സഹകരണ വായ്പ സംഘങ്ങളില്‍ നബാര്‍ഡ് ഓഡിറ്റിനുള്ള നിര്‍ദ്ദേശം വന്നേക്കും

moonamvazhi

സഹകരണ വായ്പ സംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ പരിശോധനയും നിയന്ത്രണവും വേണമെന്ന നിലപാടിലേക്ക് റിസര്‍വ് ബാങ്ക്. അര്‍ബന്‍ ബാങ്കുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച അംബ്രല്ല ഓര്‍ഗനൈസേഷന്റെ കീഴില്‍ വായ്പ സഹകരണ സംഘങ്ങളെയും കൊണ്ടുവരണമെന്ന നിര്‍ദ്ദേശമാണ് പരിഗണനയിലുള്ളത്. ഇതിനൊപ്പം, ഇത്തരം സംഘങ്ങളില്‍ നബാര്‍ഡിന്റെ ഓഡിറ്റ് പരിശോധന കൊണ്ടുവരാനും ആലോചനയിലുണ്ട്.

അംഗങ്ങളുമായി മാത്രം സാമ്പത്തിക ഇടപാട് നടത്തുന്ന സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന രീതി മാത്രമാണ് അംഗീകരിക്കാവുന്നതെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ഇതില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതില്ല. എന്നാല്‍, ബാങ്കിങ് നിര്‍വചനത്തിന്റെ പരിധിയിലേക്ക് സംഘങ്ങളുടെ പ്രവര്‍ത്തനം മാറുന്നതാണ് പരിശോധിക്കേണ്ടത്. സംഘങ്ങളുടെ സാമ്പത്തിക ഇടപാടിന് റിസര്‍വ് ബാങ്ക് പരിധി നിശ്ചയിട്ടിട്ടുണ്ട്. ഓഹരി മൂലധനം, കരുതല്‍ ധനം എന്നിവയെല്ലാം ഒരുലക്ഷത്തില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അത്തരം സംഘങ്ങള്‍ക്ക് ക്രഡിറ്റ് ബിസിനസ് നടത്താന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണമെന്നാണ് ഇത്.

ആ പരിധി മാറ്റണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ട്. പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് വായ്പ വിതരണം അടക്കമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതിനാണ് ഒരുലക്ഷമെന്ന പരിധിയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാകുന്നത്. ഇതിനാണ് റിസര്‍വ് ബാങ്കിന്റെ അഭിപ്രായം നിലപാട് തേടിയത്. സഹകരണ സംഘങ്ങളില്‍ കൂടി ഡിജിറ്റല്‍ ഇടപാടുകള്‍ നടപ്പാക്കുന്നതിന്റെ സാധ്യത കേന്ദ്രസര്‍ക്കാര്‍ തേടുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അര്‍ബന്‍ ബാങ്കുകളുടെ അംബ്രല്ല ഓര്‍ഗനൈസേഷന് കീഴിലേക്ക് വായ്പ സംഘങ്ങളെയും കൊണ്ടുവന്ന്, നബാര്‍ഡ് ഓഡിറ്റ് നടപ്പാക്കാന്‍ ആലോചിക്കുന്നത്.

ഗ്രാമീണ മേഖലയിലെ സഹകരണ സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്ന ഏജന്‍സിയായി നബാര്‍ഡിനെ മാറ്റണമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ആര്‍.ബി.ഐ.യ്ക്ക് നേരിട്ട് ഇത്തരം സംഘങ്ങളില്‍ പരിശോധന നടത്താനാകില്ല. നബാര്‍ഡിന്റെ ഫണ്ട് വിനിയോഗം സംബന്ധിച്ചുള്ള പരിശോധന ഇപ്പോള്‍ സഹകരണ സംഘങ്ങളില്‍ നബാര്‍ഡ് നടത്താറുണ്ട്. അതിന് പകരം, കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ ഓഡിറ്റ് നടത്താനുള്ള ചുമതല കൂടി നബാര്‍ഡിന് നല്‍കണമെന്നതാണ് ആര്‍.ബി.ഐ.യുടെ അഭിപ്രായം.

കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടുലക്ഷം കാര്‍ഷിക സംഘങ്ങളാണ് പുതുതായി തുടങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. ഓരോ കാര്‍ഷിക വായ്പ സംഘങ്ങളുടെ മള്‍ട്ടി സര്‍വീസ് സെന്ററുകളായി പ്രവര്‍ത്തിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതും നബാര്‍ഡിന്റെ ഇടപെടല്‍ ഇത്തരം സംഘങ്ങളില്‍ വേണമെന്ന നിര്‍ദ്ദേശത്തിന് ബലം നല്‍കുന്നതാണ്.

Leave a Reply

Your email address will not be published.