സാമ്പത്തിക സ്ഥിതി സംരക്ഷണത്തില്‍ സഹകരണ മേഖലയുടെ പങ്ക് വലുത്: എ.കെ ബാലന്‍

[email protected]

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംരക്ഷിക്കുന്നതില്‍ സഹകരണ മേഖല നടത്തിയ ഇടപെടല്‍ വലുതാണെന്ന് മന്ത്രി എ.കെ.ബാലന്‍. ‘മുറ്റത്തെ മുല്ല’ ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണമ്പ്ര മംഗല്ല്യ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. നോട്ടു നിരോധന കാലത്ത് സഹകരണ പ്രസ്ഥാനത്തോടുള്ള ജനങ്ങളുടെ വിശ്വാസ്യത തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വട്ടി പലിശക്കാരില്‍ നിന്നും സാധാരണക്കാരെ സഹായിക്കാനും ‘മുറ്റത്തെ മുല്ല’ പദ്ധതിയിലൂടെ കഴിയും. പദ്ധതി നടപ്പാക്കുന്നതില്‍ സഹകരണ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. സഹകരണ മേഖല പോലെ വിശ്വാസമുള്ള ഒന്നായി ഇപ്പോള്‍ കുടുംബശ്രീയും മാറിയിരിക്കുകയാണ്. സഹകരണ ബാങ്കുകള്‍ കൊടുക്കുന്ന തുകയുടെ പലിശയിനത്തില്‍ ഒന്‍പത് ശതമാനം ബാങ്കിനും മൂന്ന് ശതമാനം കുടുംബശ്രീക്കുമാണ് . അതു കൊണ്ടു തന്നെ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സാമ്പത്തിക നഷ്ടം ഒരു പരിധി വരെ കുറക്കാന്‍ ‘മുറ്റത്തെ മുല്ല’ പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കുന്നതിലും സഹകരണ മേഖല മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.ക്ഷേമ പെന്‍ഷന്‍ നല്കുന്നതിലും നെല്ല് സംഭരണത്തിലും സഹകരണ ബാങ്കുകള്‍ നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കണ്ണമ്പ്ര സഹകരണ സേവന ബാങ്കിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.20 കുടുംബശ്രീ യൂനിറ്റുകള്‍ക്ക് രണ്ട് കോടി രൂപ പരിപാടിയില്‍ വിതരണം ചെയ്തു.

പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി അധ്യക്ഷനായി.കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി റെജിമോന്‍, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത പോള്‍സണ്‍, കണ്ണമ്പ്ര ബാങ്ക് പ്രസിഡന്റ് പി.കെ. ഹരിദാസന്‍, സെക്രട്ടറി ആര്‍. സുരേന്ദ്രന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.കെ. ബാബു, ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ സുരേഷ് മാധവന്‍, ജില്ലാ പഞ്ചായത്ത് അംഗം വി. മീനാകുമാരി, കെ.സുലോചന, സി. പ്രഭാകരന്‍, കെ. പ്രസന്നകുമാരി, പി. സെയ്തലവി, എ.കെ. സെയ്ത് മുഹമ്മദ്, ഇ.കെ. നാരായണന്‍, വിജയന്‍ മീത്തില്‍, ടി.സുരേഷ് കുമാര്‍, വി.ആര്‍. സാലിന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published.