിരുന്നാലും ഒരു സംഘത്തിന്റെ ഭരണസമിതിയംഗങ്ങളാരും, കാലാവധി പൂര്‍ണമായിരുന്നുവോ അതോ ഭാഗികമായിരുന്നുവോ എന്നതു പരിഗണിക്കാതെ, തുടര്‍ച്ചയായ രണ്ടു ടേമില്‍ക്കൂടുതല്‍ കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹരല്ല എന്ന വ്യവസ്ഥയാണു സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

10. വാര്‍ഷികപൊതുയോഗവുമായി ബന്ധപ്പെട്ട 29 -ാം വകുപ്പില്‍ ക്ലോസ് ( സി ഇ ) ല്‍ ഡയറക്ടര്‍ബോര്‍ഡംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ അടുത്ത ബന്ധുക്കളുടെയും ബന്ധപ്പെട്ട വര്‍ഷത്തെ സംഘത്തിലുള്ള എല്ലാ ബാധ്യതകളുടെയും നിര്‍ണയിക്കപ്പെടാവുന്നപ്രകാരമുള്ള വിശദമായ ലിസ്റ്റ് എന്ന ബില്ലിലെ വ്യവസ്ഥയില്‍ സെലക്ട് കമ്മിറ്റി ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ട്. തൊട്ടുമുന്‍വര്‍ഷം സംഘത്തിനു ലഭിക്കാനുള്ള ഭരണസമിതിയംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ബാധ്യതകളുടെ വിശദമായ ലിസ്റ്റ് പൊതുയോഗത്തിന്റെ അറിവിനായി അവതരിപ്പിക്കണമെന്ന വ്യവസ്ഥയാണു കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത്. കുടുംബാംഗങ്ങള്‍ എന്ന പദത്തിനു ഭാര്യ, ഭര്‍ത്താവ്, അവരുടെ മക്കള്‍, ദത്തുമക്കള്‍, മാതാപിതാക്കള്‍ എന്ന വിശദീകരണവും നല്‍കിയിട്ടുണ്ട്.

11. സഹകരണസംഘങ്ങളുടെ കമ്മിറ്റിയെ പിരിച്ചുവിടുന്നതു വ്യവസ്ഥ ചെയ്തിട്ടുള്ള 32 -ാം വകുപ്പില്‍ പിരിച്ചുവിടലിനു കാരണമാകാവുന്ന വിഷയങ്ങളോടൊപ്പം നിയമത്തിലെ 76 -ാം വകുപ്പില്‍ ഉത്തരവുകളുടെയും മറ്റും നിര്‍വഹണം വ്യവസ്ഥ ചെയ്തിട്ടുള്ളതുപ്രകാരം വിധി നടപ്പാക്കുന്നതില്‍ കല്‍പ്പിച്ചുകൂട്ടിയുള്ള അനുസരണക്കേട് ഉണ്ടായാലും ഭരണസമിതിയെ രജിസ്ട്രാര്‍ക്കു പിരിച്ചുവിടാമെന്നു കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. മാത്രവുമല്ല, പിരിച്ചുവിടപ്പെട്ട ഭരണസമിതിക്കു പകരം സംഘഭരണം നടത്തുന്നതിനുവേണ്ടി രജിസ്ട്രാര്‍ നിയോഗിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങള്‍ സംഘാംഗങ്ങളായിരിക്കണമെന്നില്ല എന്ന നിലവിലെ വ്യവസ്ഥക്കു പകരം അവര്‍ സംഘാംഗങ്ങളായിരിക്കണമെന്നും സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു.

സഹകരണ
പുനരുദ്ധാരണഫണ്ട്

12. സഹകരണ വികസനക്ഷേമനിധി ( വകുപ്പ് 57 എ ), നിക്ഷേപ ഗ്യാരണ്ടി സ്‌കീം ( വകുപ്പ് 57 ബി ), കണ്‍സോര്‍ഷ്യം ലെന്‍ഡിങ് സ്‌കീം ( വകുപ്പ് 57 സി ), സഹകരണ റിസ്‌ക്ഫണ്ട് സ്‌കീം ( വകുപ്പ് 57 ഡി ) എന്നിവകള്‍ക്കുശേഷം വക്പ്പ് 57 ഇ യായി സഹകരണ പുനരുദ്ധാരണഫണ്ട് സ്‌കീം ഉള്‍പ്പെടുത്താന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ചില അസാധാരണ സാഹചര്യങ്ങളാല്‍ ദുര്‍ബലാവസ്ഥയിലോ പ്രവര്‍ത്തനരഹിതമോ ആയ സ്ഥിതിയിലുള്ള സഹകരണസംഘങ്ങളെ പുനരുദ്ധരിക്കുന്നതിനുവേണ്ടി സ്‌കീമിലെ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സാമ്പത്തികസഹായം നല്‍കുന്നതിനായി ഒരു ഫണ്ട് രൂപവത്കരിക്കാന്‍ സഹകരണപുനരുദ്ധാരണഫണ്ട് പദ്ധതി എന്ന പേരില്‍ ഒരു ഫണ്ട് ഗസറ്റ് വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ഫണ്ടിന്റെ നിര്‍വഹണം നിര്‍ണയിക്കപ്പെടുംപ്രകാരമായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമത്തിലെ 56 -ാം വകുപ്പിലെ ഉപവകുപ്പ് ( 1 ) ന്റെ ക്ലോസ് ( എ ) പ്രകാരമുള്ള സംഘങ്ങളുടെ ലാഭത്തുകയുടെ 15 ശതമാനത്തില്‍ കുറയാത്ത ഭാഗത്തിന്റെ അമ്പതു ശതമാനവും 56 ( 2 ) ( സി ) പ്രകാരമുള്ള ലാഭത്തുകയുടെ ഏഴു ശതമാനം കാര്‍ഷികവായ്പ സ്ഥിരീകരണഫണ്ടിലേക്കു മാറ്റിവെക്കേണ്ട തുകയുടെ 50 ശതമാനത്തില്‍ അധികരിക്കാത്ത തുകയും സഹകരണപുനരുദ്ധാരണഫണ്ടിലേക്കു മാറ്റുന്നതും കൂടാതെ കാലാകാലങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റുകളും സ്‌കീമില്‍ വ്യവസ്ഥ ചെയ്യപ്പെടുന്നതും ഫണ്ടില്‍ വരവാകുന്നതുമായ മറ്റു തുകകളും കൂടുന്നതായിരിക്കും പുനരുദ്ധാരണഫണ്ട്.

13. സഹകരണസംഘം രജിസ്ട്രാര്‍ നിശ്ചയിച്ചിട്ടുള്ളതും സംഘംനിയമാവലിയില്‍ വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ളതുമായ പരമാവധി വായ്പയില്‍ കൂടുതലായി സംഘം ഒരംഗത്തിനും വായ്പ അനുവദിക്കരുത്. ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടാല്‍ സംഘത്തിന്റെ മുഖ്യ നിര്‍വഹണോദ്യോഗസ്ഥനും ഭരണസമിതിയും ശിക്ഷയ്ക്കു വിധേയരാകുന്നതാണ് എന്ന നിബന്ധന വകുപ്പ് 59 ( 3 ) ല്‍ ബില്ലിലെ വ്യവസ്ഥയില്‍ ഭേദഗതി വരുത്തി കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നു.

14. പുതുതായി കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്ന വകുപ്പ് 59 എ യിലെ ( സ്വത്തുക്കളുടെ മൂല്യനിര്‍ണയം ) വ്യവസ്ഥയില്‍ മാറ്റങ്ങള്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. സംഘത്തില്‍ ഈടായി നല്‍കേണ്ട സ്ഥാവരസ്വത്തിന്റെ മൂല്യം, യോഗ്യതയുള്ള സ്വതന്ത്ര മൂല്യനിര്‍ണയക്കാരന്‍ / മൂല്യനിര്‍ണയക്കാര്‍ നിര്‍ണയിക്കപ്പെട്ടപ്രകാരം മൂല്യനിര്‍ണയം നടത്തേണ്ടതാണ്. മൂല്യനിര്‍ണയക്കാരനെ / മൂല്യനിര്‍ണയക്കാരെ രജിസ്ട്രാര്‍ അംഗീകരിച്ച പാനലില്‍നിന്നാണു തിരഞ്ഞെടുക്കേണ്ടത്. അവരുടെ നിയമനം, മൂല്യനിര്‍ണയം നടത്തേണ്ട വായ്പത്തുക, മൂല്യനിര്‍ണയക്കാരുടെ യോഗ്യത, പരിചയം, നിബന്ധനകള്‍, വ്യവസ്ഥകള്‍ എന്നിവ നിര്‍ണയിക്കപ്പെടുന്നപ്രകാരമായിരിക്കണം.

സെലക്ട് കമ്മിറ്റിയുടെ ഭേദഗതിനിര്‍ദേശം ഇനി പറയുന്നപ്രകാരമാണ്: വായ്പത്തുക പത്തു ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ വായ്പയുടെ സെക്യൂരിറ്റിയായ സ്ഥാവരസ്വത്തിന്റെ മൂല്യനിര്‍ണയം സംഘംഭരണസമിതി ചുമതലപ്പെടുത്തുന്ന ഒരു ഓഫീസര്‍ / ഓഫീസര്‍മാര്‍ നടത്തേണ്ടതും വായ്പത്തുക പത്തു ലക്ഷത്തിനു മുകളിലാണെങ്കില്‍ മുഖ്യനിര്‍വഹണോദ്യോഗസ്ഥനും രണ്ടു ഭരണസമിതിയംഘങ്ങളും കമ്മിറ്റി ചുമതലപ്പെടുത്തുന്ന ഒരു സ്വതന്ത്രമൂല്യനിര്‍ണയക്കാരനുംകൂടി നടത്തേണ്ടതുമാണ്.

15. സാമ്പത്തികവര്‍ഷം അവസാനിച്ചശേഷം ഒരു മാസത്തിനകം സംഘത്തിന്റെ സാമ്പത്തിക സ്റ്റേറ്റ്‌മെന്റും മറ്റു സ്റ്റേറ്റ്‌മെന്റുകളും സെക്രട്ടറി തയാറാക്കണമെന്നു ഓഡിറ്റ് വകുപ്പ് 64 ( 4 ) ലും സെക്രട്ടറി തയാറാക്കുന്ന സ്‌റ്റേറ്റുമെന്റുകളുടെ കൃത്യത ഉറപ്പുവരുത്തേണ്ടതു ഓരോ സംഘത്തിന്റേയും ഭരണസമിതിയുടെ ചുമതലയാണെന്നു ഉപവകുപ്പ് ( 4 എ ) യിലും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അപ്രകാരമുള്ള രേഖകള്‍ സെക്രട്ടറിയില്‍നിന്നു കിട്ടിയശേഷം ഒരു മാസത്തിനകം സംഘംഭരണസമിതി ഓഡിറ്റിനായി ഓഡിറ്റര്‍ക്കു നല്‍കണമെന്ന വ്യവസ്ഥ പതിനഞ്ചു ദിവസത്തിനുള്ളിലായി ചുരുക്കാന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു.

അന്വേഷണം: ബില്ലിലെ
വകുപ്പ് നീക്കുന്നു

16. വകുപ്പ് 65 എ – സംസ്ഥാനസര്‍ക്കാരിനാലുള്ള അന്വേഷണം എന്ന ബില്ലിലെ വകുപ്പും വ്യവസ്ഥയും നീക്കം ചെയ്യാന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു. സംഘത്തിന്റെ പ്രവര്‍ത്തനം, സാമ്പത്തികസ്ഥിതി, സര്‍ക്കാര്‍സഹായത്തിന്റെ വിനിയോഗം എന്നിവ സംബന്ധിച്ച് സര്‍ക്കാരിനു പൊതുതാല്‍പ്പര്യാര്‍ഥം സ്വമേധയാലോ ധനസഹായബാങ്കില്‍നിന്നുള്ള അപേക്ഷയുടെ അടിസ്ഥാനത്തിലോ സംഘത്തിലെ ഭൂരിപക്ഷം അംഗങ്ങളുടെ അപേക്ഷയുടെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ രജിസ്ട്രാറുടെയോ സഹകരണ ഓഡിറ്റ് ഡയറക്ടറുടെയോ ശുപാര്‍ശയുടെ അടിസ്ഥാനത്തിലോ ഒരു പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണത്തിന് ഉത്തരവിടാവുന്നതാണ് എന്ന വ്യവസ്ഥയാണു ബില്ലില്‍നിന്നു നീക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

17. രജിസ്ട്രാര്‍ക്കു വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനു വ്യവസ്ഥ ചെയ്തിട്ടുള്ള വകുപ്പ് ( 66 സി ) ല്‍ ഉപവകുപ്പ് ( 2 ) ആയി ഇനി പറയുന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ക്കാന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു: സംഘം നടത്തുന്ന വായ്പാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ത്രൈമാസ റിട്ടേണുകള്‍ മുഖ്യ നിര്‍വഹണോദ്യോഗസ്ഥന്‍ ഒപ്പിട്ടു രജിസ്ട്രാര്‍ക്കു നല്‍കേണ്ടതും അതു സഹകരണസംഘം രജിസ്ട്രാര്‍ യഥാവിധി അവലോകനം നടത്തി രജിസ്ട്രാറുടെ വിലയിരുത്തല്‍റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍റിപ്പോര്‍ട്ട് ഓരോ ത്രൈമാസത്തിലും സംഘത്തില്‍നിന്നു രജിസ്ട്രാര്‍ക്കു നല്‍കേണ്ടതുമാണ്. കൃത്യസമയങ്ങളില്‍ റിട്ടേണുകള്‍ രജിസ്ട്രാര്‍ക്കു നല്‍കുന്നതില്‍ സംഘം വീഴ്ച വരുത്തിയാല്‍ സംഘത്തിന്റെ സ്വഭാവത്തിന്റെയും തരംതിരിവിന്റെയും അടിസ്ഥാനത്തില്‍ 10,000 രൂപവരെ പിഴ ചുമത്താന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ടായിരിക്കും.

18. നിയമത്തിലെ വകുപ്പ് 68 എ യിലെ നിലവിലുള്ള ഒന്നും രണ്ടും ഉപവകുപ്പുകള്‍ക്കുപകരം ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ള വ്യവസ്ഥ ഇനി പറയുന്നു: 1960 ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലോ 1988 ലെ അഴിമതിനിരോധനനിയമത്തിലോ ഉള്ള വ്യവസ്ഥകള്‍പ്രകാരം സംഘത്തില്‍ കണ്ടെത്തിയ പണാപഹരണമോ ക്രമക്കേടുകളോ അഴിമതിയോ സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിനോ രജിസ്ട്രാര്‍ക്കോ അതതു സംഗതിപോലെ പോലീസിനോ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്‌ക്കോ അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കുമായി അയച്ചുകൊടുക്കാവുന്നതാണ്. മേല്‍സൂചിപ്പിച്ച വ്യവസ്ഥ വകുപ്പ് 68 എ യുടെ ഉപവകുപ്പുകള്‍ ഒന്നിനും രണ്ടിനും പകരമായി നിയമഭേദഗതിബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നതു 68 ബി എന്ന പുതിയ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്താന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു.

ലിക്വിഡേഷന്‍ നടപടി:
കാലാവധി കുറയ്ക്കുന്നു

19. ലിക്വിഡേറ്ററുടെ അധികാരങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ള 73 -ാം വകുപ്പിന്റെ ഉപവകുപ്പ് ( 2 എ ) ല്‍ 72 -ാം വകുപ്പ് ഉപവകുപ്പ് ( 1 ) പ്രകാരം നിയമിക്കപ്പെട്ട ലിക്വിഡേറ്റര്‍ നിയമനത്തീയതിമുതല്‍ മൂന്നുവര്‍ഷ കാലാവധിക്കുള്ളില്‍ ലിക്വിഡേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന നിലവിലെ വ്യവസ്ഥയില്‍ സമയപരിധി മൂന്നു വര്‍ഷം എന്നതു രണ്ടു വര്‍ഷമായി കുറയ്ക്കാന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിക്കുന്നു. വകുപ്പ് 73 ഉപവകുപ്പ് ( 2 എ ) യുടെ വിശദീകരണത്തിലും മൂന്നു വര്‍ഷം എന്ന കാലാവധി രണ്ടു വര്‍ഷമായി ഭേദഗതി ചെയ്യാന്‍ നിര്‍ദേശിക്കുന്നു. വകുപ്പ് 73 ഉപവകുപ്പ് ( 2 എ ) യ്ക്കു ഒരു പ്രൊവിസോയും കൂട്ടിച്ചേര്‍ക്കാന്‍ സെലക്ട് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. വകുപ്പ് 72 ( 1 ) പ്രകാരം ലിക്വിഡേറ്ററെ നിയമിച്ച് രണ്ടു വര്‍ഷത്തിനകം സമാപ്തീകരണനടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെവന്നാല്‍ ലിക്വിഡേറ്റര്‍ ഒരു ഇടക്കാലറിപ്പോര്‍ട്ട് രജിസ്ട്രാറിലൂടെ സര്‍ക്കാരിനു നല്‍കേണ്ടതാണ്. ഈ ഇടക്കാലറിപ്പോര്‍ട്ടില്‍ നടപടി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതിലുള്ള നടപടിതടസ്സങ്ങള്‍ വ്യക്തമാക്കേണ്ടതും സര്‍ക്കാര്‍ നീട്ടിനല്‍കിയ പരമാവധി ഒരു വര്‍ഷത്തില്‍ കൂടാത്ത സമയപരിധിക്കുള്ളില്‍ അന്തിമറിപ്പോര്‍ട്ട് സര്‍ക്കാരിനു നല്‍കേണ്ടതുമാണ് എന്നതാണു പ്രസ്തുത പ്രൊവിസോ.

20. 80 -ാം വകുപ്പിന്റെ ഉപവകുപ്പ് അഞ്ചില്‍ നിലവിലുള്ള പ്രൊവിസോയ്ക്കുശേഷം ഇനി പറയുന്ന പ്രൊവിസോ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു: ഈ വ്യവസ്ഥയുടെ ആവശ്യത്തിലേക്കായി നിയമനയൂണിറ്റ് ഇരുപത് ആയിരിക്കുന്നതും അതിന്റെ നാലും പതിനാലും ഊഴങ്ങള്‍ എസ്.സി / എസ്.ടി. ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി സംവരണം ചെയ്യേണ്ടതും പത്താമത്തെ ഊഴം ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി സംവരണം ചെയ്യേണ്ടതുമാണ്. ഈ വ്യവസ്ഥ ബാധകമാകുന്ന എല്ലാ സ്ഥാപനങ്ങളും റൊട്ടേഷന്‍ നിര്‍ബന്ധമായും ഉറപ്പാക്കുന്നതിനായി ഒരു രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ് എന്നുള്ള പ്രൊവിസോ ഒഴിവാക്കാന്‍ കമ്മിറ്റി നിര്‍ദേശിക്കുന്നു. പകരം, വകുപ്പ് 80 ( 5 ) ന്റെ നിലവിലുള്ള പ്രൊവിസോയില്‍ പത്തുപേരില്‍ക്കൂടുതലും 33 പേരില്‍ കുറയാതെയും തസ്തികഘടനയില്‍പ്പെട്ടതോ തസ്തികാനുവാദമുള്ളതോ ആയ സംഘങ്ങളില്‍ ഏറ്റവും കുറഞ്ഞത് ഒരു ഭിന്നശേഷി തസ്തികയെങ്കിലും സംവരണം ചെയ്യപ്പെട്ടിരിക്കണമെന്നതില്‍ പത്തു പേരില്‍ക്കൂടുതലും ഇരുപത്തിയഞ്ചില്‍ കുറയാതെയും എന്നു ഭേദഗതി ചെയ്യാന്‍ കമ്മിറ്റി നിര്‍ദേശിക്കുന്നു.

 

Leave a Reply

Your email address will not be published.