സാമ്പത്തിക-ഭരണ കാര്യങ്ങളില്‍ സഹകരണ സംഘങ്ങള്‍ക്ക് പൂര്‍ണാധികാരമുണ്ട്- മദ്രാസ് ഹൈക്കോടതി

moonamvazhi
തമിഴ്‌നാട് സഹകരണ സംഘം നിയമമനുസരിച്ച് സാമ്പത്തിക-ആഭ്യന്തര ഭരണ കാര്യങ്ങളില്‍ സഹകരണ സംഘങ്ങള്‍ക്കു പൂര്‍ണ സ്വയംഭരണാധികാരമുണ്ടെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. സഹകരണ സംഘം ജീവനക്കാരുടെ ശമ്പളം നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ കോടതി റദ്ദാക്കി.

സഹകരണ സംഘം രജിസ്ട്രാര്‍ 2014 ല്‍ ഇറക്കിയ സര്‍ക്കുലറിനെതിരെ സഹകരണ സംഘം അംഗങ്ങള്‍ നല്‍കിയ ഒരുകൂട്ടം ഹര്‍ജികള്‍ അനുവദിച്ചുകൊണ്ടാണു മദ്രാസ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട് സഹകരണ സംഘം നിയമത്തിലെ സെക്ഷന്‍ 136-ഡി (2) (iv) വ്യവസ്ഥകളനുസരിച്ച് സംഘം ജീവനക്കാരുടെ ശമ്പളം നിര്‍ണയിക്കാനും മറ്റു സാമ്പത്തികാനുകൂല്യങ്ങള്‍ നല്‍കാനും ജീവനക്കാരെ നിയമിക്കാനും സഹകരണ സംഘങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. സഹകരണ നിയമത്തിലെ സെക്ഷന്‍ 136 എ, 136 ബി, 136 സി, 136 ഡി എന്നിവയുള്‍പ്പെടെ XIV-എ എന്ന അധ്യായം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തതായി ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. 136-ഡി യിലെ 1,2,25 സബ് ക്ലോസുകൡ ഓരോ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘവും സ്വയംഭരണ സ്ഥാപനമാകണമെന്നു പറയുന്നുണ്ട.് ജീവനക്കാരുടെ ശമ്പളം നിര്‍ണയിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലര്‍ സഹകരണ സംഘങ്ങളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്നതും ഭരണഘടനാവിരുദ്ധവുമാണ് – ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.

ഹ്രസ്വകാല സംഘങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്വയംഭരണാധികാരം സെക്ഷന്‍ 136-ഡി യില്‍ വ്യക്തമാണെന്നു ഹര്‍ജിയില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസ് എസ്. ശ്രീമതി ചൂണ്ടിക്കാട്ടി. സര്‍ക്കാരില്‍ നിന്നോ രജിസ്ട്രാറില്‍ നിന്നോ ഒരുതരത്തിലുള്ള ഇടപെടലും ഉണ്ടാകാതിരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. രജിസ്ട്രാറുടെ സര്‍ക്കുലര്‍ സെക്ഷന്‍ 136 -എ മുതല്‍ 136 -ഡി വരെയുള്ള വ്യവസ്ഥകള്‍ക്കു വിരുദ്ധമാണ് – ജസ്റ്റിസ് ശ്രീമതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.