സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 1128 കോടി

moonamvazhi

വിവിധ സ്‌കീമുകളിലും കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഉത്തരവനുസരിച്ച് സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 1128 കോടിരൂപ. കെ.എസ്.ആര്‍.ടി.സി.പെന്‍ഷന്‍, ക്ഷേമപെന്‍ഷന്‍ എന്നിവ നല്‍കുന്നതിന് സഹകരണ സംഘങ്ങള്‍ നല്‍കിയ വിഹിതം കൂടാതെയാണിത്. സഹകരണ സംഘങ്ങളില്‍ കുടിശ്ശിക കൂടുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ ഭീമമായ തുക നല്‍കാനുള്ളത്.

പാലക്കാട് ജില്ലയില്‍ നെല്‍കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പലിശ രഹിത വായ്പ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ സംഘങ്ങള്‍ക്ക് നല്‍കുന്ന രീതിയിലായിരുന്നു ഈ പദ്ധതി. ഈ ഇനത്തില്‍ 701.89 കോടി രൂപയാണ് സര്‍ക്കാര്‍ സംഘങ്ങള്‍ക്ക് നല്‍കാനുള്ളത്. കാര്‍ഷിക വായ്പകള്‍ക്ക് ഉത്തേജന പലിശ ഇളവ് പദ്ധതിയാണ് മറ്റൊന്ന്. സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ നല്‍കുന്ന കാര്‍ഷിക വായ്പ പലിശ രഹിതമാക്കാനുള്ള പദ്ധതിയായിരുന്നു ഇത്.

/

കാര്‍ഷിക വായ്പയ്ക്ക് നാല് ശതമാനം പലിശ സബ്‌സിഡി നബാര്‍ഡ് നല്‍കുന്നുണ്ട്. ബാക്കി പലിശ സംസ്ഥാന സര്‍ക്കാരും സംഘങ്ങള്‍ക്ക് നല്‍കും. ഈ രീതിയിലാണ് ഉത്തജന പലിശയിളവ് പദ്ധതി അനുസരിച്ച് കാര്‍ഷിക വായ്പ പലിശ രഹിത വായ്പ സ്‌കീം നടപ്പാക്കിയത്. ഈ ഇനത്തില്‍ 279.60 കോടിരൂപയാണ് സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. 2020-21 വരെയുള്ള കണക്കാണിത്. ഇതിന് ശേഷം ഈ പദ്ധതിതന്നെ കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. കേരളബാങ്ക് വന്നതോടെ നബാര്‍ഡില്‍നിന്നുള്ള പലിശ ഇളവും സംഘങ്ങള്‍ക്ക് ലഭിക്കുന്നില്ല. ഇതോടെയാണ് പദ്ധതിതന്നെ നിലച്ചുപോയ സ്ഥിതിയിലായത്.

കാര്‍ഷിക കടാശ്വാസ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ കടാശ്വാസ കമ്മീഷന്‍ നല്‍കിയ ഉത്തരവ് അനുസരിച്ച് 164.78 കോടിരൂപ നല്‍കണം. 21,069 അപേക്ഷകളിലാണ് ഇത്രയും തുക കമ്മീഷന്‍ അനുവദിച്ചത്. 6308 അപേക്ഷകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട്. ഈ അപേക്ഷയില്‍ 42.84 കോടിരൂപയുടെ ഇളവിന് കൂടി അര്‍ഹതയുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതുകൂടി ചേരുമ്പോള്‍ സംഘങ്ങള്‍ക്ക് 1171 കോടിരൂപയാകും കുടിശ്ശിക.

പലിശപോലും ലഭിക്കാതെയാണ് സംഘങ്ങളുടെ പണം ഈ രീതിയില്‍ സര്‍ക്കാരില്‍ കെട്ടിക്കിടക്കുന്നത്. തിരുവനന്തപുരത്തെ ഒരു സര്‍വീസ് സഹകരണ ബാങ്കിന് ആറ് കോടിരൂപ കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്. സാമ്പത്തികമായി പ്രതിസന്ധിയിലായ ഈ ബാങ്ക് സര്‍ക്കാര്‍ നല്‍കാനുള്ള വിഹിതം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബാങ്കിന് അനുകൂലമായി ഹൈക്കോടതി ഉത്തരവുണ്ടായി. എന്നാല്‍, പണം നല്‍കാന്‍ തയ്യാറാവാതെ സര്‍ക്കാര്‍ ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published.