സഹകരണ മേഖല താണ്ടിയ വഴികള്‍

Deepthi Vipin lal

 

ടി. സുരേഷ് ബാബു
ടി. സുരേഷ് ബാബു

സഹകരണ മേഖലയെക്കുറിച്ച് മലയാളികള്‍ക്ക് അറിവു പകരാനായി 89 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ് നമ്മുടെ മുന്നില്‍ തുറന്നു കിടക്കുന്നത്. 28 അധ്യായങ്ങള്‍. 188 പേജ്. പേര് ‘ സഹകരണ പ്രസ്ഥാനം ‘. രാജ്യത്തിനകത്ത് സഹകരണ പ്രസ്ഥാനം വേരൂന്നിയതിന്റെ സമഗ്രചിത്രം നല്‍കുന്നുണ്ട് വി.കെ. കുഞ്ഞന്‍ മേനോന്‍ എഴുതിയ ഈ പുസ്തകം.

യൂറോപ്പില്‍ രൂപം കൊണ്ട സഹകരണ പ്രസ്ഥാനം ഇന്ത്യയില്‍ പ്രചാരത്തിലാകാന്‍ തുടങ്ങിയത്
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. 1904 ലാണ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റീസ് ആക്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ പാസാക്കിയത്. ജന്മികളുടെയും മറ്റും ചൂഷണത്തില്‍ നിന്ന് കൃഷിക്കാരെ സംരക്ഷിക്കുകയായിരുന്നു ഈ നിയമത്തിന്റെ ഉദ്ദേശ്യം. നിലവിലുള്ളതിലെ പോരായ്മകള്‍ മാറ്റി 1912 ല്‍ പുതിയ സഹകരണനിയമവും നടപ്പാക്കി. 1914 മുതല്‍ 18 വരെ നീണ്ട ഒന്നാം ലോകയുദ്ധ കാലത്താണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചത്. മൂന്നായിക്കിടന്നിരുന്ന ( തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ) കേരളത്തിലും ഈ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായിരുന്നു.

1910 ല്‍ മലബാറില്‍ രൂപം കൊണ്ട സഹകരണ സംഘമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. തിരുവിതാംകൂറില്‍ പിന്നെയും നാലു വര്‍ഷമെടുത്തു സഹകരണ പ്രസ്ഥാനത്തിനു തുടക്കം കുറിക്കാന്‍. സഹകരണ സ്ഥാപനങ്ങള്‍ രൂപമെടുത്തു തുടങ്ങിയെങ്കിലും എന്താണ് സഹകരണ പ്രസ്ഥാനം, എന്താണ് അതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. സഹകരണ മേഖലയെക്കുറിച്ചും അതിന്റെ തത്വങ്ങളെക്കുറിച്ചുമൊക്കെ ഇംഗ്ലീഷില്‍ പുസ്തകങ്ങള്‍ ഇറങ്ങിയിരുന്നു. എന്നാല്‍, മലയാള ഭാഷയില്‍ അത്തരം പ്രസിദ്ധീകരണങ്ങള്‍ തീരെ കുറവായിരുന്നു . ഈയൊരു പോരായ്മ നികത്താന്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവന്ന ചിലരാണ് ‘ സഹകരണ പ്രസ്ഥാനം ‘ എന്ന ഗ്രന്ഥത്തിന്റ ശില്‍പികള്‍. 28 അധ്യായങ്ങളില്‍ 188 പേജുകളിലായാണ് സഹകരണ പ്രസ്ഥാനത്തിന്റെ സമഗ്രചിത്രം ഈ ഗ്രന്ഥം നമുക്ക് നല്‍കുന്നത്.

89 വര്‍ഷം മുമ്പ്, അതായത്    1931  ല്‍ പ്രസിദ്ധീകരിച്ച ‘ സഹകരണ പ്രസ്ഥാനം ‘ എഴുതിയത് വി.കെ. കുഞ്ഞന്‍ മേനോന്‍. കൊച്ചിയിലെ ഭാഷാ പരിഷ്‌കരണക്കമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകം അച്ചടിച്ചത് തൃശ്ശൂര്‍ മംഗളോദയം പ്രസ്സില്‍. വില ഒരുറുപ്പിക.

കൊച്ചിന്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സെക്രട്ടറി പി. കൃഷ്ണന്‍ നമ്പ്യാരുടെ ഒന്നരപ്പേജുള്ള മുഖവുരയാണ് തുടക്കത്തില്‍. പുസ്തകത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് മുഖവുരയില്‍ വ്യക്തമാക്കുന്നത്. പരസ്പര സഹായ സംഘങ്ങള്‍ നാട്ടില്‍ പ്രചരിക്കാന്‍ തുടങ്ങിക്കഴിഞ്ഞു എന്നു കൃഷ്ണന്‍ നമ്പ്യാര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഒരു പോരായ്മയുണ്ട്. സഹകരണ തത്വങ്ങളെക്കുറിച്ച് വായനക്കാര്‍ക്ക് ശരിയായ അറിവു പകരുന്ന പുസ്തകങ്ങള്‍ വേണ്ടത്രയില്ല. പ്രത്യേകിച്ച് മലയാളത്തില്‍. കുറച്ചു പുസ്തകങ്ങളൊക്കെ മലയാളത്തിലുണ്ടെങ്കിലും അവയ്‌ക്കൊന്നും നിലവാരം പോരാ എന്നാണ് നമ്പ്യാരുടെ അഭിപ്രായം. എന്നാല്‍, കുഞ്ഞന്‍ മേനോന്റെ ‘ സഹകരണ പ്രസ്ഥാനം ‘ ഈ പോരായ്മ നികത്താന്‍ യോഗ്യമാണ് എന്നാണ് നമ്പ്യാരുടെ വിലയിരുത്തല്‍. സഹകരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ലളിതമായ ഭാഷയിലാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വായനക്കാരും ഈ നിഗമനത്തോട് തീര്‍ച്ചയായും യോജിക്കും.

സഹകരണതത്വ ബോധം അനിവാര്യം

സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യത നന്നായി ഗ്രഹിച്ചിട്ടുള്ളയാളാണ് കൃഷ്ണന്‍ നമ്പ്യാര്‍. ഈ മേഖലയെക്കുറിച്ച് ഇനിയും ഒട്ടേറെ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഹ്രസ്വമായ മുഖവുരയില്‍ ഊന്നിപ്പറയുന്നുണ്ട്. നമ്മുടെ നാട്ടുകാര്‍ക്കിടയില്‍ സഹകരണ തത്വബോധം ശരിക്കും വേരു പിടിക്കണമെങ്കില്‍ മലയാളത്തില്‍ പുസ്തകങ്ങളും മാസികകളും കൂടുതല്‍ ഉണ്ടാവണമെന്ന് നമ്പ്യാര്‍ പറയുന്നു. ഇത്തരം പുസതകങ്ങളുടെയും ആനുകാലികങ്ങളുടെയും വര്‍ധനയ്ക്ക് കുഞ്ഞന്‍ മേനോന്റെ പുസ്തകം വഴികാട്ടിയാവട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ടാണ് അദ്ദേഹം മുഖവുര അവസാനിപ്പിക്കുന്നത്.

ബോംബെയിലെ സിഡന്‍ഹാം കോളേജ് പ്രൊഫസറും പ്രൊവിന്‍ഷ്യല്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപാധ്യക്ഷനുമായ എച്ച്. എല്‍. കാജിയുടെ ‘ സഹകരണ പ്രസ്ഥാനം – പ്രഥമപാഠം ‘ എന്ന പുസ്തകത്തില്‍ നിന്നുള്ള കുറെ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് കുഞ്ഞന്‍ മേനോന്‍ തന്റെ പുസ്തകത്തിന്റെ ആദ്യഭാഗമായ ‘ പ്രസ്താവന ‘ തുടങ്ങുന്നത്. കാജിയുടെ നിഗമനങ്ങളെ ശരിവെക്കുകയാണ് കുഞ്ഞന്‍ മേനോന്‍. സഹകരണ പ്രസ്ഥാനത്തിന്റെ പരമപ്രയോജനം ദരിദ്രന്മാരായിട്ടുള്ളവരുടെ രക്ഷയാണ് എന്നാണ് കാജി ചൂണ്ടിക്കാട്ടുന്നത്. എല്ലാ കാര്യങ്ങളിലും മത്സരം അതിതീക്ഷ്ണമായിരിക്കുന്ന കാലമാണ് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം എന്നാണ് കാജിയുടെ വിലയിരുത്തല്‍. ബലവാന്‍ അധികം ബലവാനായിത്തീരുകയും ബലഹീനന്‍ പിന്നാക്കം തള്ളപ്പെടുകയും ചെയ്യുന്ന കാലം. ജീവിതയുദ്ധത്തില്‍ ബലഹീനന്‍ ഹിംസിക്കപ്പെടുന്നു. ബലവാന്‍ മാത്രം ശേഷിക്കുന്നു. ചില തത്വദര്‍ശികള്‍ ഇതാണ് സ്വാഭാവികമായിട്ടുള്ള തത്വം എന്നുകൂടി അഭിപ്രായപ്പെടുന്നു എന്നു പ്രൊഫ. കാജി സങ്കടപ്പെടുന്നു. എന്നാല്‍, എല്ലാ മനുഷ്യരെയും ഒന്നുപോലെ സഹോദരഭാവത്തോടെ കാണുന്ന ഉദാരബുദ്ധികള്‍ക്ക് ഈ തത്വം തീരെ രുചിക്കുന്നില്ല എന്ന് അദ്ദേഹം തുറന്നടിക്കുന്നു. വൈകല്യത്തോടെ ജനിക്കുന്ന മക്കളെ ഉപേക്ഷിക്കുകയല്ല അധികം വാത്സല്യത്തോടെ അവരെ രക്ഷിക്കുകയാണ് പിതാവ് ചെയ്യുക . അതുപോലെയാണ് ഒരു പരിഷ്‌കൃത സമൂഹം നിര്‍ധനരെയും കഴിവു കുറഞ്ഞവരെയും ഉദ്ധരിച്ച് മുന്നോട്ടു കൊണ്ടുവരുന്നത്. ‘ സഹകരണം ‘ എന്ന വഴിയിലൂടെയാണ് ഇത് സാധിച്ചെടുക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ പരമപ്രയോജനം ദരിദ്രരുടെ രക്ഷയാണ്. അല്ലാതെ, ജീവിതയുദ്ധത്തില്‍ ബലം കുറഞ്ഞവരെ നശിപ്പിച്ച് ധനവാന്മാരെയും ബലവാന്മാരെയും അവശേഷിപ്പിക്കുക എന്നതല്ല. ‘ എല്ലാവരും ഓരോരുത്തര്‍ക്കുവേണ്ടിയും ഓരോരുത്തരും എല്ലാവര്‍ക്കുവേണ്ടിയും ‘ എന്നതാണ് സഹകരണത്തിന്റെ ആദര്‍ശവാക്യമെന്ന് പ്രൊഫ. കാജി അടിവരയിടുന്നു. ദാരിദ്ര്യം എല്ലാ ദിക്കിലും വ്യാപിച്ചിട്ടുള്ള ഇന്ത്യയില്‍ സഹകരണം കൊണ്ടല്ലാതെ അതിനു മോചനമില്ല എന്നു ഉറക്കെ പറയാനും പ്രൊഫ. കാജി തന്റെ ഗ്രന്ഥത്തില്‍ മടിക്കുന്നില്ല.

ലാഭചിന്ത

ലാഭത്തെക്കുറിച്ചുള്ള ചിന്തയും ചര്‍ച്ചയും അക്കാലത്ത് സജീവമായി നടന്നിരുന്നു എന്ന് പ്രൊഫ. കാജി സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം എഴുതുന്നു : ‘ ഇന്നത്തെ ജനസമുദായത്തില്‍ വിവിധ പദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന തൊഴിലാളികള്‍ക്ക് അവയുടെ വില്‍പ്പനയില്‍ നിന്നുണ്ടാകുന്ന ലാഭത്തിന്റെ ഒരോഹരി കിട്ടുന്നില്ല എന്നത് ഏറക്കുറെ സ്പഷ്ടമായിട്ടുള്ള സംഗതിയാണ്. പദാര്‍ഥ നിര്‍മാണത്തിനുള്ള രണ്ടു പ്രധാന സാധനങ്ങള്‍ ദ്രവ്യവും പ്രയത്‌നവുമാണല്ലോ. ദ്രവ്യത്തിനു ന്യായമായ പലിശയും പിന്നെ വിചാരിക്കാതെ വന്നേക്കാവുന്ന ചില നഷ്ടങ്ങള്‍ പോക്കുന്നതിന് ഒരു കൂടുതല്‍ സംഖ്യയും കിട്ടുന്നു. അത് കിട്ടുകയും വേണം. പ്രയത്‌നത്തിനും അതുപോലെത്തന്നെ തക്കതായ കൂലി കിട്ടുന്നു. അതെല്ലാം കണക്കാക്കിക്കഴിഞ്ഞാലും നല്ല ലാഭമുള്ള ഒരു വ്യവസായത്തില്‍ പിന്നേയും ഗണ്യമായ ഒരംശം ശേഷിക്കുന്നുണ്ട്. ഈ ശേഷിച്ച സംഖ്യ ആര്‍ക്കാണിരിക്കേണ്ടത് എന്നതാണ് ഇന്നിപ്പോള്‍ വാദത്തിനു വിഷയമായിത്തീര്‍ന്നിട്ടുള്ളത്. ഇന്നത്തെ സമുദായസ്ഥിതിയില്‍ ഒരു വ്യവസായത്തിനു മൂലദ്രവ്യം ഇറക്കീട്ടുള്ളവരാണ് മേപ്പടി സംഖ്യ സാധാരണയായിട്ടെടുത്തു വരുന്നത്. എന്നുവെച്ചാല്‍ , ഒരു കമ്പനിയില്‍ ഓഹരികള്‍ എടുത്തിട്ടുള്ളവര്‍ക്ക് പണത്തിനു ധാരാളം പലിശക്കു പുറമേ പിന്നേയും അതിയായ ലാഭമുണ്ടാകത്തക്കവണ്ണം ഡിവിഡന്റ് കിട്ടുന്നുവെന്നര്‍ഥം.മുതലാളന്മാരുടെ
ഈ പ്രവൃത്തി തൊഴിലാളികള്‍ക്ക് – പദാര്‍ഥങ്ങള്‍ യഥാര്‍ഥത്തില്‍ നിര്‍മിക്കുന്നവര്‍ക്ക് – വളരെ അതൃപ്തികരമായിത്തീര്‍ന്നിരിക്കുന്നു. പണത്തിന്റെ പലിശയും മറ്റു ചെലവുകളും കഴിച്ചു ശേഷിക്കുന്ന ലാഭസംഖ്യ പ്രയത്‌നത്തിനിരിക്കേണ്ടതാണ് എന്നാണവരുടെ വാദം. ഇന്നു മുതലാളികള്‍ പറ്റിപ്പോരുന്ന ലാഭം തൊഴിലാളികള്‍ക്കു തന്നെയാണ് കൊടുക്കേണ്ടത് എന്നിങ്ങനെ അവരുടെ പക്ഷം പിടിച്ചുകൊണ്ട് സമത്വവാദികളും ( Socialists ) സിദ്ധാന്തിക്കുന്നു. എന്നാല്‍, ‘ സഹകരണം ‘ ഈ രണ്ടു പക്ഷത്തേയും ധര്‍മ്യമായിട്ടു വിചാരിക്കുന്നില്ല. പദാര്‍ഥ നിര്‍മാണത്തില്‍ നിന്നുണ്ടാകുന്ന ആദായം അതില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും തുല്യമായിട്ടു വീതിക്കണം എന്നാണ് അത് ( സഹകരണം ) സിദ്ധാന്തിക്കുന്നത്. എന്നുവെച്ചാല്‍, ഇറക്കിയ പണത്തിനു ന്യായമായ പലിശയും പ്രയത്‌നത്തിനു തക്കതായ കൂലിയും കൊടുത്തിട്ടു ശേഷമുണ്ടാകുന്ന സംഖ്യ ഇരു കക്ഷികള്‍ക്കും ഒപ്പം വീതിച്ചുകൊടുക്കണമെന്നു സാരം ‘.

അന്യനെ തോല്‍പ്പിച്ച് നേട്ടമുണ്ടാക്കല്‍ ‘ സഹകരണ ‘ ത്തിന്റെ രീതിയല്ലെന്ന് പ്രൊഫ. കാജി തന്റെ ഗ്രന്ഥത്തില്‍ സമര്‍ഥിക്കുന്നു. വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകന് കുറച്ചെന്തെങ്കിലും കിട്ടുമ്പോള്‍ ലാഭമെല്ലാം ഇടനിലക്കാര്‍ കൊണ്ടുപോവുകയാണ്. സഹകരണ മേഖല ഈ കൊള്ളയടി അനുവദിക്കുന്നില്ല. ഉണ്ടാക്കുന്നവരുടേയും അനുഭവിക്കുന്നവരുടേയും ഇടയ്ക്കു നിന്നുകൊണ്ട് അവരെ തോല്‍പ്പിച്ച് അതിയായ ലാഭം പറ്റാന്‍ ‘ സഹകരണം ‘ സമ്മതിക്കില്ല. ആ ലാഭം ആ രണ്ടു കൂട്ടരുംതന്നെ നേരിട്ടനുഭവിക്കണം എന്നതാണ് സഹകരണത്തിന്റെ ഉദ്ദേശ്യം. ഈ ഉദ്ദേശ്യം നിറവേറ്റാനാണ് രണ്ടു കൂട്ടരുടെയിടയിലും പരസ്പര സഹായ സംഘങ്ങള്‍ സ്ഥാപിക്കുന്നത്.

ധര്‍മാചരണ പ്രസ്ഥാനം

അംഗങ്ങളുടെ ധനസ്ഥിതിയെ പുഷ്ടിപ്പെടുത്താനാണ് സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതെന്ന കാര്യത്തില്‍ പ്രൊഫ. കാജിക്ക് എതിരഭിപ്രായമില്ല. ഇങ്ങനെയാണെങ്കിലും സഹകരണം അനുഷ്ഠിക്കുന്ന രീതിയും അതിന്റെ ആദര്‍ശങ്ങളും ആ പ്രസ്ഥാനത്തെ ഒരു ധര്‍മാചരണ പ്രസ്ഥാനം കൂടിയാക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. പ്രൊഫ. കാജി വിശദീകരിക്കുന്നു : ‘ സഹകരിപ്പാനുള്ള ബുദ്ധി ഒരുവനില്‍ എപ്പോഴുണ്ടാകുന്നുവോ അപ്പോള്‍ അവന്‍ – ധനലാഭമുണ്ടായാലും ഇല്ലെങ്കിലും – നന്മയുള്ള പുരുഷനായിട്ടു ഭവിക്കുന്നു. ദരിദ്രന്മാര്‍ക്കു പല പ്രകാരത്തിലും രക്ഷ ചെയ്തുകൊടുക്കണമെന്നും നിത്യകാലക്ഷേപത്തിനു വേണ്ട സാധനങ്ങള്‍ നഷ്ടം കൊള്ളാത്ത വിധത്തില്‍ അവര്‍ക്കു കിട്ടാന്‍ തരമാക്കിക്കൊടുക്കണമെന്നുമുള്ള ആര്‍ദ്രബുദ്ധി, ജന്മി കുടിയാനേയും പണക്കാരന്‍ കടക്കാരനേയും മുതലാളി തൊഴിലാളിയേയും കച്ചവടക്കാരന്‍ കുറ്റിക്കാരനെയും തോല്‍പ്പിച്ച് അന്യായമായി മെച്ചം നേടുക എന്ന അധര്‍മപ്രവൃത്തിയില്‍ അതിയായ കോപം, മിതവ്യയം, സ്വസഹായം, പരസ്പര സഹായം എന്നിവയുടെ പരിശീലനം – ഈ വിധമുള്ള വിശിഷ്ട ഗുണങ്ങള്‍ ഒരുവനെ ഒരുല്‍കൃഷ്ട പുരുഷനാക്കാതെയിരിക്കില്ല. അതിനാല്‍, ധനലാഭത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഒന്നാണെങ്കിലും, സഹകരണ പ്രസ്ഥാനം ധര്‍മാചരണ പ്രസ്ഥാനവും കൂടിയാകുന്നുവെന്ന സംഗതി പ്രത്യേകിച്ചും ഓര്‍മ വെക്കേണ്ടതാകുന്നു. ഇത്രയും മാഹാത്മ്യത്തോടുകൂടിയ ഒരു പ്രസ്ഥാനത്തെ നമ്മുടെ ഇന്ത്യാരാജ്യത്തും രാഷ്ട്രീയമായ അഭിവൃദ്ധിക്കുള്ള സാധനങ്ങളില്‍ ഒന്നായിട്ടു സ്വീകരിച്ചിരിക്കുന്നുവെന്ന സംഗതി സന്തോഷാവഹം തന്നെ ‘.

പ്രൊഫ. കാജിയുടെ ലേഖനഭാഗം എടുത്തുദ്ധരിച്ച ശേഷം ഗ്രന്ഥകാരന്‍ കുഞ്ഞന്‍ മേനോന്‍ വിനയാന്വിതനായി തന്റെ യോഗ്യതക്കുറവിനെ പരാമര്‍ശിക്കുന്നു. ‘ സഹകരണം ‘ എന്ന വിഷയത്തെപ്പറ്റി അറിവോ പരിചയമോ ഇല്ലാത്തയാളാണ് താനെന്നും അതുകൊണ്ട് ഈ ഗ്രന്ഥത്തിന്റെ പ്രാമാണികതയെക്കുറിച്ച് പലര്‍ക്കും ശങ്ക തോന്നുമെന്നും കുഞ്ഞന്‍ മേനോന്‍ പറയുന്നു. അതിനാല്‍, താന്‍ ഗ്രന്ഥരചനയ്ക്ക് വിദഗ്ധരുടെ പ്രാമാണിക ഗ്രന്ഥങ്ങള്‍ മാത്രമാണ് ആശ്രയിച്ചിരിക്കുന്നതെന്നും സ്വാഭിപ്രായം എവിടെയും ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. മാത്രവുമല്ല, പുസ്തകമെഴുതാന്‍ ആധാരമാക്കിയ ഗ്രന്ഥങ്ങളുടെയും പത്രങ്ങളുടെയും പേരുകള്‍ അദ്ദേഹം അടിക്കുറിപ്പായി ചേര്‍ത്തിട്ടുമുണ്ട്. എച്ച്.എല്‍. കാജിക്കു പുറമേ ചാള്‍സ് ഗിഡ്, എച്ച്. കാള്‍വര്‍ട്ട്, എം.എല്‍. ഡാര്‍ലിങ്, സി.എഫ്. സ്ട്രിക്‌ലാന്‍ഡ്, എഫ്.എല്‍. റെയ്‌ന എന്നീ പ്രാമാണികരുടെ ഗ്രന്ഥങ്ങളും മക്‌ലഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടും കൊച്ചിന്‍ സഹകരണ വകുപ്പിന്റെ 1092 – 1104 ലെ റിപ്പോര്‍ട്ടും ‘ ഹിന്ദു ‘ പത്രത്തിന്റെ വാര്‍ത്തകളും ഇവയില്‍പ്പെടുന്നു.

മാറ്റത്തിന്റെ ഫലം

28 അധ്യായങ്ങളുള്ള പുസ്തകത്തിന്റെ ആദ്യ അധ്യായം അവതാരികയാണ്. സഹകരണ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചാണ് ഇതില്‍ പറയുന്നത്. ഗ്രന്ഥകാരന്‍ ഇങ്ങനെ എഴുതുന്നു : ‘ അത്യാഗ്രഹം നിമിത്തം സ്വാര്‍ഥപരന്മാരായിത്തീര്‍ന്ന മുതലാളന്മാര്‍ ലോകത്തില്‍ ധനവര്‍ധനക്കു പരമാര്‍ഥത്തില്‍ കാരണഭൂതരായ പലതരം കൈത്തൊഴില്‍ക്കാരേയും കൂലിവേലക്കാരേയും പല വിധത്തിലും ഞെരുക്കുവാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് മനുഷ്യരുടെ ജീവിതദശക്ക് ഒരു മാറ്റംകൂടി വേണ്ടതായിട്ടു വന്നത്. അങ്ങനെയൊരു മാറ്റത്തിന്റെ ഫലമായിട്ടാകുന്നു ഇപ്പോഴത്തെ ‘ സഹകരണം ‘ എന്ന പ്രസ്ഥാനവിശേഷം മനുഷ്യ സമുദായത്തില്‍ ആവിര്‍ഭവിച്ചിട്ടുള്ളത് ‘.

അവതാരികയായ ഒന്നാം അധ്യായത്തില്‍നിന്ന് രണ്ടാം അധ്യായത്തിലേക്കു കടക്കുമ്പോള്‍ സഹകരണസംഘങ്ങള്‍ എന്തിനു വേണ്ടിയാണ് രൂപം കൊള്ളുന്നത് എന്നതാണ് ആലോചനക്കു വിഷയമാക്കുന്നത്. യന്ത്രശാലകള്‍ സ്ഥാപിച്ച് കമ്പനിയായി ചേര്‍ന്ന് നാനാതരം വ്യവസായങ്ങള്‍ നടത്തുന്ന സമ്പ്രദായം തുടങ്ങിയ യൂറോപ്യന്‍ നാടുകളില്‍ത്തന്നെയാണ് തൊഴിലാളികളുടെ രക്ഷയ്ക്കായി പരസ്പര സഹായ സഹകരണ സംഘങ്ങള്‍ തുടങ്ങിയതെന്ന് ഗ്രന്ഥകാരന്‍ വിശദമാക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് യൂറോപ്യന്റെ മാതൃക അനുകരിച്ചാല്‍ മാത്രം മതിയായിരുന്നു. അങ്ങനെ ചെയ്ത ഇന്ത്യക്കാരായ സഹകാരികള്‍ പലയിടങ്ങളിലും സംഘങ്ങള്‍ സ്ഥാപിച്ചു തുടങ്ങി എന്ന വിവരമാണ് ഈ അധ്യായത്തില്‍ നിന്ന് നമുക്കറിയാന്‍ കഴിയുന്നത്.

സഹകരണം എന്നാലെന്ത് എന്നതിന്റെ നിര്‍വചനങ്ങളാണ് അടുത്ത അധ്യായത്തില്‍ വിവരിക്കുന്നത്. ഇവിടെ ഉദ്ധരിക്കുന്ന നിര്‍വചനങ്ങള്‍ മുഴുവനും സ്വാഭാവികമായും യൂറോപ്യന്മാരുടേതു തന്നെ. ഹോളിയോക്കിന്റെ നിര്‍വചനമാണ് പ്രാമുഖ്യത്തോടെ ആദ്യം നല്‍കിയിരിക്കുന്നത്. ഹോളിയോക് പറയുന്നു : ‘ ഏതെങ്കിലും ഒരുദ്യമത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും അതില്‍ വ്യത്യാസം കൂടാതെ പങ്കു കൊള്ളുന്നതിനും അതിനെ നിയന്ത്രിക്കുന്നതിനും വേണ്ടി നിര്‍ബന്ധം കൂടാതെ സ്വമനസ്സാലെ എല്ലാവരുംകൂടി ചേര്‍ന്നു നില്‍ക്കുക എന്നതാണ് സഹകരണം ‘. മറ്റൊരു പ്രമുഖ സഹകാരിയായ ഹെറിക്കിന്റെ അഭിപ്രായമാണ് രണ്ടാമതായി നല്‍കിയിരിക്കുന്നത്. ഹെറിക്കിന്റെ നിര്‍വചനം ഇതാണ് : ‘ ജനങ്ങള്‍ സ്വമനസ്സാലെ ഒന്നിച്ചു ചേര്‍ന്നു സ്വസ്വശക്തികളെയോ സ്വത്തുക്കളെയോ അല്ലെങ്കില്‍ രണ്ടിനേയുമോ പരസ്പരം ഉപയോഗപ്പെടുത്തുകയും അവയെ തങ്ങള്‍തന്നെ ഭരിക്കുകയും അവയില്‍ നിന്നുണ്ടാകുന്ന ലാഭചേതങ്ങളെ അന്യോന്യം പങ്കു കൊള്ളുകയും ചെയ്യുന്ന പ്രവൃത്തിവിശേഷമാകുന്നു സഹകരണം ‘.

നാലു മുതല്‍ 28 വരെയുള്ള അധ്യായങ്ങളില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. ഓരോ അധ്യായത്തിലുമുള്ള വിഷയങ്ങള്‍ ഇവയാണ് : 4 : സഹകരണ സംഘങ്ങളുടെ മൂല തത്വങ്ങള്‍, 5: പരസ്പര സഹായ സംഘങ്ങളുടെ ഉദ്ദേശ്യം , 6 : പരസ്പര സഹായ സംഘങ്ങളും കൂട്ടു കച്ചവടക്കമ്പനികളും തമ്മിലുള്ള വ്യത്യാസം , 7: ശേഖരിപ്പു സംഘങ്ങള്‍ , 8 : ഇംഗ്ലീഷു രാജ്യത്ത് ശേഖരിപ്പും വില്‍പ്പനയുമുള്ള സംഘങ്ങളുടെ ഉത്ഭവം, 9: യൂറോപ്പു രാജ്യങ്ങളില്‍ ശേഖരിപ്പും വില്‍പ്പനയുമുള്ള പരസ്പര സഹായ സംഘങ്ങള്‍ , 10 : ഓരോ രാജ്യത്തുമുള്ള പരസ്പര സഹായ സംഘങ്ങള്‍, 11: വില്‍പ്പന സംഘങ്ങളുടെ ജയപരാജയങ്ങള്‍ക്കുള്ള കാരണങ്ങള്‍ , 12: കടംവായ്പ സംഘം അല്ലെങ്കില്‍ വില്ലേജ് ബാങ്ക്്, 13: വില്ലേജ് ബാങ്ക് , 14: അര്‍ബന്‍ ബാങ്ക് അല്ലെങ്കില്‍ നഗരബാങ്ക് , 15 : ബാധ്യത , 16: ഇന്ത്യയില്‍ പരസ്പര സഹായ സംഘങ്ങള്‍ , 17: ഇന്ത്യയില്‍ പരസ്പര സഹായസംഘങ്ങളുടെ രചനാരീതിയും ഘടനാ ചാതുര്യവും , 18: ജര്‍മന്‍ സമ്പ്രദായം , 19: വസ്തു പണയത്തിന്മേല്‍ ദീര്‍ഘകാലം കൊണ്ട് കുറേശ്ശെയായി വീട്ടത്തക്കവണ്ണം കടം കൊടുക്കുന്ന ബാങ്കുകള്‍ , 20: കൃഷിക്കാര്‍ക്ക് കടംവായ്പക്കല്ലാതെ കണ്ടുള്ള ഇതര പരസ്പര സഹായ സംഘങ്ങള്‍ , 21: കൃഷിക്കാര്‍ക്കു യോജിക്കുന്ന വീട്ടു വ്യവസായങ്ങള്‍ , 22: പട്ടണങ്ങളില്‍ പരസ്പര സഹായ സംഘങ്ങള്‍ , 23: മദ്രാസ് ട്രിപ്ലിക്കേന്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം , 24: വിദ്യാര്‍ഥികളും പരസ്പര സഹായ സംഘങ്ങളും , 25: ഗൃഹ നിര്‍മാണ സംഘങ്ങള്‍ , 26: പാല്‍ ശേഖര സംഘങ്ങള്‍ , 27: പലവക സംഘങ്ങള്‍ , 28: കൊച്ചി രാജ്യത്ത് സഹകരണ സംഘങ്ങള്‍

ഇന്ത്യയിലെ പരസ്പര സഹായ സംഘങ്ങള്‍

ഇന്ത്യയിലെ പരസ്പര സഹായ സംഘങ്ങളുടെ ആവിര്‍ഭാവത്തെക്കുറിച്ചാണ് പതിനാറാം അധ്യായത്തില്‍ വിവരിക്കുന്നത്. 1904 നു മുമ്പ് കമ്പനി ആക്ട് എന്ന നിയമമനുസരിച്ചല്ലാതെ പരസ്പര സഹായ സംഘങ്ങള്‍ സ്വതന്ത്രമായി സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല. കച്ചവടക്കമ്പനികള്‍ക്കുള്ളതുപോലുള്ള വിലയും നിലയും അവകാശങ്ങളും ഈ സംഘങ്ങള്‍ക്കുണ്ടായിരുന്നതുമില്ല. യൂറോപ്യന്‍ നാടുകളില്‍ നടപ്പില്‍ വന്നിരിക്കുന്നതുപോലുള്ള പരസ്പര സഹായ സംഘങ്ങള്‍ ഇന്ത്യയിലും രൂപവത്കരിക്കാന്‍ കഴിയുമോ എന്ന ആലോചനയില്‍ നിന്നാണ് സര്‍ എഡ്വേര്‍ഡ് ലാ അധ്യക്ഷനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയമിച്ചത്. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് 1904 ലെ പത്താം ആക്ട് എന്ന നിയമം പാസാക്കിയത്. രാജ്യത്ത് സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നതിന് നിയമപരമായ അടിത്തറയുണ്ടാക്കുന്നതിനു വേണ്ടിയാണ് ഈ നിയമം പാസാക്കിയത്. അതോടെ, എല്ലാ സംസ്ഥാനങ്ങളിലും സംഘങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇവ പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് പല പോരായ്മകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അതേത്തുടര്‍ന്നാണ് ന്യൂനതകള്‍ പരിഹരിച്ച് 1912 ല്‍ പുതിയ നിയമം നടപ്പാക്കിയത്.

മക്‌ലഗന്‍ കമ്മിറ്റി

മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍ ( 1915 ല്‍ ) സര്‍ക്കാര്‍ വീണ്ടുമൊരു കമ്മിറ്റിയെ നിയമിച്ചു. ആല്‍ഫ്രഡ് മക്‌ലഗനായിരുന്നു ഇതിന്റെ അധ്യക്ഷന്‍. സഹകരണാശയം ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം പ്രചരിച്ചിട്ടുണ്ടെന്നും ഏതെല്ലാം വിധത്തില്‍ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം എന്നും പഠിക്കാനാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരത്തിനും അഭിവൃദ്ധിക്കും ആവശ്യമായ ഒട്ടേറെ ശുപാര്‍ശകള്‍ മക്‌ലഗന്‍ കമ്മിറ്റി മുന്നോട്ടുവെച്ചു. രാജ്യത്തെ സഹകരണ സംഘങ്ങള്‍ മിക്കതും കൃഷിക്കാര്‍ക്ക് ചുരുങ്ങിയ പലിശക്ക് പണം കടം കൊടുക്കാനാണ് മുഖ്യമായും ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് കമ്മിറ്റി കണ്ടെത്തി. ഇവ കൊണ്ടു മാത്രം സഹകരണ മേഖലയ്ക്ക് പ്രചാരം കിട്ടില്ലെന്നും മറ്റു പല തരം സംഘങ്ങള്‍ കൂടി സ്ഥാപിക്കേണ്ടതാണെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു. കമ്മിറ്റിയുടെ ശുപാര്‍ശകളില്‍ പ്രധാനപ്പെട്ടവ ഇതാണ്: 1. കടംവായ്പ സംഘങ്ങള്‍ക്കു പുറമേ വേറെ പലതരം സംഘങ്ങള്‍ക്ക് പണം നല്‍കി സഹായിക്കുന്നതിന് സെന്‍ട്രല്‍ ബാങ്കുകള്‍ സ്ഥാപിക്കണം. അവയുടെ അംഗങ്ങളില്‍ നിന്നും പണക്കാരുടെ കൈയില്‍ നിന്നും പണം നിക്ഷേപമായി വാങ്ങി മൂലധനമുണ്ടാക്കണം. 2. കൃഷിക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് തക്ക വില കിട്ടുന്നതിനുവേണ്ടി വില്‍പ്പന സംഘങ്ങള്‍ സ്ഥാപിക്കണം. 3. ചില കച്ചവടക്കാര്‍ ഇടനിലക്കാരായി നിന്ന് അതിലാഭം പറ്റുന്നത് തടയണം. ഇതിനായി, വില്‍ക്കുന്നവരും വാങ്ങുന്നവരും ചേര്‍ന്നു പ്രവര്‍ത്തിക്കണം. 4. കടത്തില്‍പ്പെട്ടുഴലുന്ന കൃഷിക്കാരെ രക്ഷിക്കാന്‍ അവര്‍ക്ക് ദീര്‍ഘകാലത്തേക്ക് പണം കടം കൊടുക്കണം.

മക്‌ലഗന്‍ കമ്മിറ്റിയുടെ ശുപാര്‍കള്‍ ഗുണം ചെയ്തു എന്നാണ് മനസ്സിലാക്കേണ്ടത്. കൃഷിക്കാരുടെ കടബാധ്യത കുറയ്ക്കാന്‍ സഹകരണ പ്രസ്ഥാനം ഏറ്റവും നല്ല മാര്‍ഗമാണെന്നു ബോധ്യപ്പെട്ട പ്രമുഖ നാട്ടുരാജാക്കന്മാര്‍ സഹകരണാശയത്തിനു പ്രചാരം നല്‍കിത്തുടങ്ങി. 1930 കളില്‍ ഇന്ത്യയില്‍ അറുപതിനായിരത്തിലധികം പരസ്പര സഹായ സംഘങ്ങളുണ്ടായിരുന്നുവെന്നാണ് ‘ സഹകരണ പ്രസ്ഥാനം ‘ സാക്ഷ്യപ്പെടുത്തുന്നത്.

( തുടരും )

Leave a Reply

Your email address will not be published.