സഹകരണ സംഘങ്ങള്‍ക്ക് എന്‍.സി.ഡി.സി.യും പുരസ്‌കാരം നല്‍കുന്നു; പരിശോധനയ്ക്ക് സമിതി

moonamvazhi

രാജ്യത്തെ മികച്ച സഹകരണ സംഘങ്ങള്‍ക്ക് പുരസ്‌കാരം നല്‍കാന്‍ നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി.) തീരുമാനിച്ചു. ഓരോ സംസ്ഥാനത്തെയും എട്ട് പ്രാഥമിക സഹകരണ സംഘങ്ങളെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കുക. ഈ സംഘങ്ങളെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരാണ് സമിതികളെ നിശ്ചയിക്കേണ്ടത്. അതിനാല്‍, സഹകരണ വകുപ്പ് സെക്രട്ടറി ചെയര്‍മാനായി ഇതിനുള്ള സമിതി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

പ്രാഥമിക തലത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഓരോ സംഘത്തിലെയും അംഗങ്ങള്‍ക്ക് സാമ്പത്തിക ഉന്നമനവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നവിധത്തില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്തിയ സംഘങ്ങളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. പ്രാദേശിക വികസനത്തിനും ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വഴിവെക്കണമെന്നാണ് കേന്ദ്ര സഹകരണ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് എന്‍.സി.ഡി.സി.യുടെ പദ്ധതികളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അംഗകേന്ദ്രീകൃത പ്രവര്‍ത്തനത്തിലൂടെ പ്രാദേശിക വികസനം സാധ്യമാക്കുന്ന സംഘങ്ങള്‍ക്ക് അംഗീകാരം നല്‍കുക എന്നതാണ് പുരസ്‌കാരം നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

സംഘങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഓരോ സംസ്ഥാനത്തും സമിതികള്‍ വേണമെന്നാണ് എന്‍.സി.ഡി.സി. നിശ്ചയിച്ചിട്ടുള്ളത്. അതത് സംസ്ഥാനങ്ങളുടെ സഹകരണ സ്വഭാവം അനുസരിച്ച് നല്ല സംഘങ്ങളെ കണ്ടെത്താനാണിത്. ഇത്തരത്തില്‍ സംസ്ഥാന തല സമിതിയെ നിശ്ചയിക്കണമെന്ന് കാണിച്ച് എന്‍.സി.ഡി.സി. റീജിയണല്‍ ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് അംഗങ്ങളടങ്ങിയ സമിതിക്ക് രൂപം നല്‍കിയത്. സഹകരണ വകുപ്പ് സെക്രട്ടറിക്ക് പുറമെ, കണ്‍വീനറായി എന്‍.സി.ഡി.സി. ഡയറക്ടറും സമിതിയിലുണ്ട്. സഹകരണ സംഘം രജിസ്ട്രാര്‍, കേരളാബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Leave a Reply

Your email address will not be published.