സഹകരണ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാന്‍ നടപടി; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സമിതി

moonamvazhi

സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് പിന്നാലെ സഹകരണ മേഖലയിലും വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ സഹകരണ സംഘങ്ങള്‍ക്കും അപേക്ഷ നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഒരു സഹകരണ സംഘവും ഇത്തരമൊരു അപേക്ഷ നല്‍കിയിട്ടില്ല. സഹകരണ ചട്ടത്തിലും സംഘങ്ങളുടെ ബൈലോയിലും ഇതിനുള്ള വ്യവസ്ഥയില്ലാത്തതാണ് പ്രധാന തടസ്സമായി നില്‍ക്കുന്നത്.

പത്തേക്കര്‍ ഭൂമിയുള്ള സഹകരണ സംഘങ്ങള്‍ക്ക് വ്യവസായ പാര്‍ക്കുകള്‍ക്ക് അപേക്ഷ നല്‍കാന്‍ വേണ്ടത്. ഇത്തരത്തില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ഒട്ടേറെ സഹകരണ സംഘങ്ങള്‍ കേരളത്തിലുണ്ട്. സഹകരണ മേഖലയില്‍ മൂലധന ശേഷിയുമുണ്ട്. ഒന്നിലേറെ സഹകരണ സംഘങ്ങള്‍ ചേര്‍ന്നും വ്യവസായ പാര്‍ക്ക് ആസൂത്രണം ചെയ്യാവുന്നതാണ്. ഇതിന്റെ സാധ്യതയെല്ലാം പഠിക്കാനാണ് ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്. വ്യവസായ മന്ത്രി പി.രാജീവ്, സഹകരണ മന്ത്രി വി. എന്‍.വാസവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായി.

സഹകരണ വ്യവസായ പാര്‍ക്കുകള്‍, എസ്റ്റേറ്റുകള്‍, സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ വ്യവസായ സഹകരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപം നല്‍കി. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കെ.എസ്.ഐ.ഡി.സി. ഡയറക്ടര്‍ എസ് ഹരികിഷോര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമിതി. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിലാണ് സഹകരണ വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുക. സഹകരണ സംഘങ്ങള്‍ക്കും, സംഘങ്ങള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനും എസ്റ്റേറ്റുകള്‍ ആരംഭിക്കാനാകും.

സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സഹകരണ എസ്റ്റേറ്റിനും സര്‍ക്കാര്‍ നല്‍കും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 3 കോടി രൂപ വരെയുള്ള ധനസഹായം നിലവില്‍ വ്യവസായ വകുപ്പ് നല്‍കുന്നുണ്ട്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് 10 ഏക്കറും സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ക്ക് 5 ഏക്കറുമാണ് ചുരുങ്ങിയ ഭൂപരിധിയെങ്കിലും സഹകരണ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ആലോചനയുണ്ട്. പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന സഹകരണ വ്യവസായ പാര്‍ക്കുകളുടെ നിയന്ത്രണം അതാത് സഹകരണ സ്ഥാപനങ്ങള്‍ക്ക് തന്നെയായിരിക്കും. ജില്ലകളില്‍ ഒന്നെന്ന നിലയില്‍ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ആലോചന. ആദ്യ പാര്‍ക്ക് കണ്ണൂരില്‍ ആരംഭിക്കാനാണ് ആലോചന.

Leave a Reply

Your email address will not be published.