സഹകരണ സപ്തതിയിലേക്ക് സുകുമാരന്‍ മാസ്റ്റര്‍

അനില്‍ വള്ളിക്കാട്

പാലക്കാട് കിഴക്കഞ്ചേരിയിലെ വി. സുകുമാരന്‍ മാസ്റ്റര്‍
തൊണ്ണൂറ്റിരണ്ടാം വയസ്സിലും സഹകരണ മേഖലയുടെ
ഉന്നമനത്തിനായി സജീവമായി രംഗത്തുണ്ട്. അധ്യാപകനും
ജനപ്രതിനിധിയുമായിരുന്നു ഊര്‍ജസ്വലനായ ഈ സഹകാരി.
1950 കളുടെ മധ്യത്തോടെ തുടങ്ങിയതാണു സഹകാരിജീവിതം.
അതിപ്പോഴും അവിശ്രമം തുടരുന്നു.

സഹകരണ പ്രവര്‍ത്തനത്തിന്റെ ഏഴു പതിറ്റാണ്ടിലേക്കു കടക്കുകയാണു പാലക്കാട് കിഴക്കഞ്ചേരിയിലെ വി. സുകുമാരന്‍ മാസ്റ്റര്‍. അധ്യാപകന്‍, സഹകാരി, തദ്ദേശ സ്ഥാപന ഭരണസാരഥി തുടങ്ങിയ സ്‌നേഹസേവനങ്ങളുടെ ദീര്‍ഘകാല പരിചയ സമ്പത്തുണ്ടെങ്കിലും ജീവിതസായാഹ്നത്തിലും വിദ്യാര്‍ഥിയെപ്പോലെ പഠിക്കുന്നു. അധ്യാപകനെപ്പോലെ പറയുന്നു. സംസ്ഥാനത്തെ സഹകരണ സ്പന്ദനങ്ങളെക്കുറിച്ച് എളവമ്പാടത്തെ വീട്ടിലിരുന്ന് എഴുതുന്നു. എഴുത്തുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുന്നു. ഐക്യനാണയ സംഘം മുതല്‍ കേരള ബാങ്ക് വരെ എത്തി നില്‍ക്കുന്ന, സംസ്ഥാനത്തിന്റെ നീണ്ട സഹകരണ സഞ്ചാരത്തെ വിലയിരുത്താന്‍ അനുഭവത്തിന്റെ ആധികാരികത മാത്രം മതി ഈ തൊണ്ണൂറ്റിരണ്ടുകാരന്.

മണ്ണ്, മനം,
മാധുര്യം

‘ 1930 ല്‍ ഇതുപോലൊരു കര്‍ക്കിടക മാസത്തിലായിരുന്നു ജനനം. ചോതി നക്ഷത്രം ‘ – പൂമുഖത്തെ ഇരുമ്പഴികളിലൂടെ പെയ്തുതീരാത്ത മരച്ചില്ലകളെ നോക്കി സുകുമാരന്‍ മാസ്റ്റര്‍ പറഞ്ഞു. ഇവിടെ നിന്നു അല്‍പ്പമകലെ വാണിയംകോട്ടിലെ പൂര്‍വ കര്‍ഷകുടുംബം. കുടുംബത്തിലെ ആദ്യത്തെ പത്താം ക്ലാസുകാരനും സര്‍ക്കാര്‍ ജീവനക്കാരനും. എങ്കിലും, മണ്ണിന്റെ മാധുര്യം നിറയുന്ന കര്‍ഷകമനസ്സ് എന്നുമുണ്ടായിരുന്നു. ആയക്കാട് സി.എ. ഹൈസ്‌കൂളിലായിരുന്നു പഠനം. അവിടെത്തന്നെ അധ്യാപക പരിശീലനവും. ഇരുപതാമത്തെ വയസ്സില്‍ മൂലങ്കോട് എ.യു.പി. സ്‌കൂളില്‍ അധ്യാപകനായി. അധ്യാപകവൃത്തിയോടൊപ്പം പൊതുപ്രവര്‍ത്തനവും തുടങ്ങി. നാട്ടില്‍ ചെറുതും വലുതുമായ സഹകരണ സംഘങ്ങളുടെ രൂപവത്കരണത്തില്‍ സുകുമാരന്‍ മാസ്റ്റര്‍ ശ്രദ്ധയൂന്നി.

1961 ല്‍ പ്രവര്‍ത്തനം തുടങ്ങിയ കിഴക്കഞ്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒത്തുചേര്‍ന്ന പന്ത്രണ്ടു പേരില്‍ ഒരാള്‍. അതില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതു ഞാന്‍ മാത്രം – പറഞ്ഞുനിര്‍ത്തിയതും നരച്ച മീശത്തൂവലിനിടയില്‍ തെളിഞ്ഞൊരു ചിരി. ആ സമയത്തുതന്നെ കുടുംബപരമായി അംഗത്വമുണ്ടായിരുന്ന വടക്കഞ്ചേരി സര്‍വീസ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നു. അധ്യാപക ജോലിക്കിടയില്‍ അമ്പതുകളുടെ മധ്യത്തോടെ തുടങ്ങിയ സഹകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി എളവമ്പാടം അര്‍ബന്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റാണ്.

സഹകരണത്തിന്
മണ്ണൊരുക്കം

കഠിനപ്രയത്‌നവും ദീര്‍ഘവീക്ഷണവും ചേര്‍ന്ന കര്‍ഷകനെപ്പോലെത്തന്നെയായിരുന്നു പൊതുരംഗത്തും സുകുമാരന്‍ മാസ്റ്റര്‍. സഹകരണ സംഘങ്ങള്‍ നാളേക്കുള്ള വഴികാട്ടികളാണെന്നു വളരെ മുന്‍പേ തിരിച്ചറിഞ്ഞു. പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ഇടയില്‍ ഇതു പ്രചരിപ്പിക്കാന്‍ അധ്യാപക മികവും പ്രയോജനപ്പെട്ടു. നിരവധി പേരെ സഹകരണ ആശയത്തിലേക്ക് അടുപ്പിക്കാന്‍ അതോടെ കഴിഞ്ഞു.
സഹകരണമെന്നതു സ്‌നേഹത്തണല്‍കൂടിയാണ് – സുകുമാരന്‍ മാസ്റ്റര്‍ വിശദീകരിക്കുന്നു. ഇവിടെ അനില്‍മാര്‍ക്ക് എന്ന ബീഡിക്കമ്പനിയുണ്ടായിരുന്നു. ഇതിലെ തൊഴിലാളികളെ, സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പിരിച്ചുവിട്ടു. ഇവര്‍ക്കായി പുതിയൊരു സഹകരണ സംഘമുണ്ടാക്കി. അതിന്റെ പ്രസിഡന്റായിരുന്നു സുകുമാരന്‍ മാസ്റ്റര്‍. അരിവാള്‍ മാര്‍ക്ക് ബീഡിയാണു സംഘം പുറത്തിറക്കിയത്.
വിമോചനസമരകാലത്തു പ്രൈവറ്റ് സ്‌കൂള്‍ അധ്യാപക സംഘടനയില്‍ നിന്നു പുറത്താക്കപ്പെട്ട അധ്യാപകരെ ചേര്‍ത്ത് പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് സഹകരണ സംഘം രൂപവത്കരിച്ചു. വിദ്യാലോകം എന്ന മാസിക പ്രസിദ്ധീകരിച്ചു. പി.ടി. ഭാസ്‌കര പണിക്കര്‍, സി. രാമന്‍കുട്ടി നായര്‍ എന്നിവരായിരുന്നു സംഘം നേതാക്കള്‍. സംസ്ഥാനാടിസ്ഥാനത്തില്‍ പഞ്ചായത്ത് അസോസിയേഷന്‍ കെട്ടിപ്പടുക്കുന്നതിലും മുന്‍കൈയെടുത്തു. സംഘടനയുടെ കീഴില്‍ കഞ്ചിക്കോട്ട്് തുടങ്ങിയ ഗ്രാമലക്ഷ്മി മുദ്രാലയത്തില്‍ നിന്നു പഞ്ചായത്തുകള്‍ക്കു വേണ്ട ഫോറങ്ങളും രജിസ്റ്ററുകളും വിതരണം ചെയ്യാനായി ഒരു സഹകരണ സംഘം രൂപവത്കരിച്ചു. അതിന്റെ ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചു.

സഹകരണത്തിലെ
കല്ലുകടി

സഹകരണ പ്രവര്‍ത്തനങ്ങളുമായി നാടു മുഴുവന്‍ ഓടിനടന്ന സുകുമാരന്‍ മാസ്റ്റര്‍ക്ക് ഖാദി ബോര്‍ഡിന്റെ കീഴില്‍ തുടങ്ങിയ സംഘത്തെക്കുറിച്ച് പറയുമ്പോള്‍ വേദനകൊണ്ട് വീര്‍പ്പുമുട്ടും. ആ ദുരനുഭവത്തെക്കുറിച്ച് മാസ്റ്റര്‍ പറയുന്നതിങ്ങനെ: ‘ കിഴക്കഞ്ചേരി നൈനാന്‍കാട്ടില്‍ പച്ചമരുന്നു ശേഖരിച്ചു വില്‍ക്കുന്ന സംഘമാണു ഖാദിബോര്‍ഡിന്റെ കീഴില്‍ തുടങ്ങിയത്. ആദ്യമൊക്കെ സംഘം നല്ല രീതിയില്‍ നടന്നു. ബോര്‍ഡ് ഗ്രാന്റായി തന്ന കാല്‍ ലക്ഷം രൂപ ഉപയോഗിച്ച് സംഘത്തിനു സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടാക്കി. കാലം പിന്നിട്ടപ്പോള്‍ നടപ്പാക്കിയ നിയമവ്യവസ്ഥയില്‍ എല്ലാവര്‍ക്കും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പറ്റില്ലെന്നുവന്നതു സംഘത്തിന്റെ മുന്നോട്ടുള്ള പോക്കിനു തിരിച്ചടിയായി. പ്രവര്‍ത്തനം നിലച്ചു. ഇത്തരം സംഘങ്ങള്‍ക്കു നല്‍കിയ തുക ഭരണസാരഥികളില്‍ നിന്ന് ഈടാക്കണമെന്ന തീരുമാനം ബോര്‍ഡ് എടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 75,000 രൂപ ഞാന്‍ അടക്കണമെന്ന നോട്ടീസ് റവന്യൂ അധികാരികളില്‍ നിന്നു ലഭിച്ചു. അതിനിടെ കാലപ്പഴക്കത്തിലും പ്രകൃതിക്ഷോഭത്തിലും സംഘത്തിന്റെ കെട്ടിടം തകര്‍ന്നിരുന്നു. സംഘം നിശ്ചയിച്ച നഷ്ടപരിഹാരത്തുക അവിടത്തെ സ്ഥലം വിറ്റാല്‍ കിട്ടുമായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും എന്റെ അപേക്ഷ ചെവിക്കൊണ്ടില്ല. ഒടുവില്‍ കോടതി കയറേണ്ടിവന്നു. സ്വന്തം ചെലവില്‍ കേസ് നടത്തി. കോടതി വിധിച്ചു, സ്ഥലം വിറ്റുകിട്ടുന്ന പണം കൊണ്ട് നഷ്ടം നികത്താന്‍. അങ്ങനെ ആ പ്രശ്‌നം ഒഴിവായി. കിഴക്കഞ്ചേരിയില്‍ പട്ടികജാതി സഹകരണ സംഘം രൂപവത്കരിക്കുന്നതിലും മുന്നില്‍ നിന്നു. ആലത്തൂര്‍ കാര്‍ഷിക വികസന ബാങ്കിന് ഓഹരിയുടമകളെ ചേര്‍ക്കുന്നതിലും പ്രവര്‍ത്തിച്ചു. ‘

നന്മ നിറഞ്ഞ
നാഥന്‍

32 വര്‍ഷം തുടര്‍ച്ചയായി കിഴക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുകുമാരന്‍ മാസ്റ്റര്‍. ജനകീയാസൂത്രണം നടപ്പാക്കുന്നതിനു തൊട്ടു മുമ്പ് 1996 ല്‍ പ്രസിഡന്റ്സ്ഥാനം ഒഴിഞ്ഞു. ജനകീയാസൂത്രണത്തിനു മുമ്പ് എന്നതു പഞ്ചായത്തുകളെ സംബന്ധിച്ചിടത്തോളം ധനവിനിയോഗം വലിയ തോതില്‍ നടക്കാത്ത സമയമായിരുന്നു. എന്നിട്ടും ജനനന്മ കണക്കിലെടുത്തുള്ള നടപടികള്‍ പഞ്ചായത്തുഭരണത്തില്‍ എടുത്തെന്നു സുകുമാരന്‍ മാസ്റ്റര്‍ പറയുന്നു. നാട്ടിലെ ഓലപ്പുരകള്‍ക്കും കാളവണ്ടികള്‍ക്കും നികുതി ഒഴിവാക്കി. ജലസേചനത്തിനായി ചെറിയ തടയണകള്‍ നിര്‍മിച്ചു. പൈപ്പിലൂടെ കുടിവെള്ളം വ്യാപകമാക്കി. വൈദ്യുതി വിതരണവും സാര്‍വത്രികമാക്കി. പൊതുമരാമത്തു പ്രവൃത്തികള്‍ക്കു മുകളില്‍ നിന്നു അനുവാദമില്ലാതെ 5000 രൂപ വരെ പഞ്ചായത്തിനു ചെലവാക്കാം എന്നുണ്ടായിരുന്നു. ഇതനുസരിച്ച് ധാരാളം മണ്‍പാതകള്‍ നിര്‍മിച്ചു. ഈ മണ്‍പാതകള്‍ അടിസ്ഥാനമാക്കിയാണു പിന്നീട് വിപുലമായ ഗതാഗത സൗകര്യം പഞ്ചായത്തില്‍ നടപ്പായത്.

‘സര്‍വോപരി ഒരു കലാകാരനും’ എന്ന വിശേഷണവും സുകുമാരന്‍ മാസ്റ്റര്‍ക്കു ചേരും. മൂലങ്കോട് ജനകീയ വായനശാലയുടെ പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അപ്പോഴൊക്കെ നാടക നടനായി നിരവധി സ്റ്റേജുകളിലെത്തി. നാടകങ്ങളെല്ലാം ധനസമാഹരണത്തിനു വേണ്ടിയായിരുന്നു. കിഴക്കഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കെട്ടിടനിര്‍മാണത്തിനുള്ള ധനമൊരുക്കാനും നാടകം കളിച്ചു. കാല്‍ നൂറ്റാണ്ടുകാലം സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റുമായിരുന്നു.

എളവമ്പാടം അര്‍ബന്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി തുടരുന്ന സുകുമാരന്‍ മാസ്റ്റര്‍ തന്റെ നന്മമനസ്സ് സംഘത്തിന്റെ പ്രവര്‍ത്തനത്തിലും വെളിപ്പെടുത്തുന്നു. വായ്പത്തുകയുടെ കുടിശ്ശിക ഈടാക്കാന്‍ ആര്‍ക്കും നോട്ടീസ് അയക്കരുത്. ഭരണസമിതി അംഗങ്ങളോ ജീവനക്കാരോ നേരിട്ടുചെന്ന് ഇടപാടുകാരോടു സംസാരിക്കണം. സ്ത്രീകളുടെ അറുപതു ഗ്രൂപ്പുകള്‍ ബാങ്ക് സ്വയം രൂപവത്കരിച്ച് വായ്പകള്‍ നല്‍കുന്നുണ്ട്. ഓരോ ഗ്രൂപ്പിലും പത്തു പേര്‍ വീതം. ഒരാള്‍ക്ക് അര ലക്ഷം രൂപവരെ വായ്പ നല്‍കും. തിരിച്ചടവ് ആഴ്ചയില്‍. നന്നായി നടന്നുപോകുന്ന വായ്പാ സംരംഭമാണിതെന്നു സുകുമാരന്‍ മാസ്റ്ററുടെ മകനും സൊസൈറ്റി ഡയറക്ടറുമായ എസ്. അനില്‍കുമാര്‍ പറയുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗം കൂടിയാണ് അനില്‍കുമാര്‍. ഇപ്പോള്‍ സഹകരണ സ്ഥാപനങ്ങളിലെ ഇന്‍ഷുറന്‍സുകളാണു സംഘം കൈകാര്യം ചെയ്യുന്നത്. വ്യക്തിഗത ഇന്‍ഷുറന്‍സ് രംഗത്തേക്കും സംഘം അടുത്തുതന്നെ കടക്കുമെന്നു അനില്‍കുമാര്‍ പറഞ്ഞു. സുകുമാരന്‍ മാസ്റ്ററും നേരത്തെ ഈ സംഘത്തിന്റെ ഡയറക്ടറായിരുന്നു.

അനില്‍ കുമാര്‍ രണ്ടു തവണ കിഴക്കഞ്ചേരി പഞ്ചായത്ത് ഭരണ സമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ സുജ അനില്‍കുമാര്‍ മൂന്നാം തവണയും പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമാണ്. സുകുമാരന്‍ മാസ്റ്ററുടെ ഭാര്യ വാണിയംകുളം സ്വദേശിനി ഭാര്‍ഗവി പുന്നപ്പാടം എ.എം.എല്‍.പി. സ്‌കൂള്‍ പ്രധാനാധ്യാപികയായിരുന്നു. ഇവരും ഗ്രാമപ്പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അജയ്കുമാര്‍, ഉഷ, സുഭ, പരേതനായ സുനില്‍കുമാര്‍ എന്നിവരാണു മറ്റു മക്കള്‍.

 

 

 

 

Leave a Reply

Your email address will not be published.