സഹകരണ സംഘങ്ങള്‍ക്ക് ഫണ്ട് കിട്ടിയില്ല; ക്ഷേമ പെന്‍ഷന്‍ വിതരണം വൈകും

moonamvazhi

ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുള്ള പണം സഹകരണ സംഘങ്ങൾക്ക് ലഭ്യമായില്ല. പണം അനുവദിക്കുന്നതിൽ ധനവകുപ്പിലുണ്ടാകുന്ന കാലതാമസമാണ് കാരണം. ഒക്ടോബർ ആറിനുള്ളിൽ സപ്തംബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം പൂർത്തിയാക്കണമെന്നായിരുന്നു ധനവകുപ്പിന്റെ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നത്. ഇതിനായി 773.85 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പെൻഷൻകമ്പനിക്ക് ലഭിച്ചിട്ടില്ല.

കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിലേക്ക് ധനവകുപ്പ് തുക കൈമാറുന്നമുറക്കാണ് പെൻഷൻ വിതരണം ചെയ്യുന്നത്. എന്നാൽ ഈ സ്ഥാപനത്തിന് ഇതുവരെ തുക അനുവദിച്ചിട്ടില്ല. ഇതാണ് വിതരണം വൈകാൻ കാരണം. ധനവകുപ്പിൽ പ്രധാനചുമതല വഹിക്കുന്നവരുടെ സ്ഥാനങ്ങളിൽ മാറ്റം വന്നതിനാൽ ഫയൽനീക്കം തടസ്സപ്പെട്ടതാണ് കാരണം ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ. പ്രശ്‌നങ്ങൾ പരിഹരിച്ചെന്നും രണ്ടുദിവസത്തിനകം പെൻഷൻ വിതരണത്തിനുള്ള ഫണ്ട് ലഭിക്കുമെന്ന് ഉദ്യോഗസ്ഥരുടേതായ വിശദീകരണവുമുണ്ട്.

വാർധക്യ, വിധവ, അവിവാഹിത തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകെ 50,67,443 ഗുണഭോക്താക്കൾക്കാണ് സെപ്റ്റംബറിലെ പെൻഷൻ ലഭിക്കാനുള്ളത്. ഇവരിൽ 26,47,447 പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെയും 24,19,996 പേർക്ക് സഹകരണ ബാങ്കുവഴി വീട്ടിലും പെൻഷനെത്തും. ഇത്രയുംപേർക്ക് പെൻഷൻ 773.85 കോടിരൂപയാണ് വേണ്ടത്.

ഒക്ടോബർ ആറിനകം വിതരണം പൂർത്തിയാക്കി, വിതരണം ചെയ്യാതെ ബാക്കിയുള്ള പണം 15നകം പെൻഷൻ കമ്പനിയുടെ അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്ന് ധനവകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. തിരിച്ചടവ് വൈകിയാൽ സഹകരണ സംഘങ്ങൾ അതിന് പലിശ നൽകേണ്ടതുണ്ട്. പണം അനുവദിക്കാൻ കാലതാമസം നേരിട്ടതിനാൽ വിതരണം ചെയ്യുന്നതിനും ബാക്കി തിരിച്ചടയ്ക്കുന്നതിനുമുള്ള സമയപരിധി നീട്ടുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. നീട്ടിയില്ലെങ്കിൽ സഹകരണ സംഘങ്ങൾക്കും പെൻഷൻ വിതരണം ചെയ്യുന്നവർക്കും ബുദ്ധിമുട്ടാകും.

Leave a Reply

Your email address will not be published.