സഹകരണ വായ്പ ഘടന രണ്ടുതട്ടിലാക്കുന്നത് അപകടകരമാകുമെന്ന് മുന്നറിയിപ്പ്

moonamvazhi

കേരള മാതൃകയില്‍ സഹകരണ വായ്പ ഘടന രണ്ടുതട്ടിലേക്ക് മാറ്റുന്നത് അപകടകരമായ തീരുമാനമാകുമെന്ന് കേന്ദ്രസഹകരണ മന്ത്രാലയത്തിന് മുന്നറിയിപ്പ്. ഉത്തരപ്രദേശ് സര്‍ക്കാരും, സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ സംഘടനയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്‌സുമാണ് ഈ നിര്‍ദ്ദേശം സഹകരണ മന്ത്രാലയത്തിന് മുമ്പില്‍ വെച്ചത്. മൂന്നുതട്ടിലുള്ള വായ്പ ഘടന സഹകരണ മേഖലയില്‍ ഉറപ്പാക്കണമെന്നത് ദേശീയ സഹകരണ നയത്തിന്റെ ഭാഗമാക്കണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിനൊപ്പം അഞ്ച് സംസ്ഥാനങ്ങള്‍ സഹകരണ വായ്പ ഘടന രണ്ടുതട്ടിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. പഞ്ചാബ് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കേരളത്തിലെത്തി ഇവിടെ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പഠിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശും ഇത്തരമൊരു മാറ്റത്തിന് തയ്യാറെടുത്ത സംസ്ഥാനമാണ്. എന്നാല്‍, കേരളബാങ്കിന്റെ രൂപീകരണത്തിന് ശേഷം എല്ലാ സംസ്ഥാനങ്ങളും ഈ നീക്കത്തില്‍നിന്ന് പിന്മാറി. അതേസമയം, സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളെ ലയിപ്പിച്ച് ഒറ്റ ബാങ്കാക്കി മാറ്റുന്നതിനോട് റിസര്‍വ് ബാങ്ക് അനുകൂലമായിരുന്നു.

ദ്വിതല വായ്പ ഘടന സഹകരണ മേഖലയില്‍ ഉചിതമാകുമോയെന്നത് പരിശോധിക്കാന്‍ കേന്ദ്രസഹകരണ മന്ത്രാലയം ഒരുകമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നബാര്‍ഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുടെ അധ്യക്ഷതയിലാണ് കമ്മിറ്റി. ഈ കമ്മിറ്റി ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അതേസമയം, ദ്വിതല വായ്പ ഘടന സഹകരണ മേഖലയില്‍ ഉചിതമല്ലെന്ന നിലപാട് കമ്മിറ്റി അംഗങ്ങള്‍ക്കുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയ സഹകരണ നയത്തിന്റെ ഭാഗമായി മൂന്നുതട്ടിലുള്ള വായ്പ ഘടന എന്ന നയം സ്വീകരിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുള്ളത്.

മൂന്നുതട്ടിലുള്ള വായ്പ ഘടനയില്‍ ഏതെങ്കിലും ഒരു തലം ഇല്ലാതാക്കുന്നതുകൊണ്ട് ഒരുഗുണവും സഹകരണ മേഖലയില്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് ഉത്തര്‍പ്രദേശ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മാത്രവുമല്ല, ഇത്തരമൊരുനടപടി ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കും ഗുണമല്ലാത്ത രീതികള്‍ക്കും വഴിവെക്കും. അതിനാല്‍, നിലവിലെ രീതിയില്‍തന്നെ മൂന്നുതട്ടിലുള്ള വായ്പ ഘടന സഹകരണ മേഖലയിലുണ്ടാകണമെന്നാണ് ഉത്തര്‍പ്രദേശ് ചൂണ്ടിക്കാട്ടിയത്. ഇപ്പോഴത്തെ സഹകരണ ഘടന ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനുള്ള ഇടപെടലാണ് വേണ്ടതെന്നാണ് നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്‌സ് അറിയിച്ചിട്ടുള്ളത്. മൂന്നുതട്ടിലുള്ള വായ്പ ഘടന ശക്തമാക്കുകയും അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സഹകരണ ബാങ്കുകള്‍ക്ക് നല്‍കുകയുമാണ് വേണ്ടതെന്നാണ് ഇവര്‍ നല്‍കിയ നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

Latest News