സെറിഫെഡിന്റെ ‘കേരളാപട്ടി’നോട് സര്‍ക്കാരിന് മമതയില്ല

[email protected]

കേരളത്തിന്റെ സ്വന്തം പട്ട് എന്ന നിലയില്‍ ‘കേരളാപട്ട്’ പദ്ധതിയുമായി അതിജീവനത്തിന് വഴിതേടിയ കേരള സ്റ്റേറ്റ് സെറികള്‍ച്ചര്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷ(സെറിഫെഡ്)നെ സര്‍ക്കാര്‍ കൈവിടുന്നു. പദ്ധതി വിജയമാവില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. അതേസമയം, കേന്ദ്രം സര്‍ക്കാര്‍ സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതം നല്‍കിയാലെ കേന്ദ്രവിഹിതം ലഭിക്കൂ. ഇതാണ് സെറിഫെഡിനെ കുഴക്കുന്നത്. പ്രതിസന്ധിയിലായ സെറിഫെഡിനെ പുനരുദ്ധരിക്കാനുള്ള പദ്ധതി എന്ന നിലയിലാണ് പട്ടുവസ്ത്രനിര്‍മ്മാണം അവതരിപ്പിച്ചത്. കേരളത്തില്‍ പട്ടുവസ്ത്രത്തിന് നല്ലവിപണിയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. അതിജീവിക്കാന്‍ ശേഷിയില്ലാതെ വന്ന സെറിഫെഡ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതാണ്. ജീവനക്കാരെ തദ്ദേശസ്വയംഭരണ-ഗ്രാമവികസന വകുപ്പുകളിലെ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യാസിപ്പിക്കാനും തീരുമാനിച്ചു. എന്നാല്‍, ഇതിനെതിരെ ഒരുസഹകരണ സംഘം ഹൈക്കോടതിയെ സമീപിച്ചു. സെറിഫെഡിനെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ചാണ് കേരള പട്ട് നിര്‍മ്മാണമെന്ന പുനരുദ്ധാരണ പദ്ധതി തയ്യാറാക്കിയത്.

ഈ പദ്ധതി കേന്ദ്ര സില്‍ക് ബോര്‍ഡ് ഇത് അംഗീകരിച്ചു. 2015-ല്‍ ഇത് സംസ്ഥാന സര്‍ക്കാരും പദ്ധതി അംഗീകരിച്ച് ഉത്തരവിറക്കി. കേന്ദ്ര-സംസ്ഥാന വിഹിതം ഉള്‍പ്പെടുന്നതായിരുന്നു പദ്ധതി. കേരളത്തിലെ കൈത്തറി സഹകരണ സംഘങ്ങളിലൂടെ മൂന്നുഘട്ടമായാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടം നാലുവര്‍ഷത്തേക്കുള്ളതാണ്. തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. പദ്ധതി അംഗീകരിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയതല്ലാതെ പണം അനുവദിക്കാനുള്ള നടപടിയുണ്ടായില്ല.

2018-മെയ് മാസത്തില്‍ കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയം നടത്തിയ ‘സില്‍ക് സമഗ്ര’ ദേശീയ ശില്പശാലയില്‍ സെറിഫെഡ് വൈസ് ചെയര്‍മാന്‍ എസ്.മോഹനന്‍ ഈ പദ്ധതി അവതരിപ്പിച്ചു. ഇന്ത്യയിലാകെ നടപ്പാക്കുന്ന മാതൃകാപദ്ധതിയാണിതെന്ന് ടെക്‌സ്റ്റൈല്‍ മന്ത്രാലയം വിലിയരുത്തി. ഇതിന് ശേഷം കേന്ദ്ര സില്‍ക് ബോര്‍ഡ് സംസ്ഥാന വ്യവസായ വകുപ്പിന് കത്ത് നല്‍കുകയും ചെയ്തു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി നല്‍കേണ്ട തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടുള്ളതായിരുന്നു കത്ത്. 20 ശതമാനമായിരുന്നു ആദ്യം നിശ്ചയിച്ച സംസ്ഥാനവിഹിതം. പദ്ധതിക്ക് കൂടുതല്‍ പണം നല്‍കാന്‍ കേന്ദ്രം തയ്യാറായതിനാല്‍ സംസ്ഥാനവിഹിതം 14.5 ശതമാനമായി കുറച്ചു.

3.41 കോടിരൂപയാണ് സംസ്ഥാന സര്‍ക്കാര്‍ സെറിഫെഡിന് അനുവദിക്കേണ്ടത്. ഇത് നല്‍കിയാല്‍ 11 കോടിയോളം രൂപ കേന്ദ്രവിഹിതവും ലഭിക്കും. വ്യവസായ വകുപ്പ് പണം അനുവദിക്കാത്തതാണ് സെറിഫെഡിനെ കുഴക്കുന്നത്. സംസ്ഥാനം പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രവിഹിതം പാഴാവുകയും പദ്ധതി ഇല്ലാതാവുകയും ചെയ്യും.

Leave a Reply

Your email address will not be published.

Latest News